വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

ങേ..വസു അപ്പച്ചിയോ…? എപ്പോൾ വന്നു. ഈശ്വരാ എന്നെ അറിയാന്ന് പറഞ്ഞിട്ടുണ്ടാവുമോ. വസു തിരിഞ്ഞു നോക്കി. അച്ചു അമ്പരപ്പോടെ വസുധയുടെ മുഖത്തുനോക്കി, പേടിക്കേണ്ട എന്ന അർത്ഥത്തിൽ വസുധ കണ്ണടച്ചു കാണിച്ചു.

വാ മോളെ…അവൾ പേടിച്ച് വസുധയുടെ അടുത്തെത്തി. അച്ചു, ഇതാണ് വസുധ. അച്ഛൻ പറഞ്ഞിരുന്നില്ലേ…

അപ്പച്ചി കുറെനേരം ആയോ വന്നിട്ട്…? അവൾ ചോദിച്ചു.

ഇല്ല…എവിടാരുന്നു അച്ചു. ഞാനും ഓപ്പയും പഴയകാര്യങ്ങൾ പറയുകയായിരുന്നു. തെറ്റുകൾ ഏറ്റുപറഞ്ഞു. എനിക്ക് എൻ്റെ ഓപ്പയുടെ പഴയ വസു ആകണം. പറഞ്ഞു വന്നപ്പോൾ വസുധയുടെ കണ്ണുകൾ നിറഞ്ഞു.

അതേ വസു, നീയും ഞാനും സരസും…പാവം സരസു, അവൾ എൻ്റെ വാക്കിനുവില കൽപിച്ച് നിന്നോട് സഹകരിക്കാതെ ആയി. എനിക്കുവേണ്ടി മാത്രം…അവൾ നിന്നോട് അകലം പാലിച്ചു. എല്ലാം ഞാൻ കാരണം. സുകു വ്യസനത്തോടെ പറഞ്ഞു.

സാരമില്ല ഓപ്പേ…ശശിയേട്ടനോട് ഞാൻ തെറ്റുചെയ്തില്ലേ…? അത് അവർക്ക് പൊറുക്കാൻ പറ്റില്ലല്ലോ.

അപ്പച്ചി ഞാൻ ഇപ്പോൾ വരാം. അച്ചു മുറിക്കു പുറത്തിറങ്ങി. ശരത് പറഞ്ഞത് ആരോ പെണ്ണുകാണാൻ വന്നു എന്നല്ലേ…എന്നിട്ട് അപ്പച്ചി മാത്രമേ ഉള്ളല്ലോ. അവൻ എന്തിനാ അങ്ങനെ പറഞ്ഞത്. വരുന്ന കാര്യം ഒന്നു പറയുകപോലും ചെയ്തില്ലല്ലോ.

ആരുടെ കൂടെയാവും അപ്പച്ചി വന്നത്. എന്താവും വരാൻ കാരണം…? ഈശ്വരാ എല്ലാം നല്ലതിനാവണേ. അച്ചു ഓരോന്നാലോചിച്ച് തൻെറ മുറിയിൽ എത്തി. അകത്തുകയറി കതകുചാരിയിട്ട് തിരിഞ്ഞതും ഞെട്ടിപ്പോയി. ആ ഞെട്ടൽ മാറാൻ ഒരു നിമിഷമേ വേണ്ടിവന്നുള്ളൂ…

സന്തോഷവും സങ്കടവും കലർന്ന സ്വരത്തിൽ അവൾ വിളിച്ചു. ദേവേട്ടാ…ഒന്നു കാണാൻ കഴിയാതെ…ശബ്ദം കേൾക്കാൻ പറ്റാതെ ഒരുപാട് വിഷമിച്ചു. ദേവേട്ടാ എനിക്ക് കല്യാണാലോചന നടക്കുന്നു. ഞാൻ സമ്മതിക്കില്ലാട്ടോ…മരിച്ചാലും…

എന്നാലും അച്ഛനെ ധിക്കരിച്ച് ഇറങ്ങിവരില്ല. ഇന്ന് ഒരുകൂട്ടർ വരൂം എന്നുപറഞ്ഞിട്ടുണ്ട്.

അച്ചൂ…ഞാൻ വന്നില്ലേ…ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചിരുന്നതല്ല. എല്ലാം നല്ലതിനാവും കരയരുത്. എല്ലാം നമ്മുടെ ആഗ്രഹം പോലെതന്നെ നടക്കും. ആരെങ്കിലും കണ്ടാൽ കുഴപ്പമാവും. നമ്മൾ തമ്മിൽ അറിയും എന്ന് അമ്മാവനൊക്കെ അറിയില്ലേ…

ദേവേട്ടൻ അച്ഛൻ്റെ അടുത്തേക്ക് പൊക്കോളൂ ഞാൻ വന്നേക്കാം. ശരി, നമ്മൾ തമ്മിൽ അറിയാം എന്നുപറഞ്ഞിട്ടില്ല. അതോർത്ത് പേടിക്കേണ്ട…ദേവ് പുറത്തേക്ക് നടന്നു.

