“ഞാൻ തമാശ പറഞ്ഞതല്ലേ ബാലേട്ടാ. പിന്നെ എന്റെ ഭർത്താവും കുട്ടികളും ജീവിക്കുന്നിടം നരകമയാലും എനിക്ക് സ്വർഗം തന്നെയാണ് കേട്ടോ”.
വിവേകമതിയാണ് സുമ. ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന കുലീനയായ ഗ്രാമീണ ഭാര്യ. മറ്റുള്ളവരുടെ മനസ്സ് വായിച്ചറിയുവാനുള്ള അവളുടെ കഴിവ് അഭിനന്ദനാർഹമാണ്. കുട്ടികളുടെ മുൻപിൽ അവൾ സ്നേഹവതിയായ അമ്മയും അതേസമയം കർക്കശക്കാരിയായ അദ്ധ്യാപികയുമാണ്. അവളുടെ സന്തോഷങ്ങൾ കുടുംബമെന്ന കൊച്ചു വൃത്തത്തിനുള്ളിൽ എപ്പോഴും ഒതുങ്ങിനിന്നു. ഏറെ നഷ്ടങ്ങൾക്കു നടുവിലും തന്റെ ജീവിതത്തിന്റെ സൗഭാഗ്യമാണ് അവളെന്ന് പലപ്പോഴും ആശ്വസിച്ചു പോയിട്ടുണ്ട് .
ഇത്തവണ നാട്ടിലേക്കുള്ള യാത്രക്ക് മുൻപേ സുമയോടു പറഞ്ഞു, “സുമേ നാട്ടിലെ സ്ഥലം പറ്റിയാൽ ഇത്തവണ വിൽക്കണം”.
അവൾ ആശ്ചര്യത്തോടെ മുഖത്തേക്ക് നോക്കി. അവിശ്വസനീയത അവളുടെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു. പിന്നെ സാവധാനം സ്വരം താഴ്ത്തി ചോദിച്ചു,
“വിൽക്കുകയോ? അത് പറ്റ്വോ?’.
“എന്താ പറ്റാത്തത്. അടുത്ത ബന്ധുക്കളാരും തന്നെ നമുക്കവിടില്ലല്ലോ.
പിന്നെ കുട്ടികൾക്കാണെങ്കിലും താല്പര്യം അവിടെത്തന്നെയാണ്. ഒരു തരത്തിൽ വീടും പറമ്പും സൂക്ഷിക്കുവാൻ മുടക്കുന്ന പണം പാഴാണ്. പറമ്പിൽ നിന്നും കിട്ടുന്ന ഏക ആദായം കുറച്ചു നാളികേരം മാത്രമാണ്. അതിനാണെങ്കിൽ വിലയുമില്ല”.
പറമ്പിലെ കള നീക്കുവാനും വീട് ചിതലരിക്കാതെ സൂക്ഷിക്കുവാനും അകന്ന ബന്ധുവായ കേശുമാമക്ക് പണം അയച്ചു കൊടുക്കുകയാണല്ലോ പതിവ്.
സുമ പറഞ്ഞു, “ബാലേട്ടന്റെ ഇഷ്ടം പോലെ ചെയ്യൂ ..”
അവളുടെ മറുപടിയിൽ അഭിപ്രായമില്ലായിരുന്നു. എങ്കിലും തനിക്കതിനു കഴിയുമോ എന്നൊരു സന്ദേഹം അവളുടെ സ്വരത്തിൽ നിഴലിച്ചിരുന്നു.
നാട്ടിൽ ചെല്ലുന്ന വിവരത്തിന് കേശുമാമക്ക് കത്തയച്ചിരുന്ന കാര്യമോർത്തു. സ്ഥലം വില്ക്കുന്ന കാര്യവും കത്തിൽ സൂചിപ്പിച്ചിരുന്നു. പക്ഷെ യാത്ര പുറപ്പെടുന്നതിനു മുൻപേ ഇത്തവണ മറുപടിയൊന്നും കിട്ടിയില്ല. അങ്ങനെയല്ല പതിവ്. കത്തയച്ചാൽ മറുപടി രണ്ടുമൂന്നാഴ്ചക്കുള്ളിൽ നിശ്ചയമായും കിട്ടേണ്ടതാണ്.
ഒരുപക്ഷെ പോസ്റൽ വകുപ്പിന്റെ അനാസ്ഥയിൽ ഇടക്കെവിടെയെങ്കിലും കത്ത്
നഷ്ടപ്പെട്ടുപോയിരിക്കാം. എന്തായാലും ഒരാഴ്ചക്കുള്ളിൽ നാട്ടിൽ
എത്തുമല്ലോ. അപ്പോൾ കേശുമാമയോടു കാര്യങ്ങൾ നേരിട്ട് സംസാരിക്കാം.
