മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

സാധിക്കും. കൂടാതെ ആ കോംപ്ലക്സിൽ ഉണ്ടായിരുന്ന അറബി കോളേജിൻറെ ലൈബ്രറിയും ഉപയോഗിക്കാൻ അനുവാദം കിട്ടിയിരുന്നു.  ഈ സൗകര്യങ്ങൾ കൊണ്ടാണോ അതോ  ഉമ്മയുടെ ആഗ്രഹം നടത്താനുള്ള താൽപര്യം കൊണ്ടാണോ എന്നറിയില്ല  ചെറിയ ക്‌ളാസുകളിൽ  ഒരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്ന ഞാൻ എട്ടാം ക്‌ളാസിലെത്തിയതോടു കൂടി പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. എട്ടിൽ എന്നോടൊപ്പമുണ്ടായിരുന്ന മേജോ പഠനത്തിൽ എനിക്ക് നല്ല സഹായമായിരുന്നു.എങ്ങനെ എളുപ്പത്തിൽ  പഠിക്കാമെന്നും മറ്റും അവൻ എനിക്ക് പറഞ്ഞു തന്നു. എനിക്ക് ഏറ്റവും ബുദ്ധിമുട്ടായിരുന്ന മാത്‍സ് അവന്റെ സഹായത്തോടെ എന്റെ ഫേവറിറ്റ് വിഷയമായി മാറി.

 എട്ടിൽ  ക്‌ളാസ് ടോപ്പർ ആയ ഞാൻ പത്തിലെത്തിയപ്പോൾ സ്‌കൂൾ ടോപ്പർ ആയി മാറി എന്നു മാത്രമല്ല, എനിക്ക്  ഡിസ്റ്റിങ്ങ്ഷൻ ഉറപ്പിച്ചിരുന്നു എല്ലാവരും. അതുവരെ ഞങ്ങളുടെ സ്‌കൂളിൽ ഒരു ഡിസ്റ്റിങ്ക്ഷൻ പോലും കിട്ടിയിട്ടുണ്ടായിരുന്നില്ല. അങ്ങനെ പത്താം ക്‌ളാസ് പരീക്ഷക്ക് വേണ്ടിയുള്ള സ്റ്റഡി ലീവ് തുടങ്ങി. പരമാവധി സമയവും പഠിപ്പിൽ തന്നെയായിരുന്നു ഞാൻ. ഓരോ വർഷവും ഏറ്റവും മാർക്ക് വാങ്ങി ജയിച്ചവർക്ക്  ട്രോഫിയും കാഷ് പ്രൈസും കൊടുക്കുമായിരുന്നു മാനേജ്മെൻറ്. അങ്ങനെ കിട്ടുന്ന ട്രോഫിയും കൊണ്ട് ഉമ്മയുടെ മുന്നിൽ ചെന്ന്  നിൽക്കണം. അത് മാത്രമാായിരുന്നു എൻ്റ  മനസ്സിലെ ചിന്ത.
അന്നൊരു ഞായറാഴ്ചയായിരുന്നു.  പരീക്ഷ തുടങ്ങുന്നത് ബുധനാഴ്ചയാണ്. രണ്ടു ദിവസം കൂടിയേ ഇനി ബാക്കിയുള്ളൂ. കുളിയും മറ്റും കാര്യങ്ങളും വേഗം കഴിച്ച് ഞാൻ പഠിക്കാനിരിക്കുകയായിരുന്നു. ഒരു ഒമ്പതു മണിയായിക്കാണും.  ഉമ്മയുടെ മൂത്താപ്പയുടെ മകൻ അഷ്‌റഫ്ക്ക ഓർഫനേജിൽ വന്നു. ബന്ധം കൊണ്ട് എന്റെ അമ്മാവനായിരുന്നെങ്കിലും അങ്ങനെ വിളിക്കുന്നത് അദ്ദേഹത്തിന് കുറച്ചിലായിരുന്നത് കൊണ്ട് ഞാൻ നാട്ടുകാരൊക്കെ വിളിക്കുന്നത് പോലെ  ഇക്ക എന്നു തന്നെയാണ് വിളിച്ചിരുന്നത്. വാർഡനോട് എന്തോ പറഞ്ഞു എന്നെ വിളിച്ചു അവരുടെ കാറിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തുന്നതിന് മുമ്പ് തന്നെ എനിക്ക് കാര്യം മനസ്സിലായി. ഉമ്മാക്ക് എന്തോ സംഭവിച്ചിരിക്കുന്നു.
