“ഉമ്മാ..ഇങ്ങൾ വിഷമിക്കാതിരിക്കി..എല്ലാം നമ്മക്ക് പറഞ്ഞു ശരിയാക്കാം.ഷംസുക്കാന്റെയും ഷമീന്റെയും ഭാഗത്ത് ഒരിക്കലും അങ്ങനൊരു തെറ്റ് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പറ്റ്ണില്ലാ..യാഥാർത്യം എന്നായാലും പുറത്തു വരാണ്ടിരിക്കില്ല..അതുവരേ നമ്മക്ക് കാത്തിരിക്കാം..”
സോഫി ഉമ്മാനെ സമാധാനിപ്പിച്ചുകൊണ്ടേയിരുന്നു..
“ന്നാലും മോളേ..എങ്ങനെ കഴിഞ്ഞിരുന്ന കുട്ട്യേളാ..അതോർക്കുമ്പോ….”
ഖൈറുത്താ ഒരു നെടുവീർപ്പോടെ തുടർന്നു..
“അതൊക്കെ പോട്ടെ..മോളേ..അന്റെ ഒപ്പം വന്നിനത് ആരൊക്കെയ്നു..”
“ആ..അതോ…നിക്കാഹ് ചെയ്ത് തന്നില്ലേയ്നോ അതാണ് അസീസ് ഉസ്താദ്..എനിക്കെന്റെ ഉപ്പാനെ പോലെയാ..പിന്നെ ആയമ്മയും എന്റെ അവടത്തെ ഫ്രണ്ട്സും..”
വാ തോരാതെ സംസാരിക്കുന്ന സോഫി എന്ന അനാഥ പെൺകുട്ടിയെ ഒരു വാത്സല്യം നിറഞ്ഞ കണ്ണുകളോടെ നോക്കി കാണുകയായിരുന്നു..
“മോളേ..ഇയ്യ് പോയി കിടന്നോ ഇനി.. ഓനിപ്പോ അവിടെ കാത്തിരുന്നു ഉറങ്ങിട്ടുണ്ടാവും..”
കയ്യിൽ ഒരു ഗ്ലാസ് പാലുമായി മരുമോളേ മണിയറയിലേക്ക് പറഞ്ഞു വിടുമ്പോഴും ആ മാതൃഹൃദയം സ്വന്തം മോളെ ഓർത്തു വിതുമ്പുന്നുണ്ടായിരുന്നു..
അന്ന് എല്ലാ പ്രതീക്ഷകൾക്കും തിരികൊളുത്തി മണിയറയിലേക്ക് കാലെടുത്തു വെച്ച സോഫി… പക്ഷേ..ഒട്ടു പ്രതീക്ഷിക്കാത്തൊരു നോവിനു സാക്ഷിയാവേണ്ടി വന്നു…
അതും പറഞ്ഞ് ആതിര ഒന്നു നിർത്തി..
ഒരു കഥയുടെ ആലസ്യത്തിൽ അവളെ മാത്രം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന അനസിനു ബാക്കി അറിയാനുള്ള ജിജ്ഞാസയായിരുന്നു…
“പറ ആതിരാ..പിന്നെയെന്താ അവരുടെ ജീവിതത്തിൽ സംഭവിച്ചേ…”
“അത്…..”
ആതിര കഥ പാതിവെച്ചു നിർത്തിയത് മറ്റൊന്നുമല്ല..
അകലെ നിന്നും വരുന്ന സോഫിയുടെ നിഴൽ അവൾക്ക് കാണാമായിരുന്നു..
“അനൂ..സോഫി വരുന്നുണ്ട്..തൽക്കാലം നമുക്കിതിവടെ നിർത്താം..ഇല്ലെങ്കിൽ ഇതിന്റെ പേരിലാവും ഇവിടെ പുകില്..”
അനസ് തല ചെരിച്ചൊന്നു നോക്കി..വാടിത്തളർന്ന മുഖവുമായി ഉമ്മറപ്പടി കയറി വരുന്ന സോഫിയെ കണ്ടപ്പോൾ ഇടനെഞ്ചിലെന്തോ ഒരു വിങ്ങലനുഭവപ്പെട്ടു..
