?പ്രണയ വർഷം? [Jeevan] 141

3 വർഷങ്ങൾക്ക് ശേഷം. 

 

ഡീ.. ദേവൂ.. എഴുന്നേൽക്ക്.. കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ.. ഒരു അമ്മയാണ്, കുഞ്ഞു എഴുന്നേറ്റു രാവിലെ പാടാൻ തുടങ്ങിയിട്ടുണ്ട്. എന്നിട്ടും ഇവൾ അറിയുന്നില്ലേ.. ഒക്കെ പോട്ടെ രാവിലെ എക്സാം എഴുതാൻ പോകാൻ ഉള്ളവൾ ആണ്. ആ ബോധം എങ്കിലും വേണ്ടേ.. രാവിലെയുള്ള കണ്ണൻ്റെ അലർച്ച കേട്ടാണ് എഴുന്നേൽക്കുന്നത്.

 

കണ്ണ് തുറക്കുമ്പോൾ ദേഷ്യത്തിൽ തുറിച്ചു നോക്കുന്ന കണ്ണേട്ടനെയാണ് കാണുന്നത്. 

 

“എന്താ കണ്ണേട്ടാ.. കഷ്ടം ഉണ്ട്.. ഞാൻ ഇന്നലെ കിടന്നത് എപ്പോൾ എന്ന് എന്തേലും വിചാരം ഉണ്ടോ. ഒക്കെ ഒരു വിധം നോക്കി കഴിഞ്ഞു കിടക്കുമ്പോൾ 4 മണി കഴിഞ്ഞിരുന്നു.”

 

“ആണോ.. എങ്കിൽ സോറി. ഇപ്പൊ എൻ്റെ ഭാര്യ പോയി റെഡി ആയി വന്നെ. സമയം എത്ര ആയി എന്ന് അറിയോ. 8 മണി കഴിഞ്ഞു.”

 

“രാവിലെ എഴുന്നേറ്റ് ഇരുന്നു കണ്ണ് ഉരുട്ടി പേടിപ്പിക്കാതെ പോയി റെഡി ആക് പെണ്ണേ. ഞാൻ കൊണ്ട് പോകാം കോളേജിലേക്ക്. അപ്പോളേക്കും ഞാനേ മോളെ ഒന്ന് ഉറക്കി വരാം. ഇന്ന് പതിവിലും നേരത്തെ ഗാനമേള തുടങ്ങിയത് ആണ്. ” 

 

(പോകാൻ റെഡി ആയി വരുമ്പോൾ കഴിക്കാനുള്ളത് ഒക്കെ എൻ്റെ ഏട്ടൻ തന്നെയുണ്ടാക്കി വെച്ചിട്ടുണ്ട്.)

“ഇന്ന് കൂടെ മതി കേട്ടോ എൻ്റെ ഭർത്താവ് ഇങ്ങനെ കഷ്ടപ്പെടുന്നത്. നാളെ മുതൽ ഇതൊക്കെ ഞാൻ ചെയ്തോളാം. അപ്പോ ആ ഏരിയയിലേക്ക് കണ്ട് പോകരുത്”

 

“ഉത്തരവ് തമ്പുരാട്ടി.. അടിയൻ റൂമിൽ വരുമ്പോൾ എൻ്റെ മഹാറാണിയെ നന്നായി കാണുന്നുണ്ട്.. എന്തേ മതിയോ.. ഹി.. ഹി.. “

 

“ആയിക്കോട്ടെ.. ഇപ്പൊ എന്നെ ഒന്ന് കൊണ്ട് പോകാമോ ഇന്ന് കുറച്ചു വൈകി” എന്ന് പറഞ്ഞു കവിളിൽ ഒരു മുത്തം കൊടുത്തു ഇറങ്ങുമ്പോൾ ഇതൊന്നും അറിയാതെ കുഞ്ഞു മാലാഖ സുഖ നിദ്രയിൽ ആണ്. 

 

************************************

 

ഡിഗ്രി എക്സാം ഇന്ന് കൊണ്ട് കഴിഞ്ഞു കിട്ടി. അതിൻ്റെ ബഹളങ്ങൾ ആണ് രാവിലെ കണ്ടത്. നിലച്ചു പോയിടത്ത് നിന്ന് ജീവിതം തിരികെ പിടിച്ചു. ഓർമ്മകൾ ഓരോന്നായി കണ്ണേട്ടനെ തേടി വന്നു. ഒപ്പം ഞാനും അതിൽ ഉണ്ടായിരുന്നു. വൈകാതെ ഞാൻ ആഗ്രഹിച്ച താലി എൻ്റെ കഴുത്തിലേക്ക് അണിയിച്ചു.

