നക്ഷത്രക്കുപ്പായം അവസാന ഭാഗം 31

Views : 9861

കാറിൽ നിന്നുമിറങ്ങിയ അവൾ ചുറ്റിലുമൊന്നു കണ്ണോടിച്ചു…ആഡംബരം വിളിച്ചോതുന്ന ഇരുനില വീട് പ്രൗഢിയോടെ അവൾക്ക് മുന്നിൽ തലയുയർത്തി നിൽക്കുന്നുണ്ട്..ഇന്റർലോക്കിട്ട മുറ്റത്തെ ഭംഗി കൂട്ടാനെന്നോണം മതിലുകൾ പടുത്തുയർത്തിരിക്കുന്നു..
..
സംശയ ഭാവത്തോടെയവൾ അനസിനെയൊന്നു നോക്കി..
”സോഫീ..ഇന്നു മുതൽ നിനക്കീവീട്ടിലാണ് ജോലി..ഹോം നേഴ്സായിട്ട്..ഇവടത്തെ കുഞ്ഞിനെ നോക്കുന്നതാണ് കാര്യമായുള്ള പണി…”
എന്തു ജോലിയും സ്വീകരിക്കാനെന്നോണം പാകപ്പെടുത്തിയ മനസ്സുമായിട്ടായിരുന്നു സോഫി ഇറങ്ങിത്തിരിച്ചതും അത്കൊണ്ടു തന്നെ അതത്ര വലിയ അദ്ഭുതമായിട്ടവൾക്ക് തോന്നിയില്ലാ..
അങ്കണവും കടന്ന് അവർ സിറ്റൗട്ടിലേക്ക് കാലെടുത്തു വച്ചതും
ഒരു കുട്ടി ഓടി വന്ന് അവന്റെ ഷർട്ടിൽ പിടിച്ചു തൂങ്ങി..
“പ്പച്ചീ…”
പിന്നാലെ ഓടിക്കിതച്ചു കൊണ്ടൊരു സ്ത്രീയും…
സോഫി ആശ്ചര്യത്തോടെ അനസിനെ നോക്കി..
അപ്പോ ഇത് അനസിക്കാന്റെ വീടായിരുന്നോ..ഇതാണോ ആതിര പറഞ്ഞ ആ ഉമ്മയില്ലാത്ത കുട്ടി…
പിങ്ക് കളറിലുള്ള ഒരു ഫ്രോക്കണിഞ്ഞ് മുടി ഇരു വശത്തേക്കും പിന്നിയിട്ടിട്ടുള്ള ഒരു കൊച്ചു സുന്ദരി..മൂന്നു വയസ്സാാവുന്നേയുള്ളു..സഹതാപത്തോടെയുള്ള മനവുമായി ആ കുഞ്ഞിന്റെ കൊഞ്ചലും ആസ്വദിച്ചു കൊണ്ടവൾ നിന്നു..
“ന്റെ മോനേ..രാവിലെ മുതൽ പായുന്നുണ്ട് ഞാനീന്റെ പിനാലെ..ന്നാലെന്തേലും ഇത്തിരി വെള്ളം വയറ്റിന്റാത്തെത്തീണങ്കിലല്ലേ..”
ഉമ്മാന്റെ പരിഭവത്തിനു മറുപടി പറയാതെ തന്നെയവൻ സോഫിയെ പരിചയപ്പെടുത്തി..
“ഉമ്മാ..ഇത്.. ഇതാണ് ..സോഫി…”
അപ്പോഴായിരുന്നവർ സോഫിയെ ശ്രദ്ധിച്ചത്..
സോഫിമോൾ.!!!
“മോളേ..”
എന്നും വിളിച്ചവർ സോഫിയുടെ അടുത്തേക്കോടി ചെന്നു..
വാരിപ്പുണർന്നവർ നെറ്റിയിൽ ഒരു മുത്തം കൊടുത്തു..അപ്പോഴേക്കും അനസിന്റെ തോളിൽ ആ കൊച്ചു സുന്ദരി സ്ഥാനം പിടിച്ചിരുന്നു..