ആ മുഖത്തേക്കൊന്നു നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ശ്രമം വിഫലമാവുകയായിരുന്നു…
തിരിച്ചൊരു പുഞ്ചിരി പ്രതീക്ഷിച്ചെങ്കിലും ആ മുഖത്തേക്കൊരു നിമിഷം നോക്കി നിന്ന ശേഷം അവനെ നിരാശപ്പെടുത്തിക്കൊണ്ട് ധൃതിയിൽ അവൾടെ മുറിയിലേക്ക് നടന്നു..
“അനൂ..നീ ഇപ്പോ പൊയ്ക്കോ.. അവിടെ എന്തോ പ്രശ്നമുണ്ടായിണ്..അല്ലാതെ ഈ സമയത്തിങ്ങനെ കണ്ണും ചുവപ്പിച്ചോണ്ടവൾ വരൂലാ..”
“ഉം..ശരി ആതിരാ..ഞാൻ ഇറങ്ങുവാ..നീ ചോദിച്ചറിയ് അവളുടെ പ്രശ്നങ്ങളൊക്കെ..”
ആതിരയുടെ ഫോൺ നമ്പറും വാങ്ങി അവിടെ നിന്നിറങ്ങുമ്പോഴും ഉത്തരം കിട്ടാത്തൊരുപാട് ചോദ്യങ്ങൾ കൊണ്ടവൻ അലയുകയായിരുന്നു..
അപ്പോഴും കമിഴ്ന്ന് കിടന്നു തേങ്ങിക്കരയുന്ന സോഫിയുടെ ശബ്ദം ആതിരക്ക് കേൾക്കാമായിരുന്നു..
“സോഫീ..”
പിറകിൽ വന്നു ചുമലിൽ തട്ടി വിളിച്ചപ്പോൾ പതിയെ എഴുന്നേറ്റവൾ ആതിരക്ക് അഭിമുഖമായിരുന്നു..
കണ്ണിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീർ മുത്തുകളെ കൈകൾ കൊണ്ട് തുടച്ചുമാറ്റിയവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു..
“എന്താടാ..എന്തുപറ്റി..”
വിറപൂണ്ടു നിൽക്കുന്ന താടിയെല്ലുകളെ വിരലുകളാാൽ താങ്ങി നിർത്തികൊണ്ട് ആതിര കാര്യമന്വേഷിച്ചു..
“ഇന്നും..അയാൾ വല്ലതും…?”
“ഊം..”
.കാര്യം വിശദീകരിച്ചപ്പോൾ ആതിരയിലും ഒരു ഞെട്ടലുണ്ടായി..
കാമം മൂത്ത് ആവേശം കൊണ്ട് കയറിപ്പിടിച്ച കാസിം മുതലാളിയുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചോണ്ടാ ഇവൾ ഓടി പോന്നത്..പണം കൊണ്ട് എന്തും നേരിടാൻ കഴിവുള്ള അയാളിനി അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ലാ..
“സോഫീ..എന്തായിനി ചെയ്യാ..”
“അറിയില്ല ടാ എനിക്കൊന്നും..ഞാൻ കാരണം നീയും കുഞ്ഞും….”
“എന്റെ കാര്യം …..അതോർത്ത് നീ വെഷമിക്കണ്ട മോളേ..നിന്നെ സുരക്ഷിതമായൊരിടത്തെത്തിക്കുന്നവരെ ഈ ആതിര കൈവിടൂലാ..അതൊന്നുമല്ലല്ലോയിപ്പോ പ്രോബ്ലം..ആ കാസിം മുതലാളി…”
ആലോചനകൾക്കൊരറ്റമില്ലാാതെ ഇരുവരും എത്രനേരമങ്ങനെയിരുന്നെന്ന് നിശ്ചയമില്ലാ…ആ ചിന്തകൾക്കൊരു തടസ്സം സൃഷ്ടിച്ചുകൊണ്ടായിരുന്നു അനസിന്റെ ഫോൺ വന്നത്…
“ഹലോ..ആതിരാ വിവരങ്ങളൊക്കെ ഞാനറിഞ്ഞു..കാസിം മുതലാളി വിളിച്ചിരുന്നു…”
കാസിം മുതലാളിയുടെ ബിസിനസ് പാർട്ട്ണറാണ് അനസ് എന്നത് ആതിരാക്കൊരു പുതിയ അറിവായിരുന്നു..
