മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

Views : 12151

മഴ അവളുടെ ഹൃദയത്തില്‍ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, ഒരു നനുത്ത സംഗീതമായി പെയ്തിറങ്ങാറുണ്ട്…

ചില സമയങ്ങളില്‍ മഴ ഒരു കളിക്കൂട്ടുകാരിയായി വന്നു അവളുടെ കാതുകളില്‍ എന്തൊക്കെയോ മന്ത്രിക്കാറുണ്ട്…

കാര്‍മേഘങ്ങള്‍ കാണുമ്പോള്‍ മഴ കണ്ട കാര്‍മുകിലെന്ന പോലെ അവളുടെ ഹൃദയം പീലി നിവര്‍ത്തിയാടാറുണ്ട്…

മഴത്തുളളികളിലൊന്ന് വന്ന് അവളുടെ കവിളില്‍ തലോടി…

രോമാഞ്ചപുളകിതയായി ശ്രീനന്ദന എഴുന്നേറ്റു…

മഴത്തുളളികളുടെ കിലുക്കം ഒരു സംഗീതധാരയായി അവളുടെ കാതുകളിലേക്ക് ഒഴുകി…

മഴത്തുളളികളുടെ മന്ത്രണം അവളുടെ കാതുകളില്‍ പതിച്ചു…

അവള്‍ സൂക്ഷ്മമായി അത് ശ്രവിച്ചു…

എന്താണ് മഴത്തുളളികള്‍ തന്നോട് മന്ത്രിക്കുന്നത്…

”എനിയ്ക്ക് ഒരു കഥ പറയാനുണ്ട്…”

ശ്രീനന്ദനയുടെ കണ്ണുകള്‍ വിടര്‍ന്നു…

”ആരുടെ കഥ…?”
അവള്‍ മഴത്തുളളികളോട് ചോദിച്ചു..

മഴത്തുളളി കിലുക്കം ഒരു കുലുങ്ങി ചിരിയായി അവള്‍ക്ക് അനുഭവപ്പെട്ടു …

ആ ചിരി അവളുടെ കാതുകളില്‍ മുഴങ്ങി കേട്ടു…

മുന്നിലെ മഴത്തുളളികളില്‍ അവ്യക്തമായ ഒരു രൂപം തെളിഞ്ഞു…

മഴത്തുളളികളുടെ ആ കുലുങ്ങിച്ചിരി ഒരു നേര്‍ത്ത തേങ്ങലായി ശ്രീനന്ദനയുടെ കാതില്‍ പതിഞ്ഞു…

മുന്നിലെ മഴനൂലാല്‍ സൃഷ്ടിച്ച അവ്യക്തം രൂപം ഒരു പെണ്‍കുട്ടിയുടേതാണെന്ന് ശ്രീനന്ദന ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു..

”ആരാണ് നീ…?”
ഭയപ്പാടോടെ ശ്രീനന്ദന ചോദിച്ചു…

ഒരു വല്ലാത്ത ഇരമ്പം ശ്രീനന്ദനയുടെ കാതുകളില്‍ പതിച്ചു…

അവളുടെ കാതില്‍ ആരോ മന്ത്രിച്ചു…
ഒരു മഴത്തുളളി കിലുക്കം പോലെ…

”ഭദ്ര….!!!”

ആ മന്ത്രണം അവളുടെ കാതുകളില്‍ ഒരു പ്രതിധ്വനിയായി മാറ്റൊലി കൊണ്ടു…

മെല്ലെ മെല്ലെ ആ മഴനൂല്‍ രൂപം മഴയില്‍ അലിഞ്ഞില്ലാതായി…

ഒന്ന് വെട്ടിവിറച്ചെന്ന പോലെ ശ്രീനന്ദന കണ്ണുകള്‍ തുറന്നു…

അവള്‍ പകച്ച് ചുറ്റുപാടും നോക്കി…

മുന്നില്‍ ഇരച്ച് പെയ്യുന്ന മഴ…

താന്‍ കണ്ടത് സ്വപ്നമാണോ….?

“ഭദ്ര…” ആ ശബ്ദം കാതില്‍ വന്ന് അലയ്ക്കുന്നത് പോലെ…

ശ്രീനന്ദനയുടെ ശരീരമാകെ വിയര്‍ത്ത് കുളിച്ചിരുന്നു…

”ഇതെന്താ മേഡം… മേഡം മഴ നനഞ്ഞതോ വിയര്‍ത്തതോ…?”
ആ ശബ്ദം കേട്ട് ശ്രീനന്ദന ഞെട്ടിത്തിരിഞ്ഞ് നോക്കി..

അടുക്കളയില്‍ സഹായത്തിന് നിര്‍ത്തിയിരിക്കുന്ന മന്ദാകിനിയാണ്..

ശ്രീനന്ദനയ്ക്ക് ഒരു പതര്‍ച്ചയുണ്ടായി..

സാരിത്തലപ്പ് കൊണ്ട് മുഖവും കൈകളും തുടച്ചിട്ട് ആ പതര്‍ച്ച് മറച്ച് കൊണ്ട് ശ്രീനന്ദന പറഞ്ഞു:
“കാറ്റില്‍ തൂവാനം അടിച്ച് കയറിയതാണ്…”

”സൂക്ഷിക്കണം മേഡം.. പുതുമഴയാ.. ജലദോഷമുണ്ടാകാന്‍ ഇത് മതി…”

”മ്…” മന്ദാകിനിയുടെ ഉപദേശം കേട്ട് മൂളിക്കൊണ്ട് ശ്രീനന്ദന അകത്തേക്ക് നടന്നു…

”അയ്യാ…. മഴ നനയാന്‍ കൊച്ചു പ്രായമല്ലേ… ഹിം… ഒരു കൊച്ചില്ലാത്തതിന്‍റെ എല്ലാ ദോഷവുമുണ്ട്…. വേറെ ജോലിയൊന്നുമില്ലല്ലോ… പിന്നെ മഴ നനഞ്ഞാലെന്ത്…” ഒരു പ്രത്യേക താളത്തില്‍ മുറുമുറുത്ത് കൊണ്ട് മന്ദാകിനി അടുക്കളയിലേക്കും നടന്നു…

വിവാഹം കഴിഞ്ഞിട്ട് പത്ത് വര്‍ഷം കഴിഞ്ഞു… ഒരു കുഞ്ഞിക്കാല് കാണാനുളള ഭാഗ്യം ദേവാനന്ദിനും ശ്രീനന്ദനയ്ക്കും ഉണ്ടായിട്ടില്ല…

പല പരിശോധനകളും നടത്തി…

Recent Stories

The Author

ഹണി ശിവരാജന്‍

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com