“ഡോക്ടറെ… അനാമികയും ഞാനും തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു. അവൾ എന്നെ വഞ്ചിച്ചു എന്നിട്ടും ഞാൻ അവളോട് പറഞ്ഞത് എന്നെ കല്യാണം കഴിക്കണം എന്ന് മാത്രമാണ്… അതാണോ ഞാൻ ചെയ്ത തെറ്റ്…”
അരുൺ അന്ന് സീതയുടെയും രാഘവന്റെയും മുന്നിൽ ആടിത്തീർത്ത നാടകം ഒരിക്കൽക്കൂടി ഗൗതമിന്റെ മുന്നിൽ ആടാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ അവന്റെ വാക്കുകൾ സ്വന്തമായി തോണ്ടിയ കുഴി ആയിരുന്നു എന്ന് മനസ്സിലാക്കാൻ ഗൗതമിന്റെ മുഖത്തേക്ക് ഇരച്ചു കയറിയ ദേഷ്യവും ഗൗതമിന്റെ മറുപടിയും വേണ്ടി വന്നു
“ഇനി ഒരക്ഷരം അനുവിനെ കുറിച്ച് മോശമായി നീ പറഞ്ഞാൽ ഞാൻ പ്രതികരിക്കുന്ന രീതി വേറെ ആയിരിക്കും… നീ എന്താ പറഞ്ഞത് നിന്നെ അനു ചതിച്ചു എന്നോ… അതിന്റെ സത്യാവസ്ഥ എന്താണെന്ന് എനിക്ക് നന്നായി അറിയാം… ഇതൊന്നും അറിയാത്ത രണ്ട് പേര് നീ പറഞ്ഞതൊക്കെ വിശ്വസിച്ചതിന്റെ പേരിൽ സ്വയം ജീവൻ ഒടുക്കാൻ ശ്രമിച്ചവൾ ആണ് എന്റെ അനിയത്തി… എന്നിട്ടും നീ അവളെ വെറുതെ വിട്ടോ… ഇപ്പൊ ഞാൻ കഴുത്തിൽ കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ഈ കൈ പോലും നീ അവൾക്ക് കൊടുത്ത ശിക്ഷ ആയിരുന്നില്ലേ…”
താൻ പറഞ്ഞതൊന്നും ഗൗതം വിശ്വസിച്ചില്ല എന്ന് മനസ്സിലായതും അരുണിന്റെ കൈ മേശയിൽ ഇരിക്കുന്ന ഫോണിലേക്ക് നീണ്ടു
“നീ മെനക്കെടേണ്ട അരുൺ… നീ കാണിക്കാൻ പോകുന്നത് എന്താണെന്നും ആ മെസ്സേജുകൾ എങ്ങനെ നിന്റെ ഫോണിൽ വന്നു എന്നും എനിക്ക് നന്നായി അറിയാം… അതുകൊണ്ട് അത് വേണ്ട… ഞാൻ കഴിഞ്ഞതൊക്കെ മറക്കാൻ തയാറാണ് എന്റെ ആക്‌സിഡന്റ് അടക്കം. പക്ഷെ ഇത് കൊണ്ട് നിർത്തിക്കോണം നിന്റെ അങ്കം…”
ഗൗതമിന്റെ ശബ്ദം ഉയരുന്നതനുസരിച്ച് അരുണിന്റെ മുഖം കുനിഞ്ഞു വന്നു
“അപ്പൊ ഞാൻ പറഞ്ഞതൊക്കെ നിനക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു അരുൺ… ഞാൻ ഇപ്പൊ പോവുകയാണ്. ഇനി നമ്മൾ തമ്മിൽ കാണാതെ ഇരിക്കട്ടെ…”
അരുണിനെ തള്ളി മാറ്റിക്കൊണ്ട് ഗൗതം വാതിൽ തുറന്നു.
വാതിലിനു മുന്നിൽ ഒരു ട്രേയിൽ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി നിൽക്കുന്ന അരുണിന്റെ അമ്മ, താനും അരുണും തമ്മിൽ സംസാരിച്ചത് അവർ കേട്ടോ എന്നുള്ള സംശയം ആയിരുന്നു ഗൗതമിന്… കേട്ടെങ്കിൽ എല്ലാ സത്യവും അവരുടെ മുന്നിൽ വച്ചു പറഞ്ഞിട്ട് പോകണം എന്നവൻ ഉറപ്പിച്ചു
Skyline 12B