? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104

“എന്റെ ഉപ്പുപ്പാ, ന്റെ നിക്കാഹും കണ്ട് കുട്ട്യോളേം കണ്ട് പിന്നെ അവരുടേം നിക്കാഹും കണ്ട് പതിയെ കണ്ണടച്ചാ മതിട്ടോ.., പിന്നെയാരാ ഈ കള്ളൊക്കെ പറഞ്ഞേ..? ഉപ്പുപ്പക്ക് വയസ്സായീന്ന്..? ഇങ്ങള് ഇപ്പഴും കോളേജ് കുമാരനല്ലേ…?”

 

നാല് പല്ല് കാട്ടി ഉപ്പുപ്പാ പൊട്ടിച്ചിരിച്ചു. ആടി നിക്കുന്ന പല്ലുകളെ പോലും വകവെക്കാതെ പഴംപൊരിയും എടുത്ത് കഴിച്ചു.

 

സന്ധ്യ മയങ്ങും വരെ ഒരുപാട് സംസാരിച്ചു ഞങ്ങൾ. മടുപ്പേ തോന്നാതെ വീണ്ടും വീണ്ടും ഒരുപാട് നേരം. പിന്നീട് കുളിയും കഴിഞ്ഞ് രാത്രിയിലേക്ക് അഞ്ച് ദോശയും ചുട്ടെടുത്തു. ഉച്ചക്കത്തെ കഞ്ഞി കുറച്ച് ഇരുപ്പുണ്ടായിരുന്നു. ഞാനതും എടുത്ത് കുടിച്ചു. രണ്ട് ദോശേ ഉപ്പുപ്പ കഴിക്കൂ. വയർ നിറഞ്ഞ് കഴിഞ്ഞാൽ ഉറങ്ങാൻ പാടാണ് എന്നാ മൂപ്പരുടെ ന്യായം. ഇത്താത്തയും കൂടി പോയ മൂന്നെണ്ണം. ആഹാരമൊക്കെ കഴിച്ച് കഴിഞ്ഞ് മരുന്നും കൊടുത്ത് ഇത്ത അവളുടെ റൂമിലേക്കും ഞാൻ ഉപ്പുപ്പാടൊപ്പവും കിടന്നു. രാത്രി എന്തേലും അത്യാവശ്യം വന്നാലോ എന്ന് കരുതീ പണ്ട് മുതലേ ഞാൻ ഉപ്പുപ്പടൊപ്പമാ.

 

ഒന്ന് കിടന്നാൽ മതി ഉപ്പുപ്പാക്ക്, അപ്പോ തന്നെ കൂർക്കം വലിയും തുടങ്ങും. ചിരിയോടെ തലയണ പൊക്കി അതിനുള്ളിൽ നിന്നും ഞാനാ ഡയറി പുറത്തേക്കെടുത്തു. അതിന്റേം ഉള്ളിൽ നിന്ന് മയിൽപ്പിലിയോടൊപ്പം ഇരുന്ന ആ വല്യ ഫോട്ടോയും. അഞ്ചാം ക്ലാസ്സിലെടുത്ത സ്കൂൾ ഫോട്ടോ. നിറപുഞ്ചിരിയോടെ നിക്കുന്ന എന്റെ കൊച്ച് കറുമ്പിയെ തന്നെ നോക്കി ഞാൻ കിടന്നു. എങ്ങനേലും നേരം വെളുത്താൻ മതിയെന്നായിരുന്നു എനിക്ക്. അങ്ങനെ എപ്പോഴോ ആ ഫോട്ടോയും നെഞ്ചിലേറ്റി മയക്കത്തിലേക്കും..!

 

?

 

എന്നെത്തെയും പോലെ എല്ലാമുണ്ടാക്കി വച്ച് ഉപ്പുപ്പാനോടും ഇത്താത്തയോടും പറഞ്ഞ് എന്റെ കറുമ്പിയെ കാണാൻ ഞാൻ ധൃതിപ്പിടിച്ച് ഓടി. രാത്രിയിലെപ്പോഴോ നല്ലൊരു മഴ പെയ്തിരുന്നു, അത് തോരുന്നത് തന്നെ വെളുപ്പാൻ കാലത്താണ്. ഇപ്പോഴും ചെറിയ രീതിയിൽ ചാറ്റൽ വീഴുന്നുണ്ട്. പടിഞ്ഞാറെ വയലിൽ ഗീത ടീച്ചറുടെ മാവിൻ ചുവട്ടിൽ ഞാൻ നിന്നു പ്രാണനെയും കാത്ത്.

