ഒരു കൊച്ചു പ്രണയം (ജ്വാല ) 1344

ഒരു കൊച്ചു പ്രണയം

Oru kochu pranayam | Author : Jwala

Pranayam

പ്രവാസ ജീവിതത്തിലെ മറ്റൊരു ഒഴിവ് ദിനം
രാവിലെ നേരത്തെ തന്നെ ഉണര്‍ന്നു.
പുറത്ത് ഇപ്പോൾ തന്നെ കനത്ത ചൂട് തുടങ്ങി.

സൈബര്‍ ലോകം തന്നെ ശരണം അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകം ഒരു കോഫിയുമായി അതിലേക്കു തന്നെ ഊളിയിട്ടു.

ഫേസ്‌ബുക്കിലെ പഴയ സ്കൂൾ, കോളേജ് കൂട്ടുകാരുടെ ഒരു ഗ്രൂപ്പുണ്ട്,
അവധി ദിവസമായാൽ എല്ലാവരും ഉണ്ടാകും, ചളി അടിയും, കലാലയ ജീവിതത്തിലെ മധുരസ്മരണകൾ അയവിറക്കിയും, പരസ്പരം പാരവച്ചും ഒക്കെ ദിവസം തള്ളി നീക്കും.

മുൻപ് കോളേജിൽ എന്റെ ഒപ്പം പഠിച്ച ഷൈജു സാം വര്‍ഗ്ഗീസാണു പറഞ്ഞത് എടാ നീ കഥകൾ. കോം എന്ന സൈറ്റിൽ അപരാജിതൻ എന്ന ഒരു കഥയുണ്ട് സമയം കിട്ടുമ്പോൾ ഒന്നു വായിക്ക്, ഒരു മാസ്സ് എന്റർടെയിൻമെന്റ്, നിനക്ക് ഈ കഥകൾ ഒക്കെ നല്ല താല്പര്യം അല്ലേ, അത് കൊണ്ട് പറഞ്ഞതാണ്.

അങ്ങനെ ഒരു ദിനം കഥകൾ. കോമിൽ കയറി,
ആദ്യമൊക്കെ സൗഹ്രിദത്തിന്റെ നേര്‍ത്ത കാറ്റിന്റെ തലോടലായിരുന്നു പിന്നീട് അത് അധികരിച്ചു സുഖമുള്ള ഒരു കാറ്റായി…

അതിലെ ഓരോ കഥകളും എന്റെ ജീവിതത്തില്‍ ഒരു പുതിയ മുഖം തന്നു.
എന്നോ മറന്ന എഴുത്തിനെ പുനര്‍ജീവിപ്പിച്ചു.
ഒരു ദിനം വാമ്പയറുടെ കഥ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ,
താഴെയുള്ള റീസന്റ് കമന്റിലൂടെ താഴേക്കു പോകുന്ന ഒരു പേര് എന്റെ ശ്രദ്ദയില്‍ പെട്ടു.
തമ്പുരാന്റെ ശ്രീരാഗം വായിച്ചു കമന്റു ചെയ്ത ഒരു പെണ്‍കുട്ടി…..

അപര്‍ണ….ആപേരില്‍ ഞാന്‍ കുറെ നേരം നോക്കി ഇരുന്നു .

ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം,പാപിയാമെന്നെ നീ കാക്കുമാറാകണം…..

ശ്രീ നാരായണാ യു.പി.സ്കൂളിലെ ഈശ്വരപ്രാർത്ഥന പാടുന്നത് അപര്‍ണയും മൂന്നു കുട്ടികളും.എന്റെ കണ്ണുകള്‍ അപര്‍ണയുടെ ചുണ്ടുകളില്‍ ആയിരുന്നു,ചുണ്ടിന്റെ അറ്റത്തുള്ള
കറുത്ത മറുക്, അവളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന പൂച്ച കണ്ണുകള്‍,
പിന്നെ നീളത്തിലുള്ള മുടി രണ്ടായി മെടഞ്ഞിട്ട് നിൽക്കുന്നത് കണ്ടാൽ എന്റെ സാറേ വേറെ ഒന്നും ഓർമയില്ല എന്ന് തട്ടത്തിൻ മറയത് സിനിമയിൽ നിവിൻ പോളി പറഞ്ഞത് പോലത്തെ അവസ്ഥയിൽ ആയി ഞാൻ.

