വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

ശരത്, അച്ഛൻ എന്തു പറഞ്ഞു….അച്ചൂന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അതൊന്നും ചേച്ചി അറിയേണ്ട. ഞാനുണ്ട്, ദേവേട്ടനുണ്ട്. ഇനി ഇവരാരും സമ്മതിച്ചില്ലേൽ ഞാൻ ചേച്ചിയെ ദേവട്ടൻ്റെ വീട്ടിൽ കൊണ്ടാക്കും. അവിടെ വെച്ചു കല്യാണവും നടത്തും. ദേവേട്ടൻ അതിനുള്ള കാര്യങ്ങൾ ചെയ്തോളും.

അതൊന്നും വേണ്ട…എനിക്ക് ഈ വീട്ടിൽ വച്ച് കല്യാണം നടത്തിതന്നാൽ മതി. അച്ഛൻ്റെ സമ്മതത്തോടെ…അച്ചു നിറകണ്ണുകളോടെ പറഞ്ഞു.

കരയാതെ ചേച്ചി അതാണ് എൻ്റെയും ആഗ്രഹം. വിഷമിക്കേണ്ട അതുപോലെ തന്നെ നടക്കും…ആരുപറഞ്ഞാൽ ആണ് അച്ഛൻ സമ്മതിക്കുക. ശരത്തിന് ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടിയില്ല.

*** *** ***

തിരിച്ചു വീടെത്തിയിട്ടും സരസുവിൻ്റെ മനസ്സിൽ ദേവിൻ്റെ മുഖം തെളിഞ്ഞു നിന്നു. എത്ര നല്ല സ്വഭാവം നല്ല വിനയം. ഉച്ചയ്ക്ക് ശശിയ്ക്ക് ഊണുവിളമ്പി കൊടുക്കുമ്പോളും സരസു ദേവിൻ്റെ ഓർമ്മയിലാരുന്നു.

സരസൂ…നീ എവിടാ…?

ങേ…എന്താ ശശിയേട്ടാ…?

എന്തേ ഇത്ര വല്യ ആലോചന. ശരത് പറഞ്ഞതോർത്താണോ. അവൻ പറഞ്ഞത് അവൻ്റെ കാര്യമാ. അവൻ്റെ ചേച്ചിയ്ക്ക് ഈ ചെറുക്കൻ വേണ്ടെന്ന്.

അതൊന്നുമല്ല ശശിയേട്ടാ, ഞാൻ നമ്മുടെ വസുധേച്ചിയുടെ മോനേപ്പറ്റി ഓർത്തതാ. നമ്മൾക്കാണേൽ മക്കളും ഇല്ല. നമുക്കൊരു മോളുണ്ടായിരുന്നെങ്കിൽ ദേവിനെകൊണ്ട് കെട്ടിക്കാരുന്നു.

അസംബന്ധം പറയാതെ സരസു…നീയും വസൂം സഹോദരികളാ, ചേടത്തി അനിയത്തിമാരുടെ മക്കൾ തമ്മിൽ വിവാഹം പാടില്ലാന്നറിയില്ലേ…

ഞാൻ പറഞ്ഞുവന്നത്, അച്ചു നമുക്ക് മോളല്ലേ…അവളെ ദേവിന് ആലോചിച്ചാൽ…

അത് ശരിയാ, മുറപ്പെണ്ണാണ്…അവളോട് ആരു ചോദിക്കും…? ചോദിച്ചാൽതന്നെ സമ്മതിച്ചില്ലെങ്കിലോ…അച്ചൂന് നന്നേ ചേരും.

ശശിയേട്ടൻ ഒന്നുചോദിക്ക്.

ആരോട്, വസൂനോടോ…സരസൂ ആദ്യം നിൻ്റെ ഓപ്പ സമ്മതിക്കേണ്ടേ. ഒരാൾ പറ്റില്ലാ പറഞ്ഞാൽ തീർന്നില്ലേ…അതുകൊണ്ട് ആ ആഗ്രഹം മറക്കാം…ശശി പറഞ്ഞു.