 

രാവിലെ മാത്രേ അവളെ കണ്ണ് നിറയെ കാണാൻ കിട്ടൂ. വീട്ടിൽ ഓരോ കള്ളവും പറഞ്ഞ് എന്റെ അടുത്തേക്ക് വരും. പിന്നെ ഒരുമിച്ചാവും യാത്ര. അപ്പുപ്പൻ കാവിലും, തൊടിയിലും, പണവയലിലും, ആമ്പൽ കുളക്കടവിലും അങ്ങനെ ഒരുപാടിടത്ത് അവളെന്നേം കൂട്ടിട്ട് പോകും. ഒരുപാട് സംസാരിക്കും. എങ്കിലും എന്നോടുള്ള ഇഷ്ട്ടം മാത്രം തുറന്ന് പറയത്തേയില്ല പെണ്ണ്…!

 

“ഓയ് മരംകേറി….”

 

ഒരു കൈയാൽ പാവാടത്തുമ്പും പൊക്കിപ്പിടിച്ച് കൂകി വിളിച്ചവൾ എന്റടുത്തേക്കായി ഓടി വരുവാണ്. പടച്ചോൻ എനിക്കായി തന്ന എന്റെ ലക്ഷ്മി ദേവി…!

 

“ഇന്നെന്തേ നേരത്തെ ആണല്ലോ…? ആരേലും കാത്തിരിക്കുവാണോ…?”

 

കിതപ്പിലും കുസൃതിയോടെ അവൾ തിരക്കുമ്പോ ഞാനും അതേന്ന പോൽ തലയാട്ടി.

 

“അഹ്, ഞാനെന്റെ മൊഞ്ചത്തിയേം കാത്ത് നിക്കാൻ തുടങ്ങിട്ട് കുറേ നേരായി…!”

 

“ആണോ…? എന്നിട്ടാ മൊഞ്ചത്തി വന്നോ..?”

 

പാൽ പുഞ്ചിരിയോടെ അവൾ തിരക്കുമ്പോ, എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ച് ആ മുഖമൊട്ടാകെ ചുംബിക്കാനാണ് എനിക്കപ്പൊ തോന്നിയത്.

 

“മ്മ്, ദേ ഇപ്പൊ വന്നൂ…!”

 

“അയ്യടാ, വാ കൊരങ്ങാ നമ്മക്ക് ഒരിടം വരെ പോവാം…!”

 

“എങ്ങോട്ടാ…?”

 

“അറിഞ്ഞാലേ വരൂ…?”

 

ഉണ്ടക്കണ്ണും പെരുപ്പിച്ച് എന്നെ നോക്കിയവൾ ചോദിക്കുമ്പോ ഞാൻ ചിരിച്ചു പോയി.

 

“ഏയ്‌ വേണ്ട വേണ്ട. എന്റെ മൊഞ്ചത്തി നടന്നാട്ടെ, ഞാൻ പിന്നാലെയുണ്ട്.”

 

അത് കേട്ടതും ആ ചൊടികളിൽ നിറഞ്ഞ് നിന്ന പുഞ്ചിരി, കണ്ണെടുക്കാതെ ഞാൻ നോക്കി നിന്നുപ്പോയി.

 

“വായിനോട്ടം കഴിഞ്ഞെങ്കിൽ പോകാം..?”

 

എന്റെ തലക്കിട്ട് തട്ടി അവൾ മുന്നേ നടന്നു, ചിരിയോടെ പിന്നാലെ ഞാനും. പടിഞ്ഞാറെ വയലും അപ്പുപ്പൻ കാവും താണ്ടി ആ ആമ്പൽ കുളത്തിലേക്കാണ് അവളെന്നേം കൂട്ടി പോയത്. വെള്ളം തൊടാത്ത പടിക്കെട്ടിലേക്ക് അവളിരുന്നു. ഒപ്പം ഞാനും. തെളിനീര് പോലുള്ള വെള്ളവും, അതിനുള്ളിൽ മത്സരം പോലെ കുതിച്ച് നീന്തുന്ന പല വർണങ്ങളിലുള്ള മീനുകളും കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന ഒരു വല്ലാത്ത അനുഭൂതി തന്നായിരുന്നു അവിടം. ഒപ്പം ചേർന്നിരിക്കാൻ എന്റെ പ്രാണസഖിയും.