ഞാന്‍ അവളെ ആരാധിക്കാന്‍ തുടങ്ങി.

സുദീപ് നീ എന്താ സ്വപ്നം കാണുകയാണോ? ടീച്ചറുടെ ശബ്ദം എന്നെ ഉണര്‍ത്തി.
അടുത്ത ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അതിലുപരി രണ്ടുക്ലാസിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്നെയും അപര്‍ണയെയും ടീച്ചറുമാരുടെ കണ്ണിലുണ്ണികളാക്കി.

എന്റെ മനസ്സില്‍ അപര്‍ണ എന്തൊക്കയോ ആകുകയായിരുന്നു.പ്രണയമാണോ…?

ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?

വായനയില്‍ ആയിരുന്നു എന്നും താല്പര്യം ഇളയ അമ്മാവന്‍ ഒരു ബുദ്ദിജീവി ആയിരുന്നു.
വീട്ടില്‍ എമ്പാടും പുസ്തകങ്ങള്‍.അമ്മാവന്റെ പ്രോത്സാഹനം അങ്ങനെ വായന നിത്യ സംഭവമായി.

മാതൃഭൂമിയും,കലാകൗമുദിയും ആയിരുന്നു എന്റെ ഇഷ്ട് വീക്കിലികള്‍.അര്‍ഥങ്ങള്‍ അറിയാത്തത് അമ്മാവന്‍ പറഞ്ഞു തരും.

കലാകൗമുദിയിലെ ഒരു ചെറുകഥ വായിച്ചാണ്
ഒരു പ്രേമലേഖനം എഴുതാന്‍ തുനിഞ്ഞത് .
പല പുസ്തകത്തിലെ വരികള്‍ കൂട്ടി ചേര്‍ത്ത് ഞാനുമെഴുതി ഒരു പ്രേമ ലേഖനം.

അവളറിയാതെ അവളുടെ ബുക്കില്‍ ഞാനത് വച്ചു.

പിന്നീടുള്ള ദിനങ്ങളില്‍ എന്റെ മനസ്സ് പെരുമ്പറകൊട്ടുകയായിരുന്നു.മൂന്നാമത്തെ ദിനം അവളുടെ മുഖത്ത് നാണത്താല്‍ കുതിര്‍ന്ന പുഞ്ചിരി.
അത് കണ്ട് ഞാൻ ഒരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് പറന്നു ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി…

ഇഗ്ലീഷ് ടീച്ചറിന്റ ക്ലാസ് നടക്കുമ്പോള്‍ ആണ് പ്യൂണ്‍ വന്ന് എന്നെ ഓഫീസിലേക്കു വിളിപ്പിച്ചത്.
എന്തെന്നറിയാനുള്ള ആകാംക്ഷയില്‍ ഞാന്‍ ഓഫീസില്‍ എത്തി.

സ്കൂളിലെ മിക്ക ടീച്ഛറുമാരുണ്ടവിടെ,
ഹെഡ് മിസ്ട്രസ്സിന്റെ കൈവശം ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത്.

സുദീപ് നീ എഴുതിയതാണോ ഈ കത്ത്?

എന്റെ വടിവൊത്ത സുന്ദരമായ കൈ അക്ഷരം ടീച്ചര്‍മാര്‍ക്കെല്ലാം പരിചിതമാണ്.

വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു അതേ.

ടീച്ചര്‍ ഉറക്കെ ആ കത്തു വായിച്ചു,

ഭൂമി വിണ്ടു കീറി ഉള്ളിലേക്കുപോയ സീതദേവി ആയി മാറിയിരുന്നെങ്കില്‍ എന്നാശിച്ചു.

വായിച്ചിട്ടു ടീച്ചര്‍ ഒട്ടും ഗൗരവം വിടാതെ എന്നെ അടുത്തേക്കു വിളിപ്പിച്ചു.
സുദീപ് നിന്റെ എഴുത്ത് മനോഹരമായിരിക്കുന്നു,
നല്ല ഭാഷ, നിന്നില്‍ ഞാന്‍ നല്ലൊരു സാഹിത്യകാരനെ കാണുന്നു.
ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.
ഒപ്പം ഒരു ഉപദേശവും ഇപ്പോള്‍ പഠിക്കുക…

ഞാന്‍ അപര്‍ണയ്ക്കു കൊടുത്ത കത്ത് എങ്ങനെ ടീച്ചറുടെ കൈവശമെത്തി അവളോടു ചോദിക്കുകതന്നെ.

