ദൂരേ നിന്നും കേൾക്കുന്ന പാട്ടിന് അവളും ആസ്വദിച്ച് ഈണത്തോട് കൂടി പാടാൻ തുടങ്ങി. അങ്ങനേ ഞങ്ങൾ വയലോരം വഴി നടന്നു. പാട്ട് കഴിഞ്ഞും, അവളിടക്കുള്ള വരികൾ അതേ ഈണത്തിൽ മൂളുന്നുണ്ടായിരുന്നു. ഉത്സവത്തോട് അനുബന്ധിച്ച് വഴിയരികിൽ അവിടവിടായി പ്രകാശം കാണുന്നുണ്ട്. അത് വല്യ സഹായകരവുമാണ്. എപ്പോഴോ നന്നായി തോർന്ന മഴ വീണ്ടും ചെറുതായി തന്നെ പൊടിഞ്ഞിറങ്ങാൻ തുടങ്ങി.
“അടുത്ത മഴ..! വേഗം നടക്ക് മരംകേറി. ഇനിയൊരു മഴ കൂടെ ഏറ്റാൽ നാളെ തല പൊങ്ങൂലാ.”
ധൃതിപ്പിടിച്ച് അവളെന്നേം ചുറ്റിപ്പിടിച്ച് നടത്തതിന്റെ വേഗത കൂട്ടി. എങ്കിലും മഴയോളം വരില്ലല്ലോ ഒന്നും., ആ മഴയും നന്നായി തന്നെ കൊണ്ടു.
ആദ്യ കുഞ്ഞിടവഴിൽ പരസ്പരം അദരങ്ങളാൽ ചൂടേകുമ്പോ ഒരിക്കലും ഈ ചൂട് അവസാനിക്കരുതേ എന്നായിരുന്നു ഏക പ്രാർത്ഥന…!
“തേടി വന്നതല്ല കണ്ട് പിടിച്ചതുമല്ല, വിധിയാണ് ഒരുമിപ്പിച്ചത്… മരണം വരെ ഇതുപോലെ ചേർന്ന് നിൽക്കാനാണ് ആഗ്രഹവും…!”
പാതി വഴിയിൽ നിന്നുപ്പോയ ചൂട് അവസാനിക്കും മുന്നേ അവളെന്റെ നെഞ്ചോരം ചേർന്നിരുന്നു. പിന്നീട് അകന്ന് മാറിയവൾ മിഴികൾ നിറച്ച് പറയുമ്പോ ഞാൻ വീണ്ടും അവളെ എന്നിലേക്ക് ചേർത്തു.
“ഞാനിങ്ങനെ തന്നെയെന്റെ പെണ്ണിന്റെ ചേർത്ത് പിടിച്ചോളാം. സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും സങ്കടത്തിലുമൊക്കെ…!”
കാതോരം മൃതുവായി പറയുമ്പോ ആ കണ്ണുനീര് എന്റെ ഹൃദയത്തിലാണ് വീണിരുന്നത്.
“എത്രേം വേഗം എന്നെ മംഗലം കഴിക്കണേ. ഇനീം കാത്തിരിക്കാൻ നിന്റെ കറുമ്പിക്ക് ഒക്കില്ല…!”
നിക്കാതെ അടർന്ന് വീഴുന്ന കണ്ണുനീരിനെ അവഗണിച്ച് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവൾ എന്നെ വിട്ട് മാറി.
“ഞാനെത്രേം വേഗം ന്റെ ചുന്ദരിയേം നിക്കാഹ് കഴിച്ച് കൊണ്ടോവും…!”
“മ്മ്., ദാ ഇത്തക്ക് വേണ്ടിട്ട് അനിയത്തി വാങ്ങിയത് ആണെന്ന് പറഞ്ഞ് കൊടുക്കണേ…!”
