മാർഗഴി [നിള] 79

 

മാർഗഴി

 

മഴ പെയ്തുതോർന്നിട്ടും വൈകിയെത്തിയ പൊൻവെയിൽ ആ പ്രഭാതത്തെ മടിയുടെ കരിമ്പടം പുതപ്പിച്ചു.

 

അരുണനെ ആകാശക്യാൻവാസിൽ ഒരു കുഞ്ഞു കുട്ടി ഇളം മഞ്ഞ നിറം കൊണ്ട് വരച്ചു ചേർത്ത പോലെ തെളിച്ചമില്ലാതെ കാണാം.

 

മുകളിലോട്ട് കണ്ണുയർത്തുമ്പോൾ ഇത്തിരി മാനം പച്ചപ്പിന്റെ കീറുകളിലൂടെ അവിടിവിടെയായി വെള്ളിയുടുപ്പിട്ടു നിൽപ്പുണ്ട്.

 

അലക്കുകല്ലിന്റെ മുകളിൽ വായിൽ നിറച്ച പതയ്ക്കൊപ്പം ബ്രഷും കടിച്ചു പിടിച്ച് ചമ്രം പടിഞ്ഞിരിക്കുകയായിരുന്നു ഞാൻ.

പല്ല് തേയ്ക്കാനുള്ള എന്റെ ഇഷ്ടസ്ഥലമാണ് വശങ്ങളിൽ പായൽ പിടിച്ച അലക്കുകല്ല്.

 

അഞ്ചേമുക്കാൽ മുതൽ ആറ് മണി വരെ അഞ്ചു മിനിറ്റ് ഇടവിട്ട് അടിക്കുന്ന അലാറത്തിൽ ഉണർന്നും മയങ്ങിയുമൊക്കെ ഒരു കിടപ്പാണ്.

അടുക്കളയുടെ വശത്തേക്ക് തുറക്കുന്ന ജനലിൽ കമ്പി വടികൊണ്ടുള്ള അമ്മയുടെ ഒരൊറ്റ തട്ടിൽ ചാടിയെഴുന്നേൽക്കും.

 

പുതപ്പ് മടക്കി വച്ച്, അടുക്കളയിലെത്തി ഒരു നുള്ള് ഉമിക്കരിയും ബ്രഷിന്റെ നാരുകളിൽ നിറച്ചും പേസ്റ്റും എടുത്ത് പുറകുവശം വഴി കിണറിനോട് ചേർന്ന് കിടക്കുന്ന അലക്കുകല്ലിന്മേൽ സ്ഥാനം പിടിക്കും.

 

ആ ഇരുത്തം ആറര വരെ നീളും.

 

എട്ടു സെന്റിലെ വീട്ടിൽ നട്ടു വളർത്താവുന്നതൊക്കെയും അമ്മ നട്ടിട്ടുണ്ട്.

മാവും പ്ലാവും തെങ്ങും തേക്കും വാഴയും പൂക്കാൻ മറന്നു പോകാറുള്ള പറങ്കിമാവും ഉൾപ്പടെയുണ്ട്.

 

ആദ്യത്തെ ശക്തിയുള്ള പല്ലുതേപ്പ് പല താളങ്ങൾ കൈ വരിച്ച് കണ്ണെത്തുന്ന കാഴ്ചകൾക്കൊപ്പം നേർത്തു പോകാറാണ് പതിവ്.

അന്തം വിട്ടങ്ങനെ നോക്കിയിരിക്കും.

 

അങ്ങനെ പരിസരം മറന്ന് നോക്കിയിരിക്കാൻ പ്രകൃതി എന്നുമെന്തെങ്കിലും വിരുന്നൊരുക്കാറുമുണ്ട്.

 

കുലച്ചു വന്ന വാഴയിലെ കൂമ്പിൽ നിന്നും മഴ തല്ലിക്കൊഴിച്ച അല്ലികൾ നോക്കിയങ്ങനെയിരുന്നു.

