വെളുത്ത ചെമ്പരത്തി [വൈഗ വസുദേവ്] [Novel] 84

” ഇല്ല ലളിതേച്ചി.. ”

” ലീവ് കിട്ടുമ്പോൾ കൂട്ടി വരണം. ”

” ഇനി ഒരിക്കലും വരില്ല ലളിതേച്ചി .”
മറുപടി ലളിതയ്ക്ക് കേൾക്കാൻ പറ്റിയില്ല. വസുധയുടെ ശബ്ദം നേർത്തിരുന്നു.

” വാ സംഭാരം എടുത്തു ..”ലളിത സംഭാരവുമായി ഉമ്മറത്തേയ്ക്കു വന്നു.

” ആരാ ലളിതേ വിരുന്നുകാർ ..”
എന്നുചോദിച്ചുകൊണ്ട് .സുകു കയറി വന്നു.

” ഓപ്പെ.. .” വസുധ കുഞ്ഞിനെ എടുത്ത് എണീറ്റു നിന്നു.

ഒരു നിമിഷം .

” ലളിതേ….വഴിയെപോകുന്നവരെ വിളിച്ചു വീട്ടിൽ കേറ്റാൻ നിന്നോടാരാ പറഞ്ഞത്.ഇത് സത്രം അല്ല. പുറത്തു നിർത്തേണ്ടവരെ പുറത്തു നിർത്തണം.”

വസുധ നിറകണ്ണുകളോടെ പറഞ്ഞു.. ” എന്നോട് ക്ഷമിക്കൂ ഓപ്പേ എൻ്റെ തെറ്റിനുള്ള ശിക്ഷ ഞാനനുഭവിച്ചു . ഇനിയും ശിക്ഷിക്കല്ലേ..”

” ഛെ..ഓരോ മാരണങ്ങൾ എത്തിക്കോളും സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കില്ല.ലളിതേ..ഞാൻ പുറത്തേക്ക് പോകുന്നു.കതകടച്ചു കുറ്റിയിട്ടോളൂ ..ഇല്ലേൽ ഇതുപോലെ ഒരോന്നുകയറി വരും..”

” സുകുവേട്ടാ… അവളോട് പൊറുക്ക് ..അവളും കുഞ്ഞും ഇവിടെ അല്ലാതെ എവിടേയ്ക്കാ വരേണ്ടത് ..”

” പറയുന്നത് അനുസരിക്കുക ..അതാ നല്ലത് ..
എനിക്ക് പുതിയ ബന്ധങ്ങൾ ആവശ്യമില്ല. പൊട്ടിയത് ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നും .”

” ഓപ്പെ.. ഞാൻ വന്നത് ഒരുകാര്യം പറയാനാണ്.. കേൾക്കാൻ മനസ്സ് കാണിക്കണം ..”

” ലളിതേ കതകടച്ചോളൂ ഞാൻ പോകുന്നു.”

ഒട്ടുംദയവില്ലാതെയുള്ള സുകുവിൻ്റെ സംസാരം വസുധയ്ക്ക് സഹിക്കാനായില്ല.

” പോകുവല്ലേ ..എന്നാൽ ഇതുംകൂടി കേട്ടിട്ടു പോകൂ..ഞാൻ വന്നത് ഒന്നും
ആവശ്യപ്പെടാനല്ല.ക്ഷമ ചോദിക്കാനാണ് .
എൻ്റെ ഭർത്താവ് മരിച്ചിട്ട് രണ്ടു മാസം ആയി. മുഴച്ചിരിക്കാതെ ഈ ബന്ധംഞാൻ കൂട്ടിക്കെട്ടും ഓപ്പെ കണ്ടോളൂ..എനിക്ക് മകനാണുള്ളത് എൻ്റെ മഹാദേവനാണെ സത്യം ഓപ്പയ്ക്ക് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ അവളായിരിക്കും എൻ്റെ മകളായി വരുന്നത്. ഈ വാക്കുകൾ ഓപ്പ ഓർത്തു വച്ചോളൂ ..”

” അതിനുള്ള വെള്ളം വാങ്ങിവച്ചേരെ ..” സുകു പരിഹസിച്ചു പറഞ്ഞു.

