അപരാജിതൻ -42 5341

മേരുധാമം

മഹാമേരുമണ്ഡപത്തിനുള്ളിൽ പ്രതിഷ്ടിക്കപ്പെട്ട ഷഡ്ഭുജസ്വരൂപമാർന്ന ആദിപരാശക്തി വിഗ്രഹത്തിനു മുന്നിലെ ഹോമകുണ്ഡത്തിൽ ദ്രവ്യങ്ങളും ഹവിസ്സുമർപ്പിച്ച് കുമാരിലഭട്ടന്റെ നേതൃത്വത്തിൽ ഒൻപത് ആചാര്യന്മാരും മന്ത്രജപങ്ങളിൽ മുഴുകുന്ന സമയം.

വാമദേവൻ എന്ന ആചാര്യൻ , ഹോമകുണ്ഡത്തിനു സമീപമുള്ള വലിയ, എണ്ണനിറച്ച ഉരുളിയിൽ ഒൻപത് ആലിലകൾക്ക് മേലെ    ഔഷധവേരുകളും രത്നങ്ങളും പ്രതിഷ്ഠിച്ച്‌ അവയുടെ സഞ്ചാരഗതി കണക്കാക്കി അതിലൂടെ ക്ഷീരപദത്തിൽ ആ ഭൂമിയ്ക്ക് മേൽ ലക്‌ഷ്യം വെച്ച് സഞ്ചരിക്കുന്ന മഹോജ്ജ്വല നക്ഷത്രഖണ്ഡത്തിന്റെ ഗതി, മറ്റുള്ളവർ കേൾക്കുവാൻ ഉറക്കെ പറഞ്ഞു.

“മഹോജ്ജ്വലയുടെ സഞ്ചാരവേഗത വർദ്ധിക്കുന്നു. സൂര്യഗണിത സിദ്ധാന്തപ്രകാരം ചന്ദ്രദേവൻ മൃഗശീർഷ നക്ഷത്രപാദത്തിൽ നിന്നും മഹാർദ്ര നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ഒരു കണിക പോലും മാറ്റമില്ലാതെ ശിവശൈല ഭൂമിയ്ക്ക് മേൽ സഹസ്രയോജന ദൂരത്തിൽ വന്നു നിശ്ചലമായി നിലകൊള്ളും”

ആ വാക്കുകൾ കേട്ട് ചിന്താമഗ്നനായി കുമാരിലഭട്ടൻ, മഹാമേരുമണ്ഡപത്തിനുള്ളിൽ  കിഴക്കേമൂലയിൽ ഉപവിഷ്ടരായ

വൈഷ്ണവഋഷിയായ ആദവനാഥരെയും  അദ്ദേഹത്തിന് സമീപമുപവിഷ്ടനായ ശൈവസിദ്ധനായ പുലിവേൽനായകത്തേയും നോക്കി, അവരോടു തന്റെയുള്ളിലെ ആശങ്കകൾ വ്യക്തമാക്കി.

“ആചാര്യരെ,,, അധമനായ കലി, കലിയേറി മൂർച്ചിച്ചു നിൽക്കുന്ന സമയമാണ് അന്ന് , അതായതു ചന്ദ്രദേവൻ മൃഗശീർഷ നക്ഷത്രപാദത്തിൽ നിന്നും മഹാർദ്ര നക്ഷത്രത്തിലേക്ക് പ്രവേശിക്കുന്ന വേള, മഹോജ്ജ്വല സഹസ്രയോജന ഉയരത്തിൽ  നിശ്ചലമായി നിലകൊള്ളുന്ന അതെ സമയം രണ്ടു കാര്യങ്ങൾ സംഭവിക്കണം, എന്തെന്ന് നിങ്ങൾക്ക് അറിയുവതല്ലേ ? ”

“അറിയാം കുമാരിലഭട്ടരേ,,നന്നായിയറിയാം” ആദവനാഥ൪ മറുപടി ചൊല്ലി.

അദ്ദേഹം പുലിവേൽനായകത്തെ ഒന്ന് നോക്കിയതിനു ശേഷം ഒൻപതു ആചാര്യന്മാരെയും നോക്കി.

വലം കൈപ്പത്തിയുയർത്തി ചൂണ്ടുവിരൽ മേലേക്ക് ചൂണ്ടി പറഞ്ഞു

“ഒന്ന്,,,ശ്രീവത്സഭൂമിയിൽ നാരായണസാലഗ്രാമ വിഗ്രഹത്തിന്റെ  പ്രഥമ പ്രതിഷ്ഠ നടന്നിരിക്കണം”

അന്നേരം രണ്ടാമതായി പുലിവേൽ നായകം വിരൽ ഉയർത്തി മൊഴിഞ്ഞു.

“ഇരണ്ട്,,അന്ത നേരത്തിലെ മുതൽപുരുഷർ അവനുടൻ മൂലപ്രകൃതിയോടെ സേരണം”

“ആചാര്യരെ,,ഇവ രണ്ടും ഒരു നിമിഷാർദ്ധം പോലും വ്യത്യാസമില്ലാതെ  ഒരേ നേരത്തിൽ തന്നെ സംഭവിക്കണം” കുമാരിലഭട്ടൻ തന്റെയുള്ളിലെ ഭയത്തിന്റെ കെട്ടഴിച്ചതി൯ ഫലമായുണ്ടായ ആധി മുഖത്ത് പ്രകടമാക്കി അവരെയറിയിച്ചു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.