അപരാജിതൻ -42 5514

“ഇതുവരെയില്ലാത്തത് എന്തായിരിക്കും ഗുരുനാഥാ?” കാലമേഘൻ തിരക്കി.

“അത് കണ്ടു പിടിക്കണം,,നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, കലിശ്വരൻ വാഴുന്ന കലികാശൈലത്തെയും വിറപ്പിക്കുന്ന എന്തോ ഒരു ശക്തി എവിടെയോ ഉദയം കൊണ്ടിട്ടുണ്ട് എന്നതാണ് എന്റെ മനസ്സ് പറയുന്നത്”

“നമ്മളിപ്പോൾ എന്താണ് ചെയ്യേണ്ടത് ഗുരുനാഥാ” കാലകെയൻ ചോദിച്ചു.

അയാൾ കുറച്ചു നേരം ഒന്നാലോചിച്ചു.

“ഇപ്പോൾ ഈ ഭൂമികുലുക്കം ഉണ്ടായത് സർവ്വോജ്വല ശക്തിയുടെ ബലം വർധിക്കുന്നത് കൊണ്ടാകും , കുറെ ആയാൽ പിന്നെ നമുക്ക് നിയന്ത്രിക്കുന്നതിനും അപ്പുറമാകും , അതിനാൽ ഇന്ന് രാത്രി, ഒരു മിഹിരപെണ്ണിനെ തത്ക്കാലം കലീശ്വരന്‌  ബലി നൽകി പ്രസന്നനാക്കുകയും അവളുടെ ചോര ഗർത്തത്തിൽ ഒഴിച്ച് ഊർജ്ജവത്തായ സർവ്വോജ്വല ശക്തിയെ കളങ്കപ്പെടുത്തുകയും വേണ്ടി വരും , അത് തത്കാലത്തേക്ക് സർവ്വോജ്ജ്വല ശക്തിയുടെ ഉയരുന്ന ഊർജ്ജം നിയന്ത്രിയ്ക്കാൻ നമ്മളെ സഹായിക്കും, നമുക്കാർക്കും ഇനി ഈ ഉപാസനകൾ കഴിയും വരെ പുറം ലോകവുമായി യാതൊരു ബന്ധവും ഉണ്ടാകാൻ പാടില്ല , അതുകൊണ്ടു തന്നെ  എന്ത് നടന്നാലും നമുക്കറിയുവാൻ നിർവ്വാഹമില്ല”

എല്ലാവരും അത് കേട്ട് ശിരസ് കുലുക്കി.

“എന്തുമാകട്ടെ,,മുടങ്ങിയ പൂജകൾ ഉടനെ പുനരാരംഭിക്കണം , അതിൽ യാതൊരു വിധ മുടക്കവും പാടില്ല” ശ്രോണപാദൻ നിർദേശം നൽകി,

അപ്രകാരം കാലകേയനും സഹോദരങ്ങളും തങ്ങളുടെ ഉപാസനകൾ ആരംഭിച്ചു.

പീഠഭൂമിയിൽ , കലാഹികൾ തങ്ങളുടെ പരിശീലനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു.

@@@@@

 

“ബാലുച്ചേട്ടാ,,,എന്റെ കൈയ്യെല്ലാം അങ്ങ് തരിച്ചു വരുന്നു”

അത്രയും കേട്ടപ്പോൾ ആവേശം നിറഞ്ഞ മനു എഴുന്നേറ്റു രോമാഞ്ചകഞ്ചുകനായി പറഞ്ഞു.

“എന്ത് പറ്റി ?” ബാലുഅവനോടു ചോദിച്ചു.

“എന്ത് പറ്റിയെന്നോ, ഇനി ചിലവന്മാർക്ക് പറ്റാനല്ലേ പോകുന്നത് ”

ബാലു അത് കേട്ട് പുഞ്ചിരിച്ചു.

“ഓ ,,അങ്ങനെയോ?”

“അതെ,,, ഹോ എന്തായാലും എന്തെല്ലാം കാര്യം അറിഞ്ഞു , ഇപ്പോളല്ലേ ജ്വാലാമുഖി എന്തെന്ന് മനസിലായത് , പാറു ജ്വാലാമുഖി ഒരിക്കൽ ആടിയിട്ടുണ്ട് , പാലിയത്ത് വെച്ച്. പക്ഷെ പാറു ജ്വാലാമുഖി ആടുമെന്ന കാര്യം അപ്പുവിനറിയുകയും ഇല്ല , ഇപ്പോളാണ് വേറെയൊരു കാര്യം പിടികിട്ടിയത് , ഒരിക്കൽ ചുടല പാറുവിനെ താമരയുടെ പേരുകൾ കൂട്ടി വിളിച്ചു നമസ്കരിച്ചിരുന്നു , അത് കൂടാതെ പാറുവിന്റെ ദേഹത്തു നിന്നും ഉയരുന്ന താമരപ്പൂ വാസന, വേറെയൊരു കണക്ഷൻ കൂടെയുണ്ട് , പാറുവിന്റെ വല്യപ്പൂപ്പൻ ജ്വാലാമുഖി ക്ഷേത്രത്തിൽ ഇരുന്നപ്പോൾ പുലർച്ചെ ഒരു പാറു കുഞ്ഞായിരുന്ന രൂപം കാണുകയും പിന്നീട് ആ സ്ഥാനത്ത് ഒരു ചുവന്ന താമരപ്പൂ കിട്ടുകയും ചെയ്തിരുന്നു , അതുപോലെ ശിവനാഡി ഒരിക്കൽ പറഞ്ഞിട്ടുണ്ട് , ആയിരം കൊല്ലം മുൻപ് ജീവിച്ചിരുന്ന ഒരു രാജകുമാരിയാണ് പാറു എന്ന് , എല്ലാം കൂട്ടി വായിക്കുമ്പോൾ ഇപ്പോൾ വ്യക്തമായി. ചുടല പറഞ്ഞ ആയിരമാണ്ടുകൾക്ക് മുൻപ് ജ്വാലാമുഖി നടനമാടിയ പെണ്ണായിപിറന്ന താമരപ്പൂ അത് പാർവ്വതി തന്നെയാണ്, എല്ലാം എല്ലാം എനിക്ക് മനസിലായി, എല്ലാ കണ്ണികളും കൂടി ചേർന്ന് വരുന്നു. പക്ഷെ ഒരു പ്രശ്നമുണ്ട് , ജ്വാലാമുഖി നടനം ആടിയാൽ മരണം എന്നല്ലേ പറഞ്ഞത് , അപ്പൊ ആയിരം കൊല്ലം മുൻപുള്ള പാറു ആ നൃത്തമാടിയാണോ മരിച്ചത്, അല്ലെങ്കിൽ,,,” മനു ഒന്ന് നിർത്തി ചിന്തിച്ചു.

Updated: January 1, 2023 — 6:28 pm

4 Comments

  1. ശെടാ അടി തുടങ്ങിയില്ലെ

Comments are closed.