“ഇറക്കി വിടേണ്ട ഞാൻ പോകുന്നു.”

ആ നിമിഷം തന്നെ ഞാൻ അവിടുന്ന് ഇറങ്ങി.

എനിക്ക് നന്ദേട്ടൻ്റെ ജോലി കിട്ടി ..ആരേയും ആശ്രയിക്കാതെ ജീവിച്ചു . പിന്നെയും നാലു വർഷം കഴിഞ്ഞാണ് നീ ജനിച്ചത്.

എന്നാലും ഞാൻ അറിഞ്ഞുകൊണ്ടിരുന്നു കാവും പുറത്തെ വിവരങ്ങൾ. നിൻ്റെ ജനനംമുതൽ ഇവിടെ എൻ്റെ അടുത്ത് എത്തുംവരയുള്ള കാര്യങ്ങൾ വരെ .

ഓപ്പയ്ക്ക് ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു മഹാദേവൻ്റെ അനുഗ്രഹം എനിക്കുണ്ടെന്ന്.നീ എൻ്റെ ദേവിനുള്ളതാണെന്നും അന്നുമുതലുള്ള എൻ്റെ പ്രാർത്ഥനയാണ് ..നിന്നെ ഇവിടെ എത്തിച്ചത്.

വസുധ മനസ്സിൽ ചുമന്നിരുന്നതെല്ലാം പറഞ്ഞു തീർത്തു.

കുറെ നിമിഷങ്ങൾ നിശബ്ദമായി കടന്നുപോയി .ഇടയ്ക്കിടെ അച്ചുവിൻ്റെ ഏങ്ങലടി മാത്രം.

ദേവ് ഒരു ഗ്ലാസിൽ വെള്ളമെടുത്ത് അമ്മയുടെ അടുത്തെത്തി..

അമ്മേ ..ഇത് കുടിക്ക് ..

” അച്ചു…നീ എന്നെപ്പറ്റി കേണ്ടിട്ടുണ്ടോ ..” വസുധ ചോദിച്ചു.

” ഇല്ല.. ആരും പറഞ്ഞിട്ടില്ല. സരസച്ചിറ്റപോലും പറഞ്ഞിട്ടില്ല.”

” അപ്പച്ചി എൻ്റെ അച്ഛനോട് ക്ഷമിക്കണം..” അച്ചു വസുധയുടെ കാലിൽ തൊട്ടു

” എന്താ അച്ചു ..എനിക്ക് ആരോടും പിണക്കമില്ല ..നീ ദേവിൻ്റെ പെണ്ണാണ് അതു മറക്കാതിരിക്കുക. ”

അച്ചു അതിനു മറുപടി പറഞ്ഞില്ല ..

അച്ചു ഒന്നും പറയാതിരുന്നത് വസുധയെ വേദനിപ്പിച്ചു.

” ദേവേട്ടാ ..എനിക്ക് പോകണം .. ഞാൻ പോട്ടെ അപ്പച്ചി…”

കേട്ടതിൻ്റെ മറുവശം അറിയാനുള്ള ആകാംക്ഷയോടെ അച്ചു തിരിച്ചു വീടെത്തി.

നാലുമണി സമയം ..

” അമ്മേ അച്ഛനെന്തിയേ..”അച്ചു അടുക്കളയിൽ എത്തി .

” സുഖമില്ലാന്നു പറഞ്ഞു കിടക്കുന്നു…”

” എന്തി പറ്റിയതെന്ന് അമ്മ ചോദിച്ചില്ലേ..?

” ചോദിച്ചപ്പോൾ അല്ലേ സുഖമി ല്ലാന്നുപറഞ്ഞത്..” ലളിതയുടെ ശബ്ദം ഗൗരവത്തിലായി.

4 Comments

  1. ഇഷ്ടായി… നല്ല അവതരണം..

  2. കൊല്ലം ഷിഹാബ്

    സൂപ്പർ, അതിമനോഹരമായി എഴുതി, ആശംസകൾ…

  3. pdf please

  4. ee aduthu aanu ingane oru websaitilek vannathu
    katha vayichu nalla katha
    iniyum orupad ezhuthuka
    ella ashamsakalum

Comments are closed.