അപര്‍ണേ…ഓയ്…
നനവൂറിയ കണ്ണുകളോടെ അവള്‍ ചോദിച്ചു

എന്തേ…?
ആ കത്ത് ടീച്ചറുടെ കൈവശം എന്തിനാകൊടുത്തത്?
ഞാനല്ല കൊടുത്തത് വിതുമ്പുന്ന ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

എന്റെ ബുക്കില്‍ നിന്നു എങ്ങനയോ താഴെ പോയതാ അത് കിട്ടിയത് ശോഭന ടീച്ചറുടെ മകന്‍ ഉല്ലാസിനാ…
അവനാ കൊടുത്തത്.

സ്കൂളില്‍ പെട്ടന്നു തന്നെ പ്രസിദ്ധമായി, വിവരം വീട്ടില്‍ അറിയുമോ എന്നതായിരുന്നു എന്റെ ഭയം.

അഛന്റെ ചൂരല്‍ കണ്ടാല്‍ തന്നെ ഭയമാകും പിന്നെ തല്ലിന്റെ കാര്യം പറയണോ?

എന്റെ അമ്മാവന്റെ മകള്‍ എന്നോടൊപ്പമാണ് പഠിക്കുന്നത് ,സ്കൂളില്‍ എന്നെ സംബന്ധിച്ച എന്തു കാര്യവും അമ്മയോടു പറഞ്ഞാലേ അവള്‍ക്കു സമാധാനം ആകൂ.

നാലുമണിക്കു ബെല്‍ അടിച്ചു.
എന്റെ കാലുകള്‍ക്ക് ബലക്കുറവ് നടന്നിട്ടും നടന്നിട്ടും വീട് എത്തുന്നില്ല…
ഓര്‍മയില്‍ അഛന്റെ ചൂരല്‍ വടി ..

അമ്മ പൂമുഖവാതിലില്‍ തന്നെയുണ്ടായിരുന്നു.
അമ്മയുടെ മുഖത്ത് ഒരു കുസ്രുതി ഓടികളിക്കുന്നുവോ..

കൈകാല്‍ കഴുകി അമ്മ കാപ്പി എടുത്ത് വച്ചു…

മോനെ……?

എന്താ അമ്മേ,
ഞാന്‍ അമ്മയെ നോക്കി.

നിനക്കിപ്പോഴേ കല്ല്യാണം വേണമോ?
ആ ചോദ്യം എന്നെ വല്ലാതെ വിഷമിപ്പിച്ചു.

അമ്മേ ഒരു പൊട്ടികരച്ചിലില്‍ അമ്മയുടെ ദേഹത്തേക്കു വീണു,
അമ്മയുടെ കൈകള്‍ സാവധാനം എന്റെ മുടിയിഴകളിലൂടെ തലോടി.സ്നേഹത്തിന്റെ സുരക്ഷയുടെ വലയത്തില്‍ ഞാന്‍ അമര്‍ന്നിരുന്നു.

ലാപിന്റെ സ്‌ക്രീനിൽ ഫേസ്‌ബുക്കിലെ അവളുടെ പ്രോഫൈല്‍ തെളിഞ്ഞു വന്നു.
അതിൽ അവളുടെ ഫോട്ടോ ഉണ്ടായിരുന്നില്ല പകരം ഞങ്ങളുടെ നാട്ടിലെ അമ്പലത്തിലെ ദേവിയുടെ ചിത്രമായിരുന്നു,

അതിലെ കവർ ഫോട്ടോയിൽ ചില വരികളിൽ കണ്ടത് ഇങ്ങനെയായിരുന്നു.

ഞാന്‍ നടന്ന വഴിത്താരകളില്‍ തണലു തേടി അലഞ്ഞു…
വന്നതോ ഈ പൂമരത്തണലില്‍.

ഫ്രെന്‍ഡ് റിക്വസ്റ്റ് കൊടുത്തു.

