മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

“ഇനി പരീക്ഷക്ക് കാണാം…” ബുക്ക് വാങ്ങി ബാഗിൽ വെച്ച് അവൾ പറഞ്ഞു.
“അപ്പോൾ നീ ഇനി ക്‌ളാസിൽ വരുന്നില്ലേ….”
അവൾ ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അവൾ നടന്നകന്നു.
എന്തൊക്കെയാണ് ഈ പെണ്ണ് ചിന്തിച്ചു വെച്ചിരിക്കുന്നത്. ഫൈസൽ അത്ഭുതപ്പെട്ടു.സൗന്ദര്യം കൊണ്ടോ സമ്പത്തു കൊണ്ടോ സ്ഥാനം കൊണ്ടോ പെരുമാറ്റം കൊണ്ടോ അവളുമായി തന്നെ താരതമ്യം ചെയ്യാൻ പോലും സാധ്യമല്ല. അങ്ങനെയുള്ള എന്നോട് അവൾക്ക് വിശുദ്ധ പ്രണയമാണെന്ന്. അതും കഴിഞ്ഞ ഒന്നര വർഷമായി!.   വെറുതെയല്ല മഹാൻമാർ പറഞ്ഞത്. ഈ പ്രപഞ്ചത്തിലുള്ള ഏതു രഹസ്യങ്ങൾ മനസ്സിലാക്കാൻ പറ്റിയാലും സ്ത്രീയുടെ മനസിന്റെ ഉള്ളിൽ എന്താണുള്ളത് എന്നറിയാൻ പറ്റില്ല എന്ന്.  സ്ത്രീ രഹസ്യങ്ങളുടെ ഒരു മഹാസമുദ്രമാണ്. ഒരു സ്ത്രീയുടെ മനസിന്റെ അടിത്തട്ടിലെത്തിയാലും നിങ്ങളെ ആശ്ചര്യപ്പെടുത്താൻ അവിടെ എന്തെങ്കിലും രഹസ്യങ്ങൾ ബാക്കിയുണ്ടാവും. ആ രഹസ്യങ്ങളാണ് ഒരു സ്ത്രീയെ സ്ത്രീ ആക്കുന്നത്. താൻ വായിച്ച പുസ്തകളിലെ വരികൾ അവന്റെ ചിന്തയിലൂടെ കടന്നുപോയി. ഒരു നിമിഷം അവളനുഭവിക്കുന്ന വേദനക്ക് ഞാനാണല്ലോ കാരണം എന്നവൻ ചിന്തിച്ചു.അവനവളെ നോക്കി, അവൾ കോറിഡോറിനടുത്തെത്തിയിരുന്നു.
“ഷെമീ…. ഒന്നു നിന്നേ….” അവൻ നീട്ടിവിളിച്ചു.
അവൾ നടത്തം നിർത്തി തിരിഞ്ഞു നിന്നു.
അവനോടി അവളുടെ അരികിൽ ചെന്നു.
“എന്താ ഫൈസൽ…” അവളുടെ സ്വരത്തിന് സാധാരണയിലേറെ മാധുര്യമുണ്ടായിരുന്നു. കരഞ്ഞതുകൊണ്ടാകണം അവളുടെ കണ്ണുകൾക്ക് കുറേക്കൂടി തിളക്കമുണ്ടായിരുന്നു.
“ചീകിയൊതുക്കാത്ത മുടിയും മെലിഞ്ഞൊട്ടിയ ശരീരവും, കോലൻ മുഖവും  പഴകിയ ഡ്രെസ്സും, പഴഞ്ചൻ ഡ്രസ്സിങ് സ്റ്റൈലും, കോമൺ സെൻസില്ലാത്ത സംസാരവും ഇതാണ് ഞാൻ. സമ്പത്തോ സൗന്ദര്യമോ അറിവോ നല്ല പെരുമാറ്റമോ ഒരു സ്ത്രീ ഏറ്റവും ആഗ്രഹിക്കുന്ന കരുതലോ സ്നേഹമോ അങ്ങനെ ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെടാൻ പറ്റിയ ഒന്നും തന്നെ എനിക്കില്ല എന്നെനിക്കറിയാം. അതുകൊണ്ടുതന്നെ അതിസുന്ദരിയായ നീ എന്നെ ഇഷ്ടമായിരുന്നു എന്നു പറഞ്ഞത് സത്യമാണെങ്കിൽ കൂടിയും എനിക്ക് വിശ്വസിക്കാനാവുന്നില്ല.”
അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. അവളുടെ കണ്ണിൽ അപ്പോഴും ആ നനവ് ഉണ്ടായിരുന്നു. അവളുടെ നോട്ടം തന്റെ ഹൃദയത്തിന്റെ അടിത്തട്ടിലെത്തുന്നതായി അവനു തോന്നി. അത്  നേരിടാനാവാതെ അവൻ താഴോട്ടു നോക്കി. അവൾ അവന്റെ താടി പിടിച്ചു മുഖമുയർത്തി അവനെ നോക്കി.
” ഫൈസൽ………….. നീ നേരത്തെ ചോദിച്ചില്ലേ, എനിക്ക് വിഷമമായോ എന്ന്……..”
“ഉം…”
“നിന്റെ വാക്കിലും നടത്തത്തിലും പെരുമാറ്റത്തിലുമെല്ലാം  നിറഞ്ഞുനിൽക്കുന്ന കുഞ്ഞുങ്ങളെ ഓർമിപ്പിക്കുന്ന ആ നിഷ്കളങ്കതയുണ്ടല്ലോ അതാണ് നിന്നിൽ എന്റെ പ്രണയവും വാത്സല്യവും നിറച്ചത്. കൂടാതെ…….. ” അവളൊന്നു നിർത്തി.
“കൂടാതെ, നീലസാഗരത്തിന്റെ  നിറവും ആഴവും പരപ്പും ഒളിപ്പിച്ച നിന്റെയീ കണ്ണുകളും. അതിലൂടെ ഞാൻ നിന്റെ ഹൃദയത്തിന്റെ ആഴങ്ങളിലെത്തുന്നു…..”
പ്രണയം മനുഷ്യനെ പലതുമാക്കുമെന്നു കേട്ടിട്ടുണ്ട്.  എന്നാൽ സാധാരണ മലയാള വാക്കുകൾ പോലും തന്റെ നാട്ടിലെ തനി ഗ്രാമീണശൈലിയിലല്ലാതെ സംസാരിക്കാൻ കഴിയാത്ത ഷമീറയിൽ നിന്നും കേട്ട വാക്കുകൾ ഫൈസലിന്റെ തലയിൽ ബാക്കിയുണ്ടായിരുന്ന കിളികളെ കൂടി പറത്തി വിട്ടു.
(തുടരും)
പ്രിയരേ,  എല്ലാവർക്കും നന്ദി.