വാതിൽ തുറന്ന് അകത്തു കയറിയ രാഘവനെ കണ്ടതും അനാമിക പിണക്കം ഭാവിച്ചു ചോദിച്ചു
രാഘവൻ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കി, സീതയുടെ നമ്പറിൽ നിന്നുള്ള അഞ്ചു മിസ്കാൾ
“അച്ഛൻ കണ്ടില്ല മോളെ… ഫോൺ സൈലന്റ് ആയിരുന്നു”
രാഘവന്റെ മുഖത്തു വൈകിട്ട് ഉണ്ടായിരുന്ന സന്തോഷം ഇല്ലാത്തത് അനാമികക്ക് ഒരു വിഷമം ഉണ്ടാക്കി
“അച്ഛന് എന്താ പറ്റിയത്… അച്ഛൻ എങ്ങോട്ടാ പോയത് …”
“ഏയ്യ്… ഒന്നൂല്ല മോളെ… ഒരു ചെറിയ തലവേദന…, അമ്മ എന്ത്യേ …”
“അമ്മ അടുക്കളയിൽ ആണ്, അച്ഛന് നല്ല തലവേദന ആണോ… ബാം എന്തെങ്കിലും വേണോ…”
“ഏയ്… ബാം എന്റെ അടുത്തുണ്ട്. ഞാൻ തേച്ചോളാം… അമ്മയോട് പറഞ്ഞേക്ക് അച്ചൻ കിടക്കാൻ പോയി കഴിക്കാൻ വിളിക്കണ്ട എന്ന് …”
“അച്ഛൻ ഒന്നും കഴിക്കാതെ കിടക്കാൻ പോകുവാണോ… ഞാൻ പെട്ടന്ന് ചോറെടുക്കാം അത് കഴിച്ചിട്ട് പോയി കിടന്നോ”
“വേണ്ടടാ… ഞാൻ ഒന്ന് കിടക്കട്ടെ”
“ശരി അച്ഛാ …”
രാഘവൻ പോകുന്നത് നോക്കി അനാമിക അവിടെ നിന്നു. അച്ഛൻ തന്നിൽ നിന്നും എന്തോ മറക്കുന്നതായി അവൾക്ക് തോന്നിയിരുന്നു. എന്തെങ്കിലും ബിസിനസ് സംബന്ധമായ പ്രശ്നങ്ങൾ ആയിരിക്കും എന്ന് കരുതി അവളും സീതയുടെ അരികിലേക്ക് നടന്നു
രാഘവന് തലവേദന ആണെന്ന് അനാമികയിൽ നിന്നും അറിഞ്ഞിട്ടാണ് സീത മുറിയിലേക്ക് ചെല്ലുന്നത്, കട്ടിലിൽ നെറ്റിക്ക് മേലെ കൈ മടക്കി വച്ചു കണ്ണടച്ച് കിടക്കുന്ന രാഘവനെ ആണ് അവർ അവിടെ കണ്ടത്
“ചേട്ടാ… എന്താ പറ്റിയെ… തലവേദന ആണെന്ന് അനു പറഞ്ഞു. മരുന്ന് വല്ലതും വേണോ ”
സീതയുടെ ശബ്ദം കേട്ടെങ്കിലും അയാൾ അടച്ചിരുന്ന കണ്ണുകൾ തുറന്നില്ല.
Skyline 12B