? എന്റെ കറുമ്പി ? [?ꫝ??? ꫝ???? ] 104

ഉപ്പുപ്പയും ഇത്തയും കൂടി പരസ്പരം ഉത്സായിപ്പിക്കുമ്പോ, അവരുടെ കണ്ണുകളിൽ കണ്ട സന്തോഷത്തിന്റെ തിളക്കം അണച്ച് കളയാൻ എനിക്കും തോന്നിയില്ല. ആദ്യമായി കണ്ടതും അവസാനമായി പിരിഞ്ഞതും പറഞ്ഞിരുന്നു ഞാൻ…!

 

“അങ്ങനെ വരട്ടെ, ഞാനും ആലോചിക്കുവായിരുന്നു എനിക്ക് ചാന്തും പൊട്ടും എല്ലാ കൊല്ലവും മുടങ്ങാതെ വാങ്ങി തരുന്ന ഒരനിയത്തി കുട്ടി ഉള്ളത് ആരാന്ന്…? അപ്പൊ അന്റെ ഹൂറിയാണ് എന്റേ അനിയത്തി കുട്ടിയല്ലേ…?”

 

“മ്മ്…!”

 

“ഇത്രെയൊക്കെ ആയില്ലേ ഉടനെ പിടിച്ച് കേട്ടിക്കണ്ടേ ഉപ്പുപ്പാ ഇവരെ…?”

 

“പിന്നെ വേണ്ടേ നൗഫി, കഴിയുമെങ്കി ഇന്ന് തന്നെ ആ കുഞ്ഞിന്റെ വീട്ടിൽ പോയി സംസാരിക്കണം. കുട്ട്യോൾക്ക് പരസ്പരം ഇഷ്ട്ടായ സ്ഥിതിക്ക് ഇനിയിത് ഒട്ടും വച്ച് താമസിപ്പിക്കുന്നതിൽ അർത്ഥമില്ല…!”

 

“പക്ഷെ ഉപ്പുപ്പാ…?”

 

ഇത്തത്തയുടെ ചോദ്യം ഉപ്പുപ്പാന്റെ മറുപടിയും കേട്ട് സന്തോഷം തോന്നിയിരുന്നൂ എങ്കിലും അതിനയുസ്സ് ഏറെയില്ലായില്ലാരുന്നു.

 

“മ്മ് എന്താ അലിയേ…?”

 

“ന്റെ കറുമ്പിക്ക്, സ്വന്തമെന്നോ ബന്ധമെന്നോ പറയാൻ ആരൂല്ല. അവളൊരു…, അവളൊരു അനാഥയാ ഉപ്പുപ്പാ…! നമ്മടെ ത്രേയ്സ്യമ്മച്ചിയുടെ വീട്ടിൽ വേലക്ക് നിന്നാ ജീവിക്കണത് പോലും…!”

 

അവസാനം വിതുമ്പി നിർത്തുമ്പോ അതുവരെ സന്തോഷത്തോടെ ഇരുന്ന അവരുടെ മുഖവും ഇരുണ്ട കാർമേഘം പോലായി.

 

“ആരും അനാഥരായി ജനിക്കുന്നില്ല അലിയേ, ഈയ് കൂട്ടിക്കൊണ്ട് വാടാ ഓളെ…!”

 

 

അത്ര മാത്രം പുഞ്ചിരിയോടെ പറഞ്ഞ് ഉപ്പാപ്പാ എഴുന്നേറ്റു.

 

“ഉപ്പുപ്പാ…?”

 

കൈവിരലിൽ തൂങ്ങി ഞാൻ വിളിക്കുമ്പോ എന്തന്ന പോലെ എന്നെ ഉപ്പുപ്പ നോക്കി.

 

“അവള് ഇസ്ലാമാല്ല, ഹിന്ദുവാ…!”