മൂളിയവൾ വാങ്ങിയ സാധനം എന്റേൽ തന്നൂ. ചന്ദനവും കുങ്കുമവും വീണ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു., പിന്നീട് നിന്നില്ല, നടന്നു. വിട പറഞ്ഞകന്ന നേരം ഒരുവേള പോലും പിന്തിരിഞ്ഞ് നോക്കാത്തത് ഇഷ്ടക്കുറവ് കൊണ്ടല്ല, മറിച്ച് എന്റെ കണ്ണ് നിറഞ്ഞത് ന്റെ കറുമ്പി കാണാതിരിക്കാൻ ആയിരുന്നു…!
രണ്ടാം കുഞ്ഞിടവഴിയിലേക്ക് കേറുമ്പോ പിന്നിലൊരു നിഴലനക്കം പോൽ കണ്ടു.
“രമേശാ…?”
ആളെ തിരിച്ചറിഞ്ഞു വിളിച്ചിട്ടും മറുപടി കിട്ടിയില്ല., പതിയെ ആ നിഴൽ ഇരുട്ടിലേക്ക് തന്നെ ചേരുമ്പോഴാണ് പ്രാണന് വേണ്ടി മറന്നുപ്പോയ അവന്റെ വേദന നിറഞ്ഞ സ്വരം മനസ്സിലും കാതിലും നിറഞ്ഞ് കേട്ടത്.
“വന്നപ്പോ മുതല് ശ്രദ്ധിക്കുവാ, ന്റെ കുട്ടിക്ക് എന്താ പറ്റിയേ…? ഇക്കൊല്ലവും ആ ചെക്കൻ മദ്യ ലഹരിയിൽ എന്തേലും നിന്നോട് പറഞ്ഞോ…?”
മനസ്സിൽ അലട്ടുന്ന പലതും ഉള്ളിലൊതുക്കി പുറമേ ചിരിക്കാൻ എനിക്കറിയില്ലായിരുന്നു. അതിനാൽ തന്നാവാം വീട്ടിൽ വന്ന് കേറുമ്പോ അവരത് ശ്രദ്ധിച്ചതും…!
“ഞാനും എത്ര ചോദിച്ചതാ., പറഞ്ഞാലല്ലേ എന്താണേലും അറിയൂ…!”
ഉപ്പുപ്പാക്ക് പിന്നാലെ ഇത്താത്തയും പറയുമ്പോ ഞാനും പിന്നൊന്നും മറച്ച് വച്ചില്ല. രമേശനെ കണ്ടതും നടന്നതും എല്ലാം ഞാൻ അവരോട് പറഞ്ഞു. അപ്പൊ ഞാൻ അനുഭവിച്ച സങ്കടവും വേദനയും അവരും അനുഭവിക്കുന്നത് കണ്ണുനീരിലൂടെ ഞാൻ മനസ്സിലാക്കി.
“അലിയേ…?”
“ഉപ്പുപ്പാ…?”
“ന്റെ മനസ്സ് പറയണൂ, ആ കൊച്ചൻ അനുഭവിച്ചത് എല്ലാം ഇന്നീ രാത്രിയാൽ ഒടുങ്ങും. അവൻ നാളെ നിന്നെ കാണാൻ വരും നന്ദി പറയും. അവനും അവന്റെ വീട്ടുകാർക്കും ഇനിയുള്ള കാലം നല്ലത് മാത്രേ ഉണ്ടാകൂ…! ഇത് ഞാൻ നിന്നെ അശ്വസിപ്പിക്കാനായി പറയുന്നതല്ല, പടച്ചോൻ എന്റെയുള്ളിൽ തോന്നിപ്പിച്ചതാ.”
