എന്നെന്നും കണ്ണേട്ടന്റെ രാധിക [AJAY ADITH] 1462

Views : 22922

ആ എന്റെ മുൻപിൽ വച്ച് കണ്ണേട്ടൻ ഇന്ന് മറ്റൊരു പെൺകുട്ടിയോട് കൊഞ്ചികുഴയണത് കണ്ടാൽ എനിക്ക് എങ്ങനെ സഹിക്കാൻ പറ്റും…? പറ. ഇന്ന് എനിക്കിപ്പോ എങ്ങനെയാ എന്റെ കണ്ണേട്ടനോട് പറയാൻ പറ്റിയത് എന്നുപോലും എനിക്കറിയില്ല.

കണ്ണേട്ടൻ എന്നെ ഇഷ്ടല്ല എന്ന് മാത്രം പറയരുത്. അങ്ങനെ ഒരു ഉത്തരമാണ് കണ്ണേട്ടന് എനിക്ക് നൽകാൻ ഉള്ളതെങ്കിൽ ഈ രാധുനെ പിന്നാരും ജീവനോടെ കാണില്ല. എനിക്ക് പറ്റില്ല കണ്ണേട്ടാ എന്റെ കണ്ണേട്ടനെ മറക്കാൻ ഇത്രയും അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തുകൊണ്ട് എന്റെ കയ്യിൽ മുഖം പൊത്തി കരഞ്ഞു…..

അവൾക്കൊരു ഉത്തരം കൊടുക്കാൻ പോലും എനിക്ക് കഴിഞ്ഞീല. ഞാൻ ആകെ മരവിച്ച ഒരാവസ്ഥയിലായിരുന്നു. ജീവനുതുല്യം പ്രേമിച്ച എന്റെ പെണ്ണിന് എന്നോട് ഉള്ള സ്നേഹം കണ്ടതിലുള്ള സന്തോഷവും…അവളെ ഇത്രയും നാൾ കൂടെ നടന്നിട്ടും മനസിലാക്കാൻ പറ്റാത്തതിൽ ഉള്ള നിരാശയും ആശിച്ച പെണ്ണിനെക്കൊണ്ട് ഇങ്ങോട്ട് ഇഷ്ടമാണെന്നു പറഞ്ഞതിൽ ഉള്ള ത്രില്ലും എല്ലാം കൂടി എന്നെ ഒരു മായാലോകത്തേക്ക് എത്തിച്ചിരുന്നു.

നിശ്ചലനായി ഇരുന്ന എന്നിലേക്ക്‌ പെട്ടന്ന് ഒരു തീഗോളം പോലെ ചിന്ത കടന്നു വന്നു. ഈശ്വരാ അമ്പലപ്പറമ്പാണ് ആരെങ്കിലും കണ്ടുകാണുമോ…? ഇതെങ്ങാനും ഞങ്ങളുടെ വീട്ടിലറിഞ്ഞാൽ…

സ്വബോധം തിരിച്ച് കിട്ടിയ ഞാൻ അവളിൽ നിന്നും കുതറിമാറി. ചുറ്റും വീക്ഷിച്ചപ്പോൾ ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസിലായി, മറ്റുളള കുട്ടികൾ ഉറക്കച്ചടവിലായിരിക്കുന്നു. ആരും കാണുന്നില്ല എന്ന ആശ്വാസത്തിൽ ഒരു നെടുവീർപ്പിട്ടു. ആ ആശ്വാസം അധികനേരം നീണ്ടു നിന്നില്ല.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങൾക്ക് സുപരിചിതമായ ഒരു രൂപം ഞങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്നു. മനസും ശരീരവും ഒരുപോലെ മരവിച്ച് ഞാനും രാധുവും നിശ്ചലരായി നിന്നു….
നടന്നടുക്കുന്ന രൂപത്തെ കണ്ട് ഒന്നനങ്ങാൻ പോലും കഴിയാതെ ഞാനും രാധൂം വിറച്ച് നിന്നു…പഞ്ചവാദ്യങ്ങളിൽ ദേവന്റെ തിരുനടയിൽ പഞ്ചാരിമേളം കൊട്ടിക്കയറി സ്വരമഴ തീർക്കുമ്പോൾ അത് ഞങ്ങളുടെ നെഞ്ചിലും ഹൃദയമിടിപ്പിന്റെ താളത്തിൽ കൊട്ടിക്കയറുകയായിരുന്നു.