 

“ന്റെ അലിയേ ഈയ് തന്നിത് പറേണം. ഇതൊക്കെ അറിഞ്ഞിട്ട് തന്നല്ലേ ആ മൊഞ്ചത്തിയെ നിന്റെ ഖൽബില് കുടിയിരുത്തിയെ…?”

 

“അതല്ലുപ്പാപ്പാ, ഇനി ഇങ്ങക്ക് അതില് എന്തേലും പ്രശ്നം ഉണ്ടേലോ…?”

 

“നല്ല പെട കിട്ടണ്ട സമയം കയിഞ്ഞു അനക്ക്. അങ്ങനെ ഇഷ്ടക്കേട് എനിക്കുണ്ടായിരുന്നേ, ഇന്ന് നീയും നൗഫിയും ഇല്ലാ. നിങ്ങടെ ഉമ്മി., ന്റെ ദേവി മോള്. ഈ പറഞ്ഞ പോലെ ജാതിയും മതവും തീർത്ത കണ്ണുകളിൽ അവളൊരു ഹിന്ദുവാണ്. ഒത്തൊരുമയോടെ സ്നേഹിച്ച് ജീവിക്കാൻ വേണ്ടത് രണ്ട് ജാതികളല്ല, മറിച്ച് രണ്ട് മനസ്സുകളാണ്. നിങ്ങൾക്ക് ഓർമ ഉണ്ടാവോന്നറിയില്ല. നോമ്പ് കാലം വരുമ്പോ ഞങ്ങളൊപ്പം അവളും നോമ്പ് എടുക്കും. ന്റെ റഫിക്കും ദേവി മോളും, സ്നേഹിക്കാൻ മാത്രേ പാവങ്ങൾക്ക് അറിയൂ. പക്ഷെ അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ. ന്റെ പടച്ചോനെ, ന്തിനെ ന്റെ കുട്ട്യോളെ നേരത്തേ അങ്ങ് വിളിച്ചേ…? ജീവൻ ആണ് വേണ്ടത് എങ്കിൽ ഈയുള്ള കിഴവന്റെ ജീവൻ എടുത്തൂടായിരുന്നോ…!”

 

നെഞ്ച് പൊട്ടി കരയുന്ന ന്റെ ഉപ്പാപ്പയേ കാണെ മനസ്സ് വിങ്ങി.

 

“ന്റെ അലിയേ അനക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ…? അയ്യേ ഈയ് കണ്ടോ അലി, അറക്കൽ കുഞ്ഞാലി കുട്ടി ദേ കുഞ്ഞ് പിള്ളേരെ മാതിരി കരയണത്…?”

 

ഒഴുകിയിറങ്ങിയ കണ്ണുനീരൊപ്പി ഇത്താത്ത ചിരിയോടെ ഉപ്പുപ്പാടെ മനസ്സ് മാറ്റാൻ തന്നെ കളിയാക്കാൻ തുടങ്ങി. ഇപ്പൊ അത് തന്നാണ് വലുത്., കൂടെ ഞാനും കൂടുമ്പോ കഷ്ടപ്പെട്ട് ആണേലും ഉപ്പുപ്പയും ചിരിച്ചു.

 

മറ്റ് ദിവസങ്ങൾ പോലല്ല ഇന്നാ വയലോരം നടക്കാൻ ഒരു പ്രത്യേകതയൊക്കെ തോന്നുന്നുണ്ട്…!

 

“ഓയ് മരംകേറി…”

 

പതിവിലും വിപരീതമായി എന്നും ഞാൻ കാത്ത് നിക്കുന്ന ഇതേ ഇടത്ത് ഇതേ നേരത്ത് ഇന്നവളെന്നേം കാത്തുനിക്കുവാണ്. എന്നെ കണ്ടവൾ വിളിച്ച് കൂവി കൈകൾ ആട്ടി കാട്ടി.

 

 

“മ്മ്, എന്താ കറുമ്പി ഇന്ന് വല്യ സന്തോഷത്തിൽ ആണെന്ന് തോന്നുന്നല്ലോ..?”

