മാന്ത്രികലോകം 4 [Cyril] 2450

Views : 72465

ആ പീഠങ്ങൾ എന്ന മനുഷ്യ മുഖങ്ങളില്‍ ഞാൻ സൂക്ഷിച്ചു നോക്കി — ഈ മുഖഛായ എവിടെയോ കണ്ടിട്ടുള്ള പോലെ എനിക്ക് തോന്നി.

അതിനെ ഓര്‍ക്കാന്‍ കഴിഞ്ഞതും ഞാൻ ഞെട്ടി.

അത് മനുഷ്യ മുഖങ്ങൾ അല്ല — അത് ഒഷേദ്രസിന്റെ മുഖം ആയിരുന്നു. എല്ലാ പീഠങ്ങളേയും ഒഷേദ്രസിന്റെ മുഖഛായിൽ ആണ് സൃഷ്ടിച്ചിരുന്നത്.

“ഫ്രെൻ എവിടെ..” ദനീരിന്റെ ദേഷ്യത്തിലുള്ള ചോദ്യം കെട്ടാണ് ഒഷേദ്രസിന്റെ കൽ മുഖത്ത് നിന്നും എന്റെ നോട്ടം മാറ്റി ഞാൻ ദനീരിന്റെ ശബ്ദം കേട്ട ആ ഭാഗത്തേക്ക് നോക്കിയത്‌.

ശേഷം മറ്റുള്ളവരെയും ഞാൻ നോക്കി.

ഞങ്ങൾ പതിനഞ്ച് വിദ്യാര്‍ത്ഥികളെ കൂടാതെ ഹൈനബദും, വേറെ രണ്ട് യക്ഷ പുരുഷരും, നാല് യക്ഷ സ്ത്രീകളും പിന്നെ മാന്ത്രിക മുഖ്യനും ആണ് സിംഹാസന മുറി പോലെ തോന്നിക്കുന്ന ഈ മുറിയില്‍ നിന്നിരുന്നത്. ഫ്രെന്നിനെ മാത്രം എങ്ങും കാണാന്‍ കഴിഞ്ഞില്ല.

“അത് ഒഷേദ്രസിന്റെ മുഖം ആണോ…?” നദേയ ആ പീഠങ്ങള്‍ക്ക് നേരെ വിരൽ ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ഒരു ഞെട്ടലോടെ ചോദിച്ചു.

“അതേ, അത് ഒഷേദ്രസ് തന്നെയാണ്. ആ നടുവിലുള്ള പീഠം യക്ഷരാജ സിംഹാസനം ആണ്. മറ്റുള്ള ഏഴു പീഠങ്ങളും രാജാവിന്റെ ഉപദേഷ്‌ടാക്കളുടെത് ആണ്.

ഒഷേദ്രസിനോടുള്ള വെറുപ്പും എതിര്‍പ്പും പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് അത്തരത്തിലുള്ള പീഠങ്ങളെ ഞങ്ങളുടെ വര്‍ഗ്ഗം പണ്ടേ സൃഷ്ടിച്ചത്. ഞങ്ങളുടെ ചർച്ചകൾ നടത്താൻ മാത്രമാണ് ഈ മുറിയില്‍ ഞങ്ങൾ പ്രവേശിക്കാറുള്ളത്. ഒഷേദ്രസിന്റെ ആ കൽ തലയില്‍ നിന്നുകൊണ്ടാണ് ഞങ്ങൾ എപ്പോഴും ചര്‍ച്ച ചെയ്യുന്നത്…” അവസാനം പറഞ്ഞ വാക്കിനെ ഒരു പുഞ്ചിരിയോടെ ആണ് മാന്ത്രിക മുഖ്യൻ പറഞ്ഞത്.

“നിങ്ങൾ ഫ്രെന്നിനെ എവിടെയാണ് കൊണ്ട്‌ പോയത്…” സാഷ ദേഷ്യത്തില്‍ ഉറക്കെ ചോദിച്ചു.

ഉടനെ അവിടമാകെ നിശബ്ദത പടർന്നു.

മാന്ത്രിക മുഖ്യൻ ദുഃഖത്തോടെ ഞങ്ങൾ ഓരോരുത്തരുടെയും മുഖത്ത് നോക്കി.

“നേരത്തെ ഹൈനബദ് നിങ്ങളോട് പറഞ്ഞതുപോലെ ഫ്രെൻ ഇപ്പോൾ മാന്ത്രിക തടവറയില്‍ ആണ്. അവന്‍ സ്വീകരിച്ച ഒഷേദ്രസിന്റെ രക്തം അവനെ സ്വാധീനിക്കുകയും, അവനെ നന്മയുടെ ശത്രുവായി നിയോഗിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും…. അതുകൊണ്ട്‌ അവനെ നമുക്ക് ഇനി ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല.”

“പക്ഷേ അവന്‍ ഒന്നും അറിഞ്ഞ് കൊണ്ടല്ല ചെയ്തത്… ഇതുവരെ ആര്‍ക്കും എതിരായി അവന്‍ തിരിയുകയും ചെയ്തില്ല….! ഒഷേദ്രസിന്റെ അടിമയായി മാറാതെ ആ ദൈവത്തിന്റെ പിടിയില്‍ നിന്നും അവന് എപ്പോഴും ഒഴിഞ്ഞ് മാറാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു……., അതുകൊണ്ട് അവനെ ആ തടവറയില്‍ നിന്ന് മോചിപ്പിക്കണം…..” ദനീർ നിസ്സഹായതയോടെ പറഞ്ഞു.

“അറിഞ്ഞ് കൊണ്ടായാലും അല്ലെങ്കിലും അവന്റെ ശരീരത്തിൽ ഒഷേദ്രസിന്റെ രക്തമാണ് ഉള്ളത്. ആ രക്തത്തിന്റെ ശക്തി അവന്റെ ശക്തിയെ സ്വാധീനിച്ച് അവനെ അതിന്റെ അടിമയായി തിന്‍മയിലേക്ക് നയിക്കും.

എല്ലാ ദൈവങ്ങളെക്കാളും ശക്തനായ ദൈവമാണ് ഒഷേദ്രസ്. ആര്‍ക്കും അറിയാത്ത എവിടെയോ നിഷ്‌ക്രിയാവസ്ഥയിൽ മയങ്ങുന്ന ആ ദൈവത്തിന്റെ പിടിയില്‍ നിന്നും ഫ്രെന്നിന് ഇപ്പോളുള്ള സാഹചര്യത്തില്‍ രക്ഷപ്പെടാൻ കഴിഞ്ഞേക്കാം. പക്ഷേ ഒഷേദ്രസ് പൂര്‍ണ ശക്തിയും പ്രാപിച്ച് ഉണര്‍ന്നാൽ ഫ്രെന്നിന് പിടിച്ചുനിൽക്കാൻ കഴിയുമെന്ന് നിങ്ങളില്‍ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ…?”

അത്രയും പറഞ്ഞിട്ട് അയാൾ ഞങ്ങളെ അലിവോടെ നോക്കി. എന്ത് പറയണം എന്നറിയാതെ ഞങ്ങൾ അയാളെ നോക്കി വെറുതെ നിന്നു.

 

Recent Stories

The Author

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ♥️♥️♥️🙏🙏

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto😉😉

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com