ഇവിടാരുമില്ലേ…? മുറ്റത്ത് ഒരു വണ്ടി വന്നിട്ടുപോലും പൂമുഖത്ത് ആരെയും കാണാനില്ല. എല്ലാവരും കൂടി എവിടേലും പോയിക്കാണും. വന്നതല്ലേ കുറച്ചു നേരം നോക്കാം. അയാൾ തിണ്ണയിൽ കയറി.
ആരാ…? പിന്നീൽ നിന്നും ഒരു ചോദ്യം.
ഇവിടുള്ളവർ എവിടെ…?
ഞാൻ ഇവിടുത്തെ ആണ്. ആരേ കാണാനാ…? അച്ഛനെ കാണാനാണോ…അച്ഛൻ സുഖമില്ലാതെ കിടപ്പിലാണ്. കേറി വരൂ…ശരത് ആതിഥേയനായി.
അമ്മേ…അമ്മേ…ശരത് അകത്തേക്ക് നടന്നു. അടുക്കളയിൽ മിക്സിയിൽ കറിക്ക് അരപ്പ് അരയ്ക്കുകയായിരുന്നു ലളിത. അമ്മേ അച്ഛനെ കാണാൻ ഒരാൾ വന്നിരിക്കുന്നു. ആരാന്നറിയില്ല.
നിനക്ക് ചോദിക്കാരുന്നില്ലേ…ലളിത മിക്സി ഓഫാക്കി തിണ്ണയിലേയ്ക്ക് വന്നു. ലളിതയ്ക്കും ആളെ മനസിലായില്ല. അച്ചൂനെ കാണാൻ വന്നതാണോ…മിടുക്കൻ ആണ്. അച്ചൂന് ചേരും…
കയറി വരൂ…ആരാന്ന് മനസിലായില്ല…ലളിത പറഞ്ഞു.
അറിയാൻ വഴിയില്ല. ഞാൻ ആദ്യം വരികയാണ്. അയാൾ പറഞ്ഞു. ഇരിക്കൂ…കുടിക്കാൻ സംഭാരം എടുക്കാം. ലളിത അകത്തേക്ക് പോകാൻ തുടങ്ങി.
നിൽക്കൂ…ഒരാൾ കൂടി ഉണ്ട്…എന്നു പറഞ്ഞുകൊണ്ട് അയാൾ തിരികെ കാറിന്റെ അടുത്തെത്തി. ഡോർ തുറന്നു. മധ്യവയസായ സെറ്റുടുത്ത ഒരു സ്ത്രീ ഇറങ്ങി. അത് ആരെന്ന് അറിയാനുള്ള ആകാംക്ഷയോടെ ശരത്തും ലളിതയും നോക്കി നിന്നു.
ലളിതയ്ക്ക് ആമുഖം കണ്ടപ്പോൾ…ഈശ്വരാ…ഇത് വസു അല്ലേ…ലളിത ഓടി ഇറങ്ങി വന്ന് വസുധയെ കെട്ടിപ്പിടിച്ചു. വസൂ…നീ…വന്നു…സന്തോഷം കൊണ്ട് ലളിതയ്ക്ക് വാക്കുകൾ കിട്ടിയില്ല.
ലളിതേച്ചീ…
വാ..കേറിവാ…മോനെ ഇതാണ് വസുധ അപ്പച്ചി…ലളിത ശരത്തിനോടായി പറഞ്ഞു. കഴിഞ്ഞ ദിവസം അച്ഛൻ പറഞ്ഞതിനാൽ ശരത്തിനു ആളെ മനസിലായി.
വാ അപ്പച്ചി…ചേട്ടായി കേറിവാ.
വസുധയ്ക്ക് അവസാനം വന്നപ്പോഴത്തെ അനുഭവം ഓർമ്മ വന്നു. വീണ്ടും ആവർത്തിക്കുമോ…?
ഓപ്പ….ഓപ്പ എവിടെ ലളിതേച്ചീ…?
അകത്തുണ്ട്…കിടപ്പാണ്. വസൂ…നിൻ്റെ മോൻ മിടുക്കനാണല്ലോ. എന്താണ് പേര്…?
ദേവ്…ഓപ്പയെ ഒന്നു കാണാൻ…വസുധ പാതിയിൽ നിർത്തി.
വരൂ…
ആദ്യം ഞങ്ങൾ ഒന്നു കാണട്ടെ…അതാശരി.
