മാന്ത്രികലോകം 4 [Cyril] 2452

 

‘ഒഷേദ്രസിന്റെ ശക്തിക്ക് മുന്നില്‍ നിനക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല, കുട്ടി…. ഒഷേദ്രസ് ഉണര്‍ന്നാൽ നി അതിന്റെ വെറുമൊരു അടിമയായി തീരും. അതുകൊണ്ട് ഇനിമുതല്‍ നിന്റെ അവസ്ഥ ഇങ്ങനെ ആയിരിക്കും.

നിന്നില്‍ ഞങ്ങൾ പ്രയോഗിച്ച ദേഹിബന്ദി നിന്റെ മാന്ത്രിക ശക്തിയെ അസാധുവാക്കി നിന്നെ ദുര്‍ബലപ്പെടുത്തി കഴിഞ്ഞു. ആ ആറ് ദേഹിബന്ദികളുടെ ശക്തിയെ നിന്റെ ശക്തിക്ക് നശിപ്പിച്ച് രക്ഷപ്പെടാൻ കഴിയില്ല…. അതുകൂടാതെ ഈ മാന്ത്രിക തടവറ പോലും ഒരു ദേഹി ബന്ദി പോലെയാണ് പ്രവർത്തിക്കുന്നത് — ആത്മാവില്‍ ദേഹിബന്ദി ഉള്ള ഏതൊരു തടവുകാരനേയും ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഈ മാന്ത്രിക തടവറ അനുവദിക്കില്ല….

നിന്റെ ഉള്ളിലുള്ള ദേഹിബന്ദിയിൽ നിന്നോ അല്ലെങ്കിൽ ഈ മാന്ത്രിക തടവറയില്‍ നിന്നോ രക്ഷപ്പെടാൻ നിനക്ക് കഴിയില്ല.’ അയാൾ പറഞ്ഞു.

‘പക്ഷേ ഞാൻ ഒരു തെറ്റും ചെയ്തില്ല…. എന്റെ ഉള്ളിലുള്ള ദേഹിബന്ദിയിൽ നിന്നെങ്കിലും ദയവായി എന്നെ സ്വതന്ത്രമാക്കു….’ ഞാൻ കേണു.

‘എനിക്ക് എല്ലാ കാര്യങ്ങളും അറിയാം, പക്ഷെ നിനക്ക് സംഭവിച്ചത് എല്ലാം ഒന്നു പോലും ഒളിപ്പിക്കാതെ നിന്റെ വായിൽ നിന്നും കേള്‍ക്കാനുള്ള സമയം ആയിരിക്കുന്നു, ഫ്രെൻ…. എല്ലാം വ്യക്തമായി പറഞ്ഞ്‌ തുടങ്ങ്….!!’ നേരത്തെയുള്ള എന്റെ അപേക്ഷ കേള്‍ക്കാത്ത പോലെ അയാൾ ആജ്ഞാപിച്ചു.

എല്ലാം പറഞ്ഞ്‌ കഴിഞ്ഞാല്‍ എന്റെ മേല്‍ തെറ്റില്ല എന്ന് മനസ്സിലാക്കി ഇതില്‍നിന്ന്‌ അയാളെന്നെ രക്ഷിക്കും എന്ന് ഞാൻ കരുതി. അതുകൊണ്ട്‌ ഭീതിയുടെ ഗുഹ, ശില്‍പ ലോകം, ക്ഷണകാന്തി പക്ഷി, ഘാതകവാൾ, മലാഹിയുടെ ഇടപെടൽ അങ്ങനെ എല്ലാം ഞാൻ അയാളോട് പറഞ്ഞു.

കുറച്ച് നേരത്തേക്ക് അയാൾ മിണ്ടിയില്ല…. പിന്നെ അയാൾ പറഞ്ഞു—,

‘എന്നോട് ക്ഷമിക്കണം ഫ്രെൻ. എനിക്ക് നിന്നെ കുറിച്ച് മറ്റ് ചില സംശയങ്ങള്‍ കൂടി ഉണ്ട്…’

‘എന്ത് സംശയം….?’

‘നി ആ വജ്രാക്ഷസരെ കൊന്നത് അദൃശ്യമായി നിന്നിരുന്ന ഞങ്ങൾ എല്ലാവരും കണ്ടതാണ്.

എല്ലാ വര്‍ഷ അവസാനവും ശിബിരത്തിൽ ഉള്ള എല്ലാ വിദ്യാര്‍ത്ഥികളും ഒരു മാസത്തേക്ക് അവരവരുടെ വീട്ടില്‍ തങ്ങാൻ പോകുന്നത് പതിവാണ്. അത് നിനക്കും അറിയാം.

പക്ഷേ നി ശിബിരത്തിൽ വന്നതിന്‌ ശേഷം അഞ്ച് വര്‍ഷം വരെ നി നിന്റെ വീട്ടില്‍ പോകാൻ തയ്യാറല്ലായിരുന്നു.

