സ്നേഹഭൂമി 2135

ശങ്കുവേട്ടന്റെ ഒരുവശം തളർന്നു പോയിരുന്നില്ലേ ആയിടക്ക്‌. ഇപ്പോഴല്ലേ പിന്നേം എഴുന്നേറ്റു നടക്കാറായത്‌. വഴിപാടും പ്രാർഥനകളും എത്ര മാത്രം കഴിച്ചു. പൂരാടത്തന്ത പുറത്തെന്നാ ചൊല്ല്‌. ഏതായാലും ജീവനെടുക്കാതെ ഈശ്വരൻ കാത്തു. അതൊക്കെ പോട്ടെ, കുട്ടി ജനിച്ച സമയമൊന്നു പറയൂ നിർമ്മലെ നീ….ഞാൻ കലണ്ടറിൽ ഒന്ന്‌ നോക്കട്ടെ”.
നിർമ്മല ജനനസമയം പറഞ്ഞു കൊടുത്തു. രമണിയേടത്തി കലണ്ടർ നോക്കി ആഹ്ലാദത്തോടെ പറഞ്ഞു, “ആഹാ കാർത്തികയാണല്ലോ നാൾ. കാർത്തിക നാളുകാർ കീർത്തി കേൾപ്പിക്കും. ഇവൻ മിടുക്കനാകും നിർമ്മലെ.” രമണിയേടത്തിയുടെ വാക്കുകൾ ഓർക്കുമ്പോൾ അവളുടെ ഹൃദയം എപ്പോഴും അഭിമാനത്തോടെ തുടികൊള്ളും.
മാത്തുക്കുട്ടിയെ കുളിപ്പിച്ചൊരുക്കി കൂട്ടുകാരോടൊപ്പം നിർമ്മല യാത്രയാക്കി. അവന്റെ സ്കൂൾ ടൗണിന്റെ നടുവിലായിരുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുണ്ട്‌ വീട്ടിൽ നിന്നും സ്കൂളിലേക്ക്‌. അതേ സ്കൂളിൽ പഠിക്കുന്ന അയൽപക്കത്തെ മുതിർന്നതും ചെറുതുമായ കുട്ടികളെല്ലാം ഒരു പറ്റമായിട്ടാണ്‌ സ്കൂളിലേക്ക്‌ പോകുന്നതും തിരിച്ചു വരുന്നതും. കൂട്ടത്തില ഏറ്റവും ചെറിയ ആളാണ്‌ മാത്തുക്കുട്ടി. ബസുകളും ചെറുവാഹനങ്ങളും ചീറിപ്പായുന്ന പ്രധാന റോഡ്‌ ഒഴിവാക്കിക്കൊണ്ട്‌ വയലേലകളും മുട്ടോളം മാത്രം വെള്ളമുള്ള കുറിച്ചിത്തോടും അതിർത്തി പങ്കിട്ടെടുക്കുന്ന വീതി കൂടിയ നടവരമ്പിലൂടെയാണ്‌ രാവിലെയും വൈകുന്നേരവുമുള്ള കുട്ടികളുടെ ഈ ഘോഷയാത്ര. പാടവും തോടും നിറയെ കുളയട്ടകളും നീർക്കോലിപ്പാമ്പുകളും ചെറു മത്സ്യങ്ങളുമുണ്ട്‌. ഇര തേടുന്ന നീർക്കോലികളെ കല്ലെറിഞ്ഞു കൊല്ലുന്നതാണ്‌ ഈ യാത്രയിലെ ഏറ്റവും രസകരമായ അനുഭവം. യാത്രയുടെ അവസാനം ഏറ്റവും കൂടുതൽ പാമ്പുകളെ കല്ലെറിഞ്ഞു കൊന്നയാളാണ്‌ വിജയി. അത്‌ കൂട്ടത്തിൽ ഏറ്റവും മുതിർന്നയാളും സംഘത്തിന്റെ നേതാവുമായ സഹദേവനായിരിക്കും .
