“ഹ്മ്മ്…”
അനാമികയുടെ ആ മൂളലിൽ ഉണ്ടായിരുന്ന സങ്കടം അച്ചുവിനെ ചിരിപ്പിക്കുകയാണ് ചെയ്തത് .
“നീ എന്തിനാ അച്ചൂ ചിരിക്കുന്നത്… അപ്പോ നിനക്കും എന്റെ ഏട്ടനെ ഇഷ്ടായില്ലേ…”
ഇനിയും കളിപ്പിച്ചാൽ അനാമിക കരഞ്ഞേക്കാം എന്ന് തോന്നിയത് കൊണ്ട് അച്ചു എല്ലാം അവളോട് തുറന്നു പറഞ്ഞു.
“ഹോ… ഇപ്പോഴാ ഒരു സമാധാനം ആയത്… അമ്മാവൻ സമ്മതിച്ചില്ല എന്നും പറഞ്ഞു രണ്ടുപേർ അവിടെ വിഷമിച്ചിരിക്കുന്നുണ്ട്., അവരോട് ഞാൻ ഇതൊന്ന് പറയട്ടെ… എന്നാൽ ശരി ഏട്ടത്തി….”
“ഏട്ടത്തിയോ… പോടീ പോടീ…”
“പിന്നെ എന്റെ ഏട്ടന്റെ ഭാര്യ എന്റെ ഏട്ടത്തി അല്ലെ… അപ്പൊ വയ്ക്കട്ടെ ഏട്ടത്തി…”
അച്ചു മറുപടി ഒന്നും പറയുന്നതിന് മുൻപേ അനാമിക ചിരിച്ചുകൊണ്ട് കാൾ കട്ട് ചെയ്തിരുന്നു
⚪️⚪️⚪️⚪️⚪️
കർട്ടൻ മാറിക്കിടന്ന വിടവിലൂടെ പുലർകാല സൂര്യന്റെ കിരങ്ങൾ ചെറിയ ചൂടോടെ തന്റെ കണ്ണുകളിൽ പതിച്ചപ്പോഴാണ് ഗൗതം മടിയോടെ കണ്ണു തുറക്കുന്നത്. തുറന്ന കണ്ണുകളെ സൂര്യ വെളിച്ചം മഞ്ഞളിപ്പിച്ചു. കണ്ണിനു മുന്നിൽ കൈ വിടർത്തിപ്പിടിച്ചുകൊണ്ട് അവൻ പതിയെ എഴെന്നേറ്റ് തിരിഞ്ഞിരുന്നു
പതിവ് പോലെ ആദ്യം നോക്കിയത് തന്റെ ഫോണിലേക്ക് ആയിരുന്നു. ഡിസ്‌പ്ലേയിൽ അനാമികയുടെ രണ്ട് മിസ്സ്കോളും അതിനു താഴെയായി അവളുടെ തന്നെ ഒരു വാട്സ്ആപ്പ് മെസ്സേജിന്റെ നോട്ടിഫിക്കേഷനും
ചെറിയ പുഞ്ചിരിയോടെയാണ് അവൻ അവളുടെ മെസ്സേജ് വായിക്കാനായി വാട്സ്ആപ്പ് തുറന്നത്.
“ഏട്ടാ… ഏട്ടത്തി തയ്യാർ….”
മൂന്ന് വാക്കുകളിൽ അവസാനിപ്പിച്ച ആ മെസ്സേജിൽ അവനോട് പറയാനുള്ളത് മുഴുവൻ ഉണ്ടായിരുന്നു. എന്നാലും കൂടുതൽ അറിയുവാനുള്ള ത്വരയോടെ അവൻ അപ്പൊ തന്നെ അനാമികയുടെ നമ്പർ ഡയൽ ചെയ്തു ….
“ഹലോ… ഗുഡ് മോർണിംഗ് ….”
ഉറക്കച്ചടവോടെ വായ്ക്കോട്ട വിട്ടുകൊണ്ടാണ് അനാമിക ഗൗതമിന് സുപ്രഭാതം നേർന്നത്
“ഓഹ് … നാണമില്ലല്ലോ പെണ്ണെ ഉച്ചവരെ കിടന്നുറങ്ങാൻ… പോയി അടുക്കളയിൽ വല്ല പണിയും ചെയ്യടി …”
Skyline 12B