അപരാജിതൻ -42 4924

തിരികെ ശിവശൈലത്തേക്ക് ഗമിക്കുകയായിരുന്ന ആദി ശ്മശാനത്തിലേക്കുള്ള തിരിവും കഴിഞ്ഞു യാത്ര തുടർന്നു.

അവന്റെ മനസ്സിലാകെ ലക്ഷ്മിയമ്മ കണ്ണുനീർ പൊഴിച്ചു നിൽക്കുന്നതാണവന് അനുഭവപ്പെട്ടത്.

‘അമ്മ പിറന്ന മണ്ണിൽ അമ്മയുടെ ആത്മാവിനു പ്രവേശിക്കാനാകാതെ നിൽക്കുന്നത് മാത്രമല്ല, നദിയിൽ മുങ്ങികിടക്കുന്ന മഹാദേവനെയോർത്ത് വിഷമിച്ചു കണ്ണീരണിഞ്ഞ അമ്മയുടെ മുഖം ശങ്കരന് സഹിക്കാനൽകുന്നതിനും അധികമായിരുന്നു.

ജീപ്പോടിക്കുന്ന വേളയിലും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ജീപ്പിന്റെ ഗിയർ മാറ്റി ആക്സിലേറ്റർ അമർത്തിചവിട്ടി അവൻ അതിവേഗം ജീപ്പ് പായിച്ചു.

മുന്നോട്ട് പോയ ജീപ്പ് ശാംഭവി നദിക്കരയിൽ കൊണ്ട് ചെന്നവൻ ശക്തിയിൽ ബ്രേക്ക് ചവിട്ടി നിർത്തി പുറത്തേക്കിറങ്ങി.

വെള്ളം നിറഞ്ഞു അടിയൊഴുക്കുള്ള ശാംഭവി നദിയിലേക്ക് അവൻ എടുത്ത് ചാടി ശാംഭവിയുടെ ആഴങ്ങളിലേക്ക് അവൻ മുങ്ങാങ്കുഴിയിട്ടു കൊണ്ട് നീന്തിയടുത്തു.

ആഴങ്ങളിലേക്ക് ചെല്ലുന്തോറും പൂർണ്ണമായും ഇരുട്ടായിരുന്നു.

ആ ഇരുട്ടിനെയും ദേഹത്തെ ഞെരിച്ചമർത്തുന്ന നദീമർദ്ധത്തെയും അവഗണിച്ചു കൊണ്ട് അവൻ കൃഷ്ണശിലാവിഗ്രഹം കിടക്കുന്നു എന്നവന്റെ മനസ് പറയുന്നയത്രയും ആഴത്തിലേക്ക് നീന്തിക്കൊണ്ടേയിരുന്നു.

ഒടുവിലവൻ അടിത്തട്ടിൽ കാൽകുത്തി നിന്ന് കൊണ്ട് മണ്ണിൽ തപ്പിത്തടഞ്ഞു കൃഷ്ണശിലാവിഗ്രഹത്തിന്റെ പാദങ്ങൾ സ്പർശിച്ചറിഞ്ഞു.

പെറ്റമ്മയുടെ സങ്കടമാണ് ശാംഭവിയുടെ മടിയിൽ ശ്വാസം കഴിക്കാനാകാതെ കിടക്കുന്നത് എന്ന ബോധ്യം അവനിലെ വീര്യത്തെ വർദ്ധിപ്പിച്ചു.

ഉള്ളിൽ നിറച്ചു വെച്ച ശ്വാസത്തിന്റെ അകമ്പടിയോടെ അവൻ അടിത്തട്ടിലൂടെ നീങ്ങി മഹാദേവന്റെ കൃഷ്ണശില വിഗ്രഹത്തിന്റെ ശിരോഭാഗത്തിനരികിലായി എത്തി.

പാതി ഭാർഗ്ഗവനാരായണരും പാതി തിരുനായനാറുമായ ആദിശങ്കരൻ ബലം കൊടുത്തുകൊണ്ട് തന്റെ കരുത്തുറ്റ കരങ്ങളാൽ കൃഷ്ണശിലാവിഗ്രഹത്തിന്റെ ശിരാഗ്രത്തിൽ മുറുകെ പിടിച്ചു കൊണ്ട് മണ്ണിൽ കാൽ കുത്തി നിന്നു സർവ്വശക്തിയും ഉപയോഗിച്ച് പത്താൾ ഉയരത്തിൽ ഭാരമേറിയ കൃഷ്ണശിലയാൽ നിർമ്മിതമായ ആ ശിലാവിഗ്രഹത്തെ മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചു.

അവന്റെ വായിൽ നിന്നും മൂക്കിൽ നിന്നും വായു കുമിളകളായി ഒഴുകി. ശാംഭവി നദി അവന്റെ ദേഹത്ത് അതിയായ മർദ്ധം പ്രയോഗിച്ചുകൊണ്ടേയിരുന്നു.അവൻ തന്റെ ബലം വർധിപ്പിച്ചു കൊണ്ടേയിരുന്നു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.