പെരുമഴക്കാലം 25

“ശോ… ഈ കാറ്റ് …” ഒടിഞ്ഞ കുട ഒന്ന് നേരെ ആക്കാൻ നോക്കി രേണു… പറ്റുന്നില്ല… അത് വല്ലാതെ നശിപ്പിച്ചു ആ കാറ്റ്…

“എന്തൊരു മഴയാ ഇത്…. ഇനി മായയുടെ വീട്ടിലേക്കും തിരിച്ചു പോകാൻ പറ്റില്ല…അവിടെ ചെല്ലുമ്പോഴേക്കും ഞാൻ നനഞ്ഞു കുളിക്കും…” ഒരു നിമിഷം രേണു ആലോചിച്ചു നിന്നു…

പിന്നെ ഒന്നും ആലോചിക്കാതെ തൊട്ടടുത്ത വീട്ടിലേക്ക് ഓടി കേറി… അവരുടെ വരാന്തയിൽ കേറി നിന്നു …

“ചേച്ചി… ആരുമില്ലേ ഇവിടെ..” അവൻ കയ്യും കാലും ചേർത്ത് പിടിച്ച് തലയിൽ കുടയും വച്ച് വിളിച്ചു കൂവി. വരാന്തയിൽ ആണെങ്കിലും അടിക്കുന്ന കാറ്റിൽ പകുതി മഴയും അവളുടെ ദേഹത്തേക്ക് വീഴുന്നുണ്ടായിരുന്നു…

“ആരാ അത്…” അകത്തു നിന്ന് ഒരു മദ്ധ്യ വയസ്കയുടെ ശബ്ദം…കതകു തുറന്ന്‌ ഒരു ചേച്ചി പുറത്തു വന്നു…

“മോൾ ഏതാ…. ഇങ്ങു കേറി വാ”അടിക്കുന്ന മഴയെ കൈ കൊണ്ട് തടുത്തു ആ ചേച്ചി അവളെ അകത്തേക്ക് വിളിച്ചു.

“ഭയങ്കര മഴ ചേച്ചി… ഞാൻ ഗോപിനാഥന്റെ മോളാ..ചേച്ചി അറിയുമോ എന്നറിയില്ല… ” രേണു പറഞ്ഞു..

“ആ… ഗോപിയേട്ടന്റെ മോളാണോ? ഇവിടുത്തെ ചേട്ടന്റെ കൂട്ടുകാരനാ മോളുടെ അച്ഛൻ” ചേച്ചി പറഞ്ഞു… “മോൾ സ്കൂളിൽ നിന്ന് വരുന്ന വഴി ആണോ?

“അതെ ചേച്ചി… കുട ഇവിടെ വന്നപ്പോ ഒടിഞ്ഞു പോയി…അടുത്ത് വീട് കണ്ടപ്പോ ഇങ്ങോട്ട് ഓടി കേറിയതാ…” രേണു പറഞ്ഞു..

“മോൾ തല ഒന്ന് തോർത്തു… ” ഒരു തോര്ത്ത് എടുത്തു കൊടുത്തു കൊണ്ട് ചേച്ചി പറഞ്ഞു. “എന്റെ കുട്ടിയും ഇവിടെയാ പഠിക്കുന്നെ… മോൾ എത്രേലാ?” ചേച്ചി ചോദിച്ചു..

“പത്തിൽ ആണ് ചേച്ചി… എന്താ ചേച്ചിടെ മോന്റെ പേര്?” രേണു ചോദിച്ചു

“ജിത്തു… അവനും പത്തിലാ… മോളുടെ ഡിവിഷൻ ആണോ?” ചേച്ചി ചോദിച്ചു…

“ആ… അതെ ചേച്ചി… ഞങ്ങൾ ഒരേ ക്ലാസ്സിലാ…” സന്തോഷത്തോടെ രേണു പറഞ്ഞു… “ജിത്തുവിന്റെ വീടാണോ ഇത്?, ഞാൻ അറിഞ്ഞില്ല..” സന്തോഷത്തോടെയും അത്ഭുതത്തോടെയും രേണു ചോദിച്ചു.

“ആഹാ… നന്നായി.. അച്ചന്മാർ രണ്ടും കൂട്ടുകാർ, ഇപ്പൊ കുട്ടികളും ഒരേ ക്ലാസിൽ…” ചേച്ചി പറഞ്ഞു….

“മോനെ ജിത്തൂ… ” ജിതുവിനെ ചേച്ചി വിളിച്ചു….” അവൻ വന്നിട്ട് കുറച്ചു നേരം ആയി… കുളിക്കാൻ കേറിയതാ…ഇപ്പൊ വരും”

“ദാ വരുന്നു അമ്മേ…” അകത്തു നിന്ന് ജിത്തുവിന്റെ വിളി കേട്ട്… രണ്ടു മിനിറ്റ് കഴിഞ്ഞപ്പോ ജിത്തു വന്നു

“ആ… രേണു… എന്താ ഇവിടെ?” അവൻ ആകാംക്ഷയോടെ ചോദിച്ചു…

“മഴ വന്നപ്പോ കേറിയതാ..” അവൾക്കു അത്ഭുതം ആയി… അവളുടെ പേര് അവനു അറിയാം… ഒരിക്കലും പ്രതീക്ഷിച്ചില്ല…ആരോടും മിണ്ടാത്ത അവനിൽ നിന്ന്..

“ഇരിക്ക് മോളെ… ഞാൻ ഒരു ചായ ഇടാം..” ചേച്ചി പറഞ്ഞു

“വേണ്ട ചേച്ചി…ഒരു കുട തന്നാൽ ഞാൻ പൊക്കോളാം… അമ്മ പേടിക്കും വൈകിയാൽ..” രേണു പറഞ്ഞു..