മറക്കാൻ പറ്റുന്നില്ല ശശിയേട്ടാ…നമ്മുടെ കുട്ടികൾ അല്ലേ…അവർ ഒന്നിച്ചാൽ മതിയായിരുന്നു.

ഇത്രയും നേരമായിട്ടും അളിയൻ വിളിച്ചില്ലല്ലോ. എന്തു തീരുമാനിച്ചോ ആവോ…ശശി കൈകഴുകിക്കൊണ്ടിരുന്നപ്പോൾ ഫോൺ ബെല്ലടിക്കാൻ തുടങ്ങി. സരസൂ ആരാന്നു നോക്കൂ…സരസു കോൾ എടുത്തു.

ഹലോ, ശരി വരാം…ഫോൺ കട്ടായി.
ആരാ സരസൂ…

ഓപ്പയാ ശശിയേട്ടാ…അവിടംവരെ ചെല്ലാൻ.

നാലുമണിയാവട്ടെ…അപ്പോളേയ്ക്കും ഒന്നുറങ്ങാം…ശശി മുറിയിലേക്ക് നടന്നു.

എന്തിനാവും ഓപ്പ ചെല്ലാൻ പറഞ്ഞത്…അതാലോചിച്ച് സരസൂ അടുക്കളയിലേയ്ക്കും നടന്നു.

*** ***

ഒരു കല്യാണാലോചനയോടെ ഈ വീട്ടിൽ ആരും പരസ്പരം മിണ്ടാതായി. അച്ചു ഓർത്തു. പഴയ സന്തോഷം തിരിച്ചു കിട്ടാൻ എന്താ മാർഗം. ഒറ്റവഴിയെ ഉള്ളൂ…ഈ കല്യാണത്തിനു സമ്മതിക്കുക. അതിനു തനിക്കാവുമോ…എല്ലാവരേയും സങ്കടപ്പെടുത്തി മുന്നോട്ടുപോകാൻ തനിക്കാവില്ല. പക്ഷേ ശരത് പറയുന്നത് ദേവേട്ടൻ വാക്കുതന്നിട്ടുണ്ടെന്നാണ്…ഈശ്വരാ ആരേയും സങ്കടപ്പെടുത്താതെ ഒരുമാർഗം കാട്ടിത്തരേണേ…അച്ചു മനമുരുകി പ്രാർത്ഥിച്ചു.

ലളിതേ… ലളിതേ…സുകു നീട്ടി വിളിച്ചു.

അച്ചനല്ലേ വിളിക്കുന്നത്…അച്ചു ഓടിയെത്തി. എന്താ അച്ഛാ…?

അമ്മയെന്തിയേ അച്ചൂ…?

അടുക്കളയിൽ ഉണ്ട്.

നീ അമ്മേ വിളിക്ക്, എനിക്ക് ഉമ്മറത്തിരിക്കണം.

ഞാൻ ഉണ്ടല്ലോ. അച്ഛൻ എണീക്ക്…അച്ചു സുകുവിനെ താങ്ങിയെണീപ്പിച്ചു. സുകു അച്ചുവിൻ്റെ കയ്യിൽ ഇറുകെപിടിച്ചു. പതിയെ നടന്ന് ഉമ്മറത്തെത്തി. ചാരുകസാരയിൽ ഇരുത്തി.

ഇനി നീ പൊക്കോ…അമ്മയോട് വരാൻ പറ…അച്ചു അടുക്കളയിലെത്തി. അമ്മേ, അച്ഛൻ വിളിക്കുന്നു. ഉമ്മറത്തുണ്ട്. ഈശ്വരാ…ഈ സുകുവേട്ടൻ എന്തു ഭാവിച്ചാ…റെസ്റ്റ് പറഞ്ഞിരിക്കുന്നതാ…ലളിത തന്നത്താൻ പറഞ്ഞുകൊണ്ട് ഉമ്മറത്തെത്തി. എന്താ സുകുവേട്ടാ കുട്ടികളെപ്പോലെ….?

അവരെ കണ്ടില്ലല്ലോ ലളിതേ…

നാലുമണിയായതല്ലേ ഉള്ളൂ ഇപ്പോൾ വരും. ശശിയേട്ടന് ഉച്ചയുറക്കം പതിവല്ലേ…

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.