അനസിന്റെയും ആതിരയുടേയും സംഭാഷണത്തിൽ നിന്നൊന്നും വ്യക്തമാവാാത്ത സോഫി അവളെ തന്നെ ഉറ്റു നോക്കുന്നുണ്ടായിരിന്നു..
അല്പം ഭീതി കലർന്ന സ്വരത്തോടെയായിരുന്നു ആതിരയുടെ ഓരോ മറുപടിയും
വറ്റി വരണ്ടുണങ്ങുന്ന തൊണ്ടയിലേക്ക് ഉമിനീർ ചാലിച്ചിറക്കി വ്യക്തമാവാത്ത സംഭാഷണത്തിനു വേണ്ടിയവളും കാതോർത്തിരുന്നു..
അരമണിക്കൂർ നീണ്ടു നിന്ന ആ സംഭാഷണത്തിനവൾ വിരാമമിട്ടത് ആശ്വാസത്തിന്റെയൊരു നെടുവീർപ്പുമായിട്ടായിരുന്നു..
“എന്താടാ..എന്താ അനസ്ക്കാ പറഞ്ഞേ..”
“ആ.. നീ വേഗം റെഡിയാവ്..നാളെ രാവിലെ അനസ് നിന്നെ കൊണ്ടോവാൻ വരും..”
“എങ്ങട്..?”
കണ്ണും മിഴിച്ച് നിൽക്കുന്ന സോഫിയെ കണ്ടപ്പോ ഒരു പുഞ്ചിരിയോടെ ആതിര മറുപടി നൽകി..
“എടീ പെണ്ണേ..നിനക്കൊരു ജോലി ശരിയായിട്ട്ണ്ട് അത്രമാത്രം അറിഞ്ഞാ മതി..അവിടെ നീ സുരക്ഷിതയായിരിക്കുമെന്നെനിക്കുറപ്പുണ്ട്..അങ്ങനെയല്ലാത്തൊരിടത്തേക്ക് നിന്നെ ഞാൻ പറഞ്ഞയക്കോ..”
രാവിലെ അനസ് വന്നു കൂട്ടി കൊണ്ടോവുമ്പോ ചോദിച്ചില്ല.
എങ്ങോട്ടാണെന്ന്..അറിയണമെന്നുമുണ്ടായിരുന്നില്ല..കാരണം ആതിരയുടെ വീട്ടിൽ നിന്നെങ്ങനേലും ഒന്നു മാറി നിന്നാ മതിയായിരുന്നു അവൾക്കും..താൻ കാരണം ആരും ബുദ്ധിമുട്ടാവരുത്..
കാറിന്റെ പിൻസീറ്റിലിരുന്നു പുറത്തെ കാഴ്ചകളെ അലസതയോടെ നോക്കി കാണുകയായിരുന്നു സോഫി..
“എന്താ സോഫീ..ന്നെ വെറും ഡ്രൈവറാക്കിയിരുത്തിയിരിക്കാണോ..എന്തേലുമൊന്ന് പറയടോ..”
അതിനു മറുപടിയെന്നോണം ശബ്ദമില്ലാത്തൊരു ചിരി അവനു സമർപ്പിച്ചു കൊണ്ട് വീണ്ടുമവൾ മൗനത്തെ കൂട്ടുപിടിച്ച് അകലെ സൂര്യൻ മേഘങ്ങൾക്കിടയിലൂടങ്ങനെ ഒളിച്ചുകളിക്കുന്നയാാ കാഴ്ചകളിലേക്ക് മിഴികളും നട്ടിരുന്നു..
“ഇയാൾക്ക് വിരോധമില്ലെങ്കിൽ പറയാമോ.. ഇയാൾടേം അജ്മലിന്റേയും ജീവിതത്തെ കുറിച്ച്…”
പ്രതീക്ഷയോടെയാ മുഖത്തേക്കൊന്നു നോക്കിയെങ്കിലും നിരാശയുളവാക്കുന്ന മറുപടിയായിരുന്നവളുടെ ഭാഗത്ത് നിന്നുമുണ്ടായത്..
“പ്ലീസ് അനസ്ക്കാ..ഞാനിന്ന് ഓർക്കാനിഷ്ടപ്പെടാത്തൊരു അധ്യായമാ അത്..”
“ഓ..സോറി സോഫീ..ഇഷ്ടമില്ലാച്ചാൽ പറയണ്ടാ..ഞാൻ വെറുതേ..”