സൈനബത്താന്റെ പ്രവൃത്തി കണ്ടിട്ട് അദ്ഭുതത്തോടെ കണ്ണും മിഴിച്ചിരിക്കായിരുന്നു സോഫി..
ഈ ഉമ്മാക്കിതെന്താ‌.
ആരാാന്ന് പോലും അറിയാത്ത എന്നെ യിങ്ങനെ കെട്ടിപ്പിടിക്ക്ണതൊക്കെ..അല്ലേൽ ഇവരിങ്ങനെ തന്നാണോ..
അപ്പോഴാണ് അനസ് പിന്നിൽ നിന്നുമ്മാനെ കണ്ണിട്ട് കാണിച്ചത്..
സോഫിയുടെ സംശയാതീതമായ കണ്ണുകളെ മറികടക്കാനെന്നോണം അവരു പെട്ടെന്ന് മറ്റൊരു വിഷയമവിടെ എടുത്തിടുകയും ചെയ്തു..
“മോളായിരുന്നല്ലേ ഒരിക്കലെന്റെ മോനേ രക്ഷിച്ചത് ..ഇവൻ പറഞ്ഞ് കുറേ കേട്ടിട്ടുണ്ട്..”
ഒരു പുഞ്ചിരി കൊണ്ട് മറുപടി നൽകി സോഫി കുഞ്ഞിനു വേണ്ടി അനസിനു നേരെ കൈ നീട്ടി..
വല്യുമ്മയും ഉപ്പച്ചിയും മാത്രമുള്ള ആ ലോകത്തേക്ക് മറ്റൊരു അതിഥിയുടെ കടന്നു വരവ് കൗതുകത്തോടെയാണ് ആ കുഞ്ഞു മനസ്സ് വരവേറ്റത്..അല്പനേരമൊന്നു മടിച്ചെങ്കിലും പിന്നീട് സോഫിയുടെ അടുത്തേക്കവൾ ചാടി..
“ന്താ മോള്ടെ പേര്.. ”
“ഇചാ തച്ലീ…കൊച്ചുത്തീന്നാ പ്പച്ചി വിളിച്ചാട്ടോ..”
“ഏഹ്..എന്ത്..”
“ഇഷാ തസ്ലിൻ.. ..നാവു വഴങ്ങി വര്ണേള്ളു..”
അനസായിരുന്നു മറുപടി പറഞ്ഞത്..
“ങ്ങലാണോ ന്റെ മ്മച്ചി..”
അപ്രതീക്ഷിതമായ
ആ ചോദ്യം സോഫിയിൽ ഒരു നൊമ്പരമുണ്ടാക്കി..അവൾ കൊച്ചുട്ടിയെ മുത്തങ്ങൾ കൊണ്ട് മൂടി..
ഇവളെപ്പോലെ തന്നെ കുട്ടിക്കാലത്ത് ഉമ്മ നഷ്ടപ്പെട്ടതോണ്ട് തനിക്കും ആ വേദന മനസ്സിലാവും..എന്നാ നിക്കെന്റെ ഉമ്മാനെ ആറു വയസ്സു വരേയെങ്കിലും കിട്ടി..എന്നാലിവൾക്കോ..പാവം..
അവരു തമ്മിലുള്ള സംഭാഷണം അങ്ങനെ നീണ്ടുപോയി.. അതും നോക്കി കൊണ്ട് നിറഞ്ഞ മനസ്സാലെ അനസും സൈനുത്തായും…
“മോളിരിക്ക് ഞാൻ വല്ലതും കുടിക്കാനെടുക്കട്ടേ..”
അതും പറഞ്ഞ് അടുക്കളയിലോട്ട് പോയ ഉമ്മാന്റെ പിന്നാലെ അനസും..
“ഉമ്മാ..ഇങ്ങളൊതെന്തു പണിയാ ചെയ്തേ.. ഇങ്ങളോടിന്നലെ ഞാൻ പറഞ്ഞ് തന്നതൊക്കെ മറന്നോയോ..”
ഒരു കൊച്ചു പരിഭവത്തോടെയാണവനത് പറഞ്ഞത്..
“അത് പിന്നെ ന്റെ ചോരന്നല്ലേ കുഞ്ഞോ ഓളും..എത്രകാലം കൂടിട്ട് കാണ് ണതാ..അത് പറഞ്ഞാ അനക്ക് മനസ്സിലാവൂല..”