ട്രെയിനിന്റെ രണ്ടാം ക്ലാസ്സ് കമ്പാർട്ടുമെന്റിൽ സുമയോടും കുട്ടികളോടുമൊപ്പം യാത്ര ചെയ്യുമ്പോഴും മനസ്സ് പലതും ചിക്കിപ്പെറുക്കുകയായിരുന്നു. മൃതിയടഞ്ഞ ഭൂതകാലത്തെ ഒർമ്മകളിലൂടെ പെറുക്കിക്കൂട്ടുന്ന കൊച്ചുകുട്ടിയാണ് താനിപ്പോഴും എന്ന് ബാലന് തോന്നി. വികരാധീനനാണ് താൻ. അത് പക്ഷെ മനോദൗർബല്യമല്ല. എളുപ്പത്തിൽ മനസലിയുന്നത് ഹൃദയ നൈർമ്മല്യത്തിന്റെ ഗുണമാണ്. അതിനെ ബലഹീനതയായി കണക്കാക്കേണ്ട കാര്യമില്ല. പെട്ടെന്ന് നിറയുന്ന മിഴികൾ മനുഷ്യത്വത്തിന്റെ പ്രതിഫലനത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിൽ അപാകത കണ്ടെത്തേണ്ട കാര്യവുമില്ല. അടിസ്ഥാനപരമായി താൻ നല്ല മനോബലമുള്ളയാളാണ്. സാഹചര്യങ്ങൾക്ക് അത്രയെളുപ്പത്തിൽ ഒന്നും തന്നെ കീഴ്‌പ്പെടുത്താൻ കഴിയുകയില്ല.
“എന്താ ബാലേട്ടാ ഇത്ര അഗാധമായ ചിന്ത?”
സുമയുടെ ചോദ്യം ചിന്തകൾക്ക് വിരാമമിട്ടു .
“ഒന്നുമില്ല സുമേ, കേശുമാമക്ക് വീട് വിൽക്കുന്ന കാര്യം പറഞ്ഞു കത്തയച്ചിരുന്നല്ലൊ. മറുപടിയൊന്നും കിട്ടാത്തതുകൊണ്ട് അതിനെക്കുറിച്ചൊക്കെ ഓർത്തുപോയി.”
“ഒരുപക്ഷെ അതെവിടെയെങ്കിലും മിസ്സായതായിരിക്കും ബാലേട്ടാ. കേശുമാമ മറുപടി അയക്കാതിരിക്കാൻ തരമില്ല. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ നമ്മൾ അങ്ങ് എത്തുമല്ലോ.”
“അത് തന്നെയാണ് സുമേ ഞാനും ചിന്തിച്ചു കൊണ്ടിരുന്നത്. ഇത്തവണ തിരികെ പോരുന്നതിനു മുൻപ് വില്പനയുടെ കാര്യത്തിൽ ഒരു തീരുമാനം കണ്ടെത്തണം.”
സുമയെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കിലും വാക്കുകൾക്ക് ആത്മഗതത്തിന്റെ ഛായയായിരുന്നു.
കുട്ടികളോട് എന്തോ പറയുകയായിരുന്ന സുമ വീണ്ടും ഒരു നിമിഷം പ്രത്യേകഭാവത്തിൽ ബാലനെ നോക്കി. ‘അത് പറ്റ്വൊ ബാലേട്ടാ…’ എന്നൊരു ചോദ്യം ചോദിക്കാതെ തന്നെ സുമ ചോദിച്ചതായി ബാലന് തോന്നി.
“പറ്റണം”.
നിശ്ചയദാർഢ്യമായിരുന്നു സ്വരത്തിന്. അപ്പോഴാണ് ഓർത്തത് അതിനു സുമ ഒന്നും പറഞ്ഞില്ലാലോ എന്ന്. ജാള്യം തോന്നി. അത് മറക്കുവാനുള്ള ശ്രമത്തിൽ വീണ്ടും പറഞ്ഞു,
“അല്ല ഞാൻ അത് തന്നെ ഓർക്കുകയായിരുന്നു സുമേ.”
മൗനം ഭഞ്ജിക്കാതെയുള്ള സുമയുടെ അർത്ഥവത്തായ ചിരി നിറഞ്ഞ മുഖത്തുനിന്നും കുട്ടികളുടെ കുസൃതികളിലേക്ക് കണ്ണുകൾ പറിച്ചുനട്ടപ്പോൾ ബാലന് ആശ്വാസം തോന്നി.
മാനം കറുത്തിരുണ്ട് കഴിഞ്ഞു. വേനൽമഴക്കുള്ള പുറപ്പാടാണ്. മരച്ചില്ലകളെ ഉലച്ചു കൊണ്ട് ശക്തമായി ഒരു കാറ്റു കടന്നു പോയി. ചാരുകസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ ഉമ്മറത്ത് നിന്നും സുമയുടെ വിളി കേട്ടു.
“ബാലേട്ടാ, മഴ വരുന്നത് കണ്ടില്ലേ. ഇനിയും അവിടെത്തന്നെ കുത്തിയിരിക്ക്വ?.”
“ദാ വന്നു കഴിഞ്ഞു സുമേ.”
ഉമ്മറത്തേക്ക് കയറുമ്പോൾ പിന്നിൽ വീടിന്റെ മേച്ചിൽപ്പുറത്തു മഴത്തുള്ളികൾ പതിയുന്ന ശബ്ദം ബാല്യത്തിൽ കേട്ടുമറന്ന ചെണ്ടമേളത്തിന്റെ സ്മൃതിയുണർത്തി.
നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.
Thank you..
Good one..
നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്