ഛെ..ചോദിക്കേണ്ടിയിരുന്നില്ലാ..സങ്കടം നിഴലിക്കുന്നയാ മുഖത്ത് വീണ്ടും കാർമേഘം മൂടിക്കെട്ടാൻ താൻ കാരണമായല്ലോയെന്നോർത്തവനു കുറ്റബോധം തോന്നി..
ഓർക്കാനിഷ്ടപ്പെടാത്തതായിരുന്നിട്ടും ഓർമ്മകളെ പിടിച്ച് ബന്ധിക്കാനവൾക്കാവുമായിരുന്നില്ലാ..
എങ്ങനോർക്കാതിരിക്കും സ്വന്തമായാരുമില്ലാതിരുന്നെ സോഫിക്ക് സ്വന്തമായൊരു വീടുണ്ടായിരുന്നു..അജ്മലിക്കാന്റെ വീട്..
പക്ഷേ കയറി വന്ന ആ ദിവസത്തിന്റെ തുടക്കം തന്നെ പ്രശ്നങ്ങളുമായിട്ടായിരുന്നു..ഓർമ്മകളെ അയവിറക്കി കൊണ്ടവളാ ആദ്യരാത്രിയുടെ മണിയറയിലേക്കൊന്നെത്തിനോക്കി..
ഒരു മണവാട്ടിയുടെ നാണവും മുഖത്ത് പൂശി മണിയറ വാതിൽ വിടവിലൂളൊന്നൊളിഞ്ഞു നോക്കിയപ്പോൾ കൂർക്കം വലിച്ചുറങ്ങുന്ന അജ്മലിനെയായിരുന്നു സോഫി കണ്ടത്..
ഇത്ര പെട്ടെന്ന് ഉറങ്ങിയോ..
“ഇക്കാ..അജുക്കാ..ഇങ്ങളുറങ്ങിയോ..ഇക്കാ..”
ഗാഢനിദ്രയിലാണ്ടിരിക്കുന്ന അജ്മലിനെ ഒത്തിരി കുലുക്കി വിളിച്ചെങ്കിലും ഒരു അനക്കവുമില്ലാ..
സങ്കടമോ നിരാശയോ എന്തൊക്കെയോ അവളുടെ മുഖത്ത് മിന്നി മറഞ്ഞെങ്കിലും സാരമില്ലെന്ന വാക്കിനാൽ മനസ്സിനെ തടഞ്ഞു നിർത്തി..
ബന്ധനത്തിലമർന്നു കിടക്കുന്ന സമ്മാനങ്ങൾ അവൾക്ക് മുന്നിൽ നിരന്നു നിൽക്കുന്നുണ്ടായിരുന്നു..ഓരോന്നും നോക്കുന്നതിനിടയിൽ അവസാനം അവളുടെ നോട്ടം അവളന്നു സമ്മാനിച്ച ആ പളുങ്കു ശില്പത്തിൽ ഉടക്കി നിന്നു..കയ്യിലെടുത്ത് എന്തോ ചിന്തയിലാണ്ടിരിക്കവേ..പെട്ടെന്നായിരുന്നു പിറകിലൊടൊരു കൈ അവളുടെ തോളിലമർന്നത്..ഞെട്ടിത്തരിച്ചുകൊണ്ട് പുറകിലേക്ക് നോക്കിയപ്പോ അജ്മൽ..
“ഇക്കാ..ഇങ്ങളുറങ്ങില്ലെയ്നോ..”
“അയ്യടാ അങ്ങനങ്ങുറങ്ങാനോ..ഇന്ന് നമ്മളെ ആദ്യരാത്രിയല്ലേ..ഇന്നല്ലേ ഞാനെന്റെ രാജകുമാരിയെ സ്വന്തമാക്കിയ ദിനം..സ്വപ്നത്തിന്റെ തേരിലേറി സ്വർഗത്തിലേക്കൊരുമിച്ച് കൈപിടിക്കേണ്ടേ നമുക്ക്..”
“ഉം..”
പ്രണയാർദ്ദമാായൊരു പുഞ്ചിരി അവനു നൽകിക്കൊണ്ട് നവ ജീവിതത്തിന്റെ യവനിക തുറന്നു..അമ്പിളി വാനിൽ നിന്നും മേഘക്കീറുകൾക്കിടയിൽ പോയൊളിച്ചു..നക്ഷത്രക്കൂട്ടങ്ങൾ നാണത്താൽ കൺ ചിമ്മി..
