അപരാജിതൻ -42 4924

“അന്ത നടനം ആടുമവർ സത്തു പോയിടും സങ്കരാ ” ബംഗാളി ചുവയുള്ള തമിഴിൽ അവൾ മൊഴിഞ്ഞു.

ഒരു നടുക്കത്തോടെ ആദി വേഗം  എഴുന്നേറ്റിരുന്നു.

“ജ്വാലാമുഖിയാടിയാൽ മരണമോ ?”

“അതെ ശങ്കരാ,,,മരണമാണ് കാരണം ”

“എനിക്ക് ,,എനിക്കൊന്നും മനസിലാകുന്നില്ല , ആരും പഠിച്ചിട്ടില്ല , ആർക്കും പഠിപ്പിച്ചിട്ടുമില്ല പിന്നെ എങ്ങനെ അതാടും , മരണത്തിനു കാരണമില്ലേ”

“ശങ്കരാ,,എല്ലാം ഞാൻ ചൊല്ലാം ഇടയിൽ ചോദ്യം വേണ്ടാ” ചുടല ആദിയെ അറിയിച്ചു.

“ഹ്മ്മ്മ് പറയു,,”

“പ്രപഞ്ചം സംഹരിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്തിട്ടുണ്ട് , അതൊരു ഒടുക്കമിലാത്ത കർമ്മമാണ്‌, സംഹാരതാണ്ഡവമാടി പ്രപഞ്ചം പൂർണമായും സംഹരിക്കപ്പെട്ടാൽ പിന്നെ അവശേഷിക്കുന്നത് പുരുഷനും പ്രകൃതീയും മാത്രമാണ്. അവർ മാത്രമായാൽ പിന്നെ പ്രകൃതി പുരുഷനിലേക്ക് വിലയം പ്രാപിക്കും അതോടെ പുരുഷൻ ഗുണങ്ങൾ ഇല്ലാതെയായി നിർഗ്ഗുണപരബ്രഹ്മം എന്ന അവസ്ഥയിലേക്ക് അതായത് ഏറ്റവും ചെറിയ ഒരു കണികയെ  കോടാനുകോടിയായി വിഭജിച്ചാൽ അതിന്റെ അംശമെന്താണോ ആ അവസ്ഥയിലേക്ക് പരിവർത്തനം ചെയ്തു ശൂന്യതയിലേക്ക് കടക്കും. അതോടെ പ്രപഞ്ചം ശൂന്യതയാകും, കാലങ്ങൾ കഴിഞ്ഞു ആ ശൂന്യത, പരബ്രഹ അവസ്ഥയിലേക്ക് മാറും അവിടെ പ്രകൃതി അതിനു ഗുണം പകർന്നു സൃഷ്ടി സാധ്യമാക്കും , പിന്നെയത് അനന്തമായി വികസിക്കും”

ചുടല അൽപ്പം നേരം നിർത്തി.

“നിശ്‌ചലനായി നിൽക്കുന്ന സൂര്യന് ചുറ്റും സ്വയം ഭ്രമണം ചെയ്തു സൂര്യനെ പരിക്രമണം ചെയ്യുന്ന ഭൂമി, അതിന്റെ പ്രകൃത്യാലുള്ള ബലങ്ങളാൽ സൂര്യനിലേക്ക് വീഴുന്നില്ല , ആ ബലങ്ങൾ ഇല്ലാതെയായാൽ ഭൂമി സൂര്യനിൽ ലയിച്ച് ചേരും.അത് തന്നെയാണ് ജ്വാലാമുഖിയുടെ രഹസ്യവും, പ്രകൃതി സ്വയം ഭ്രമണം ചെയ്തു പുരുഷനെ പരിക്രമണം ചെയ്തു സൂര്യനിൽ പുരുഷനിൽ ഒരു ജ്വാലയായി ലയിച്ചു ചേരും, അതോടെ പുരുഷൻ നിർഗുണബ്രഹ്മമായി മാറി ശൂന്യത പ്രാപിക്കും. ശക്തി ജ്വാലാമുഖി താണ്ഡവമാടി ശിവനിൽ വിലയം കൊള്ളുന്നതാണ് ജ്വാലാമുഖി താണ്ഡവം”

പാർവ്വതി നൃത്തമാടിയതും ഒടുവിൽ ഒരു മിന്നൽപിണർ വന്നതും അവൻ ഓർത്തു.

“ചുടലെ,,ആർക്കും അറിയാത്ത ജ്വാലാമുഖി പിന്നെ എങ്ങനെ ആടും”

“ശക്തി സ്വരൂപിണി ഇച്ഛിക്കുന്നവരിൽ  അവരറിയാതെ ഈ വിശേഷ ജ്ഞാനം പകർന്നു നൽകും എന്നാണ് കേട്ടറിവ് , അങ്ങനെ ജ്ഞാനികൾ ആയവർ അത് ആടിയേക്കാം , മരണം കൈയിൽ പിടിച്ചു കൊണ്ട് തന്നെ ”

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.