കൂടെവിടെ – 4 [ദാസൻ] 130

Views : 9629

കി.അമ്മ: അവൾ നിൻ്റെ ചേട്ടൻ്റെ ഭാര്യ ആയിട്ടില്ലല്ലൊ ഇപ്പോഴെ വേവലാതിപ്പെടാൻ, നീ പോയി അടുക്കളയിലെ പണി നോക്കു പെണ്ണേ. നിങ്ങൾ പോകാൻ നോക്ക് മക്കളെ.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങി, അവളുടെ ബാഗ് വണ്ടിയുടെ സൈഡിൽ തൂക്കി. ഞാൻ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. അവൾ പാവാടയും ബ്ലൗസും ധരിച്ചിരുന്നതിനാൽ, വണ്ടിയുടെ പുറകിൽ ഒരു സൈഡ് ആയിട്ട് കയറി ഇരുന്നു. അവൾ ലേഡീസ് ഹാൻഡിലും പുറകിലുമായി പിടിച്ചിരുന്നു. വണ്ടി നീങ്ങി അവരുടെ ഭാഗം കഴിഞ്ഞപ്പോൾ, ഞാൻ പോക്കറ്റ് വഴിയിലൂടെ വണ്ടിയെടുത്തു.
ഞാൻ: എടി പെണ്ണേ, ഇനി എന്നെ വട്ടം കയറി പിടിച്ചോ. ഇവിടെ ഇനി ആരും കാണാനില്ല.
കിളി എൻറെ വയറിലൂടെ കൈയ്യിട്ട് മുറുകെപ്പിടിച്ചു.
കിളി: വരുമെന്ന് കരുതി കഴിഞ്ഞ ആഴ്ച മുഴുവൻ ഞാൻ നോക്കിയിരുന്നു.
ഞാൻ: ഞാനും അവിടെ നോക്കിയിരിക്കുകയായിരുന്നു, അതുകൊണ്ടാണ് വരാതിരുന്നത്.
കിളി: ഞാൻ എല്ലാവരോടും മാറിമാറി പറഞ്ഞതാണ്. വല്യമ്മ അവിടെ ഒറ്റക്കാണ്, എന്നെ കൊണ്ടു ചെന്നാക്കാൻ. ആർക്കും സമയമില്ലായിരുന്നു. ഞാൻ ദിവസങ്ങൾ കഴിച്ചുകൂട്ടിയത് യുഗങ്ങൾ പോലെയാണ്.
ഞാൻ: നേരെ അമ്മുമ്മയുടെ അടുത്തേക്ക് തന്നെ പോകണൊ? ഒന്ന് കറങ്ങിയിട്ട് വൈകിട്ട് ചെന്നാൽ പോരെ.
കിളി: വേണ്ട ചേട്ടാ, പിടിക്കപ്പെട്ടാൽ അതോടെ തീരും. നമുക്ക് ഇനിയും ഉണ്ടല്ലോ സമയം.
ഞാൻ സാവധാനമാണ് വണ്ടിയോടിച്ചു കൊണ്ടിരുന്നത്, എൻറെ പെണ്ണിനെ സ്വസ്ഥമായി ഒറ്റയ്ക്ക് വണ്ടിയിൽ കൊണ്ടു പോകാൻ പറ്റിയ സന്ദർഭം വെറുതെ കളയരുതല്ലോ. ഉച്ചയോടെ വീടെത്തി. വണ്ടിയുടെ ഒച്ച കേട്ടതോടെ അമ്മ പുറത്തേക്ക് വന്നു.
അമ്മുമ്മ: എന്തായി മോളെ പെണ്ണുകാണാൻ വന്നിട്ട്.
കിളി: അവർക്ക് ഒരുപാട് ഡിമാൻഡ് ഉണ്ട്. സ്ഥലം വേണം കാശ് വേണം സ്വർണ്ണം വേണം.
അമ്മൂമ്മ: ചെക്കൻ എങ്ങനെയുണ്ട്?
കിളി: കുഴപ്പമില്ല.
അമ്മൂമ്മ: നിൻറെ ചേട്ടൻമാർ എന്ത് പറഞ്ഞു?
കിളി: അവർക്ക് രണ്ടുപേർക്കും ആണ് എതിർപ്പ്.
അമ്മൂമ്മ: ശരി ശരി, മോള് പോയി ചോറ് എടുക്ക്.
കിളി അകത്തേക്ക് പോയി, വണ്ടിയിൽ തൂക്കിയിരുന്ന ഡ്രസ്സ് ബാഗുമെടുത്ത് ഞാനും അകത്തേക്ക് കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
അമ്മുമ്മ: കുറച്ചു കഴിഞ്ഞിട്ട്, ഞാൻ ജലജയെ കാണാൻ പോകുന്നുണ്ട് മോള് വരുന്നുണ്ടോ?
കിളി: ഇല്ല വല്യമ്മെ, വണ്ടിയിൽ ഇരുന്നു യാത്ര ചെയ്തതിൻ്റെ ഒരു ക്ഷീണം.
