രണ്ടാം 👹 തീയാട്ട് [Sajith] 1403

Views : 12596

എന്നത്തേയും പോലെ രാവിലെ തന്നെ സച്ചിൻ എഴുന്നേറ്റു സമയം അഞ്ചര ആയിരുന്നു. വീട്ടിലെല്ലാരും ഉണരുമ്പൊ സമയം ആറ് മണിയാവും. എഴുന്നേറ്റ പാടെ അവൻ നേരെ പോയി പല്ല് തേച്ച് അടുക്കളയിലെത്തി. വെള്ളം തെളപ്പിച്ച് ചായപ്പൊടി ഇട്ട് മധുരം കമ്മിയാക്കി ഏലക്ക ഇട്ട് ചായ തെളപ്പിച്ചു അതും എടുത്ത് മുറ്റത്ത് പോയിരുന്ന് ചായ സിപ്പ് ചെയ്ത് കൊണ്ടിരുന്നു. അപ്പഴാണവന് ഗ്രൗണ്ടിൽ നിന്ന് ഫോണ് വന്നത്. സൽമാനായിരുന്നു.

 

“”ടാ ഇയെവടെ, വേഗം വാ ഒരാളും കൂടി ആയ കളിതൊടങ്ങാ…””

 

സച്ചിൻ ആകെ അസ്വസ്ഥനായിരുന്നു തീരുമാനങ്ങൾ എടുക്കാൻ അവന് ഒരുപാട് സമയം വേണ്ടിവന്നിരുന്നു പക്ഷെ ഈ കാര്യത്തിൽ മറുപടിക്ക് കാക്കണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

 

“”ഇല്ലെടാ ഇങ്ങള് കളിച്ചോ ഇനിക്ക് കാലിന് നല്ല സുഗം ഇല്ല…””,

 

“”എന്താടാ പറ്റിയെ പ്രശ്നം ഗുരുതരമാണോ…””,

 

“”ഹി ഹി ഹി അല്ലടാ ചെറിയ നീര്ണ്ട് ചതവോ എന്തോ ഇനി കളിക്കല്ണ്ടാവോന്ന് ടൗട്ടാണ്…””,

 

“”ഓഹ്…””,””ഹൊറിബിൾ ഇമ്മാരി തീരുമാനൊന്നും ഇട്ക്കല്ലെ മുത്തെ…””,””ഇയ് പറ്റ്വോന്ന് നോക്ക് വൈന്നാരം അങ്ങാടീക്ക് എറങ്ങ്…””,

 

“”ശരി എന്നാ…””

 

“”മ്മം…””,

 

കട്ടൻ കുടിച്ച് തീർത്ത് ഗ്ലാസിലുള്ള മട്ടൊക്കെ നെലത്തൊഴിച്ച് കളഞ്ഞു. നേരെ റൂമിലേക്ക് പോയി അവിടെ ഒരു പെട്ടി നിറയെ പഴയ പത്രങ്ങൾ അടുക്കി വച്ചിരുന്നു അതിൽ നിന്ന് രണ്ട് മൂന്നെണ്ണം എടുത്തു, അടുക്കളയിൽ നിന്ന് തീപ്പെട്ടിയും എടുത്തു മുറ്റത്ത് കൊപ്രക്ക് വേണ്ടി തേങ്ങ പൊതിച്ചപ്പോ ബാക്കി വന്ന തൊണ്ട് അവിടെ തന്നെ കൂട്ടി ഇട്ടിരുന്നു അതിലൊരു രണ്ട് മൂന്നെണ്ണം കൊണ്ട് വന്ന് കുത്തനെ വെച്ചു അതിന്റെ ഉള്ളിൽ പേപ്പറ് തിരുകി തീ കൊളുത്തി രണ്ട് മൂന്ന് ഉദ്യമത്തിൽ തീ ആളി പടർന്നു. 

 

വീടിൻ്റെ പില്ലറ് കെട്ടിയപ്പൊ ബാക്കിവന്ന ചെറിയ കമ്പികൾ സൈഡിൽ കൂട്ടി ഇട്ടിരുന്നു അതിൽ അത്യാവശ്യം നീളം കൂടിയ ഒരെണ്ണം നോക്കി അവനെടുത്തു. തീയിലിട്ട് പഴുപ്പിച്ചു തൻ്റെ ബൂട്ടൊരെണ്ണം കൈയ്യിലെടുത്തു കമ്പി അതിൽ വച്ചപ്പഴേക്കും കുത്തി കയറി പോയി ബൂട്ടതിൽ തൂക്കിയിട്ട് തീയിലേക്ക് കാണിച്ചു. ഒരെണ്ണം കത്തിതീർന്നതും അടുത്തതും അത് പോലെ ന്നെ ചെയ്തു അപ്പഴേക്കും നേരം ഏകദേശം വെളുത്തിരുന്നു.

 

ബൂട്ട് കത്തുന്ന മണം പടർന്ന് സീമ എഴുന്നേറ്റ് വന്നിരുന്നു.

 

“”എന്താടാ കാലത്തേ ഈ കത്തിക്കണത്…””,

 

“”എൻ്റെ രണ്ട് ബൂട്ടാണ്…””,

 

തീയിലേക്ക് നോക്കി കൊണ്ട് സച്ചിൻ മറുപടി കൊടുത്തു.

 

“”നന്നായി…””,””അതും കൊണ്ട് നടന്നാലൊന്നും ജീവിതം പച്ചപിടിക്കൂല…””,

 

സീമ അത് പറഞ്ഞ് മുടിയും വരിക്കെട്ടി അകത്തേക്ക് പോയി.

 

സച്ചിൻ ഒന്നും മിണ്ടാതെ അകത്ത് പോയി രണ്ട് ജോഡി സോക്സും എരിയണ തീയിലേക്കിട്ടു. നൂല് കരിയണ മണം ആകെ പരന്നു ഇന്നത്തോടെ പന്തിനോടുള്ള പ്രാന്ത് തീർന്നു, ഇനി ഇല്ല. എന്തോ ബൂട്ട് കത്തുന്ന കഴ്ച്ച കണ്ട് അവന് ഒരു പുഞ്ചിരിയാണ് വന്നത്, കൂടെ കണ്ണും നിറഞ്ഞു.

 

***

 

തുടരും

 

മൂന്നാം തീയാട്ട്

 

 

 

 

 

 

 

Recent Stories

The Author

Sajith

2 Comments

  1. ♥♥♥♥♥♥♥♥

  2. തൃശ്ശൂർക്കാരൻ 🖤

    ❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com