അവിടുന്ന് കണ്ണുകൾ നീണ്ട് തലേന്ന് ചുവന്നു കൊതിപ്പിച്ച കയ്പ്പയ്ക്കയിലെ വലിയൊരു തുളയിലെത്തി.

 

ഇന്നലെ അടർത്തിയിടാൻ പറഞ്ഞതാണ്!

അമ്മ കണ്ടാൽ തീർന്നു!

 

സ്വയമോർത്തു പോയി.

 

“ബാലാ.. സീക്രം വാമ്മാ…” അമ്മയുടെ ആദ്യത്തെ വിളിയെത്തി.

 

പല്ലു തേപ്പ് വേഗത്തിലാക്കി.

കിണറിൽ നിന്നും കോരി വച്ച തൊട്ടിയിലെ വെള്ളം കൊണ്ട് വാ കഴുകി കുലുക്കുഴിഞ്ഞ് തുപ്പി.

 

പ്രഭാതത്തിലെ കിണർ വെള്ളത്തിന് വല്ലാത്തൊരു കുളിരാണ്.

മഴ പെയ്തു തോർന്നത് കൂടിയായപ്പോൾ കുളിരൊന്നൂടെ കൂടി ദേഹമാകെ തരിച്ചു പോയി.

 

മുഖവും കഴുകി ബാക്കി തണുപ്പ് കാലിലേക്കും ഒഴുക്കി വിട്ടു.

 

വെള്ളിപ്പാദസരം കാലിനോടൊന്നൂടെ ഒട്ടി.

 

നേരമിത്രയായിട്ടും തുറന്നു വിടാത്തതിലുള്ള പരിഭവം ഉയർന്നു കേൾക്കുന്ന കോഴിക്കൂടിനരികിലേക്ക് വേഗത്തിൽ നടന്നു.

 

കൊളുത്തിളക്കി കൂടിന്റെ വാതിൽ തുറന്നപ്പോഴാകട്ടെ അതിനുള്ളിലെ അഞ്ചെണ്ണവും മഴയുടെ തണുപ്പിൽ മടിപിടിച്ചിരിപ്പാണ്.

 

“ഇങ്ങോട്ടിറങ്ങ് പിള്ളേരെ… മഴയൊക്കെ തീർന്ന്..” മൂക്ക് കൊണ്ട് ശ്വാസമെടുക്കാതെ വാ കുറച്ചു തുറന്ന് മുന്നോട്ടാഞ്ഞ് കയ്യെത്തി ഒരെണ്ണത്തിന്റെ ചിറകിൽ പിടിച്ചെടുത്തു.

 

കറുപ്പിൽ കുഞ്ഞു വെള്ളപ്പുള്ളികളുള്ള ഒരു സുന്ദരിപ്പിടയെയാണ് എടുത്തത്.

 

അടക്കിപ്പിടിച്ച് പിറകിലോട്ട് മാറിയപ്പോൾ തന്നെ മൂക്കിലൂടെ ശ്വാസം വലിച്ചു വിട്ടു.

എങ്കിലും കോഴിക്കാഷ്ടത്തിന്റെ ദുർഗന്ധമുണ്ട്.

 

“കള്ളി.. പതുങ്ങിയിരിക്കാണല്ലേ..” കോഴിയെയൊന്ന് കൊഞ്ചിച്ച നിമിഷം തന്നെ വയറിന്റെ ഭാഗത്തൊരു ചൂടറിഞ്ഞു.

 

ഞെട്ടലോടെ കോഴിയെ ദേഹത്തു നിന്ന് മാറ്റി നോക്കി.

പിടിയയഞ്ഞപ്പോൾ കോഴി ചാടി തറയിലോട്ടുമിറങ്ങി.

 

5 Comments

Add a Comment
  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Leave a Reply

Your email address will not be published. Required fields are marked *