മെസഞ്ചറിൽ ഇങ്ങനെ എഴുതി…
ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ..
വര്‍ഷങ്ങളുടെ മാറ്റത്തില്‍ ഓര്‍മയുണ്ടാകുമോ എന്നെ.
പേരെങ്കിലും ഓര്‍ക്കാതിരിക്കുമോ?

മെയില്‍ തുറക്കുമ്പോള്‍ തന്നെ അപര്‍ണയുടെ മറുപടി വന്നതായുള്ള നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു.
മെസഞ്ചറിൽ മറുപടിയായി അവള്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

ഓര്‍മകള്‍ മരിക്കുന്നില്ല…
ജീവിച്ചു തന്നെയിരിക്കും…

എന്റെ വാട്സാപ്പ് നമ്പർ ഇതാണ്
വാട്സാപ്പിൽ ഞങ്ങള്‍ മറ്റൊരു കുട്ടിക്കാലം സൃഷ്ടിച്ചു.
ഇപ്പോള്‍ അവള്‍ ഇംഗ്ലണ്ടില്‍ പ്രൊഫസറാണ്. വിവാഹവും കഴിഞ്ഞിട്ടില്ല.

അമ്മയുടെ ചോദ്യം മനസ്സില്‍ ഇടയ്ക്കിടെ തികട്ടി വന്നതുകൊണ്ട് മറ്റൊരു പ്രണയാഭ്യർത്ഥന നടത്തുവാനും കഴിയുന്നില്ല.

ഓഫീസിലെ തിരക്കു പിടിച്ച് ദിനത്തില്‍ അവളുടെ ഫോണ്‍ വരുന്നത്.

സുദീ എന്നാ നാട്ടിലേക്ക്?

ഓണത്തിനു പോകും….

താനോ…?

ഞാനും ഉണ്ടാകും അപ്പോള്‍.

കഥകൾ. കോം ഒരു കേരളാ മീറ്റ് നടത്തുന്നു അതിൽ വരുമോ….?

എന്തിനാ..?

ഓര്‍മയുടെ കുട്ടിക്കാലം ചികയാമല്ലോ

പിന്നെ….

പിന്നെ?

ഒന്നു കാണുകയും ആവാം.

വരാം ശബ്ദം പതറിയോ….

താങ്ക്യൂ…
അവളുടെ ശബ്ദം കൂടുതല്‍ മധുരിമയുള്ളതായി മാറി.

തൃശ്ശൂർ കേരള സാഹിത്യ അക്കാദമി, ചങ്ങമ്പുഴ ഹാളിൽ വച്ചാണ് കഥകൾ. കോമിന്റെ
കേരളാ മീറ്റ് നടത്തപ്പെടുന്നത് .

പേരുകൊണ്ടു പരിചിതമായ സുഹ്രുത്തുക്കള്‍ എല്ലാവരും വന്നു കൊണ്ടിരിക്കുന്നു.

ഞാൻ സാഹിത്യ അക്കാദമിയുടെ ഗേറ്റ് കടന്ന് വിശാലമായ ഉള്ളിലേക്ക് കടന്നു.

ഒരു വശത്ത് ഒരു മെലിഞ്ഞ ചെറുപ്പക്കാരൻ മുടിയൊക്കെ മുകളിലേക്ക് ചീകി ഒതുക്കി കറുത്ത പാന്റും, ഇളം നീല ഷർട്ടും ഇട്ട് ഒരു എക്സിക്യൂട്ടീവ് ലുക്കിൽ ആ ചെറുപ്പക്കാരനെ ചുറ്റി കുറെ ആൾക്കാർ, അയാൾ ഇടയ്ക്കിടെ ഭൃംഗു എന്ന് പറയുകയും, സംസാരം പൂർണമായും പുരാണകഥകളും, കൈലാസവും ഒക്കെ കടന്നു വരുന്നു അപ്പോഴേ ഇത് ഹർഷൻ ആണെന്ന് മനസ്സിലായി.

