പടിപ്പുര കടന്നൊരാൾ 31

“എനിക്ക്… എനിക്ക് ഈ കല്ല്യാണം വേണ്ട… ഞാൻ വേറൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നുണ്ട്. അവളെ മാത്രമേ വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. എല്ലാവരും അതിന് സമ്മതിക്കണം.”

ഒരു തീരുമാനം പോലെ ഞാൻ പറഞ്ഞ് നിർത്തി. എല്ലാവരുടെയും കണ്ണുകൾ എനിക്ക് നേരെ ആയിരിക്കും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ മുഖമുയർത്തി നോക്കിയില്ല. കനത്ത നിശബ്ദത അവിടെ തളംകെട്ടി നിന്നു. ഇനി വരുന്നതെന്തും നേരിടുക തന്നെ എന്ന് നിശ്ചയിച്ച് ഞാൻ മനസ്സിനെ ബലപ്പെടുത്തി.

“ഇതായിരുന്നല്ലേ നിന്റെ മനസ്സിൽ… ഞാൻ ജീവിച്ചിരിക്കുമ്പോ ഇത് നടക്കില്ല. നിന്റെ മനസ്സിൽ ആര് തന്നെ ഉണ്ടെങ്കിലും അത് മറന്നേക്ക്. ഞാൻ നിശ്ചയിക്കുന്ന കുട്ടിയെ അല്ലാതെ ആരെയും നീ വിവാഹം കഴിക്കില്ല. എന്നെ ധിക്കരിച്ചാൽ പിന്നെ ഒരു നിമിഷം ഞാൻ ജീവിച്ചിരിക്കില്ല.”

അമ്മയുടെ വാക്കുകൾക്ക് പ്രതിഷേധത്തിന്റെ സ്വരം. അവസാനമായപ്പോഴേക്കും നേർത്ത് നേർത്ത് കരച്ചിൽ രൂപത്തിലായി. ഇതായിരിക്കും അമ്മ പറയുക എന്നെനിക്ക് അറിയാമായിരുന്നു. അതിനാൽ ഒട്ടും ഞെട്ടൽ ഉണ്ടായില്ല.

“അമ്മ എന്ത് തന്നെ പറഞ്ഞാലും ശരി, അവളെ അല്ലാതെ വേറെ ആരെയും ഞാൻ വിവാഹം കഴിക്കില്ല. അതിനിനി നിങ്ങൾ സമ്മതിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇങ്ങനെ നിന്നോളാം. അല്ലാതെ ആരെയും ധിക്കരിച്ച് ഇറങ്ങി പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചവർ ഇവിടെ തന്നെ ഉണ്ടല്ലോ… അല്ലെ അമ്മാവാ…”

അമ്മാവൻ ഒന്ന് ഞെട്ടിയത് പോലെ എന്നെ നോക്കി. ആ മുഖത്ത് നിറഞ്ഞ് നിന്നിരുന്ന ഗൗരവം പതിയെ ദയനീയമായി. ആ മുഖം വിളറുന്നത് എല്ലാവർക്കും കാണാമായിരുന്നു. ഇഷ്ടപ്പെട്ട പെണ്ണിന്റെ കൂടെ ഇറങ്ങിപ്പോയി ജീവിതം തുടങ്ങിയ ആളാണ് അമ്മാവൻ. ഒടുവിൽ ഭാര്യയെ ഉപേക്ഷിച്ച് മടങ്ങി വന്ന ശേഷമാണ് തറവാട്ടിൽ കാരണവരായി ജീവിതം തുടങ്ങിയത്. അമ്മാവനോടുള്ള സ്നേഹം മൂലം, അദ്ദേഹത്തെ വിഷമിപ്പിക്കണ്ട എന്ന് കരുതി ആരും ഇന്ന് വരെ പഴയ കാര്യങ്ങളൊന്നും ചികയാൻ പോയില്ല. അതിന് ശേഷമാണ് ഈ തറവാട്ടിൽ പ്രണയിക്കുന്നതിനോട് ഇത്രയും എതിർപ്പ് ഉണ്ടായത്.