സ്കൂളിൽ അധ്യാപകർക്കും സഹപാഠികൾക്കും മാത്തുക്കുട്ടിയെ വാത്സല്യമാണ്‌. മലയാളം പഠിപ്പിക്കുന്ന രാധാമണി ടീച്ചറിനോട്‌ അവനു പ്രത്യേക സ്നേഹമുണ്ട്‌. മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന മൂസ്സാക്കുട്ടിസാറിനെ മാത്രമാണ്‌ അവനു ഭയം. കൈയ്യിൽ വലിയ ചൂരൽ വീശിക്കൊണ്ട്‌ ഉരുണ്ടുരുണ്ട്‌ വരുന്ന മൂസ്സാക്കുട്ടിസാറിനെ ദൂരെനിന്നു കാണുമ്പോൾത്തന്നെ അവൻ ഡെസ്ക്കുകളുടെ പിന്നിൽ മറഞ്ഞിരിക്കും. ക്ലാസ്‌ റൂമിൽ നിന്നും ജനൽ വാതിലിനുള്ളിലൂടെ സ്കൂൾമുറ്റത്തേക്ക്‌ ചാടിയതിന്‌ സുബൈറിക്കാക്കക്ക്‌ മൂസ്സാക്കുട്ടി സാറിൽ നിന്നും നല്ല ചുട്ട അടി കിട്ടിയത്‌ അവൻ കണ്ടതാണ്‌. അതിനു ശേഷം മാത്തുക്കുട്ടിക്കു മൂസ്സാസാറിനെ കൂടുതൽ ഭയമാണ്‌. ക്രിസ്ത്യാനിയായതു കൊണ്ട്‌ അറബി പഠിക്കേണ്ട എന്നുള്ളത്‌ അവൻ വലിയ രക്ഷയായി കരുതി.

വീട്ടിലെ തിരക്കുകളെല്ലാം ഒതുങ്ങിക്കഴിഞ്ഞപ്പോൾ ആഴ്ച വട്ടക്കാരനായ തുണിക്കാരന്റെ പക്കൽ നിന്നും കുറച്ചുനാൾ മുൻപ്‌ വാങ്ങിയ ബ്ലൗസിന്റെ തുണി അല്പം അകലെ താമസിക്കുന്ന തയ്യല്ക്കാരി ഗ്രേസിയുടെ കൈയ്യിൽ തയ്ക്കുവാൻ കൊടുക്കാനായി നിർംമല വീടുപൂട്ടി പുറത്തിറങ്ങി. മുറ്റത്തു നിന്നും റോഡിലേക്ക്‌ കടന്നപ്പോൾ സായിപ്പിന്റെ ചെങ്കൽമതിൽ കുത്തിത്തുരന്ന്‌ ചെറിയ കഷണങ്ങൾ അടർത്തിയെടുക്കുന്ന കാർത്ത്യായിനിത്തള്ളയെ കണ്ടു. അടർത്തിയെടുത്ത ചെങ്കല്ലിന്റെ ഒരു ചെറിയ കഷണം വായിലിട്ടു രുചിയോടെ നുണഞ്ഞുകൊണ്ട്‌ അവർ അന്വേഷണ ത്വരയോടെ നിർമ്മലയോട്‌ ചോദിച്ചു,
“നിർമ്മലപ്പുള്ള ഇതെങ്ങോട്ടാ?”.
“ഇവിടെ അടുത്തുവരെ പോകുവാ കാർത്ത്യാനീ.”
ലക്ഷ്യം ഒഴിവാക്കിക്കൊണ്ട്‌ അവൾ പറഞ്ഞു.
പിന്നെ തള്ളയുടെ കൈയ്യിലിരിക്കുന്ന ചെങ്കല്ലിലേക്കു നോക്കിക്കൊണ്ട്‌ കൃത്രിമമായ ദേഷ്യത്തോടെ പറഞ്ഞു,
“ചെങ്കല്ല്‌ തിന്നരുതെന്നു നിങ്ങളോടിതെത്ര വട്ടം പറഞ്ഞിരിക്കുന്നു തള്ളെ. നിങ്ങളുടെ വയറ്റിലാകെ വിരയും കൃമിയും പണ്ടേ നിറഞ്ഞു കാണും. അതുമാത്രമോ, തുരന്നു തുരന്ന്‌ മതിലിന്റെ ഒരു ഭാഗം പൊളിഞ്ഞു താഴെ വീഴാറായി. ആ സായിപ്പോ ഹാജിറാത്തയോ കാണാത്തത്‌ നിങ്ങടെ ഭാഗ്യം”.
