” അച്ഛന് വേണ്ടേ? ”
അപ്പോഴാണ് ദെച്ചു അച്ഛനോട് ചോദിച്ചത്…
” ആ പിന്നെ വേണ്ടാതെ ”
ചിരിച്ചുകൊണ്ട് അച്ഛൻ തന്നെ ഒരു മുറി ദോശക്കഷണവും പീസും മുറിച്ച് ചാറിൽ മുക്കി വായിലേക്ക് വെച്ചു..
” മ്മ്മ്മ്മ്മ് ”
അച്ഛൻ ഫിറോസിക്ക ടൈപ്പിൽ ഒന്ന് മൂളി… ശേഷം അവനോടായി
” എന്റത്ര ഇല്ലേലും കൊള്ളാം ”
” മ്മ്.. ഉവ്വ. അതിന് നിങ്ങളെപ്പഴാ മനുഷ്യാ ചിക്കൻ ഉണ്ടാക്കിയേക്കുന്നെ ”
അച്ഛന്റെ വാക്കുകളെ അമ്മ നിമിഷനേരം കൊണ്ട് ഉടച്ച് കയ്യിൽ കൊടുത്തു…
അങ്ങനെ നട്ടപാതിരായ്ക്കും ആ വീട്ടിൽ സന്തോഷം നിറഞ്ഞാടി..
ഒത്തിരി വൈകിയപ്പോ എല്ലാരും ഉറക്കത്തിലേക്ക് വീണു..
അനിരുദ്ധ് അവന്റെ ബെഡിൽ വെട്ടിയിട്ട വാഴ കണക്കെ മയങ്ങി..
എത്തിയാൽ വിളിക്കണം എന്ന് കൃഷ്‌ണേന്ദു പറഞ്ഞതുപോലും അവൻ മറന്നു…
പിറ്റേന്ന് രാവിലെ അവൻ പതിവ് സമയം തന്നെ എഴുന്നേറ്റ് ഫ്രഷായി താഴേക്ക് ചെന്നു…