ഇരുട്ടിൽ നിന്നും ആ രൂപം വെളിച്ചത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ആ വെളിച്ചത്തിൽ ആ മുഖം ഞങ്ങൾക്ക് വ്യക്തമായി അത് മറ്റാരും ആയിരുന്നില്ല, രാധുവിന്റെ അച്ഛൻ.

എല്ലാം ഒരുനിമിഷം കൊണ്ട് അവസാനിച്ചെന്ന് മനസ്സിലുറപ്പിച്ചു. ആ രൂപം ഞങ്ങൾക്കരികിലേക്ക് നിമിഷനേരം കൊണ്ടെത്തി. നിങ്ങൾ എന്താ പൂരം കാണാൻ നിൽക്കാതെ ഇവിടെത്തന്നെ നിന്നത്. മാമനെക്കാൾ മുൻപ് മാമന്റെ ചോദ്യം എന്റെ അടുത്തേക്ക് ആദ്യംഎത്തി.

എവിടെ നിന്നോ കൈവന്ന ധൈര്യത്തിൽ ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു. ഇവർക്ക് വയ്യ എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ ഇവിടെ ഇവർക്ക് കൂട്ടിരിക്കാൻ പറഞ്ഞുവിട്ടതാണ്. ദേ ഉത്സവം കേറാനായി, നിങ്ങൾ വാ വന്ന് തൊഴാൻ നോക്ക്. മംഗളാരതി ഇപ്പോൾ തുടങ്ങും. അത്രയും പറഞ്ഞ് മാമൻ കുട്ടികളെയൊക്കെ എഴുന്നേൽപ്പിച്ചു.

രാധു അപ്പോഴും ഏതോ മായാലോകത്തെന്ന പോലെ തരിച്ച് നിൽക്കുന്നുണ്ടായിരുന്നു. എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു എന്ന ബോധം അവളിൽ വന്നപ്പോളാണെന്നു തോന്നുന്നു. അവൾ ഒരു ദീർഘനിശ്വാസം വിട്ടു. ഉറക്കച്ചടവിൽ നിന്നെണീറ്റ കുട്ടികളും ഞങ്ങളും മാമനും കൂടി ക്ഷേത്രനട ലക്ഷ്യമാക്കി നടന്നു.

അമ്പലത്തിലേക്ക് കയറിയപ്പോഴത്തേക്കും മംഗളാരതിക്കായ് നടതുറക്കാനായി. ഞാൻ മെല്ലെ രാധുനെ നോക്കി. ആള് കണ്ണടച്ച് കാര്യമായ പ്രാർത്ഥനയിലേക് മുഴുകിയിരിക്കുന്നു. ക്ഷേത്രനട മുഴുവൻ തൊഴുക്കയുകളോടെ നാമജപത്തിൽ മുഴുകിയിരുന്നു. എങ്ങും ഭക്തിമയം. എന്റെ തൊട്ട് മുൻപിലായി രാധു നിന്നു. ചുറ്റും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു.

ഞാൻ മാത്രം…എന്നും കുമ്പിടുന്ന എന്റെ ദേശനാഥന്റെ മുൻപിൽ ഞാൻ മാത്രം….ചിന്തകളുടെ വേട്ടമൃഗമായി നിന്നു. രാധുവിനോട് ഞാൻ എന്ത് മറുപടി പറയും. അവളുടെ ഇഷ്ടം തള്ളണോ…അതോ കൊള്ളണോ…അവളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ എല്ലാം കൂടി എന്നെ അസ്വസ്ഥനാക്കി.

നിസ്സഹായനായവന് ഈശ്വരൻ തുണ എന്ന് വിശ്വസിച്ച് ഓർമ്മവച്ച കാലം മുതൽ കുമ്പിടുന്ന, ഞാൻ ഹരിശ്രീ കുറിച്ച, എന്റെ എല്ലാ വളർച്ചയിലും കൂടെ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന, എന്റെ എല്ലാം എല്ലാമായ ഭഗവാന്റെ മുൻപിൽ ഒരു ഉത്തരത്തിനായി ഞാൻ കേണപേക്ഷിച്ചു.

