മകരധ്വജൻ 14

Makaradwajan by സജി കുളത്തൂപ്പുഴ

1993 വാരണാസി
°°°°°°°°°°°°°°°°°°°°°
രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന
ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ ആ കാഴ്ച കാണുന്നുണ്ടായിരുന്നു…അയാൾ രാഗിണിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും അവളുടെ ജീവനെടുത്ത് അക്രമികൾ ഇരുളിൽ മറഞ്ഞു…!!!

2018 ഫെബ്രുവരി 12 തിങ്കൾ
••••••••••••••••••••••••••••••••••••••
ആലത്തൂരിൽ നിന്നും കൊല്ലങ്കോട്ടേക്കുള്ള യാത്രയിലായിരുന്നു മഹാദേവൻ തമ്പി.

” പുനർജനിച്ചതല്ല തമ്പീ… അവളെ പുനരുജ്ജീവിപ്പിച്ചതാണ്…!! ”

ദേവദത്തൻ തിരുമേനിയുടെ വാക്കുകൾ നൽകിയ നടുക്കം മണിക്കൂറൊന്ന് കഴിഞ്ഞിട്ടും മാറിയിരുന്നില്ല.

“ആരെന്ന’ ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും ഒന്ന് പറഞ്ഞു…!

“യമജം കൈവശമുള്ള അഘോരികൾക്ക് മാത്രം സാധ്യമായ ഒന്നാണത്…മഹാദേവൻ കനിഞ്ഞു നൽകിയ വരം…ദേവകൾക്ക് പോലും അസാധ്യമത്രേ…!! ”

ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം രാഗിണി മനുഷ്യരൂപം പൂണ്ട് തന്നെ ശല്ല്യം ചെയ്യുന്നതിന്റെ പൊരുളറിയാൻ വേണ്ടിയാണ് “പൂമള്ളിയിലെ ദേവദത്തൻ” തിരുമേനിയെ കാണാനെത്തിയത്. തിരുമേനിയിൽ നിന്നും കേട്ടത് കൂടുതൽ ഭയപ്പാടുണ്ടാക്കാനേ ഉപകരിച്ചുള്ളൂ…!
പ്രതിവിധി ആരാഞ്ഞപ്പോൾ…

“ഇവിടെ ഉത്തമത്തിലുള്ള പൂജകൾ മാത്രമേ നടത്താറുള്ളൂ അധമ കർമ്മങ്ങൾ ചെയ്യാറില്ല”.