സ്നേഹഭൂമി 2135

Views : 17501

എല്ലാം ശരിയായി വരും എന്ന കാത്തിരിപ്പിനും പ്രതീക്ഷക്കും അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. കട്ടിലിൽ തളർന്നു കിടക്കുവാൻ മാത്രമേ അവൾക്കു കഴിഞ്ഞുള്ളു.
അയൽപക്കത്തെ സ്ത്രീകൾ ഓരോരുത്തരും മാറി മാറി വന്നവളുടെ അടുക്കലിരുന്ന്‌ ആശ്വാസ വാക്കുകൾ പറഞ്ഞു. ഭക്ഷണം കഴിക്കുവാൻ നിർബന്ധിച്ചു. ഹാജിറാത്ത സ്വന്തം മകളെപ്പോലെ അവളെ പരിചരിച്ചു. എണ്ണമയം വറ്റിയ അവളുടെ തലമുടിയിഴകളിലൂടെ വിരൽ കോതിക്കൊണ്ട്‌ അരുമയോടും ദുഖത്തോടും കൂടി അവർ പറഞ്ഞു.
”നോക്ക്‌ മോളെ, ജീവിതം ഇവിടം കൊണ്ട്‌ തീരില്ലല്ലോ. പടച്ചോന്റെ നിശ്ചയമല്ലേ മനുഷേന്റെ ജീവിതം. അങ്ങേരു നിശ്ചയിക്കുമ്പോഴേ എല്ലാം നടക്കൂ. നീ ആ കുട്ടിയെ ഓർത്ത്‌ ധൈര്യപ്പെട്‌. എഴുന്നേറ്റ്‌ ഈ പൊടിയരിക്കഞ്ഞി ഇത്തിരി കുടിക്ക്‌ “.
ജെയിംസിന്റെ മരണദിവസം മുതൽ നിർമ്മലയുടെ മാതാവ്‌ അവളോടും കുട്ടിയോടും ഒപ്പമുണ്ടായിരുന്നു. അവളുടെ പിതാവ്‌ കുറച്ചു മൈലുകൾ ദൂരത്തുള്ള സ്വന്തം വീട്ടിൽ പോയും വന്നും അവളുടെ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.
മതാചാരപ്രകാരമുള്ള ചടങ്ങുകൾ കഴിഞ്ഞാൽ നിർമ്മലയെ തങ്ങളോടൊപ്പം സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം.
ഒരാഴ്ചക്ക്‌ ശേഷം മാത്തുക്കുട്ടി വീണ്ടും കൂട്ടുകാരോടൊത്തു സ്കൂളിൽ പോയിത്തുടങ്ങി. അപ്പയുടെ മരണം എന്ന നഷ്ടത്തേക്കാൾ അമ്മയുടെ കരച്ചിലും തളർച്ചയുമാണ്‌ അവനെ കൂടുതൽ ഭയപ്പെടുത്തിയത്‌. സ്കൂളിലായിരിക്കുമ്പോഴും അവന്റെ മനസ്സ്‌ അമ്മയോടൊപ്പമായിരുന്നു.
സദാ പ്രസന്നമായിരുന്ന അവന്റെ മുഖത്ത്‌ ഭീതിയും മൗനവും കുടിയേറിയിരിക്കുന്നത്‌ അധ്യാപകരിൽ പോലും സഹതാപമുണർത്തി. ഉച്ചക്ക്‌ ഊണു കഴിക്കുന്ന സമയത്ത്‌ രാധാമണിട്ടീച്ചർ അവനെ സ്റ്റാഫ്‌ റൂമിൽ കൊണ്ടുപോയി തന്നോടൊപ്പം ഇരുത്തി ഊണുകഴിപ്പിച്ചു.
ചടങ്ങുകളെല്ലാം കഴിഞ്ഞതിന്റെ പിറ്റേന്ന്‌ നിർമ്മലയേയും കുട്ടിയേയും സ്വന്തം വീട്ടിലേക്കു കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ പിതാവ്‌ ആരംഭിച്ചു. സാധനസാമഗ്രികൾ എല്ലാം ഒരു ലോറിയിൽ ആദ്യമേ അയച്ചു. ഉച്ച കഴിഞ്ഞ്‌ അവർക്ക്‌ പോകുവാനുള്ള വാഹനവും വീട്ടുമുറ്റത്തെത്തി. എല്ലാ വീടുകളിൽ നിന്നും കുട്ടികളടക്കമുള്ളവർ അവിടെ സന്നിഹിതരായിരുന്നു. അവരുടെ കണ്ണുകളിൽ സ്നേഹത്തിന്റെ നീർത്തുള്ളികൾ നനവുണ്ടാക്കികൊണ്ടേയിരുന്നു. നിർമ്മല അവർക്ക്‌ സ്വന്തം മകളും സഹോദരിയും ചേച്ചിയുമൊക്കെയായിരുന്നല്ലോ.
നിറകണ്ണുകളോടെ നിർമ്മല എല്ലാവരോടുമായി യാത്ര പറഞ്ഞു. സുബൈറിക്കാക്ക വ്യസനത്തോടെ മാത്തുക്കുട്ടിയോടു ചോദിച്ചു, ”മാത്തൂട്ടി ഇനി വേറെ സ്കൂളിലാ പോണതല്ലേ?“ അവൻ തലയാട്ടി. തെങ്ങോല കൊണ്ടുണ്ടാക്കിയ ചെറിയൊരു ഓലപ്പന്ത്‌ സുബൈറിക്കാക്ക അവന്റെ കൈയ്യിൽ വെച്ചുകൊടുത്തു. പിന്നെ അവിടെനിന്നും തേങ്ങിക്കരഞ്ഞു കൊണ്ട്‌ ഓടിയകന്നു. സായിപ്പ്‌ അവനെ കൈകളിൽ എടുത്തു നെറുകയിൽ ചുംബിച്ചു.