അദ്ദേഹം പിന്നെയും ഒന്നും പറഞ്ഞില്ല. ആ മൗനത്തിന് ഒരുപാട് അർത്ഥങ്ങൾ ഉണ്ടായിരുന്നു. ആ മനസ്സ് ഭൂതകാലത്തിൽ ഉഴറുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.

“കിച്ചൂ….”

അമ്മയാണ്. അമ്മാവനോട് അങ്ങനെ ഒക്കെ സംസാരിച്ചതിലുള്ള പ്രതിഷേധം മുഴുവൻ ആ വിളിയിൽ ഉണ്ടായിരുന്നു. അത് മനസ്സിലാക്കി ഞാൻ അമ്മയെ രൂക്ഷമായി നോക്കി.

“ഇതൊന്നും ഈ തറവാട്ടിൽ നടക്കില്ല. നിന്റെ മനസ്സിൽ ആ പെങ്കൊച്ചാണെന്ന് എനിക്ക് നേരത്തെ മനസ്സിലായി. നീ വിളിച്ച് വരുത്തിയതാണ് ആ കുട്ടിയെ അല്ലെ… വെറുതെയല്ല അവൾ എവിടെയും പോകാതെ ഇവിടെ തന്നെ അടയിരുന്നത്. നിന്റെ ആശ നടക്കാൻ പോകുന്നില്ല. എവിടെ നിന്നോ വന്ന അനാഥപെണ്ണിനെ നിന്റെ പെണ്ണായി വാഴിക്കാൻ ഞാൻ സമ്മതിക്കില്ല. അതിന്റെ തന്തയും തള്ളയും എങ്ങനെ ഉള്ളവരാണെന്ന് ആർക്കറിയാം.”

“അമ്മെ…”

എന്റെ വിളിയിൽ അമ്മയുടെ വാക്കുകളോടുള്ള സകല ദേഷ്യവും ഉണ്ടായിരുന്നു.

“അവളെപ്പറ്റി അനാവശ്യം പറയരുത്. അമ്മക്ക് അവളെ ശരിക്കും അറിയില്ല. അമ്മ പറഞ്ഞത് ശരിയാ… മീര തന്നെയാണ് എന്റെ മനസ്സിൽ. അവളെ മാത്രമേ ഞാൻ വിവാഹം കഴിക്കുന്നുള്ളൂ. പിന്നെ അവൾ അനാഥ പെണ്ണൊന്നും അല്ല. അവളുടെ അമ്മ മാത്രമേ ജീവനോടെ ഇല്ലാത്തതുള്ളു. അച്ഛൻ ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്. അവളുടെ മാതാപിതാക്കൾ മോശം ആളുകളാണെന്ന് ഞാൻ കരുതുന്നില്ല. കാരണം, എന്റെ വല്യമ്മാവൻ നല്ലവനാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”

ഞെട്ടലോടെ അദ്ദേഹം മുഖമുയർത്തി എന്നെ നോക്കി. ഉൾക്കൊള്ളാനാവാത്ത സത്യം കേട്ടതിന്റെ അമ്പരപ്പ് എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. അമ്മാവന്റെ മനസ്സിൽ അപ്പോൾ നടക്കുന്ന സംഘർഷങ്ങൾ എന്തൊക്കെയാണെന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല. ഞാൻ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

“നീ പറഞ്ഞത് സത്യമാണോ കിച്ചൂ…?”

ചെറിയമ്മാവന്റെ ചോദ്യം കേട്ട് ഞാൻ അദ്ദേഹത്തെ നോക്കി.