ഉപ്പുപ്പാന്റെ വാക്കുകൾ ഏറെ ആശ്വാസം നൽകിയെങ്കിലും കൂടെ പടച്ചോനോടും കാവിലമ്മയോടും മനമുരുകി പ്രാർത്ഥിക്കുവായിരുന്നു ഞാനപ്പോ. കിടക്കുമ്പോഴും നെഞ്ചിൽ സ്ഥിരം പോലെ കറുമ്പിയുടെ ഫോട്ടോ ഉണ്ടേലും മനസ്സിൽ അവളുടെ ഓർമകൾക്ക് പകരം നിറഞ്ഞ പ്രാർത്ഥന മാത്രായിരുന്നു രമേശനും അവന്റെ കുടുംബത്തിനും വേണ്ടി…!
?
അഞ്ചു മണിക്ക് വച്ച അലാറം കേട്ടാണ് ഇന്നലെ എപ്പഴോ മയങ്ങിയ ഞാൻ എഴുന്നേൽക്കുന്നത്. നെഞ്ചിലേക്ക് ചേർത്ത് വച്ചയാ ഫോട്ടോ എടുത്ത് ഞാൻ ഡയറിക്കുള്ളിൽ ആക്കി.
“പടച്ചോനെ…!”
ഉപ്പുപ്പാ ഇപ്പോഴും നന്നായി കൂർക്കമൊക്കെ വിട്ട് സുഖ ഉറക്കത്തിലാണ്. തെറ്റി മാറി കിടന്ന പുതപ്പിനെ നേരയാക്കി നന്നായി പുതപ്പിച്ച ശേഷം ഒന്ന് മൂരി നിവർന്ന് ഞാനേഴുന്നേറ്റു. ബാത്‌റൂമിൽ കേറി മുഖവും കഴുകി ഉമിക്കിരിയാൽ പല്ലും തേച്ച് വന്നു. പിന്നെ അടുക്കളേൽ കേറി ചായക്കുള്ള വെള്ളം വക്കുമ്പോ ഹാളിൽ ബെൽ മുഴങ്ങിയ ശബ്ദം കേട്ടു. ഇത്രേം രാവിലെ ഇതാരാ എന്നുള്ള ചിന്തയിൽ ഗ്യാസ് അടുപ്പിലെ തീ കുറച്ച് വച്ച് ഞാൻ ചെന്ന് മുൻവാതിൽ തുറന്നൂ…!
“ഏയ് എന്തായിത്…?”
വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോ തന്നെ കാൽക്കലേക്ക് അവൻ വീണിരുന്നു.
“രമേശാ, എന്തൊക്കെയാടാ ഈ കാട്ടണേ..?”
അവന്റെ പ്രവർത്തി എനിക്ക് തീരെ ഇഷ്ട്ടായില്ല. അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി.
“അലിയേ, കോടി പുണ്യം കിട്ടൂടാ നിനക്ക്. എന്റെ ദുഃഖങ്ങൾക്കും ന്റെയെല്ലാ വേദനക്കും കഴിഞ്ഞാ രാത്രി വരെ ആയുസ്സുണ്ടായിരുന്നുള്ളൂ. ഒരുപാട് നന്ദി അലിയേ, ഒരുപാടൊരുപാട്…!”
അത്രേം പറഞ്ഞവൻ എന്നെ പുണരുമ്പോ, എന്താ സംഭവിച്ചത് എന്ന് വ്യക്തമായി അറിയില്ല എങ്കിൽ പോലും ഞാനുമവന്റെ ശിരസ്സിൽ തലോടി.
“ഇറങ്ങുവാ., കടപ്പെട്ടിരിക്കുന്നു മരിക്കുവോളം ഞാനുമെന്റെ കുടുംബവും.”
