മാന്ത്രികലോകം 4 [Cyril] 2452

 

യക്ഷ മനുഷ്യർ ഏഴു പേരും മെല്ലെ വേച്ചുവേച്ച് എഴുനേറ്റ് നിന്നു.

എഴുനേറ്റ് നിൽക്കാൻ ഞങ്ങൾ വിദ്യാര്‍ത്ഥികളും ഒന്ന് ശ്രമിച്ചെങ്കിലും ഞങ്ങൾ അശക്തരായിരുന്നു — ഒന്ന് അനങ്ങാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല.

“അരൂപിയെ ഫ്രെൻ….!! എങ്ങനെ..? അത് സാദ്ധ്യമല്ല…..!! അരുപിയെ തോല്പിച്ച് അതിന്റെ ശക്തിയെ അവന്റെ ആത്മാവില്‍ പകര്‍ത്തി അരൂപിയെ നിഷ്‌ക്രിയാവസ്ഥയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. വെറും പതിനാറാം വയസില്‍ അത്ര മാത്രം ശക്തി………!! ഒരിക്കലും സാധ്യമല്ല…!! മാന്ത്രിക മുഖ്യൻ ചിന്താ കുഴപ്പത്തോടെ പരിസരം മറന്ന് ആരോടെന്നില്ലാതെ പുലമ്പി.

മറ്റുള്ള യക്ഷ മനുഷ്യർ അതുകേട്ട് ഞെട്ടുന്നത് ഞാൻ കണ്ടു.

കുറെ നേരം അയാൾ തലയും താഴ്ത്തി ഇളകി മറിഞ്ഞ മനസ്സോടെ സ്വന്തം മനസ്സിനോട് തര്‍ക്കിക്കും പോലെ പിറുപിറുത്തുകൊണ്ട് കൂടുതൽ ആലോചനയിലാണ്ടു നിന്നു.

പെട്ടന്ന് സ്വബോധം വീണ്ടെടുത്തത് പോലെ മാന്ത്രിക മുഖ്യനൻ തലയുയർത്തി ഞങ്ങളെ കുറച്ച് നേരം നോക്കി നിന്നു.

കുറച്ച് കഴിഞ്ഞതും അയാളുടെ മാന്ത്രിക സന്ദേശം ലഭിച്ചത് പോലെ പതിനഞ്ച് യക്ഷ മനുഷ്യർ മുറിയില്‍ കയറി വന്നു…. അവർ ഓരോരുത്തരും ഞങ്ങൾ ഓരോ വിദ്യാർത്ഥികളുടെ തോളത്ത് തൊട്ടതും ഞങ്ങൾ അവിടെ നിന്നും മറഞ്ഞു.

പിന്നേ എനിക്ക് ചുറ്റും വെറും വെള്ളം മാത്രം…, ശേഷം ഞാനൊരു ചുഴിയിൽ അകപ്പെട്ടു….. അടുത്ത നിമിഷം എന്നെ ആരോ വലിച്ചെറിഞ്ഞു….. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ എന്റെ കണ്ണ് രണ്ടും ഞാൻ ഇറുക്കി അടച്ചു.

വെള്ളത്തിൽ നിന്നും ഏതോ കരയില്‍ വന്ന് വീണപ്പോള്‍ ആണ് ഞാൻ കൺ തുറന്ന് നോക്കിയത്.

ആദ്യം സ്ഥലകാലബോധം എനിക്ക് ഉണ്ടായില്ല… ശിഖരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യ പ്രകാശത്തെയും നോക്കി കുറച്ച് നേരം ഞാൻ വെറുതെ നിലത്ത് കിടന്നു.

മറ്റുള്ള വിദ്യാര്‍ത്ഥികളും എന്റെ അടുത്തും കുറച്ച് മാറിയും വന്ന് വീണപ്പോള്‍ മാത്രമാണ് ഞാൻ മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചത്.

എന്റെ നഷ്ടമായ ശക്തിയെ എന്റെ ആത്മാവ് വീണ്ടെടുത്ത പോലെ ഒരു കുഴപ്പവും കൂടാതെ എനിക്ക് എഴുനേറ്റ് നിൽക്കാൻ കഴിഞ്ഞു.

എന്റെ നോട്ടം ഞാൻ പലയിടത്തായി പായിച്ചു — ആമ്പൽക്കുളത്തിനെ വലയം ചെയ്തിരുന്ന മൺതിട്ട എന്റെ കണ്ണില്‍ പെട്ടു.

ചെറിയൊരു സന്തോഷം എന്റെയുള്ളില്‍ ഉദിച്ചു.

ഞങ്ങൾ ശിബിരത്തിൽ ഉള്ള മാന്ത്രിക വനത്തില്‍ ജീവനോടെ തിരികെ എത്തിയിരിക്കുന്നത്.

പക്ഷെ ഇത്രയും കാലം ഫ്രൻഷെർനെ എന്റെ എതിരാളിയായി മാത്രമാണ് ഞാൻ കണ്ടിരുന്നത് എങ്കിലും അവന്റെ കാര്യത്തിൽ എനിക്ക് വിഷമം തോന്നി.

സാഷയുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി കൊണ്ടിരുന്നു…. ഒപ്പം അടങ്ങാത്ത ദേഷ്യവും അവള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവളുടെ മുഖം വിളിച്ച് പറഞ്ഞു.

തന്റെ മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ട് ആമ്പൽക്കുളത്തിന്റെ മൺതിട്ടയെ കോപത്തോടെ നോക്കി നില്‍ക്കുന്ന ദനീരിനെ നോക്കിയ ശേഷം മറ്റുള്ളവരുടെ മുഖത്തും ഞാൻ നോക്കി.

എല്ലാ മുഖങ്ങളും വലിഞ്ഞ് മുറുകി ഇരുന്നു. ദുഃഖവും ദേഷ്യവും എല്ലാം അവിടെ തങ്ങി നിന്നു.

ഫ്രൻഷെർ ന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയില്ല….

യക്ഷ ലോകത്തേക്ക് ഞങ്ങൾ തിരിച്ച് പോയാല്‍ പോലും മാന്ത്രിക മുഖ്യന്റെ യഥാര്‍ത്ഥ രൂപത്തെ വെറുതെ ദര്‍ശിക്കാനുള്ള ശക്തി പോലും ഞങ്ങൾക്ക് ഇല്ലെന്ന് മനസ്സിലായി — പിന്നെങ്ങനെ അയാളെ എതിരേൽക്കും…?

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.