“സത്യം. അവൾ വല്യമ്മാവന്റെ മകൾ ആണ്. അമ്മാവൻ അവളെയും അമ്മയെയും ഉപേക്ഷിച്ച് പോന്നതാണ്. അതിന് ശേഷം ഒരു ആക്‌സിഡന്റിൽ അവളുടെ അമ്മ മരിച്ചു. പിന്നേയുള്ള ജീവിതം അനാഥാലയത്തിൽ ആയിരുന്നു.

മുതിർന്നപ്പോൾ മുതൽ അവൾ അച്ഛനെ അന്വേഷിക്കുകയാണ്. അച്ഛന്റെ പേരല്ലാതെ മറ്റൊന്നും അവൾക്കറിയില്ല. അതുകൊണ്ട് തന്നെ കണ്ടു പിടിക്കാൻ വല്ലാതെ പ്രയാസപ്പെട്ടു. ഈയടുത്താണ് അവൾ കണ്ടെത്തിയത്. അവളുടെ അച്ഛൻ എന്റെ അമ്മാവനാണെന്ന അറിവാണ് എന്നെ അന്വേഷിച്ച് വരാൻ അവളെ പ്രേരിപ്പിച്ചത്.

ഞാനും മീരയും ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. അന്നും എനിക്കവളെ ഇഷ്ടമായിരുന്നു. പക്ഷെ അവൾ ഒഴിഞ്ഞ് മാറുകയായിരുന്നു. ആ വിഷമമാണ് ഞാൻ ബാംഗ്ലൂർ വിടാൻ തന്നെ കാരണം. മീര എന്നെ തേടി വന്നപ്പോൾ എനിക്ക് സന്തോഷം തോന്നി. പക്ഷെ അവൾ തേടി വന്നത് എന്നെയല്ല, അവളുടെ അച്ഛനെയാണ്.”

എല്ലാവരും ഞെട്ടിനിൽക്കുകയാണ്. കേട്ട സത്യം അത്രപെട്ടെന്നൊന്നും ആരും ഉൾക്കൊള്ളില്ല എന്നെനിക്ക് അറിയാമായിരുന്നു. ഒരു ആശങ്ക ആ ഹൃദയങ്ങളിൽ പടരുന്നത് ഞാനറിഞ്ഞു.

അമ്മാവൻ ഒരക്ഷരം പോലും മിണ്ടിയില്ല. മുഖം കുനിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മടിയിലേക്ക് കണ്ണുനീർ തുള്ളികൾ വീഴുന്നത് ഞാനറിഞ്ഞു. അത് ആ ഹൃദയത്തിൽ നിന്നുമാണ് വരുന്നതെന്ന് എനിക്ക് തോന്നി. അത്രയും ദിവസം എനിക്ക് അദ്ദേഹത്തിനോട് തോന്നിയ വെറുപ്പും ദേഷ്യവും ആ നിമിഷം അലിഞ്ഞ് ഇല്ലാതായി.

ഇനിയൊന്നും പറയാനില്ലെന്ന് തോന്നിയതുകൊണ്ട് ഞാൻ തിരിഞ്ഞ് നടക്കാൻ ഭാവിച്ചു. അപ്പോഴാണ് അവിടെ നടന്ന കോലാഹലങ്ങൾ ഒന്നും അറിയാതെ മീര അകത്തളത്തിലേക്ക് കടന്ന് വന്നത്. പെട്ടെന്ന് എല്ലാവരും ഒന്ന് ഞെട്ടി. പിന്നീട് സകല മുഖങ്ങളും അവൾക്ക് നേരെ ആയി.

മീര ഓരോരുത്തരേയും മാറി മാറി നോക്കി. പിന്നെ എന്നെയും. അവിടെ നടന്ന സംഭവങ്ങൾ അവൾ ഊഹിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നേരെ വന്ന നോട്ടം ദയനീയമായി. ഞാൻ മുഖം കുനിച്ചു. അവൾ നിറഞ്ഞ് വന്ന കണ്ണുനീർ മറച്ചു പിടിച്ചുകൊണ്ട് തിരിഞ്ഞ് നടന്നു.

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.