ഇടത് വശത്ത് വെട്ടി ഒതുക്കി വളർത്തുന്ന ഒരു ചെടി മരത്തിനു ചുവട്ടിൽ കണ്ണട വച്ച് ചെക്ക് ഷർട്ട് ഇട്ടിരിക്കുന്ന ഒരു ചെറുപ്പക്കാരൻ ആധുനിക സയൻസിനെക്കുറിച്ചും, കഥകളിൽ ഫിക്ഷനെക്കുറിച്ചും ഒക്കെ സംസാരിക്കുന്നു, അപ്പോൾ തീർച്ചയായും അത് അഖിൽ ആകാം

അത് ശ്രദ്ധാപൂർവ്വം കേട്ട് നിൽക്കുന്ന മറ്റൊരു ചെറുപ്പക്കാരൻ അയാൾ ചുവന്ന കളർ ഷർട്ടാണ് ധരിച്ചിരിക്കുന്നത് , അയാളുടെ സംസാരം ഒരു തെക്കൻ ശൈലി അതെ ഇത് ജീവൻ തന്നെ.

വലിയ മരത്തിനു ചുവട്ടിൽ സിമന്റ് ഇട്ട് കെട്ടിയിരിക്കുന്നടത്ത് മൂന്ന് പേർ സംസാരിക്കുന്നുണ്ട്.,

അലക്ഷ്യമായി മുടി പാറി കിടക്കുന്നു എന്നാലും സംസാരത്തിന് യാതൊരു കുറവും ഇല്ല, സമീപത്ത് ഒരു ചെറിയ പയ്യനും, നീളം കൂടിയ മറ്റൊരാളും ഉണ്ടായ്ക്കിരുന്നു അവരുടെ സംസാര ഭാഷ ഒരു കോഴിക്കോടൻ ശൈലി ആണ്, മുടി പാറി പറന്നു കിടക്കുന്ന ആൾ ലെവീസിന്റെ ടീഷർട്ട് ആണ് ധരിച്ചിരിക്കുന്നത് അയാൾ ഓരോന്ന് പറയുമ്പോഴും കൂടെ നിൽക്കുന്ന പയ്യന്റെ മുഖം ചുവക്കുന്നുണ്ട് അത് നൗഫുവും ജോനാസും, സയ്യദ് മസൂദും ആണെന്ന് പെട്ടന്ന് തിരിച്ചറിഞ്ഞു.

പൊട്ടി ചിരിച്ചു കൊണ്ട് സിനിമാ നടൻ വിനീതിന്റെ മുഖമുള്ള ഒരു ചെറുപ്പക്കാരനും, താഴേക്ക് നോക്കി നടക്കുന്ന മറ്റൊരാളും അത് മേനോൻ കുട്ടിയും, രാഹുലും ആണെന്ന് മനസ്സിലായി.

ഇതിന്റെ ഇടയിൽ അപർണയെ എവിടെ എന്ന് എന്റെ കണ്ണുകൾ നോക്കി നടന്നു.

സ്ത്രീ ജനങ്ങളുടെ ഭാഗത്തേയ്ക്ക് കണ്ണ് ഓടി,

പെട്ടന്ന് ഒരാൾ ഹലോ എന്ന് പറഞ്ഞു തോളിൽ തട്ടി.
സുജീഷേട്ടൻ ആയിരുന്നു അത്, ഫോട്ടോ
കണ്ട് പരിചയമുള്ള ഏക വ്യക്തി.
മൂപ്പർ പിന്നെ ഒരു കാരണവരുടെ ചുമതല സ്വയം ഏറ്റെടുത്തു. പിന്നെ ഓരോരുത്തരെ പരിചയപ്പെടുത്തി തന്നു.

എല്ലായിടത്തും സജീവമായി നിൽക്കുന്ന ഒരു വ്യക്തി പക്ഷെ മുഖത്ത് എപ്പോഴും ഒരു വിഷാദ ഭാവം കാണാം അത് അജയൻ ആണ്…

ദാ… ആ നിൽക്കുന്ന സ്ത്രീ ജനങ്ങൾ ഇല്ലേ അത് ഇളം പച്ച ചുരിദാർ ഇട്ടിരിക്കുന്ന കുട്ടി, തലയിൽ തട്ടം ഒക്കെ ഇട്ടിരിക്കുന്നു അത് ആണ് ഷാനാ കഥ എഴുതുന്നത്,

അതിനപ്പുറം മെറൂൺ കളർ ചുരിദാറിൽ ഉള്ളത് രാഗേന്ദു,

കറുപ്പിൽ ചുവന്ന പൂക്കൾ സാരിയിൽ ഉള്ളത് ഷാനാ, ഇഗ്ളീഷ് പ്രൊഫസ്സർ, ഇത് പറഞ്ഞു സുജീഷേട്ടൻ മെല്ലെ ചിരിച്ചു, എന്നിട്ട് പറഞ്ഞു ഇങ്ങനെ പറഞ്ഞാൽ അല്ലേ മനസ്സിലാകൂ.. .