 

ഞാൻ കൊതിച്ച സാമീപ്യം എൻ്റെ ഭർത്താവായി ഇന്ന് എൻ്റെ കൂടെയുണ്ട്. മനസ്സിലെ സ്വപ്നങ്ങൾ ഓരോന്നായി ഞങ്ങൾ നേടിയെടുത്തു. അതിനു ഏറ്റവും വലിയൊരു തെളിവ് തന്നെയാണ് ഞങ്ങളുടെ കുഞ്ഞു മാലാഖ.. വേദിക… അന്ന് മുടങ്ങിപ്പോയ ഡിഗ്രീ തുടർന്ന് പഠിച്ചു. ഏട്ടനും ജോലി ആയിട്ടുണ്ട്. അങ്ങനെ പ്രതീക്ഷകൾ എല്ലാം ഇപ്പൊ ചിറകു വച്ച് പറന്നുയരാൻ തുടങ്ങി. 

 

***************************************

 

രാത്രി മുറിയിലേക്ക് വരുമ്പോൾ കുഞ്ഞു ഉറക്കം ആണ്. എക്സാം തുടങ്ങിയത് മുതൽ അച്ഛൻ തന്നെയാണ് എപ്പോളും അവളുടെ കൂടെ നടക്കുന്നത്. 

 

” ഏട്ടാ.. മോളു ഉറങ്ങി ഇല്ലേ.. കുറച്ചു ദിവസം എനിക്ക് വേണ്ടി ഒത്തിരി ബുദ്ധിമുട്ട് ഉണ്ടായില്ലെ.. “

 

“ഡീ പെണ്ണേ.. ഇതാ എനിക്ക് ദേഷ്യം വരുന്നേ.. നിനക്ക് വേണ്ടി അല്ലെങ്കിൽ പിന്നെ ആർക്ക് വേണ്ടിയാണ് ഞാൻ കഷ്ടപ്പെടുക. അല്ലാ.. എക്സാം ആയതു കൊണ്ട് ഒരു ആഴ്ചത്തേക്ക് ലീവ് എടുത്തു നമ്മുടെ വീട്ടിൽ കുറച്ചു ജോലിയും നമ്മുടെ കുഞ്ഞിനെയും നോക്കിയത് ആണോ നീ ഈ കഷ്ടപ്പാട് എന്ന് പറയുന്നത്. എങ്കിൽ ഒരിക്കൽ നീ എനിക്ക് വേണ്ടി ചെയ്തത് ഒക്കെ ഞാൻ എന്ത് പേരിട്ടു വിളിക്കണം..”

 

“ഏട്ടാ.. ഞാൻ.. “

 

പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ് എന്നെ നെഞ്ചിലേക്ക് വലിച്ചു ചേർത്ത കരങ്ങൾ മുറുകെ പുണർന്നിരുന്നു.. ഇന്ന് ആ നെഞ്ചിൽ തലവെച്ച് കിടക്കുമ്പോൾ എനിക്ക് സ്നേഹം കിട്ടുന്നുണ്ട്.. ഒരിക്കലും ഒടുങ്ങാത്ത സ്നേഹം.. സുരക്ഷിതത്വം കിട്ടുന്നുണ്ട്.. കരുതൽ കിട്ടുന്നുണ്ട്.. മാത്രം അല്ല ഭാര്യ.. അമ്മ അങ്ങനെ എല്ലാ അർത്ഥത്തിലും ഞാൻ പൂർണ്ണത നേടിയവൾ ആണ്.. ജീവിതത്തിൽ ഓരോ നിമിഷവും ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ്. പണ്ടെങ്ങോ നഷ്ടമായ മധുരമേറിയ ഓർമ്മകളുടെ ഒപ്പം കൂട്ടിച്ചേർക്കാൻ ഓരോ പുലരിയും പുതുമയുള്ള അനുഭവങ്ങൾ വീണ്ടും നൽകികൊണ്ട് ഈ യാത്ര തുടരുന്നു…

*****************************