അമ്മൂമ്മ: എന്നാൽ മോള് വരണ്ട, ഞാൻ കുറച്ചു താമസിച്ചേ വരു. രാധയ്ക്ക് ചായ തിളപ്പിച്ചു കൊടുക്കണം. മോനെ, ആ സ്ഥിരം വരുന്ന ഓട്ടോറിക്ഷക്കാരനോട് ഒന്നും വരാൻ പറയു.
ഭക്ഷണം കഴിച്ച ഉടനെ ഞാൻ ഓട്ടോറിക്ഷകാരനെ വിളിച്ചു, അയാള് ഇപ്പോൾ തന്നെ വരാം എന്ന് പറഞ്ഞു. 15 മിനിറ്റ് കൊണ്ട് ഓട്ടോറിക്ഷ വന്നു, അമ്മൂമ്മ അതിൽ കയറി പോയി. കിളി പാത്രങ്ങളൊക്കെ കഴുകി വെച്ച് ഹാളിലേക്ക് വന്നു, എൻറെ അടുത്ത സെറ്റിയിൽ വന്നിരുന്നു.
കിളി: എൻറെ ചേട്ടൻ എന്നെ ഓർത്തിരുന്നൊ?
ഞാൻ: അതെന്തൊരു ചോദ്യമാണ് പെണ്ണേ, നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കുണ്ടായിട്ടില്ല. ഞാനീ ദിവസങ്ങളൊക്കെ കഴിച്ചുകൂട്ടിയത്, എങ്ങനെയെന്ന് എനിക്കും ദൈവത്തിനും മാത്രമേ അറിയൂ.
കിളി: രാത്രിയിൽ മുഴുവൻ ആരും കാണാതെ കരച്ചിലായിരുന്നു. പകൽ സമയങ്ങൾ കളയാൻ ചേട്ടൻറെ കൊച്ചിൻ്റെ അടുത്തു പോയി ഇരിക്കും, അതിൻറെ കുസൃതികൾ കാണുമ്പോൾ സമയം പോകും.
ഞാൻ: നിനക്ക് അങ്ങനെയെങ്കിലും സമയം പോകുമായിരുന്നു. ഞാനിവിടെ കഴിച്ചുകൂട്ടിയത്, എങ്ങിനെയെന്ന് എനിക്ക് പോലും നിശ്ചയമില്ല.
ഞാൻ അവളെ എന്നിലേക്ക് ചേർത്തു, അവൾ ഒതുങ്ങിയിരുന്നു. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു, മുടിയിലൂടെ കൈകൾ തഴുകി.
കിളി: കേട്ടില്ലേ, വീട്ടിൽ കല്യാണാലോചനകൾ തകൃതിയായി നടക്കുകയാണ്. എത്രയും പെട്ടെന്ന് നമ്മുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം.
ഞാൻ: മൂന്നോ നാലോ മാസത്തിനുള്ളിൽ എല്ലാം ശരിയാകും.
കിളി: അതെന്താണ് ഇത്ര കൃത്യമായി പറയുന്നത്.
ഞാൻ: ഞാൻ നിന്നോട് പറയാതെ ഇരുന്നതാണ്. അന്ന് തിരുവനന്തപുരം പോയത്, ജോലിയുടെ കാര്യത്തിനായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടിയാണ്. രണ്ട് മാസത്തിനുള്ളിൽ മെയിൻ ലിസ്റ്റ് വരും, പിന്നെ രണ്ടുമാസത്തിനുള്ളിൽ അപ്പോയ്മെൻറും നടക്കും.
കിളി: എന്നിട്ട് എന്നോട് എന്താണ് പറയാതിരുന്നത്, എന്നോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ലെ?
ഇത് പറഞ്ഞ് അവൾ എന്നിൽ നിന്നും എഴുന്നേറ്റു മാറി, മുഖം കറുപ്പിച്ച് മുറിയിലേക്ക് പോയി വാതിലടച്ചു. ഞാൻ ചെന്ന് എത്ര മുട്ടിയിട്ടും വാതിൽ തുറന്നില്ല.

Recent Stories

The Author

Dasan

3 Comments

  1. 💕💕💕💕💕💕

  2. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com