ആറാമത്തെ വര്‍ഷം — അതായത്‌ നാല് വർഷങ്ങൾക്ക് മുമ്പ്‌ മാത്രമാണ് ആ വര്‍ഷത്തിന്റെ പഠനം കഴിഞ്ഞ് മറ്റുള്ളവരെ പോലെ നീയും നിന്റെ വീട്ടില്‍ പോയത്.

പക്ഷേ നി നിന്റെ വീട്ടില്‍ പോയ അന്ന് രാത്രിയാണ് നീയും നിന്റെ അമ്മയും താമസിച്ചിരുന്ന നിങ്ങളുടെ വീട് കത്തി കരിഞ്ഞ് ചാമ്പലായത്….

അത് ശക്തനായ മാന്ത്രികന്റെ ദ്രാവക അഗ്നി കാരണം സംഭവിച്ചു എന്നത് എല്ലാ മാന്ത്രികർക്കും അറിയാമായിരുന്നു.

ദ്രാവകഅഗ്നിക്ക് നമ്മുടെ എല്ലിനെ പോലും ദഹിപ്പിക്കാൻ കഴിയുമെന്ന് നിനക്കും അറിയാം. അതുകൊണ്ടാണ് നിന്റെ അമ്മയുടെ അവശിഷ്ടം പോലും നമുക്ക് ലഭിക്കാത്തത്, അതുകൊണ്ട്‌ തെളിവ് ഇല്ലെങ്കിലും നിന്റെ അമ്മ കത്തി കരിഞ്ഞു പോയി എന്ന് തന്നെയാണ് നമ്മൾ എല്ലാവരും വിശ്വസിക്കുന്നത്.

പക്ഷേ നി മാത്രം ബോധം ഇല്ലാതെ കത്തി നശിച്ച നിങ്ങളുടെ വീട്ടിന്റെ പുറത്ത് കുറച്ച് മാറി ഒരു പരിക്ക് പോലുമില്ലാതെ കിടക്കുന്നതാണ് ആളുകൾ കണ്ടത്—’

‘ഞാൻ ആ മാന്ത്രിക അഗ്നിയെ സൃഷ്ടിച്ച് എന്റെ അമ്മയെ കൊന്നു എന്നാണോ നിങ്ങൾ പറയുന്നത്…?’ കോപത്തോടെ ഞാൻ ചോദിച്ചു.

പക്ഷേ ഞാൻ പറഞ്ഞത് കേള്‍ക്കാത്തത് പോലെ അയാള്‍ തുടർന്നു —,

‘ഇപ്പോൾ ഞാൻ സംശയിക്കുന്നത് ഇങ്ങനെയാണ്, ഫ്രെൻ :- അബദ്ധത്തിൽ നി സൃഷ്ടിച്ച നിന്റെ ദ്രാവക അഗ്നി നിന്റെ നിയന്ത്രണം വിട്ട് ആ ദുരന്തത്തെ സൃഷ്ടിച്ചു…,

പിന്നേ ദ്രാവക അഗ്നിയെ സൃഷ്ടിക്കുന്ന മാന്ത്രികനെ ആ അഗ്നിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നും നമുക്കറിയാം.’

അയാളുടെ കുറ്റപ്പെടുത്താന്‍ കേട്ട് എന്റെ ഹൃദയം നുറുങ്ങി.

‘അതുപോലെ മറ്റുള്ളവർ സൃഷ്ടിക്കുന്ന മാന്ത്രിക ദ്രാവക അഗ്നിക്ക് നിനക്ക് സൃഷ്ടിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതൽ ശക്തി ഉണ്ടെങ്കിൽ മാത്രമേ ആ ദ്രാവകഅഗ്നിക്ക് നിന്നെ നശിപ്പിക്കാന്‍ കഴിയൂ.

പല അതിശക്തരായ മാന്ത്രികർക്ക് പോലും നി സൃഷ്ടിച്ചത് പോലത്തെ ഇത്ര ഭയാനകമായ ദ്രാവക അഗ്നിയെ സൃഷ്ടിക്കാന്‍ കഴിയില്ല എന്ന് നി മനസ്സിലാക്കണം, കുട്ടി…’

‘അന്ന് ഞാനല്ല മാന്ത്രിക അഗ്നി സൃഷ്ടിച്ചതും എന്റെ അമ്മയെ കൊന്നതും…!’ ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

‘നീയൊരു ശക്തനായ മാന്ത്രികന്‍ എന്നുള്ളത് നീയാ വജ്രാക്ഷസരെ വിധിച്ചപ്പോള്‍ ആണ് എനിക്ക് മനസ്സിലായത്… അതിന്‌ മുമ്പൊന്നും നിന്നില്‍ മാന്ത്രിക ശക്തി ഉണ്ടെന്ന് പോലും എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല….,

 

117 Comments

  1. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  2. Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??

Comments are closed.