 

“തോന്നലല്ലേ, ഞാൻ സന്തോഷത്തിൽ തന്നെയാ. വെളുപ്പാൻ കാലത്തൊരു സ്വപ്നം കണ്ടു., നമ്മടെ മംഗല്യം. പക്ഷെ മുഴുവൻ ആക്കാൻ പറ്റാതെ ഞാൻ എഴുന്നേറ്റു. പിന്നെ ഞാനുറങ്ങീട്ടില്ല. വേഗമെല്ലാ ജോലിയുമൊതുക്കി, ഞാനോടി വന്നതാ ന്റെ മരംകേറിയെ കാണാൻ…!”

 

വിരലുകളാൽ എന്റെ നെറ്റിയിൽ വീണ് കിടന്ന മുടിനാരുകളെ മടിയൊതുക്കി വച്ചവൾ പറഞ്ഞു. ന്റെ മനസ്സും നിറഞ്ഞിരുന്നു.

 

“ഞാൻ വീട്ടിൽ എല്ലാം പറഞ്ഞു കറുമ്പിയേ, എത്രയും വേഗം നമ്മടെ നിക്കാഹ് നടത്താൻ തന്നെയാ അവരുടേം തീരുമാനം…!”

 

ആ മുഖത്ത് നിറഞ്ഞ നാണത്തിന് എന്നെ കൊല്ലാൻ പോലും ശേഷിയുണ്ടായിരുന്നു.

 

“നടക്കാം…?”

 

മുഖത്ത് പോലും നോക്കാതവൾ പറഞ്ഞെന്റെ കൈകോർത്ത് നടന്നിരുന്നു.

 

“ന്നിക്കൊരാഗ്രഹം ഉണ്ട് മരംകേറി…!”

 

പാടവരമ്പത്തൂടെ, മഞ്ഞ് വീണ പുൽച്ചെടികൾക്കിടയിലൂടെ നടക്കുമ്പോ അവൾ പറഞ്ഞു.

 

“എന്താ കറുമ്പിയേ…?”

 

“ന്നെ കാവിലമ്മയുടെ നടേൽ വച്ച് അമ്മയെ സാക്ഷിയാക്കി താലി ചാർത്തോ നീ…?”

 

“ഉറപ്പായും…!”

 

ഒരു നിമിഷം മൗനമായി എങ്കിലും ഒട്ടും ആലോചിക്കാതെ പതറാതെ ഞാൻ മറുപടിയും കൊടുത്തു.

 

“വീട്ടുകാർക്ക് അതിലെതിർപ്പ് ഉണ്ടാകോ…?”

 

അതിനുള്ള ഉത്തരമായി പുഞ്ചിരിച്ച് അവളേം ചേർത്ത് പിടിച്ച് ഞാൻ നടന്നൂ. ലക്ഷ്യമില്ലാതെ…!

 

“മരംകേറി, നിക്കാഹ് കഴിഞ്ഞാ പിന്നെ എന്നെ ചൊല്ലിയാവും നിന്നെ എല്ലാരും കളിയാക്കുവാ…!”

 

മഞ്ചാടിക്കുന്നിൽ തണൽ നിറച്ച് നിക്കുന്ന ആ വല്യ അപ്പുപ്പൻ മാവിന്റെ ചോട്ടിൽ ഇരിക്കുമ്പോ എന്റെ തോളിലേക്ക് ചാഞ്ഞവൾ പദം പറഞ്ഞു.

 

“അതെന്തിനാ പെണ്ണേ…?”

 

ചിരിയോടെ ഞാൻ തിരക്കി.

