ഖുനൂസിന്റെ സുൽത്താൻ EP-3 [Umar] 559

 

നന്നേ ക്ഷീണിച്ച ഒരു മനുഷ്യനാണ് ചായ അടിക്കുന്നത് ഒരു കാവിമുണ്ടും വെള്ള കയ്യില്ലാത്ത മുഷിഞ്ഞ ഒരു ബനിയനുമാണ് വേഷം.

 

അയാൾ നല്ലവണ്ണം നീട്ടിയടിച്ച പതപ്പിച്ച ചായ രണ്ടാൾക്കും കൊടുത്തു. ചായ അടിക്കുന്നതിനപ്പുറം കടക്കാരന്റെ ഭാര്യയാണെന്ന് തോന്നുന്ന ഒരു സ്ത്രീ നിന്ന് പലഹാരങ്ങൾ എണ്ണയിൽ വറുത്തെടുത്തു അലമാരയിൽ അടുക്കുന്നുണ്ട്.

അബു മരത്തിന്റെ ചില്ലലമാരയിൽ നിന്ന് ഒരു പരിപ്പുവട എടുത്തു ഉമറിനെന്താ വേണ്ടത് എന്ന മട്ടിൽ അവനെ നോക്കി പുരികം പൊക്കി കാണിച്ചു,അവനൊരു പഴംപൊരി ചൂണ്ടികാട്ടി.

 

പഴം പൊരിയും പരിപ്പുവടയും ഓരോ ന്യൂസ്‌പേപ്പർ കഷ്ണത്തിൽ പൊതിഞ്ഞെടുത്ത് അവൻ ഉമറിനടുത്തു വന്നിരുന്ന് പഴംപൊരി അവനു നീട്ടി.

 

രണ്ടാളും ചായ കുടിച് പോലീസ് പോവുന്നതും കാത്ത് ബെഞ്ചിലിരുന്നു.

ഒരു കുട്ടിയെ മുന്നിൽ നിർത്തി ഹോണ്ടയുടെ ആവിയേറ്റർ സ്‌കൂട്ടർ ഓടിച്ച് വന്ന സ്ത്രീയെ പോലീസ് തടഞ് നിർത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ട്.

 

കുറച്ചു നേരത്തെ സംസാരത്തിനോടുവിൽ ആ സ്ത്രീ നേരെ വന്ന് അവരിരുന്നിരുന്ന ചായക്കടയുടെ അടുത്തായി വണ്ടി നിർത്തി ഇറങ്ങി.

കൂടെ ഉണ്ടായിരുന്ന കുട്ടി ഓടി വന്ന് ഉമറിന്റെ അപ്പുറത്തിരുന്ന് അവനൊരു നിഷ്കളങ്കമായ ചിരി സമ്മാനിച്ചു.

തിരിച്ചവനും ചിരിച്ചു.

 

കുട്ടിയുടെ കൂടെ വന്ന സ്ത്രീ ഹെൽമെറ്റ്‌ ഊരി വണ്ടിയുടെ ഹാൻഡിലിൽ തൂക്കി അവരുടെ നേർക് നടന്നു

അബു ആ കാഴ്ച കണ്ടൊന്ന് ചെറുതായി ഞെട്ടി തൊട്ടടുത്തിരിക്കുന്ന കുട്ടിയെ നോക്കി ഗോഷ്ടി കാണിക്കുന്ന ഉമറിനെ വിളിച്ചു അവർക്ക് നേരെ വരുന്നവരെ അവനും കാണിച്ചു കൊടുത്തു .

 

“ഫാത്തിമ…”

 

 

ഒരത്ഭുതത്തോടെ അതിലുപരി ഒരു നൊമ്പരത്തോടെ ഉമറാ പേര് മനസ്സിൽ പറഞ്ഞു.

 

സുഗുണേട്ടന്റെ ചായക്കടയിലെ ബഞ്ചിൽ ഇരുന്ന് ആരോടോ കത്തിയടിക്കുന്ന സൈനു.

പെണ്ണങ്ങനെയാണ് എല്ലാരോടും വേഗം കൂട്ടാവും സ്കൂളിൽ നിന്ന് കൂട്ടി വരും വഴി സുഗുണേട്ടന്റെ കടയിൽ ഒരു സ്റ്റോപ്പ്‌ പതിവാണ്.

ജോലി കഴിഞ്ഞു ക്ഷീണിച് വരുന്നത് കൊണ്ട് വീട്ടിൽ ചെന്ന് ചായയും പലഹാരങ്ങളൊന്നും ഉണ്ടാക്കാൻ വയ്യ അത് കൊണ്ട് തന്നെ ഇവിടെയാണ് സ്ഥിരം വൈകിട്ടത്തെ ചായ കുടി.

 

സൈനുവിനെയും അവൾക്കടുത്തുരിക്കുന്ന രണ്ട് പേരെയും നോക്കി ഫാത്തിമ ഹെൽമെറ്റ്‌ ഊരി ബൈക്കിൽ വെച്ചു അവൾക്കരികിലേക് നടന്നു.

അടുത്തെത്താറായപ്പോഴാണ് അതിലൊരാൾ തന്നെ നോക്കുന്നത് അവൾ ശ്രദ്ധിച്ചത്.

എവിടെയോ കണ്ട പരിജയം ആ മുഖത്തിനുണ്ട് എന്നവളുടെ മനസ്സ് മൊഴിഞ്ഞു.

 

ഒരു നിമിഷം സൈനുവിനടുത്തിരിക്കുന്ന ആൾ തിരിഞ്ഞു.

Updated: July 13, 2024 — 1:19 am