ഇടത് നിൽക്കുന്നത് ഇല്ലേ ഖദർ സാരി ഉടുത്തു അതാണ് ജ്വാല,

പെട്ടന്ന് പിന്നിൽ നിന്ന് സുജീഷേട്ടനെ ആരോ വിളിച്ചു, കൈകളിൽ രുദ്രാക്ഷ വള ഒക്കെ ഇട്ടൊരു വെള്ളമുണ്ടും, കാപ്പിപ്പൊടി കളർ ഷർട്ടും ഇട്ട് കയ്യിൽ മൊബൈലും പിടിച്ച് ഒരാൾ,
സംസാരം ഒക്കെ ഗാംഭീര്യം നിറഞ്ഞത്,
അത് തമ്പുരാൻ ആണെന്ന് പറഞ്ഞു സുജീഷേട്ടൻ വേറെ ആരോ വിളിച്ചിട്ട് പോയി

എന്റെ കണ്ണുകള്‍ അവളെ തേടി അലയുകയായിരുന്നു.
പെട്ടന്നാണ് ഗേറ്റിനു വെളിയിൽ ഒരു ഓട്ടോ റിക്ഷ വന്നു നിന്നത് അതിൽ നിന്ന് ഒരു പെൺകുട്ടി പുറത്തിറങ്ങി,

അക്കാദമിക്കുള്ളിലേക്ക് നടന്നു വന്നു
പച്ച സാരിയുടെ തിളക്കത്തില്‍ അവള്‍ വന്നെത്തി, മുഖത്തിന്‌ ഗൗരവം കൂട്ടാൻ ആണെന്ന് തോന്നുന്നു കട്ടി ഫ്രെയിമുള്ള കണ്ണാടി
അതൊഴിച്ചാൽ അവള്‍ക്കു യാതൊരു മാറ്റവും ഇല്ല.

സുദീ….
വാക്കുകള്‍ ഇടമുറിഞ്ഞപ്പോള്‍ ഞാന്‍ അവളോടുചോദിച്ചു

നടന്ന വഴിത്താരകളില്‍ കാണാതെപോയ തണല്‍തേടി എത്തിയതോ…
ഈ കഥകൾ മീറ്റില്‍.

എന്റെ നര്‍മ്മത്തില്‍ ഞങ്ങള്‍ രണ്ടാളും പൊട്ടിചിരിച്ചു.

പൂമരത്തണലില്‍ എന്നോടൊപ്പം കൂടാമോ? എന്നെന്നും ..?

ഞാന്‍ നീട്ടിയ കൈകളില്‍ അവളുടെ കൈ അമര്‍ന്നു.

ഹാളിനകത്തുവച്ച സ്പീക്കറില്‍ നിന്നു മീറ്റ് ആരംഭിക്കാന്‍ പോകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് വരുന്നുണ്ടായിരുന്നു അപ്പോൾ…

Updated: December 24, 2020 — 12:23 am

75 Comments

  1. //ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പ്രണയമോ..?
    :?? nicely portrayed

    //അത് കണ്ട് ഞാൻ ഒരു അപ്പൂപ്പന്‍ താടിയായി ഉയര്‍ന്ന് പറന്നു ആയിര്‍ത്തൊന്നു രാവുകളിലെ അറബികഥയിലെ നായകനായി…
    :Simply outstanding.
    ‘ആയിരത്തൊന്നു രാവുകളിലെ നായകൻ’ ന്താ പറയാ.. വായിച്ചപ്പോൾ പ്രത്യേക ഫീൽ.

    പിന്നെ ഇവിടെയുള്ളവരെ അറിയാൻ പറ്റി.

    .:)

  2. ചെറുകഥ നന്നായിട്ടുണ്ട്…meet up inu വരുമ്പോള്‍ sujeesh ചൂടുവെള്ളം ready ആക്കി കൊണ്ടുവരും താങ്കൾക്ക്, എന്നെ ozhivakkuyathinu പകരമായി.
    ???
    ???

Comments are closed.