ആഗ്രഹം ഭയത്തെ കീഴടക്കിയതോ അതോ കണ്ടില്ല എന്ന് നടിക്കാൻ പ്രേരിപ്പിച്ചതോ…രാധുവിനോടുള്ള എന്റെ അടങ്ങാത്ത പ്രണയം കൊണ്ടോ…അതോ അവൾക്ക് എന്നോടുള്ള പ്രണയം മനസിലാക്കിയത് കൊണ്ടോ…എന്താന്നറിയില്ല എന്തൊക്കെ പ്രശ്നങ്ങൾ വന്നാലും രാധുവിനെ സ്വന്തമാക്കണം എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി. മറ്റെല്ലാ ഭയങ്ങളും എന്നിൽ നിന്ന് അകലാൻ തുടങ്ങി.

ഞാൻ പോലും അറിയാതെ എന്നിലേക്ക്‌ ഒരു ശക്തി വന്നു. മനസ്സിൽ നിറയെ എന്റെ രാധു മാത്രം. അതെ അവളെ സ്വന്തമാക്കുക, അവളോടെനിക്കുള്ള പ്രണയം അവളോട് പറയേണ്ട സമയം ആഗതമായിരിക്കുന്നു. ഇന്നേ വരെ ഒരാഗ്രഹവും പറഞ്ഞിട്ടില്ലാത്ത എന്റെ ഭഗവാന്റെ മുൻപിൽ അചഞ്ചലമായ ഭക്തിയോടെ അങ്ങയുടെ തിരുനടയിൽ നിന്നെടുത്ത ഈ തീരുമാനത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകണേ എന്ന് ഉള്ളുരുകി കേണപേക്ഷിച്ചു.

പെട്ടന്നുയർന്ന ശരണം വിളിയും മണിയടിയും കേട്ടാണ് ഞാൻ കണ്ണ് തുറന്നത്. എന്റെ മുൻപിൽ സർവ്വാഭരണ വിഭൂഷണനായി എരിയുന്ന നെയ്ത്തിരി വെട്ടത്തിൽ കർപ്പൂര ദീപ പ്രഭയിൽ ഭകതർക്ക് ദർശനമരുളിയിരിക്കുന്നു. അല്ല…എന്നെ എന്റെ ഭഗവൻ അനുഗ്രഹിച്ചിരിക്കുന്നു.

അങ്ങനെ ഞാൻ എന്റെ തീരുമാനത്തെ ശരിവച്ചു കൊണ്ട് ഭഗവാന് നന്ദി പറഞ്ഞു. എന്റെ കൺപോളകളെ വെട്ടിമാറ്റി കണ്ണിൽ നിന്നും സന്തോഷാശ്രു ഒരു ചെറു കാണികയായ് ഭൂമിയിൽ പിറന്നു. കണ്ണുകൾ തുടച്ച് രാധുവിനെ ഞാൻ നോക്കി. കലങ്ങിയ കണ്ണുമായ് അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

എന്നിലേക്ക്‌ ഒന്ന് ചേർന്ന് നിന്ന് പയ്യെ അവൾ പറഞ്ഞു…കണ്ണേട്ടന് എന്നെ അങ്ങനെ കാണാൻ പറ്റുന്നില്ല എങ്കിൽ കണ്ണേട്ടൻ എന്നെ സ്നേഹിക്കണ്ട. പക്ഷെ എന്നെ ഇഷ്ടല്ല എന്ന് മാത്രം എന്റെ മുഖത്ത് നോക്കി പറയരുത്. അത് എനിക്ക് താങ്ങാൻ പറ്റിയെന്നുവരില്ല. ഇതും ഓർത്ത് ഇനി എന്റെ കണ്ണേട്ടന്റെ മനസ്സ് ഒരിക്കലും വിഷമിക്കരുത്.

Recent Stories

The Author

6 Comments

  1. രുദ്രദേവ്

    അതിമനോഹരം ആണ് കണ്ണനും അവന്റെ രാധികയും ഒരുപാട് സ്നേഹം😍😍😍😍😍

  2. Nalla katha veendum nalla kathakal pretheekshikunnu

  3. Nannaaayittund ajay bro…waiting for your next creation

  4. നല്ല കഥ, അടുത്ത കഥയുമായി വീണ്ടും വരിക

  5. enik ee katha orupad ishtam aayi
    adutha kathayumayi vegam varika

  6. രാജു ഭായ്

    കഥ വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള നല്ല കഥകൾ വരട്ടെ കാത്തിരിക്കും കേട്ടോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com