മാർഗഴി [നിള] 79

ഏതായാലും പതിനേഴിന്റെ നെറുകിൽ ഉദിച്ചു നിന്ന പ്രണയസൂര്യൻ പതിനെട്ടു തുടങ്ങും മുന്നേ അസ്തമിച്ചു പോയി.

 

ജീവിതചക്രം പിന്നെയും കറങ്ങി.

 

പ്ലസ്ടു കഴിഞ്ഞതോടെ ആ കാസറ്റ് കടയും അവിടുത്തെ ശ്രീയേട്ടനും അപ്രത്യക്ഷമായി.

കുടുംബത്തോടെ എങ്ങോട്ടോ മാറിയെന്നാണ് അറിഞ്ഞത്.

 

നെറ്റിയിൽ ചന്ദനക്കുറിയണിഞ്ഞൊരു രൂപത്തെ ഓർമ വന്നു.

ആകെ ഓർമയുള്ളത് അതുമാത്രമാണ്.

അതും ആകാശനീല വരകളുള്ള ഷർട്ടും മുണ്ടും.

 

 

ഭാഷാപഠനത്തിനായി ഡിഗ്രി അലോട്ട്മെന്റും കാത്തിരുന്ന എന്നെ എന്റെ ‘തലവിധി’യായ മുറൈ മാമൻ എൽഎൽബിയുടെ സാധ്യതകളെക്കുറിച്ച് അമ്മയോട് വിവരിച്ച് അതിലോട്ടു പറഞ്ഞു വിട്ടു.

 

ആൾക്കൂട്ടത്തിലേക്ക് ഇഴുകിച്ചേരാൻ മടിക്കുന്ന, മനോരാജ്യത്ത് വിഹരിച്ച് സാഹിത്യമെന്ന പേരിൽ എന്തൊക്കെയോ എഴുതിക്കൂട്ടുന്ന, അതിലുപരി നാല് പേരുടെ മുന്നിൽ സംസാരിക്കുമ്പോൾ വാക്കിൽ വെള്ളി വീഴുന്ന എന്നെ ഇഞ്ചിഞ്ചായി അറക്കാൻ കൊടുത്തത് പോലെയായിരുന്നു നിയമപഠനം.

 

സെക്ഷനുകളും ക്ലോസുകളും കേസ്‌ലായും ഒക്കെ കൊല്ലങ്ങളോളം മാനസികമായി നിരന്തരം പീഡിപ്പിച്ചു.

 

ഒടുവിൽ കേസില്ലാവക്കീലായി ജീവിതം തീരുമെന്ന് ഉറപ്പായപ്പോൾ എന്റെ “നല്ല നടപ്പ്” കണക്കിലെടുത്ത് സിറ്റിയിലെ ഒരു ടാക്സ് കൺസൽട്ടൻസിയിൽ ജോലിക്ക് കയറാനുള്ള അനുമതി കിട്ടി.

 

ഇരുപത്തിയൊന്ന് കിലോമീറ്റർ ദൂരമുണ്ട് വീട്ടിൽ നിന്നും ഓഫീസ് വരെ.

 

അങ്ങനെ നല്ലൊരു ശതമാനം ആളുകളെപ്പോലെ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലിയിൽ ഞാനും ശോഭിച്ചു തുടങ്ങി.

 

ജോൺസൺ മാഷിന്റെ വരികൾക്ക് കാതോർത്തിരിക്കുമ്പോൾ നനവാറാത്ത കളഭത്തിന്റെ ഗന്ധം നാസാരന്ധ്രങ്ങളെയൊന്ന് തുടിപ്പിച്ചു.

 

മുന്നിലിരിക്കുന്നയാളുടെ നെറ്റിയിൽ നിന്നുമാണ്.

കണ്ണിൽപ്പെടാറുള്ള ചന്ദനക്കുറികൾ ഒരല്പനേരത്തേക്കെങ്കിലും ഒരാളെ ഓർമ്മിപ്പിക്കാറുണ്ട്.

