മകരധ്വജൻ 14

കണക്കുകൂട്ടിയതുപോലെ കാര്യങ്ങൾ നടപ്പിലാക്കി.ജീവന്റെ തുടിപ്പ് മാത്രം ബാക്കി വച്ച് വാസുദേവനെ വണ്ടിയിലേക്ക് കയറ്റുമ്പോഴാണ് രാഗിണി ഉണർന്ന് പുറത്തേക്ക് വന്നത്…!!

” ബ്രഹ്മഹത്യ കൊടും പാപമാണ് തമ്പീ….അതും നിറ ഗർഭിണിയായൊരുവളെ….അതിന്റെ ഫലം അനുഭവിക്കാതെ തരമില്ല… ! ”

ആ വാക്കുകളോരോന്നും ഉരുകിയ ഈയം പോലെ ചെവിയിലേക്ക് ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു.

” സാർ…സ്ഥലമെത്തി “..എന്ന ഡ്രൈവറുടെ ശബ്ദമാണ് ചിന്തയിൽ നിന്നും ഉണർത്തിയത്.

പടിപ്പുര കടന്ന് കരിങ്കല്ല് പാകിയ വഴിയിലൂടെ തമ്പി മുന്നോട്ട് നടന്നു.റോഡിൽ നിന്നും കുറച്ച് ദൂരമുണ്ട് മഠത്തിലേക്ക്.വഴിയുടെ വലത് ഭാഗത്തായി നിറയെ പൂവിട്ട് നിൽക്കുന്ന നാഗലിംഗം.ഇളം റോസ് നിറമുള്ള പൂവുകൾ ഞെട്ടറ്റ് വീണ് വൃത്താകൃതിയിൽ മരത്തിന് ചുറ്റും പുഷ്പ തല്പമൊരുക്കിയിരിക്കുന്നു.കാടും,കാട്ടുവള്ളികളും കാവിനെ അനുസ്മരിപ്പിച്ചു.വിളക്കെണ്ണ വീണ് കറുത്ത് കരുവാളിച്ച സിമന്റ് പീഠത്തിന് മുകളിൽ മഞ്ഞൾപൊടിയിൽ അഭിഷിക്തരായി തലയുയർത്തി ഉപവിഷ്ടരായ നാഗ ദൈവങ്ങൾ…

ചെറിയ ഉരുളൻ കല്ലുകൾ വിരിച്ച മുറ്റത്തിനപ്പുറം നാല് വലിയ മരത്തൂണുകൾ ഉമ്മറം താങ്ങുന്ന കൂറ്റൻ ഇരുനില മാളികയ്ക്ക് മുന്നിലായ് ചെറുതും മനോഹരവുമായ “ചാത്തനമ്പലം.

ഉമ്മറക്കോലായിൽ തമ്പിയെ പ്രതീക്ഷിച്ചിട്ടെന്നവണ്ണം ശുഭ്ര വസ്ത്രധാരിയായൊരു ചെറുപ്പക്കാരൻ നിൽപ്പുണ്ടായിരുന്നു.ചെറു ചിരിയോടെ ‘വരിക’യെന്ന് പറഞ്ഞ് തമ്പിയുടെ അനുവാദത്തിന് കാത്ത് നിൽക്കാതെ അയാൾ അകത്തേക്ക് നടന്നു.മാളികയുടെ ഉള്ളിലേക്ക് കടന്ന തമ്പി വിസ്മയിച്ചു പോയി.തഴക്കം വന്ന തച്ചന്മാരുടെ കരവിരുതിൽ വിരിഞ്ഞ ദേവസ്പർശമുള്ള കൊത്തുപണികളാൽ അലംകൃതമായ മരഉരുപ്പടികൾ.മച്ച് മാത്രമല്ല ചുവരിലും തടി പാകി മിനുസപ്പെടുത്തിയിരിക്കുന്നു.വിശാലമായ തളത്തിന്റെ ഒത്ത നാടുവിലായ് തൂക്കിയിട്ടിരിക്കുന്ന കാലപ്പഴക്കം ചെന്ന വലിയ ചില്ല് വിളക്കിൽ അങ്ങിങ്ങായി മാറാല പറ്റിപ്പിടിച്ചിരിപ്പുണ്ട്.അയാളോടൊപ്പം മുകളിലേക്ക് കയറുമ്പോൾ മരഗോവണി വല്ലാതെ ഒച്ചയുണ്ടാക്കിക്കരഞ്ഞു.അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ചന്ദനത്തിരിയുടെ മത്ത് പിടിപ്പിക്കുന്ന ഗന്ധം.പടി കയറി മുകളിലെത്തി പിന്നാലെ ഗമിക്കുമ്പോൾ അയാൾ ഒരിക്കൽ പോലും തിരിഞ്ഞു നോക്കുകയോ ഉരിയാടുകയോ