പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 525

“നിങ്ങൾ ഇതെവിടാടാ… ആ പിള്ളേർക്ക് പോകാൻ സമയമായി അവരുടെ വീട്ടിൽ നിന്നും വിളിക്കുന്നുണ്ട് ”

ഫോൺ എടുത്തതും എന്നെ സംസാരിക്കാൻ അനുവദിക്കാതെ മാളു കത്തിക്കയറുകയാണ്. മാളു പറഞ്ഞ് കഴിഞ്ഞതും ലച്ചു റൂം ലക്ഷ്യമാക്കി നടന്നു തുടങ്ങിപിന്നെ ഞാൻ അവിടെ ഒറ്റക്ക് നിന്നിട്ട് കാര്യമില്ലലോ ഞാനും അവളുടെ ഒപ്പം നടന്നു

റൂം തുറന്നു അകത്തു കയറിയതും റൂം പൂട്ടിയിട്ടു പോയതിനും ഫോൺ കട്ടാക്കിയതിനും മാളുവിന്റെ വക നല്ല രീതിയിൽ വഴക്ക് കേട്ടു. ഇതെല്ലാം കേട്ടിട്ട് ലച്ചുവിന് എന്നോട് നല്ല ദേഷ്യം വരുന്നുണ്ട്. ദുർഗ മാത്രം അപ്പോഴും ചിരിച്ചുകൊണ്ടാണ് നിൽപ്പ്

അപ്പൊ തന്നെ എല്ലാവരോടും യാത്ര പറഞ്ഞ് ലച്ചുവും ദുർഗയും പോകാൻ തയാറായി, അവരോടൊപ്പം തന്നെ മാളുവും വീട്ടിലേക്ക് പോകുവാൻ ഇറങ്ങി അവരുടെ ഒപ്പം ബസ് സ്റ്റാൻഡ് വരേയ്ക്കും പോകാനുള്ള ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഉണ്ണിയേട്ടൻ ഒറ്റക്കാകുന്ന കാര്യമോർത്തപ്പോൾ പോകണ്ട എന്ന് വച്ചു, എന്നാലും അവരെ കാർ പാർക്കിംഗ് വരെ അനുഗമിച്ചു.

എന്റെ ഇടത് വശത്തു ദുർഗയും വലതു വശത്തു ലച്ചുവുമാണ് നടക്കുന്നത്, മാളു ഞങ്ങളുടെ മുന്നിലായി കുറച്ചു സ്പീഡിൽ ആണ് നടക്കുന്നത് പാർക്കിങ്ങിൽ നിന്നു കാർ എടുക്കുന്നതിനാകും

ഞാനാണ് വഴക്ക് കേട്ടതെങ്കിലും വിഷമം മുഴുവൻ ലച്ചുവിനാണ്, അതിന് ശേഷം പെണ്ണിന്റെ മുഖം തെളിഞ്ഞിട്ടില്ല

ഞാൻ പതിയെ ആ തോളിൽ ഒന്ന് തോണ്ടിയതും പെണ്ണ് ദേഷ്യപ്പെട്ട് തോള് വെട്ടിച്ചു. ലച്ചുവിന്റെ ദേഷ്യം കണ്ട് ദുർഗ എന്നോട് പയ്യെ കാര്യം തിരക്കി

ദുർഗ സംസാരിച്ചത് പതിയെ ആണെങ്കിലും ലച്ചു അത് കേട്ടെന്ന് അവൾ ദുർഗയെ നോക്കിയ നോട്ടത്തിൽ നിന്നും മനസ്സിലായി, ഇത്രയും നേരം ചിരി മാത്രം മുഖത്തുണ്ടായിരുന്നവൾക്കു ലച്ചുവിന്റെ ആ നോട്ടത്തിൽ അത് നഷ്ടമായി, കൂട്ടുകാരെ പോലെ സ്നേഹമാണെങ്കിലും ലച്ചുവിനെ ദുർഗക്ക് നല്ല പേടി ഉണ്ടെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്

അന്ന് കാറിൽ കയറി പോകുന്നത് വരേയ്ക്കും ലച്ചു ഒന്നും സംസാരിച്ചില്ല, കാർ എടുക്കുന്ന സമയത്ത് അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ആ കണ്ണുകൾ നിറഞ്ഞിരിക്കുകയായിരുന്നു.

ഞാൻ വഴക്ക് കേട്ടതിലുള്ള സങ്കടം കൊണ്ടാണോ ഇനിയും കുറച്ചു നാൾ തമ്മിൽ കാണാൻ പറ്റില്ലാലോ എന്നോർത്തുള്ള വിഷമം കൊണ്ടാണോ അതെന്ന് മാത്രം മനസ്സിലായില്ല