മറുപടിക്ക് നിൽക്കാതെ, കണ്ണുനീർ തുള്ളിയെ പുറത്തേക്ക് വിടാതെ അവൻ പിന്തിരിഞ്ഞ് നടന്നിരുന്നു. ഇന്നവന്റെ മുഖത്ത് സമാധാനവും സന്തോഷവും തെളിഞ്ഞ് ഞാൻ കണ്ടിട്ടുണ്ടേൽ അതിനൊരൊറ്റ കാരണേയുള്ളൂ, കാവിലമ്മ അവനോട് പൊറുത്തു…! ഉപ്പുപ്പാ പറഞ്ഞത് എത്ര ശെരിയാ അവൻ വന്നൂ എന്നോട് നന്ദി പറഞ്ഞു അവന്റെ എല്ലാ ദുഃഖവും മാറി. പക്ഷെ എന്തിനായിരുന്നു എനിക്ക് നന്ദി, എന്തിനാ അവനെന്റെ കാലേ വീണേ..? അതായിരുന്നു മനസ്സിൽ അപ്പോഴും വേദനയിൽ ആഴ്ത്തിയത്…!
“അലിയേ, നൗഫി പറഞ്ഞ ഞാനറിയണേ, അതുകൊണ്ടാണല്ലോ നിക്കാഹ് ന്റെ കാര്യം പറയുമ്പോഴൊക്കെയും ഈയ് ഒഴിഞ്ഞ് മറണതൊക്കെ…! പറയ്യ് ആരാ അന്റെ മനസ്സില് ഇത്രക്ക് പതിഞ്ഞ് പോയ ആ മൊഞ്ചത്തി…?”
“കണ്ടോ ഉപ്പുപ്പാ, ചെക്കന് നാണം വന്നേ…?”
“ഒന്ന് പോ ഇത്ത…!”
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോ ഉപ്പുപ്പാ ചോയ്ച്ചു. ശെരിക്കും നാണം തോന്നിയിരുന്നു അത് കേട്ട്. ഇത്താത്ത അത് മനസ്സിലാക്കി വിളിച്ച് പറയുവേം ചെയ്തു.
“ഈയ് രാവിലെ വാലിന് തീ പിടിച്ച പോലെ പെടച്ചടച്ച് ഓടുന്നുണ്ടല്ലോ എന്നും…, ഓളെ കാണാനാ…?”
ഒളിക്കണ്ണാൽ നോക്കി ഉപ്പുപ്പാ പറയുമ്പോ, ഞാനും ചെറു ചിരിയോടെ തലയാട്ടി.
”എന്നാലും ഈയ് എന്തിനാടാ ഹിമറേ ഇത്രേം ആയിട്ടും എല്ലാം മറച്ച് വച്ചേ…? ഞങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടാണോ…?”
“എന്റുപ്പാപ്പാ സമയാട്ടേന്ന് കരുതി. പിന്നെ ചെറുതായി ഒക്കെ നിങ്ങൾക്കും അറിയാലോ…? അല്ലാതെ ഇങ്ങളെ വിശ്വാസം ഇല്ലാഞ്ഞിട്ടൊന്നും അല്ല…!”
“എങ്കി ഇപ്പൊ പറയ്യ്…!”
♥️♥️♥️♥️♥️
Very good story and very good writing. We are waiting for next story…
Super!!!!! Super!!!!! Super!!!!! Superb!!!!!. Othiri othiri othiri ishtamayi. Simply awesome!!!! Simple cute, romantic and heart melting… Churingiya vakkaukalil theerthoru manohara kavyam pole sundaram.. Hats off!!!!!. Oru feel good ending anenkilum chila sandarbhangal heart breaking ayirunnu. Vallathoru life ulla story. No doubt!!! You’re a talented and gifted writer.. Thank you so much for providing this mesmerizing reading experience.
Super ???
ഒന്നും പറയാൻ ഇല്ല brooo ഒരു രക്ഷയും ഇല്ല എന്റെമ്മോ.
മതസൗഹാർദം വിളിച്ചോതുന്ന, ബാഹ്യ നിറത്തേക്കാൾ മനസ്സിന്റെ നിറമാണ് യഥാർത്ഥ സ്നേഹത്തിന്റെ അടിത്തറ എന്ന് പറയുന്ന പ്രണയപൂർവ്വമായ കഥ. വളരെ ഹൃദയസ്പർശിയായിരുന്നു.