*** *** ***

തീരെ വീതികുറവാണ് റോഡിന്..എതിരെ വന്ന കാറിനു സൈഡ് കൊടുക്കാൻ ദേവ് തൻെറ വണ്ടീ നന്നായി സൈഡ് ഒതുക്കിയിട്ടു.

സാറേ…കാവുംപുറം വീട് ഇവിടെ അടുത്താണോ…? കാറിൽ നിന്നും ആരോ ഒരാൾ ചോദിച്ചു.

ദാ..ആ കാണുന്നതാണ്…ദേവ് ചൂണ്ടിക്കാട്ടി. അവിടെ ആരേ കാണാൻ ആണ്. അമ്മാവനെയോ…ദേവിന് അച്ചു പറഞ്ഞത് ഓർമ്മവന്നു. അല്ല…അത്രയേ ദേവ് കേട്ടുള്ളൂ. ആ കാർ അവരെ കടന്നുപോയി.

കാവുംപുറത്തു നിന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ മുതൽ വസുധ മൗനമായിരുന്നു.

അമ്മേ…എന്താ ആലോചിക്കുന്നത്…?

ആ കാറിൽ പോയവർ അച്ചുവിനെ കാണാൻ പോയതാ…ഓപ്പയുടെ ഇപ്പോഴത്തെ അവസ്ഥയിൽ എങ്ങനെയും അച്ചുവിനെ പറഞ്ഞുവിടാനെ നോക്കൂ…അവളുടെ സമ്മതംപോലും ചോദിച്ചെന്നുവരില്ല. പഴയത് വീണ്ടും ആവർത്തിച്ചാൽ, ഓപ്പ ഈ കല്യാണത്തിനു വാക്കുകൊടുത്താൽ എന്തു ചെയ്യും. നീ വിളിച്ചാൽ അവൾ ഇറങ്ങി വരുമോ…?

ഇല്ല…ഒരിക്കലും വരില്ല. അമ്മാവനെ ധിക്കരിച്ച് അവൾ വരില്ല. ദേവിൻ്റെ വാക്കുകൾ ഒന്നിടറിയോ…

കാവുംപുറം ലക്ഷ്യമാക്കി വന്ന കാർ മുറ്റത്ത്‌ എത്തി. ഉമ്മറത്ത് നിൽക്കയാരുന്ന അച്ചു കണ്ടു കാർ വരുന്നത്. നെഞ്ചിടിപ്പ് വല്ലാതെ കൂടി അവൾ അകത്തേക്ക് നടന്നു.

നമ്മളെ പ്രതീക്ഷിച്ചാണെന്നു തോന്നുന്നു എല്ലാവരും ഉമ്മറത്ത് ഉണ്ടല്ലോ…കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അങ്ങോട്ട് ഒതുക്കിയിട്ടോളൂ…കാറിൽനിന്നും ഇറങ്ങിയ ചെറുപ്പക്കാരൻ പറഞ്ഞു.

കയറി വരു…ലളിത ആതിഥ്യമര്യാദ കാണിച്ചു. ഇരിക്കൂ…

അല്ല, ഞങ്ങളെ മനസിലായിക്കാണുമല്ലോ…? ബ്രോക്കർ രഘു പറഞ്ഞിട്ടുണ്ടാവുമല്ലോ അല്ലേ…കാരണവർ അയിട്ടുള്ളയാൾ പറഞ്ഞു.

പറഞ്ഞിരുന്നു. ഇപ്പോൾ വരാം…ലളിത അകത്തേക്ക് പോയി. ശരത് വന്നവരെ ശ്രദ്ധിച്ചു. പ്രായം കൂടിയ രണ്ടുപേരും ഒരു ചെറുപ്പക്കാരനും…ഒറ്റ നോട്ടത്തിൽ ശരത്തിനു ചെറുക്കനെ ഇഷ്ടായില്ല…ഈ ചെറുക്കൻ ചേച്ചിക്കു വേണ്ട…അവൻ തീരുമാനിച്ചു.

വന്നവർ വീടുമൊത്തത്തിൽ ഒന്നുനോക്കി തൃപ്തിയാകാത്ത മട്ടിൽ പരസ്പരം നോക്കി. ഇവർ വീടുവാങ്ങാൻ വന്നവർ ആണോ, പെണ്ണുകാണാൻ വന്നവർ ആണോ…? ശരത്തിനു അവരുടെ ഭാവം ഇഷ്ടായില്ല.

അകത്തുനിന്നും ലളിതയും സുകുവും ഇറങ്ങിവന്നു. ലളിത കസേരയിൽ ഇരിക്കാൻ സുകുവിനെ സഹായിച്ചു. എന്നിട്ട് അടുക്കളയിലേയ്ക്ക് നടന്നു. നേരെ അച്ചുവിൻ്റെ അടുത്തെത്തി.

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.