ആ വീട്ടിലെ വലിയ ഹാളിൽ ഉമ്മയെ വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ് പായയിൽ കിടത്തിയിരിക്കുന്നു. ചുറ്റും കുറച്ചു സ്ത്രീകൾ നിൽക്കുന്നുണ്ട്. അപ്പുറത്തെ മുറിയിൽ കുറച്ച് കുട്ടികൾ യാസീൻ ഓതുന്നുണ്ട്. കരയാൻ പോലുമുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. ആകെ മൊത്തം ഒരു മരവിപ്പ്.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മൂന്നുതുണിയിൽ പൊതിഞ്ഞ ഉമ്മയുടെ ശരീരം മയ്യത്തു കട്ടിലിൽ കയറ്റി പള്ളിയിൽ കൊണ്ട് പോയി, നമസ്കരിച്ചു. ശേഷം പള്ളിക്കാട്ടിൽ കൊണ്ടുപോയി മറവു ചെയ്തു. എല്ലാവരും പിരിഞ്ഞു പോയതിനു ശേഷവും ഞാൻ അവിടെത്തന്നെ നിന്നു. മനസ്സ് ദുഃഖംകൊണ്ട് ഘനീഭവിച്ചു നിൽക്കുകയായിരുന്നു കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഉതിർന്നു വീഴുന്നുണ്ടായിരുന്നുവെങ്കിലും പൊട്ടിക്കരയാൻ അപ്പോഴും സാധിച്ചിരുന്നില്ല. ഞാൻ അല്പനേരം അവിടെ തന്നെ പ്രാർത്ഥനയോടെ നിന്നു.  ആരൊക്കെയോ അപ്പുറത്ത് ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഒരു കൈ എൻറെ തോളിൽ പതിച്ചു. അബ്ദുറഹ്മാനിക്ക. കൂടെ പഠിക്കുന്ന നിസാറിൻറെ പിതാവാണ് അദ്ദേഹം.
‘നമുക്ക് പോകാം.’ അദ്ദേഹം എൻറെ തോളിൽ കയ്യിട്ടു കൊണ്ട് തന്നെ കൊണ്ടുപോയി. പള്ളിയുടെ മുറ്റത്ത് വെച്ച് എന്നോട് അൽപനേരം സംസാരിക്കുകയും ചെയ്തു. നിസാറും വേറെ രണ്ടു മൂന്നു കൂട്ടുകാരും പള്ളിയിൽ ഉണ്ടായിരുന്നു.  അവരും അൽപനേരം എന്നോട് സംസാരിച്ചു. ഞാൻ ഓർഫനേജിലേക്ക് തിരിച്ചു പോയി. മനസ്സ് ശൂന്യമായിരുന്നു. ഇതുവരെ ജീവിതത്തിനു ഒരു അർത്ഥമുണ്ടായിരുന്നു. ഒരൊറ്റ ദിനം എല്ലാം മാറിമറിഞ്ഞു. മുപ്പത്തിയാറാം വയസ്സിൽ പൊലിയേണ്ട ഒരു ജീവൻ ഒന്നും ആയിരുന്നില്ല ഉമ്മയുടേത്. ചെറിയ രീതിയിൽ ആസ്ത്മയുടെ അസുഖം ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ആരോഗ്യവതിയായിരുന്നു ഉമ്മ. പക്ഷേ വിശ്രമമില്ലാത്ത ജോലിയും നിത്യേന കേൾക്കുന്ന ശകാരവർഷവും മനസ്സിലെ വിഷമവും എല്ലാം കൂടി ഉമ്മയെ തളർത്തിക്കളഞ്ഞിട്ടുണ്ടാവണം. നല്ല വാക്ക് പറയാൻ ആ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അന്നേദിവസം രാവിലെ അടുക്കളയിൽ ശബ്ദമൊന്നും കേൾക്കാതായപ്പോൾ എഴുന്നേറ്റ് ചെന്ന മൂത്താപ്പയുടെ മരുമകളാണ് റൂമിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.  