 

 

 

ഓഫീസിലെത്തുമ്പോൾ എനിക്കുള്ള ‘പണി’യുമായാണ് സാർ കാത്തു നിന്നത്.

 

ചെന്നൈ ആസ്ഥാനമാക്കിയ ഒരു കമ്പനിയിൽ ജിഎസ്ടിയുടെ കുറച്ചു പ്രശ്നങ്ങൾ.

അവരുടെ അക്കൗണ്ടന്റ് ഇവിടുള്ള ബ്രാഞ്ചിലാണ് ഉള്ളത്.

ശ്രീജിത്ത്‌ എന്നൊരു പേരെഴുതിയ കടലാസും അതിൽ കുറിച്ചിട്ടൊരു ഫോൺ നമ്പറും തന്നു.

 

വിളിച്ചു ചോദിച്ച് ഓഫീസിലെത്താനുള്ള വഴി മനസ്സിലാക്കാനാണ്.

 

മറുപുറത്തെ കനത്ത നാദത്തിനുടമ രാവിലെ കൂടി ഞാൻ ഓർത്തെടുത്തവനാണെന്ന് അറിഞ്ഞില്ല.

 

ഓഫീസിന് നാല് കിലോമീറ്റർ അകലെയുള്ള കമ്പനി ബ്രാഞ്ചിൽ എത്തി അക്കൗണ്ടന്റുമായി നേർക്കുനേരെയെത്തിയപ്പോൾ ആകെയൊരു ഞെട്ടലായിരുന്നു.

 

പരിചയഭാവത്തിലൊരു ചിരി പൊട്ടി വന്നെങ്കിലും പുതിയൊരാളെ കാണും പോലെ നേർത്തൊരു പുഞ്ചിരി തന്ന് എതിരെയുള്ള സീറ്റിൽ ഇരുന്നോളാൻ കാണിച്ചു ശ്രീയേട്ടൻ.

 

എന്നെ മനസ്സിലാകാത്തതാണോ എന്നൊരു സംശയത്തോടെ ചെയറിൽ മെല്ലെയമർന്നു.

 

നോക്കുമ്പോൾ ലാപ്ടോപിൽ നിന്നും മുഖം മാറ്റാതെയിരിപ്പാണ്.

 

നെറ്റിയിലെ കളഭക്കുറിയിൽ വിയർപ്പു പൊടിഞ്ഞ് വിള്ളലുകൾ വീഴ്ത്തിയിരുന്നു.

 

സ്‌ക്രീനിൽ ഉറച്ചു പോയ മിഴികൾക്കുള്ളിലെ കൃഷ്ണമണിയിൽ നേർത്തൊരു വിറയൽ ഞാനറിഞ്ഞു.

 

തൊണ്ടക്കുഴിയിലെ ആദംസ് ആപ്പിളിൽ ഉമിനീരിറങ്ങുമ്പോഴുള്ള പ്രകമ്പനം അറിയാം.

 

കീബോർഡിലമരുന്ന വിരലുകളുടെ താളം പിഴച്ചു പോകുന്നു.

 

എനിക്കെന്തോ ആ നിമിഷം പൊട്ടിച്ചിരിക്കാൻ തോന്നി.

 

ഒരു പക്ഷെ ഇത്ര നാളും ശ്രീജിത്തെന്ന ശ്രീയേട്ടനെ കാണാനൊരു മോഹം ഉള്ളറകളിലെവിടെയോ താഴിട്ടു പൂട്ടി വച്ചിരുന്നിരിക്കണം.

 

എന്റെ വിളികൾക്ക് അറിയാതെ കാതോർത്ത ഒരുവനോട് തോന്നിപ്പോയൊരു കൗതുകം.

 

5 Comments

Add a Comment
  1. തിരിച്ചുവരവ് ഗംഭീരമാക്കി

  2. Very long time back. Thanks. Story Good ?…

  3. ♥️♥️♥️♥️♥️♥️

  4. After a Long Break

  5. After a long break…

Leave a Reply

Your email address will not be published. Required fields are marked *