 

“ടാ മരംകേറി…”

 

“മ്മ്…”

 

“എന്റെ അഭിപ്രായം കേക്കണ്ടേ…?”

 

“ഏഹ്…?”

 

ഞെട്ടി കണ്ണും തള്ളി ഞാനവളെ നോക്കുമ്പോ എന്റെ ഭാവമാറ്റം കണ്ട് വന്ന ചിരിയെ അവൾ കൈയാൽ മറച്ചു.

 

“കറുമ്പി, നീ എന്തായിപ്പോ പറഞ്ഞേ…?”

 

വിശ്വാസം വരാതെ ഞാൻ എടുത്ത് ചോദിച്ചു.

 

“എന്റെ അഭിപ്രായം അറിയേണ്ടേന്ന്…!”

 

വലിച്ച് നീട്ടിയവൾ പറഞ്ഞ് നിർത്തുമ്പോ, നടക്കുന്നത് സ്വപ്നമാണോന്നറിയാൻ ഞാനെന്നെ തന്നെ നുള്ളി നോക്കി. നോവുണ്ട്, അപ്പൊ സ്വപ്നമല്ല. എല്ലാ ദിവസവും പിരിയാൻ നേരം എന്റെ അഭിപ്രായം നാളെ പറഞ്ഞാൽ മതിയോന്ന് അവൾ ചോദിക്കും..! ഞാനും പൊട്ടൻ കളിക്കും. പക്ഷെ ഒരിക്കൽ പോലും അവളതിനെ കുറിച്ച് പിറ്റേന്ന് സംസാരിക്കാറേ ഇല്ല. എന്നാലിന്ന്, ന്റെ പടച്ചോനെ ഇതെന്തൊക്കെയാ ഈ നടക്കണേ…?

 

“പണ്ട് ഉസ്ക്കൂളിൽ എന്നോടൊപ്പം പഠിച്ചിരുന്ന ഒരു ബിരിയാണി കൊതിയൻ ഉണ്ടായിരുന്നു.”

 

പറഞ്ഞിട്ട് പഴയത് ഓർത്തവൾ ചിരിക്കുവാണ്. കൂടെ ചിരിക്കാൻ ഇത്തവണ ഞാൻ ഉണ്ടായിരുന്നില്ല, പകരമാ ബിരിയാണി കൊതിയാൻ ഉണ്ടായിരുന്നൂ..!

 

“യുണിഫോമൊക്കെ തേച്ച് മിനിക്കിയിട്ട്, മുഖമൊട്ടാകെ ക്യൂട്ടിക്കൂറ പൗഡറും ഇട്ട് ഒരു വെള്ള തൊപ്പിയും തലയിൽ വച്ച്., കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാ. നിന്റെ രീതിക്ക് പറഞ്ഞാൽ നല്ലസ്സല് മൊഞ്ചൻ.”

 

കുട്ടിക്കാലം അവൾ വർണിക്കുമ്പോ നാണം തോന്നിയിരുന്നു എനിക്ക്.

 

“കേട്ടോ മരംകേറി, ,നിക്കവനൊരുപാട് ഇഷ്ട്ടായിരുന്നു…!”

 

അത് പറയുമ്പോ അറിഞ്ഞോ അറിയാതെയോ അവളും വിതുമ്പി പോയിരുന്നു. പടിക്കെട്ടിൽ കിടന്ന ഉരുളൻ കല്ലുകൾ പെറുക്കി കൈവെള്ളയിൽ നിറച്ചവൾ കുളത്തിലേക്ക് ഇടാൻ തുടങ്ങി. മൗനത്തോടെ ഒരുപാട് നേരം അവളത് തുടർന്നു.

 

“എനിക്ക് നിന്നെ എന്തോരം ഇഷ്ട്ടാന്ന് അറിയോടാ മരംകേറി….?”

 

ചിരിയും കണ്ണുനീരും കോർത്തിണക്കി കൊണ്ടാവൾ പറയുമ്പോ എന്റെ കണ്ണിൽ നിന്നും ഒരു തുള്ളി അടർന്ന് വീണിരുന്നു ആ കുളത്തിലേക്ക്…!