”മാത്തൂട്ടി നന്നായി പഠിച്ചു മിടുക്കനാകണം കേട്ടോ“.
അയാളുടെ സ്വരവും നനഞ്ഞിരുന്നു. നന്മനിറഞ്ഞ കുറച്ചു മനുഷ്യരുടെ ഇടയിൽ നിന്നും എന്നെന്നേക്കുമായി പറിച്ചെറിയപ്പെടുന്ന വേദനയാണ്‌ നിർമ്മലക്കനുഭവപ്പെട്ടത്‌. തുളുമ്പുന്ന മിഴികളോടും വിങ്ങുന്ന ഹൃദയത്തോടും കൂടി അവൾ എല്ലാവരോടും മൗനാനുവാദം ചോദിച്ചു. പിന്നെ വാഹനത്തിലേക്ക്‌ കയറി.
****************************
ഓർമ്മകളിൽ മായാത്ത ചിത്രങ്ങൾ കോറിയിട്ടു കടന്നു പോയ ബാല്യത്തിന്റെ കളിമുറ്റത്തേക്ക്‌ മാത്തുക്കുട്ടി വീണ്ടും വന്നു, വർഷങ്ങൾക്കുശേഷം. അമ്മ നിർമ്മലയുമൊത്ത്‌ മനസ്സിന്റെ ഉള്ളറകളിൽ മറഞ്ഞുകിടന്നിരുന്ന നിധിശേഖരങ്ങൾ ഓരോന്നും, ഓരോ കാഴ്ചയിലും അവന്റെ കണ്മുൻപിൽ മറനീക്കി പുറത്തുവന്നു.
നിലത്തെഴുത്ത്‌ പഠിച്ച ആശാൻ കളരിയുടെ കെട്ടിടം പിന്നിട്ട്‌ വാഹനം മുന്നോട്ടു പോകുമ്പോൾ കൈവിരൽ തുമ്പിൽ അക്ഷരങ്ങൾ കോറിപ്പിച്ച്‌ അറിവിന്റെ വിശാലമായ ലോകത്തിലേക്ക്‌ വാതായനങ്ങൾ തുറന്നു തന്ന ഗോമതേശ്വരി ടീച്ചറെ അവൻ ഓർത്തു. വാഹനം ഓടിക്കുമ്പോൾ അമ്മയോടായി അവൻ പറഞ്ഞു,
“ഗോമതി ആശാട്ടി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ആവോ”.
“ഉണ്ടാവണം മാത്തൂട്ടി”. അവൾ പറഞ്ഞു.
“നിന്നെ എഴുത്തിനിരുത്തുമ്പോൾ അവർക്ക്‌ അത്രമാത്രം പ്രായമൊന്നും ആയിട്ടില്ലലോ”. ശരിയാണ്‌ അവൻ സമ്മതത്തോടെ തലയാട്ടി.
“നീ ഇപ്പോഴും ആശാട്ടിയുടെ മുഖം ഓർക്കുന്നുണ്ടോ?” നിർമ്മല വീണ്ടും ചോദിച്ചു. മാത്തുക്കുട്ടി അമ്മയുടെ മുഖത്ത്‌ നോക്കി ചിരിച്ചു.
“ഉം… കുറച്ചു മുൻപും കൂടി കണ്ടതുപോലെ”.
വാഹനം സുലൈമാൻ സാഹിബിന്റെ വീടിനു മുൻപിലായി റോഡരികിൽ മാത്തുക്കുട്ടി ഒതുക്കിനിർത്തി. പഴയ ഓടിട്ട വീടിന്റെ സ്ഥാനത്ത്‌ വലിയൊരു ഇരുനിലക്കെട്ടിടം പ്രൗഢിയോടെ തലയുയർത്തി നിന്നിരുന്നു. മാത്തുക്കുട്ടി ജനിച്ച വീടും അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. പകരം അവിടെ തകരയും കാശിത്തുമ്പയും തഴച്ചുവളർന്ന്‌ ചെറുകാറ്റിൽ തലയാട്ടി നിന്നു.
പണ്ട്‌ കാർത്ത്യായിനി തുരന്ന്‌ തുളകൾ വീഴ്ത്തിയ ചെങ്കൽ മതിൽ കോൺക്രീറ്റ്‌ ബ്ലോക്കുകൾ കൊണ്ട്‌ പണിത്‌, തേച്ച്‌, വെള്ള പൂശിയ മനോഹരമായ മതിലായി രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു. മാത്തുക്കുട്ടിയും അമ്മയും പരസ്പരം നോട്ടം കൈമാറി. പിന്നെ വാഹനത്തിൽ നിന്നും ഇറങ്ങി വലിയ ഇരുമ്പ്‌ ഗേറ്റിനടുക്കലേക്ക്‌ നടന്നു.
ഗേറ്റ്‌ തുറന്ന്‌ മുറ്റത്തേക്ക്‌ പ്രവേശിക്കുമ്പോൾ നിർമ്മല മാത്തുക്കുട്ടിയോടു പറഞ്ഞു,
“സായിപ്പും കുടുംബവും തന്നെയാണോ ഇവിടെ താമസിക്കുന്നതെന്ന്‌ എനിക്ക്‌ സംശയം തോന്നുന്നു”.

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com