ആയിക്കോളൂ, അപ്പോളേയ്ക്കും ഞാൻ കുടിക്കാൻ എടുത്തു വരാം. വസുധയും ദേവും സുകുവിനടുത്തേയ്ക്ക് നടന്നു.
മോനേ ദേവ്…അമ്മയോട് ഓപ്പ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല. വീണ്ടും ഇറക്കി വിടുമോ എന്നതാണ്. അതും നമ്മൾ സഹിക്കണം. മറുത്തൊന്നും പറയരുത് കേട്ടല്ലോ.. .ഈ വരവ് അമ്മ ചെയ്ത തെറ്റിൻ്റെ പ്രായശ്ചിത്തം ആണ്.
അറിയാം അമ്മേ…ഉംം…വസുധ സുകുവിൻ്റെ മുറിവാതിക്കൽ എത്തി. ഒന്നിനും ഒരു മാറ്റവുമില്ല. എല്ലാം പഴയപോലെ തന്നെ .ഇനി ഓപ്പയുടെ മനസ്സ് മാറിയിട്ടുണ്ടാവില്ലേ…വാതിൽ ചാരിയിട്ടേയുള്ളൂ. വസുധ ഒരുപാളി തുറന്നു.
ലളിതേ, കുറച്ചു ചൂടുവെള്ളം കൊണ്ടുവാ…കതക് തുറന്ന ശബ്ദം കേട്ടിട്ട് ലളിതയാണെന്നു കരുതി സുകു പറഞ്ഞു. നീ എന്താ അവിടെ നിൽക്കുന്നേ…? എൻ്റെ കാലൊന്നു തിരുമിക്കേ…വല്ലാത്ത വേദന…എന്താണോ…
ഓപ്പേ…കൂടുതൽ സുകു പറയുന്നതിനു മുമ്പേ വസുധ ഓപ്പേ എന്നു വിളിച്ച് അടുത്തെത്തി. ഓപ്പേ ഞാനാണ് വസുധ..എന്നെ മനസിലായില്ലേ ഓപ്പയ്ക്ക്…?
പെട്ടെന്ന് വസുധയെ കണ്ട സുകു വസുധയുടെ മുഖത്തുതന്നെ നോക്കി കിടന്നു. വസുധ കണ്ടു ഓപ്പയുടെ കണ്ണുകൾ നിറഞ്ഞത്. ഓപ്പേ, എന്നോട് ക്ഷമിക്കില്ലേ…?
വസൂ…നീ…വന്നു…വാ ഇവിടിരിക്ക്. ബെഡ്ഡിൻ്റെ സൈഡ് കാണിച്ചു കൊണ്ട് സുകു പറഞ്ഞു. ആരാണ് ക്ഷമിക്കേണ്ടത്. നഷ്ടപ്പെടുത്തിയതൊന്നും തിരികെ കിട്ടില്ല വസൂ…നീ വന്നല്ലോ അതുമതീ. എൻ്റെ കണ്ണടയും മുമ്പ് കാണാൻ പറ്റിയല്ലോ…
ഓപ്പേ എൻ്റെ മോൻ ദേവ്…വസുധ, ദേവ് ചൂണ്ടിപ്പറഞ്ഞു.
വാ…ഒരമ്മാവൻ്റെ ചുമതലയൊന്നും നിർവ്വഹിക്കാൻ വാശി സമ്മതിച്ചില്ല. എന്നാലും അമ്മാവനല്ലേ…ഇങ്ങുവാ…ദേവ് ഒരു കസേര എടുത്ത് കട്ടിലിനടുത്ത് ചേർത്തുട്ടിരുന്നു.
സുകു എണിറ്റ് ചാരിയിരിക്കാൻ ശ്രമിച്ചു. അതുകണ്ട ദേവ് ഒരു തലയിണ കട്ടിലിൻ്റെ ക്രാസിയിൽ വച്ച് സുകുവിനെ ചാരിയിരുത്തി. മുറിക്കു പുറത്ത് നിന്ന ലളിതയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. അവർക്ക് കുടിക്കാനുള്ളതും കൊണ്ട് വന്നപ്പോൾ കണ്ടത് ദേവ് സുകുവിനെ ചാരിയിരുത്തുന്നതാണ്.
ഇഷ്ടായി… നല്ല അവതരണം..
സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…
pdf please
ee aduthu aanu ingane oru websaitilek vannathu
katha vayichu nalla katha
iniyum orupad ezhuthuka
ella ashamsakalum