പക്ഷേ എന്റെ ഉള്ളിലെ ചിരി പെട്ടന്ന് മാറി പകരം ദേഷ്യം നിറഞ്ഞു.
അവരുടെ ആ സംഭാഷണത്തെ ഇപ്പോഴാണ് എന്റെ മനസ്സ് പൂര്‍ണമായി ഗ്രഹിച്ചത്.
ഒരു വര്‍ഷം ഞാൻ ഈ അവസ്ഥയില്‍ ആയിരുന്നു എന്നല്ലേ അവർ പറഞ്ഞത്….!!
എന്റെ കോപം പിന്നെയും വര്‍ധിച്ചു. പക്ഷേ ഞാൻ ഉണര്‍ന്നത് അവർ അറിയും എന്ന ഭയം കാരണം പെട്ടന്ന് ഞാൻ എന്റെ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു.
നിദ്രാമയക്കത്തിൽ നിന്നും എനിക്ക് എങ്ങനെയോ ഉണരാന്‍ കഴിയുന്നു എന്ന് അവർ അറിഞ്ഞാല്‍… അടുത്ത ഘട്ടമായി മാന്ത്രിക മുഖ്യന് എന്നെ എന്ത് ചെയ്യുമെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല….
ചിലപ്പോൾ അയാൾ എന്നെ കൊല്ലുമായിരിക്കും.
എന്റെ തലയില്‍ പിന്നെയും ദേഷ്യം ഇരച്ചുകയറി. ഞാൻ പിന്നെയും അതിനെ നിയന്ത്രിച്ചു.
എത്ര സമയം അങ്ങനെ ഞാൻ ഓരോന്നും ചിന്തിച്ച് കിടന്നു എന്ന് മനസ്സിലായില്ല…. അപ്പോഴാണ് മാന്ത്രിക തടവറയുടെ ശക്തി എന്നെ മയക്കത്തിലേക്ക് തള്ളാൻ ശ്രമിച്ചത്.
പക്ഷേ ഇത്തവണ ഞാൻ അതിന് വഴങ്ങി കൊടുക്കാൻ തയ്യാറായില്ല.
അപ്പോളാണ് ഷയേമ യുടെ സംസാരം ഞാൻ കേട്ടു—,
“ഇത്തവണത്തെ കാവലും കഴിഞ്ഞു, ഹൈനബദ്…. ഇനി മൂന്ന് മാസം കഴിഞ്ഞ് അടുത്തത്……, പിന്നെ ഹൈനബദ്, യക്ഷരാജൻ ഈ വിദ്യാർത്ഥിയോട് ചെയ്തത് ശെരിയാണോ…? അവന്‍ ഈ ശിക്ഷ അര്‍ഹി—”
“മതിയാക്ക് ഷയേമ…. ഇത്രയും കാലം യക്ഷ രാജൻ ഒരു തെറ്റായ തീരുമാനവും എടുത്തിട്ടില്ല എന്നത് നിനക്കും എനിക്കും അറിയാം…. അതുകൊണ്ട് നമുക്ക് ആ ചര്‍ച്ചയിലേക്ക് കടക്കേണ്ട. ഇവിടെ നിന്നത് മതി… നമുക്കിനി പോകാം.”
കുറച്ച് നേരം വരെ നിശബ്ദത തളംകെട്ടി നിന്നു. അവർ പോയോ ഇല്ലയോ എന്നു പോലും എനിക്കറിയാൻ കഴിഞ്ഞില്ല.
കുറെ കഴിഞ്ഞിട്ടും ആരും സംസാരിച്ചില്ല. അങ്ങനെ അവർ രണ്ടുപേരും പോയെന്ന് ഞാൻ ഉറപ്പിച്ചു.
മാന്ത്രിക തടവറ എന്നെ നിദ്രാ മയക്കത്തിലേക്ക് വീഴ്ത്താൻ ശ്രമിക്കുകയും….. പക്ഷേ അതിൽ വീഴാതിരിക്കാൻ ഞാനും ആ ശക്തിയെ പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരുന്ന….
‘ഹും… മാന്ത്രിക മുഖ്യന് എപ്പോഴും ശെരിയായ തീരുമാനം എടുക്കും പോലും…. അങ്ങനെ ആണെങ്കിൽ എന്റെ ഈ ശിക്ഷ ശെരിയായ തീരുമാനം ആയിരുന്നോ…?’ ദേഷ്യത്തോടെ ഞാൻ സ്വയം ചോദിച്ചു.
എനിക്ക് മാന്ത്രിക മുഖ്യനോട് തോന്നിയ ദേഷ്യത്തിന് ഒരു അതിരും ഇല്ലായിരുന്നു.
അറിഞ്ഞുകൊണ്ട് ഇന്നുവരെ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലാ — മാന്ത്രിക മുഖ്യന് എന്നോട് ചെയ്തത് ക്രൂരതയാണ്…,
ഞാൻ നന്മയ്ക്ക് എതിരായി പ്രവര്‍ത്തിച്ചത് പോലെയും ഒഷേദ്രസിന് അടിമപ്പെട്ട് എല്ലാ ലോകങ്ങളെയും ഒപ്പം എല്ലാ ജീവികളെയും നശിപ്പിക്കാന്‍ ശ്രമിച്ചത് പോലെയുമാണ് അയാൾ അന്യായമായി എന്നെ വിധിച്ചത്…..,
എന്റെ മാത്രം തെറ്റുകൾ കാരണമാണോ ഇങ്ങനെയെല്ലാം സംഭവിച്ചത്…? എല്ലാ കാര്യങ്ങളും പഠിപ്പിക്കുന്ന ശിബിരത്തിൽ എന്തുകൊണ്ട് ഒഷേദ്രസിന്റെ ആ കറുത്ത വാളിന്റെ കാര്യവും, അതിനെ എടുത്താല്‍ ഉണ്ടാവുന്ന അനന്തര ഫലങ്ങളേയും കുറിച്ച് പഠിപ്പിച്ചില്ല…?
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??