നിർമ്മലയുടെ ശകാരത്തോട്‌ കാർത്ത്യായിനിത്തള്ള പ്രതികരിച്ചില്ല. അവർ ചെങ്കല്ല്‌ നുണയുന്നത്‌ തുടർന്നുകൊണ്ടേയിരുന്നു. ആ സർക്കാരാശുപത്രീ പോയീ കുറച്ചു മരുന്ന്‌ വാങ്ങി കഴിച്ചുകൂടെ നിങ്ങൾക്ക്‌ ? അവൾ പിന്നെയും ചോദിച്ചു . പൊട്ടിയൊലിക്കുന്ന കടവായും നീര്‌ വീർത്തു ചുവന്ന ചുണ്ടുകളും പ്രത്യേക രീതിയിൽ സമന്വയിപ്പിച്ച്‌ ആത്മനിന്ദ നിറഞ്ഞ ചിരിയോടെ അവർ പറഞ്ഞു.
“ ഓ പോയി..പോയി. പതിവുപോലെ കൊറച്ചു കോയിന വെള്ളം കലക്കിത്തന്നു . അത്‌ മുറക്ക്‌ മോന്തണുണ്ട്‌ ഞാൻ.”
നിർമ്മല സഹതാപത്തോടെ അവരെ നോക്കി. പിന്നെ സ്വരം മയപ്പെടുത്തി ചോദിച്ചു. “ഞാൻ വീട്‌ തുറന്ന്‌ കുറച്ചു കഞ്ഞിയെടുത്തു തരട്ടെ, വിശപ്പുണ്ടോ നിങ്ങൾക്ക്‌ ?”
“വേണ്ട പുള്ളെ. വിശപ്പില്ലാണ്ടായിട്ടു നാളെത്രയായി. ഒരു നേരോ മറ്റോ എന്തെങ്കിലും കഴിച്ചാലായി. അതും വേണ്ടാതായിത്തുടങ്ങി”.
അവരുടെ മാംസം വറ്റിയ ശരീരത്തിലേക്ക്‌ അവൾ സഹതാപത്തോടെ നോക്കി. ചെങ്കല്ലു നുണയുന്ന താളത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ ഓട്ടച്ചെവികൾ താളാത്മകമായി ചലിച്ചു കൊണ്ടിരുന്നു. നീണ്ട ഒരു നെടുവീർപ്പോടെ നിർമ്മല പറഞ്ഞു.
“എന്നാൽ ഞാൻ പോകുവാ ആ ചെങ്കല്ല്‌ ഇനീം തിന്നണ്ട ”. അവർ സമ്മതത്തോടെ ശബ്ദമില്ലാതെ തലകുലുക്കുക മാത്രം ചെയ്തു.
മതങ്ങളും മതാനുഷ്ടാനങ്ങളും മനുഷ്യസ്നേഹമെന്ന വികാരത്തിന്‌ മുൻപിൽ പരസ്പരം കൈകോർത്തുനിന്ന നാടായിരുന്നു അത്‌. ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനിയോ എന്ന തരംതിരിവില്ലാതെ എല്ലാവരും മനുഷ്യാരാണെന്നുള്ള തിരിച്ചറിവായിരുന്നു അവിടെ താമസിച്ചിരുന്നവരുടെ പ്രത്യേകത. പ്രധാന റോഡിന്റെ അപ്പുറവും ഇപ്പുറവുമായി ഹിന്ദുക്കളുടെ അമ്പലവും മുസ്ലീങ്ങളുടെ മോസ്കും പരസ്പരം നമസ്കാരം പറഞ്ഞു തലയുയർത്തി നിന്നു. ക്രിസ്ത്യൻ പള്ളി മാത്രം ഏകദേശം രണ്ടു കിലോമീറ്ററോളം ദൂരത്തായിരുന്നു.
ആരാധനാലയങ്ങളിൽ നിന്നുമുള്ള കീർത്തനങ്ങളും ബാങ്ക്‌ വിളിയും മണി നാദങ്ങളും അവരുടെ അന്തരീക്ഷത്തിൽ മതസൗഹാർദത്തിന്റെ അപൂർവമായ ഒരു സിംഫണി താളാത്മകമായി ഉയർത്തിക്കൊണ്ടേയിരുന്നു.