സംശയമായി അവർ മറ്റുള്ളവരെ അറിയിച്ചു അവർ വന്നിട്ടാണ് മരണം ഉറപ്പിച്ചത്. തലേന്ന് ഉമ്മാക്ക് അസുഖം  കൂടുതലായിട്ടുണ്ടാവണം.  എത്ര ബുദ്ധിമുട്ട് ഉണ്ടായാലും ഉമ്മ ആരെയും ഒന്നും അറിയിക്കില്ല.  ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ  അത് മാറിക്കോളും എന്ന് പറഞ്ഞു അവർ നിസാരമായി തളളിയിട്ടുണ്ടാവണം.  എനിക്ക് വല്ലാത്ത  കുറ്റബോധവും നിരാശയും തോന്നി. ഉമ്മ എന്തുപറഞ്ഞാലും നിർബന്ധിച്ച് ആ വീട്ടിൽ നിന്ന് കൊണ്ടു പോരേണ്ടതായിരുന്നു. പഠനത്തോടൊപ്പം എന്തെങ്കിലും ചെറിയ ജോലിക്കുപോയി അത്യാവശ്യം കാര്യങ്ങളൊക്കെ നീക്കാമായിരുന്നു. കൂടാതെ ആഴ്ചയിൽ  രണ്ടു ദിവസം ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ഞാൻ ഉമ്മയെ കാണാൻ പോകുമായിരുന്നു. പക്ഷേ ഇതിന് മൂന്നാഴ്ച മുമ്പാണ് ഞാൻ അവസാനമായി പോയത്. സ്റ്റഡി ലീവിനായി സ്കൂൾ അടച്ച അന്ന്. അന്ന് കണ്ടപ്പോൾ ഉമ്മ പറഞ്ഞത് ഇനി എപ്പോഴും ഇങ്ങോട്ട് വരണ്ട. കൂടുതൽ സമയം പഠിക്കാൻ നോക്കണം എന്നായിരുന്നു. അതുകൊണ്ട് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതിനാൽ കാണാൻ പോകാൻ പറ്റിയില്ല. യത്തീംഖാനയിൽ ഫോൺ ഉണ്ടായിരുന്നെങ്കിലും എപ്പോഴും വിളിക്കാൻ കുറെ ആളുകളുടെ അനുവാദം വാങ്ങേണ്ടതിനാൽ അങ്ങോട്ട് വിളിക്കാൻ പറ്റിയിരുന്നില്ല. ഇനി വിളിക്കാൻ പറ്റിയാൽ തന്നെ ഉമ്മ ഇപ്പോൾ തിരക്കിലാണ് നീ പിന്നെ വിളിക്കൂ എന്നായിരിക്കും അവിടെ ഫോൺ എടുക്കുന്ന ആരെങ്കിലും പറയുക. ഒരിക്കലെങ്കിലും ഒന്നു പോയിരുന്നുവെങ്കിൽ ഉമ്മയുടെ മാറ്റം മനസ്സിലാവുമായിരുന്നു. എന്തെങ്കിലും പറഞ്ഞ് തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരാമായിരുന്നു. ചുരുങ്ങിയ പക്ഷം ഏതെങ്കിലും ഡോക്ടറെയെങ്കിലും കാണിക്കാമായിരുന്നു.