മകരധ്വജൻ 14

കെട്ടിയുണ്ടാക്കിയ പന്തലിലെ ഹോമകുണ്ഡത്തിൽ അഗ്നി ജ്വലിച്ചു.സ്വർണ്ണ വർണ്ണമാർന്ന തീ ജ്വാലയിലേക്ക് നെയ്യ്,കടലാടി,ഇടംപിരി വലംപിരി,തിപ്പലി,പാൽമുതുക്,എരുക്ക്,ആട്ടിൻരോമം,നീല ഉമ്മം,ഒട്ടക കാഷ്ഠം,നീർനായയുടെ കാഷ്ഠം…എന്നിവ കൃത്യമായ ഇടവേളകളിൽ മന്ത്രോച്ചാരണങ്ങളോടെ നിക്ഷേപിച്ചു…
ഇതിനിടയിൽ ശിക്ഷ്യന്മാർ വലിയ ഓട്ടുരുളിയിൽ മഞ്ഞളും,ചുണ്ണാമ്പും,സിന്ദൂരവും കൂട്ടിക്കലർത്തിയ “ഗുരുതിവെള്ളം” തയ്യാറാക്കിക്കഴിഞ്ഞിരുന്നു.ശിരസ്സിൽ നിന്നും വയർ വരെ തുളച്ച സ്ത്രീരൂപമുള്ള കാഞ്ഞിരപ്രതിമകൾ നൂറ്റിയൊന്നാവർത്തി കുരുതിവെള്ളം കൊണ്ട് ധാര കോരി…കാളിയൻ മിഴികളടച്ച് ഘോരമന്ത്രങ്ങൾ ഉരുവിട്ടു.

“ഷഷ്ഠായഃ സ്വാഹാ..സപ്ത മാഷ്ടഭ്യാം സ്വാഹാ…നീല നഖേദ്യഃ സ്വാഹാ… ഹരിതേഭ്യഃ സ്വാഹാ..ഷുദ്രേഭ്യഃ സ്വാഹാ…!

മന്ത്രം മുറുകിയതോടെ കറുത്ത വെട്ടുകിളികളുടെ കൂട്ടം പോലെ എന്തോ ഒന്ന് അന്തരീക്ഷത്തിലൂടെ ഒഴുകിവന്ന് രാഗിണിയായി രൂപം പ്രാപിച്ചു മന്ത്രകളത്തിന് നടുവിൽ നിന്നു…ചിതറിപ്പരന്ന കാർകൂന്തലും,കോപത്താൽ ചുവന്ന് തുടുത്ത മുഖവും..അവൾ കത്തുന്ന മിഴികളോടെ തമ്പിയെ നോക്കി.ആ നോട്ടം എതിരിടാനാകാതെ അയാൾ മിഴികൾ താഴ്ത്തിക്കളഞ്ഞു.

തന്നെയും,പതിയേയും കൊന്ന തമ്പിയെ ഇല്ലായ്മ ചെയ്യാൻ അവളുടെ അന്തരംഗം തുടിച്ചു.പക്ഷേ ചലിക്കാൻ കഴിയുന്നില്ല.കാലുകൾ മണ്ണിൽ തറഞ്ഞുത് പോലെ.കാളിയന്റെ മാന്ത്രിക വലയത്തിനുള്ളിലാണ് താനെന്നവൾ തിരിച്ചറിഞ്ഞു…!!

ഈ സമയം കാളിയൻ രാഗിണിയെ ശ്രദ്ധിക്കാതെ കാഞ്ഞിരപ്രതിമ കൈയിലെടുത്ത് അതിലേക്ക് ഓട്ടുപാത്രത്തിൽ നിന്നും പോത്തിൻ ചോര ശ്രദ്ധയോടെ സുഷിരത്തിലേക്ക് പകരുവാനരഭിച്ചു..

“അരുത് കാളിയാ…അവിവേകം പ്രവർത്തിക്കരുത്,മരണം ഇരന്നു വാങ്ങാൻ തക്ക വിഡ്ഢിയല്ല നീയെന്നറിയാം…!!

അവളുടെ ജല്പനങ്ങൾക്ക് മറുപടി പറയാതെ കാളിയൻ തന്റെ ജോലി തുടർന്നു.

തന്റെ തലയോട്ടി തുളച്ച് ഉരുകിയ ലാവപോലെ എന്തോ ഒന്ന് തലച്ചോറിലൂടെ ഊർന്നിറങ്ങന്നത് അവളറിഞ്ഞു.തിളയ്ക്കുന്ന ലോഹദ്രവം അന്നനാളത്തിലൂടെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കുടൽമാലകളെ ചിന്നഭിന്നമാക്കി വയർ പിളർന്ന് രക്തമായി പുറത്തേക്ക് ഒഴുകി…!

കാളിയൻ ക്രൂരമായ ആനന്ദത്തോടെ തന്റെ പ്രവൃത്തി തുടർന്നുകൊണ്ടേയിരുന്നു.അവളിലെ അവസാന പിടച്ചിലും തീർന്ന് നിശ്ചലമാകുന്നതുവരെ..!