“അതൊക്കെ ഇനിക്ക് അറിയാം ഉമ്മാ..അറിയാഞ്ഞിട്ടല്ല..പക്ഷേ. ഇങ്ങളിപ്പോ ഓളെ അമ്മായി ആണെന്നും ഞാനോളെ കുഞ്ഞിക്കാ ആണെന്നൊക്കെ പറഞ്ഞാല് ഓക്ക് തിരിച്ചൊരു ചോദ്യണ്ടാവും ..ഇത്രേം കാലം ഇങ്ങളൊക്കെ ഏടെയ്നിന്ന്..അതിനെന്തുത്തരാ ഉമ്മ കൊടുക്കാ..”
സൈനുത്താ നിരാശയോടെ തലയും കുനിച്ചിരുന്നു..
“അതാ മ്മാ പറഞ്ഞേ.എല്ലാം നമ്മക്ക് സാവധാനം പറയാ..ഇപ്പോ എല്ലാം പറഞ്ഞാൽ ഓള് പിന്നെ ഇവടെ നിക്കാൻ കൂട്ടാക്കൂല…”
“ഉം..ആയിക്കോട്ടേ കുഞ്ഞോ..ഇയ്യ് പറയാാണ്ടെ ഞാനായിട്ടൊന്നും ഈ ഉമ്മ പറയ്ണില്ല .
പോരേ അനക്ക്..”
അപ്പോഴേക്കും സോഫിയും ഇഷമോളും അടുക്കളയിലോട്ട് വന്നു..
“അല്ലാ…ന്താപ്പോ ഇത്..അപ്പോയേക്കും ഇയ്യ് താത്താനെ കയ്യിലെടുത്തോ കൊച്ചുട്ടിയ്യ്യേ…”
“ഉമ്മാമാ..റ്റാറ്റാ അല്ലാ ..ചോപ്പിമ്മാ..”
നിരയൊത്ത കുഞ്ഞുപല്ലുകൾ കാട്ടിയവൾ കുലുങ്ങിചിരിച്ചപ്പോൾ ആ വീടു പോലും ആ സന്തോഷത്തിൽ പങ്ക് ചേരുന്നതുപോലെ അനസിനു തോന്നി..
അങ്ങനെ സോഫിയുടെ കൊച്ചുട്ടിയും കൊച്ചുട്ടിയുടെ ചോപ്പിമ്മയുമായവർ മാറി.. അങ്ങനെ സോഫിയിലൂടെ പുതിയൊരു മാറ്റത്തിനവിടെ തുടക്കമിട്ടു..നൊമ്പരങ്ങൾക്കു മാത്രം സാക്ഷിയായ ആ വീട്ടിൽ സന്തോഷം തിരതല്ലാൻ തുടങ്ങിയിരുന്നു..
———————————–
ഖൽബിൽ എരിഞ്ഞ് കത്തുന്ന മുറിപ്പാടുകളോടെന്തോ പക വീട്ടാനെന്ന പോലെയായിരുന്നു അജ്മൽ ഓരോ സിഗരറ്റും വലിച്ചു തീർക്കുന്നത്..
സംസാരമില്ലാ..ഭക്ഷണമോ വെള്ളമോ വേണമെന്നില്ലാ..തൊട്ടതിനും പിടിച്ചതിനുമെല്ലാം അവൻ ഖൈറുത്താനോട് തട്ടിക്കയറി..ഇടക്ക് മൂടി പുതച്ച് കിടക്കും..ഉറക്കത്തിലെന്തൊക്കെയോ പിച്ചും പേയും പറയും..
പല രാത്രികളിലും ഉമ്മാ അവന്റെ അരികിൽ പോയിരിക്കും..ചുട്ടുപൊള്ളുന്ന പനി അവന്റ്റെ ശരീരത്തെയാകെ തളർത്തിയിരുന്നു..
ഖൈറുത്താ എന്തൊക്കെ പറഞ്ഞിട്ടും അവന്റെ പുകവലിക്കൊരു മാറ്റവും ഉണ്ടായില്ലാ..
ചൂലും കയ്യിൽ പിടിച്ച് കൊണ്ടാ ഉമ്മ മകന്റെ അവസ്ഥ കണ്ടൊന്ന് നെടുവീർപ്പിട്ടു..