 

“ഞാൻ കറുമ്പിയല്ലേടാ. കാണുന്നോർക്ക് കളിയാക്കി ചിരിക്കാനുള്ള വെറുമൊരു ജന്മം. ന്നെ അങ്ങനല്ലേ എല്ലാരും കാണണേ…! അറിയോ മരംകേറിനക്ക്., വല്യമ്മയുടെ മരുമ്മക്കളൊക്കെ വന്നിട്ടുണ്ട്, അങ്ങ് പേർഷ്യാന്ന്. കുഞ്ഞ് കുട്ട്യോൾക്ക് ഭക്ഷണം കൊടുക്കുമ്പോ കഴിക്കാൻ മടികാട്ടിയാൽ ന്നെ ചൂണ്ടി പറയും, ദേ മക്കള് കഴിച്ചില്ലേൽ ഈ കരിംഭൂതം കഴിച്ചിട്ട് പോവൂന്ന്. പാവം അതുങ്ങള് എന്നെ നോക്കി പേടിച്ച് മുഴുവൻ കഴിക്കും. അത്രക്ക് കറുമ്പിയാണോടാ ഞാൻ…?”

 

നിമിഷ നേരം കൊണ്ടെന്റെ മുഖത്ത് നിറഞ്ഞ് നിന്നാ ചിരി മായുകയും, മിഴികളിൽ നീർതുള്ളികൾ സ്ഥാനം പിടിക്കുകയും ചെയ്തു.

 

“വല്യമ്മടേ ആണ്മക്കളിൽ ഏറ്റവും ഇളയ സാർ കുറച്ചൂസം മുന്നേ എന്നെ നോക്കി പറയുവാ, ഇരുട്ടത്ത് നിന്നാ നിന്നെ തിരിച്ചറിയാനെ പറ്റുന്നില്ലലോടി കാക്ക കറുമ്പീന്ന്…! ഇപ്പൊ ഞാൻ അനുഭവിക്കുന്ന ഈ വേദന നാളെ നിക്കാഹ് കഴിഞ്ഞാൽ നീയും അനുഭവിക്കേണ്ടി വരും ചെക്കാ…!”

 

ചിരിയായിരുന്നു അത് പറയുമ്പോ ആ മുഖത്ത് നിറഞ്ഞത്. കൊടും വേദനയുടെ ദുർബലമായ ചിരി…!

 

“ആ വേദന ഞാൻ അനുഭവിച്ചോളാം പെണ്ണേ. നമ്മുടെ കൂട്ടത്തിൽ പലർക്കും പടച്ചോൻ കണ്ണുകള് കൊടുത്തേലും കാഴ്ച കൊടുത്തിട്ടില്ല. അങ്ങനുള്ളവര് നിന്നെ നോക്കിയെന്തും പറഞ്ഞോട്ടെ അതൊക്കെ അവരുടെ കണ്ണിന്റെ മാത്രം കുഴപ്പാ. സ്നേഹിക്കുന്നോർക്ക് കാണാൻ കണ്ണിന്റെ ആവശ്യാല്ല, ഞാനെന്റെ പെണ്ണിനെ കാണണതേ ന്റെ മനസ്സ് കൊണ്ടാ. ആ മനസ്സ് എപ്പളും പറയും ന്റെ പെണ്ണാ മാറ്റാരെക്കാളും സുന്ദരീന്ന്…! നിക്കത് മതി.”

 

വിതുമ്പുവായിരുന്നു അവൾ. ഈ ജന്മം അനുഭവിക്കേണ്ടതിന്റെ ഇരട്ടിക്കിരട്ടി ന്റെ പെണ്ണ് അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഇനിയില്ല. ആർക്കും കളിയാക്കാനുള്ള വെറുമൊരു ജന്മമല്ലവൾ. ഈ അലീടെ പ്രാണനാ. അവൾക്ക് നൊന്താ എനിക്കും നോവും…!

 

“മരംകേറി, ഈ കറുമ്പിയേ എന്തിനാടാ നീ ഇങ്ങനെ സ്നേഹിച്ച് കൊല്ലണേ…?”

 

6 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️

  2. Very good story and very good writing. We are waiting for next story…

  3. Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.

  4. ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.

  5. മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.

Comments are closed.