പതിമൂന്നാം 👹 തീയാട്ട് [ Sajith ] 1408

Views : 6225

ഒട്ടുമിക്ക കുടുംബ ഫോട്ടോകളിലും ഒരു ആളുടെ തലമാത്രം വെട്ടി കളഞ്ഞിരിക്കുന്നു. ആരായിരിക്കുമതെന്ന് കുഞ്ഞൂട്ടന് സംശയമായി എന്തിനായിരിക്കും ഒരാളുടെ മാത്രം തല വെട്ടികളഞ്ഞത്. അപ്പു അതിൽ തന്നെ നേരത്തേ കണ്ട ചിത്രം തിരഞ്ഞ് നോക്കി. എന്നാൽ ഒരുപാടെണ്ണം ഫ്രെയിം ചെയ്ത് വച്ചതിനാൽ അത് പെട്ടന്ന് കണ്ട് പിടിക്കാനവൾക്ക് കഴിഞ്ഞില്ല.

“”വരൂ മുറി കാട്ടി തരാം..””,

ഇമ്പമുള്ളൊരു ശബ്ദം ഉയർന്നതും അപ്പുവും കുഞ്ഞൂട്ടനും ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു. തൻ്റെ കടും കറുപ്പ് നിറമുള്ള കണ്ണ് കൊണ്ട് കുഞ്ഞൂട്ടനെ ഒരു ആശ്ചര്യത്തോടെ നോക്കി നിന്നു കൊണ്ട് റോജ.

അവളെ കണ്ടതും അപ്പൂന് കലി കയറി. അവള് തിടുക്കപ്പെട്ട് കുഞ്ഞൂട്ടനോടൊപ്പം വന്നും നിന്നു. റോജ അപ്പൂനൊരു പുഞ്ചിരി സമ്മാനിച്ചെങ്കിലും കുഞ്ഞൂട്ടന് മുന്നിൽ അവൾടെ പുഞ്ചിരിക്ക് ഒരു നാണം കലർന്നിരുന്നു. അവൾ വേഗം തലതാഴ്ത്തി നടന്നു.

കൂഞ്ഞൂട്ടനും അപ്പുവും അവളെ പിന്തുടർന്നു. ഇടക്കൊന്നു റോജ കുഞ്ഞൂട്ടനെ തിരിഞ്ഞു നോക്കി. അപ്പുവും കൂടെ വരുന്നത് കണ്ടപ്പൊ ഒന്ന് നിന്നു.

“”അയ്യോ.. ചേച്ചീടെ റൂം അപ്പറത്താ..””,””ഞാൻ ഏട്ടന് റൂമ് ഇവടെയാ ശരിയാക്കിയെ..””,

“”അതെന്തിനാ…””,””എനിക്കും ഇവിടെ തന്നെ മതി…””,””സോറീ തന്നെ എന്താ വീട്ടില് വിളിക്കാ..””.

അപ്പു നെറ്റിയുഴിഞ്ഞ് ഒരു കൃത്രിമചിരിയോടെ റോജയോട് ചോദിച്ചു. അവരുടെ സംസാരം ശ്രദ്ധിക്കയല്ലാതെ കുഞ്ഞൂട്ടനൊന്നും മിണ്ടിയില്ല. അവൻ്റെ മനസിൽ പത്തൊൻപത് വർഷം മുൻപ് മരിച്ച് പോയ ദേവനെ കുറിച്ചുള്ള ചിന്തകളായിരുന്നു.

“”എല്ലാരും റോജാന്ന് തന്നെയാ വിളിക്കാ…””,””സ്നേഹമുള്ളോര് പാറൂന്ന് വിളിക്കും..””,

ധാവണി തുമ്പ് പിടിച്ച് നഖം കടിച്ച് നിലത്ത് തള്ളവെരലിൽ കളം വരച്ച് തലകുമ്പിട്ട് ഒരു നാണത്തോടെ റോജ മറുപടി കൊടുത്തു. അവളത് കുഞ്ഞൂട്ടന് കേക്കാനും കൂടി പറഞ്ഞതാണെന്ന് അപ്പൂന് മനസിലായി. അപ്പു കുഞ്ഞൂട്ടനെ ഒന്ന് തറപ്പിച്ച് നോക്കി. പാവം ഇതെന്ത് കൂത്തെന്ന് മനസിലാവാതെ കുഞ്ഞൂട്ടൻ കണ്ണ് മിഴിച്ച് അപ്പൂന് നേരെ തിരിഞ്ഞു.

റോജ കുഞ്ഞൂട്ടനുള്ള മുറി കാണിച്ച് കൊടുത്തു. അത്യാവശ്യം വല്ല്യ ഒരു മുറിയാണ് കുഞ്ഞൂട്ടന് കിട്ടിയത്. ഒരു കട്ടില് ടേബിൾ അകത്ത് തന്നെ ബാത്ത്റൂമ് അങ്ങനെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു മുറി. റീപ്ലാൻ ചെയ്ത് പുതുക്കി പണിത പോലെയാണ് മുറിയുള്ളത്. കുറച്ചുകാലമായി അടഞ്ഞു കിടന്നതിനാൽ മുറിയിൽ ചെറിയ പൊടി ശല്ല്യം രൂപപ്പെട്ടിട്ടുണ്ട്. തനിക്കായി പെട്ടന്ന് വൃത്തിയാക്കിയ ചേല് തോന്നിയവന്.

കട്ടിലും ബെഡും മേശയുമെല്ലാം വൃത്തിയായി വിരിച്ച് വെച്ചിരുന്നു. റോജയുടെ പണിയായിരിക്കും. മുറിയിലെ ഷെൽഫിൽ അത്യാവശ്യം പുസ്തകങ്ങൾ അവൻ്റെ കണ്ണിൽ പെട്ടു. ഒട്ടുമിക്കതിലും ചിതല് കയറി. ശങ്കരൻ മാമയുടെ മുറിയും സമാന രൂപത്തിലാണ് നല്ല അടുക്കും ചിട്ടയിലും സൂക്ഷിക്കുമായിരുന്നു. കുഞ്ഞൂട്ടൻ പുസ്ഥകങ്ങളെല്ലാം ഒന്നെടുത്ത് പരതി നോക്കി. മിക്കതും കമ്മ്യൂണിസ്റ്റ്‌ വക്താക്കളുടെ എഴുത്തുകളായിരുന്നു. ഈ പുസ്തകങ്ങളുടെ ഉടമ കമ്മ്യൂണിസ്റ്റുകാരാണെന്ന് തോന്നുന്നു.

Recent Stories

The Author

Sajith

58 Comments

  1. Paruttye othiri ishttam ayi ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com