“അജോ..ആരെ തോൽപ്പിക്കാനാ ഇയ്യീ വലിച്ച് കൂട്ട്ണേ..ഗൾഫിൽ പോയി ണ്ടാക്കിയ സമ്പാദ്യം ന്റെ മോനിങ്ങനെ പുകച്ച് വിട്ടോ..എത്ര പറഞ്ഞാലും മനസ്സിലാവാത്തൊരു സാധനം…”
“ഉമ്മാ ..ഇങ്ങളൊന്നു മിണ്ടാണ്ടിരിക്ക്ണ്ടോ..ഞാൻ വലിക്ക്ണത് ന്റെ സൗകര്യത്തിനാ അല്ലാതെ ആരേം തൊള്ളേല് ഉള്ളത് കേൾക്കാൻ വേണ്ടീട്ടല്ലാ..അതാരും നോക്കേം വേണ്ടാ..”
“ആ വേണ്ടാ ടാാ വേണ്ടാാ..ഞാൻ നോക്കാൻ വര്ണും ല്ലാ..ഇങ്ങനെ പൊകച്ച് പൊകച്ച് ഇല്ലാണ്ടാവാനായിരിക്കും ന്റെ മോന്റെ വിധി..”
ഉമ്മാന്റെ പരിഭവങ്ങളും ശാസനകളും കേട്ട് ഭ്രാന്ത് കയറിയ അവനപ്പോഴേക്കും കണ്ണിൽ കണ്ടതിനോടെല്ലാം ദേഷ്യം തീർക്കാൻ തുടങ്ങിയിരുന്നു.. …ഫർണിച്ചറുകളും വസ്ത്രങ്ങളും തുടങ്ങി പലതും അവന്റെ ദേഷ്യത്തിനിരയായി..അതിനിടയിൽ പെട്ട് ഞെരിഞ്ഞമർന്ന ആ പളുങ്കു കൊണ്ട് നിർമ്മിതമായിരുന്ന ആ ഗിഫ്റ്റ് പെട്ടെന്നാണവന്റെ കണ്ണിൽ പെട്ടെത്..അതവന്റെ ദേഷ്യത്തേ ഒന്നും കൂടെ ആളിക്കത്തിക്കുന്ന തരത്തിലാക്കിയിരുന്നു..അവളുടെ ഓർമ്മകളവശേഷിക്കുന്ന എല്ലാം അവിടെ നിന്നും അരിച്ചുപെറുക്കിയവൻ പുറത്തേക്കോടി..
ഒരു കയ്യിൽ മണ്ണെണ്ണ കുപ്പിയും മറുകയ്യിലൊരു ചാക്കുമായോടുന്ന അജ്മലിന്റെ പിന്നാലെ ഖൈറുത്തായും ഓടി..
“അജോ..നിക്ക് മോനേ..ഇയ്യെന്താ കാാട്ട്ണേ ..ഉമ്മൊന്ന് പറയട്ടേ..”
ആ ഓട്ടം അവസാനിച്ചത് പിന്നാമ്പുറത്തെ മുറ്റത്തെ ഒരു മൂലയിലാായിരുന്ന്..
മതിലിനോട് ചേർന്നു കിടക്കുന്ന മണ്ണിലവൻ ചാക്കിലുണ്ടായിരുന്ന സാധങ്ങളെല്ലാം ചെരിഞ്ഞു ..മണ്ണെണ്ണ പാത്രം അപ്പാടെ കമിഴ്ത്തി…എല്ലാം സോഫിയുടേത് മാത്രമായിരുന്നു…
തടയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഖൈറുത്താനെ തള്ളി മാറ്റിയവൻ സോഫിയുടെ ഓർമ്മകളെ അഗ്നിക്കിരയാക്കാനൊരുങ്ങവേ പെട്ടെന്നായിരുന്നു ഉമ്മറത്ത് നിന്നും പരിഭ്രാന്തിയോടൊരു വിളി കേട്ടത്..
“അജ്മൽക്കാാാാ…
ഇവിടാരുല്ലേ..അജ്മൽക്കാാ..ഇവിടൊന്ന് വേഗം വരിൻ..ഒരർജന്റ് കാര്യം പറയാൻണ്ട്…”