പ്രണയഗീതങ്ങൾ പാടികൊണ്ട് രാപ്പാടിക്കിളികൾ ചില്ലയിൽ കൂട്ടുകൂടി..
“സോഫീ.,”
അരക്കെട്ടിലൂടെ കൈകൾ ചേർത്തവൻ സോഫിയെ തന്നിലേക്കടുപ്പിച്ചു..
നാണത്താൽ കുനിഞ്ഞു നിൽക്കുന്ന ശിരസ്സുയർത്തി ആ വദനം കൈക്കുമ്പിളിൽ കോരിയെടെത്തു മാന്മിഴി കണക്കെ കൂമ്പിയടഞ്ഞ മിഴികളിൽ പതിയേ ചുണ്ടുകളമർത്തി..ഹർഷപുളകിതയായി നിൽക്കുന്ന അവളുടെ കാതിൽ മെല്ലെ മൊഴിഞ്ഞു…
“എന്തായെന്റെ പൊന്നുമോളൊന്നും മിണ്ടാത്തേ..എന്തെങ്കിലും പറയ് മുത്തേ..”
വാക്കുകൾക്ക് വേണ്ടി പരതിനടന്നോപ്പോ പെട്ടെന്ന് നാവിൽ തടഞ്ഞത് ഷംസുവിന്റെയും ഷമീലയുടേയും നാമങ്ങളായിരുന്നു..
“അജുക്കാ..ഷംസുക്കാ ഒരു തെറ്റും ചെയ്തിട്ടില്ലാന്നാ ന്റെ മനസ്സ് പറയ്ണേ..”
അതു കേട്ടതും അജ്മലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..കെട്ടിപ്പിടിച്ച കരങ്ങൾ കൊണ്ട് അവൻ സോഫിയെ തള്ളിമാറ്റി..
“സോഫീ…അനക്കിതല്ലാതെ വേറെ ഒന്നും ന്നോട് പറയാനില്ലേ..ഒരുത്തനുവേണ്ടിയവൾ വക്കാലത്ത് പറയാൻ വന്നിരിക്കുന്നു..മറക്കാൻ ശ്രമിക്കാ ആ എരണം കെട്ടോന്റെ മോന്ത..അതിന്റെ എടയിലാ ഓളൊരു ഒലക്കമ്മേലെ……എന്റെ കൂടെ നിക്കാണേൽ അതെന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാവണം അല്ലാതെ വല്ലോർക്കും വേണ്ടിയാവരുത്..”
സോഫിയാകെ വിറച്ചുപോയി..ആദ്യാമായാണത്ര കനത്ത ശബ്ദം അവനിൽ നിന്നും നേരിടുന്നത്..അവളുടെ കണ്ണീൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി..അരുതാത്തതെന്തോ പറഞ്ഞുപോയ പോലെയവൾ ഒരക്ഷരം ഉരിയാടാതെ മുഖം കുനിച്ചു നിന്നു..
“ഒരുപാട് തവണ എന്നോട് പറഞ്ഞതാ ഷൈജൽ… അവരെ രണ്ടുപേരേയും ചേർത്ത്..അന്നൊന്നും ഈ അജ്മൽ അത് വിശ്വസിച്ചില്ലാ..നെഞ്ചിലേറ്റി നടന്നവനൊടുവിൽ ഹൃദയം പറിച്ചോണ്ട് പോയി..ചതിയൻ..കൂടെ നടന്നിട്ടൊടുവിൽ..ന്നെ പറ്റിച്ചോണ്ട്.. ആകെ സമ്പാദ്യമുണ്ടായീനത് കുറച്ച് അഭിമാനായിരുന്നു..അതും ഇല്ലാണ്ടാക്കി…പുറത്തെറങ്ങി നടക്കാൻ വയ്യ നിക്കിപ്പോ..അറിയോടീ…അറിയോന്ന്..”
അടിപൊളി ശരിക്കും കണ്ണ് നിറഞ്ഞു പോയി ?????????? സോഫിയും അനസും ഒന്നിചിരുന്നെങ്കിൽ…………
Good
REALLY HEART TOUCHING…
THANK YOU
onnum parayanilla
Very very thaks shakheela Shas very very thanks