 

“എനിക്കിപ്പളും നല്ലൊർമ്മ ഉണ്ട്. പണ്ട് കൂടെ പഠിക്കണ കുട്ട്യോള് കറുമ്പീന്നും, കാക്കച്ചീന്നും, കറുത്ത കൊരങ്ങീന്നും അങ്ങനെ ഓരോന്ന് പറഞ്ഞന്നേ കളിയാക്കുമ്പോ, ഒറ്റപ്പെട്ടൂന്ന് തോന്നുമ്പോ, എവിടേലും പോയിരുന്ന് പൊട്ടിക്കരയുമ്പോ എന്റടുത്ത് വന്നിരുന്ന് സമാധാനിപ്പിക്കാനും ഞാനില്ലേന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനും ആ ബിരിയാണി കൊതിയനെ ഉണ്ടായിരുന്നുള്ളൂ. പിന്നിടെന്നോ ന്റെ ഇടനെഞ്ചിൽ പതിഞ്ഞു പോയവൻ ആഴത്തിൽ. പ്രണയമാണെടാ ചെക്കാ എനിക്ക് നിന്നോട്.”

 

അത്രേം പറഞ്ഞവൾ എഴുന്നേറ്റു., എന്റെ തോളിൽ പിടിച്ച് എന്നേം വലിച്ച് പൊക്കി.

 

“പ്രണയം തന്നാടാ. കളങ്കമില്ലാത്ത ദേ ഈ കാണുന്ന തെളിനീര് പോലെ സത്യമായ പ്രണയം. ജാതിയോ മതമോ നിറമോ ഒന്നുമല്ല, ഈ മനസ്സാ., ഈ മനസ്സിനെയാ ഞാൻ സ്നേഹിച്ചതും…!”

 

എന്റെ ഹൃദയത്തോട് ചേർത്ത് കൈകൾ വച്ചവൾ പറയുമ്പോ, സന്തോഷം., അതിയായ സന്തോഷമായിരുന്നു എനിക്ക്. ലോകം വെട്ടിപ്പിടിച്ച് എടുത്തവന്റെ സന്തോഷം. അറിയില്ല എന്ത് ചെയ്യണം എന്ന്, പക്ഷെ അപ്പോ ആ കുളത്തിലേക്ക് എടുത്ത് ചാടാനാണ് തോന്നിയത്. സന്തോഷം ചില സമയത്ത് നമ്മളെ ഭ്രാന്തന്മാരാക്കിയേക്കാം. ഞാനുമാ സമയത്ത് അങ്ങനൊരു അവസ്ഥയിലായിരുന്നു.

 

“അലി…..”

 

എല്ലാം മറന്നാ കുളത്തിലേക്ക് എടുത്ത് ചാടുമ്പോ ഞാൻ അറിഞ്ഞിരുന്നില്ല, എന്റെ പെണ്ണിനത് എത്രത്തോളം വേദന നൽകിയിരുന്നു എന്ന്, അവളുടെ അലറൽ കാതിൽ മുഴങ്ങിയിരുന്നു എങ്കിലും എനിക്കപ്പൊ ഒരു വർണ മത്സ്യത്തെ പോൽ നീന്തി തുടിക്കണമായിരുന്നു. സന്തോഷം അത്രത്തോളമായിരുന്നു എനിക്ക്. എന്നും കൊതിച്ചിരുന്ന വാർത്ത എത്രയോ വർഷങ്ങൾക്ക് ശേഷം അവളും തുറന്ന് പറയുമ്പോ എനിക്കെന്റെ മനസ്സിനെ തന്നെ കൈവിട്ട് പോയിരുന്നു. ആഴങ്ങളിലേക്ക് ഊളിയിട്ട് നീന്തിയ ഞാൻ അലറുവായിരുന്നു.

 

പിന്നീട് ഞാൻ കരയിലേക്ക് കയറുമ്പോ എന്നെ വരവേറ്റത് അവളുടെ ചുവന്ന് കലങ്ങിയ കണ്ണുകളും വിറകൊള്ളുന്ന അധരങ്ങളുമാണ്. എന്തോ ആദ്യമായി അല്ലാ അവളുടെ ആ മുഖം കാണുന്നത് എങ്കിലും, ഞാൻ കാരണം ഇത് ആദ്യമായ. അതിന്റെ വേദന എന്റെ മനസ്സിനേം കാർന്ന് തിന്നിരുന്നു.

 

6 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Comments are closed.