സിറ്റൗട്ടിൽ നിന്നും ആരുടേയോ പരിഭ്രാന്തിയോടെയുള്ള വിളികേട്ട ഉടനെ രണ്ടുപേരും അങ്ങോട്ടോടി..പരന്നൊഴുകിയ മണ്ണെണ്ണയുടെ ഗന്ധം അപ്പോഴുമവിടെ തളം കെട്ടി നിന്നിരുന്നു..
പന്തലുപണിക്കാരൻ ഫായിസ്..പണ്ട് തന്റെ കല്യാണത്തിന് പന്തലിടാൻ വന്നപ്പോ കണ്ടതാ..ഇപ്പോ മൂന്നു വർഷായില്ലേ..ഇവനിപ്പോ ന്താ ഇവിടെ..!!
“ന്താ ഫായിസേ..ന്തിനാ ഇയ്യ് വിളിച്ചേ..” നെറ്റി ചുളിച്ചു കൊണ്ട് അജ്മൽ ചോദിച്ചു..
“അജ്മൽക്കാ .ഞാൻ കണ്ട്.. ആ ഷൈജലിനെ…അജ്മൽക്കാന്റെ ജീവിതം തകർത്ത് മൂന്നുമാസായി ഒളിവിൽ കഴിയ്ണ ആ ഷൈജലിനെ.. കവലയിൽ ണ്ട്..ഇപ്പോ പോയാ പിടിക്ക്യാ…”
നിറഞ്ഞ ആവേശത്തോടെയാണവനത് പറഞ്ഞ് തീർത്തത്..
അതു കേട്ടപ്പോ പക്ഷേ ഖൈറുത്താന്റെ കണ്ണുകളിൽ ഭീതി നിറഞ്ഞു..
ഇനി സംഭവിക്കാൻ പോകുന്ന ദുരന്തത്തിനാായവർ കാതോർത്തു…പക്ഷേ അജ്മലിന്റെ കണ്ണുകളിൽ പ്രതികാരം ആളിക്കത്തി.. പല്ലുകൾ ഞെരിച്ച് കൈപ്പത്തികൾ ചുരുട്ടി ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ അങ്ങനെ നിന്നു..പീന്നീടവൻ അകത്തേക്കോടി..
“ഫായിസേ..ഇയ്യ് ന്റെ കുട്ടിനെ കൊലക്ക കൊടുക്കാനായിട്ടെറങ്ങ്യാണോ…മോനേ അജോ… നിക്ക്…”
അതും പറഞ്ഞ് ആ ഉമ്മ അകത്തോട്ട് നോക്കി ആർത്തു വിളിച്ചു…കാരണം ആ പോക്കെന്തിനാന്ന് ഖൈറുത്താക്ക് നല്ലപോലെ അറിയായിരുന്നു..ദിവസങ്ങളായി അണച്ചു കൂട്ടിവെച്ച ആ കത്തി ഷൈജൽ എന്ന വ്യക്തിയേയും കാത്ത് അവിടെ കട്ടിലിന്നടിയിൽ കിടപ്പുണ്ടായിരുന്നു..ആദ്യം ഷൈജൽ പിന്നേ സോഫി..അതായിരുന്നവന്റെ മനസ്സിലെ കണക്കുകൂട്ടൽ
“ഖൈറുത്താ..ഷൈജലിനെ പോലെ ഒരു തെമ്മാടിനെ ഒതുക്കാൻ അജ്മലിക്കാനെ പോലുള്ളവർക്കേ കഴിയൂ..മൂന്നു വർഷം മുമ്പ് ന്റെ പെങ്ങളോട് ഓൻ ചതികാട്ടിയതിന് ഓനെ കൊല്ലാൻ കഴിയാത്ത സങ്കടമേ നിക്ക് ഇന്നും ഉള്ളൂ..”
“അതുമിതും പറയാണ്ടെ പൊയ്ക്കോ ഫായിസേ ന്റെ പെരേന്ന്…നിക്ക് ആണായിട്ടോനൊരുത്തനേയുള്ളു..ഇത്രീം പോറ്റി വലുതാക്കി കണ്ടോരോട് അടി കൂടാനല്ല..മരിക്കുമ്പോ ഇത്തിരി വെള്ളം കിട്ടോല്ലോന്ന് കരുതീട്ടാാ..”
ഫായിസിനെ ആട്ടിപ്പായിച്ച് ഖൈറുത്താ അജ്മലിന്റരികിലേക്കോടി..അണച്ചു മൂർച്ചം കൂട്ടി മിനുക്കിയ കത്തി തന്റെ ഇരയെ തേടിയവന്റെ അരയിൽ ഭദ്രമായി കിടന്നു..പോവാനൊരുങ്ങി ഷർട്ടിന്റെ ബട്ടൻസ് ഇടുമ്പോയേക്കും ഖൈറുത്താ അവനെ തടഞ്ഞു.
“അജോ.. പറയ്…ഇയ്യിത് എന്തിനുള്ള പുറപ്പാാടാ…”

Recent Stories

The Author

_shas_

5 Comments

  1. അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി 😞😞😞😞😍😍😍😍😍😍 സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………

  2. REALLY HEART TOUCHING…
    THANK YOU

  3. onnum parayanilla

  4. Very very thaks shakheela Shas very very thanks

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com