മഴത്തുള്ളികള്‍ പറഞ്ഞ കഥ 1 [ഹണി ശിവരാജന്‍] 26

Views : 12131

മഴത്തുള്ളികള്‍ പറഞ്ഞ കഥ

Mazhathullikal Paranja Kadha Part 1 bY ഹണി ശിവരാജന്‍

ശ്രീനന്ദന ജാലകവിരി മാറ്റി പുറത്തേക്ക് നോക്കി…

പഴയ പ്രൗഢിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കോവിലകത്തിന്‍റെ പൂമുഖപ്പടിയിലെ ചാരുകസേരയില്‍ സട കൊഴിഞ്ഞ സിംഹത്തെ പോലെ ചാരി കിടക്കുന്ന മഹാദേവന്‍ തമ്പുരാന്‍…

തന്നെ കണ്ട മാത്രയില്‍ മഹാദേവന്‍ തമ്പുരാന്‍റെ കണ്ണുകളിലുണ്ടായ ഞെട്ടല്‍ ശ്രീനന്ദനയുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരുന്നില്ല…

മഹാദേവന്‍ തമ്പുരാന്‍റെ പത്നി പാര്‍വ്വതീദേവിയുടെ കണ്ണുകളില്‍ നീര്‍ത്തിളക്കമുണ്ടായിരുന്നോ… അത് കാണിക്കാതിരിക്കാനാവണം മുഖത്ത് ഒരു ചെറിയ പുഞ്ചിരി വരുത്തി അവര്‍ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നത്…

ഒരു തണുത്ത കാറ്റ് കോവിലകത്തിന്‍റെ മുന്നിലെ പടര്‍ന്ന് പന്തലിച്ച മാവിനെ പുല്‍കി കടന്നു പോയി…

ആ കാറ്റിന്‍റെ കുളിര്‍മ്മയില്‍ ശ്രീനന്ദന കോരിത്തരിച്ചു…

ആകാശത്ത് ഉരുണ്ട് കൂടുന്ന കാലവര്‍ഷ മേഘങ്ങളുടെ ഭംഗിയില്‍ കണ്ണുനട്ട് ലയിച്ച് നില്‍ക്കുമ്പോള്‍ അവ എന്തോ പറയാന്‍ വെമ്പുന്നതായി ശ്രീനന്ദനയ്ക്ക് തോന്നി…

മെല്ലെ ശ്രീനന്ദന പിന്തിരിഞ്ഞു നടന്നു…

മേശമേലിരിക്കുന്ന തൂവെളളക്കടലാസുകളും തൂലികയും എഴുതാന്‍ വെമ്പി നില്‍ക്കുന്നത് പോലെ അവള്‍ക്ക് അനുഭവപ്പെട്ടു…

പക്ഷെ തന്‍റെ മനസ്സ് തീര്‍ത്തും ശൂന്യമാണെന്ന് തിരിച്ചറിഞ്ഞതും നിരാശയോടെ ശ്രീനന്ദന പടിക്കെട്ടുകള്‍ ഇറങ്ങി താഴേക്ക് നടന്നു…

**************

ശ്രീനന്ദന..

തൂലികത്തുമ്പില്‍ നിന്നുതിരുന്ന ഒരോ വാക്കിലും ജീവന്‍റെ തുടിപ്പുകളുളള ഒരു നല്ല എഴുത്തുകാരി…

ഭര്‍ത്താവ് ദേവാനന്ദ് റൂറല്‍ എസ്.പി..

കോവിലകത്തിനോട് ചേര്‍ന്നുളള വീട് ഒരു റൂറല്‍ എസ്.പിയ്ക്ക് കൊടുക്കുന്നതിനോട് മഹാദേവന്‍ തമ്പുരാന്‍ വലിയ വിയോജിപ്പ് ഒന്നുമില്ലായിരുന്നു…

വീട് അടച്ചിട്ട് പൊടി കയറുന്നതിനേക്കാള്‍ നല്ല കുടുംബങ്ങള്‍ ആണെങ്കില്‍ വാടകയ്ക്ക് കൊടുക്കുന്നതാണ് നല്ലതെന്ന വിദേശത്തുളള മകന്‍റെ ഉപദേശം കിട്ടിയതോടെ ആദ്യനറുക്ക് വീണത് ട്രാന്‍സ്ഫറായി വന്ന ദേവാനന്ദിനായിരുന്നു…

ശ്രീനന്ദനയ്ക്ക് വീടും സ്ഥലവും ഒറ്റ കാഴ്ചയില്‍ തന്നെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു…

കോവിലകത്തോട് ചേര്‍ന്ന് ആധുനികതയും പഴമയും കലര്‍ന്ന ഒരു മനോഹരമായ ഇരുനില വീട്…

കോവിലകവുമായി വേര്‍തിരിച്ച് മതിലുകളുണ്ടെങ്കിലും കോവിലകത്തെ ബന്ധിപ്പിച്ച് ഒരു ഗെയിറ്റിട്ട ചെറിയ വാതിലുണ്ടായിരുന്നു…

മുറ്റത്തെ പുല്‍ത്തകിടും ക്രമമായി നട്ട് വളര്‍ത്തിയ ഭംഗിയുളള പൂച്ചെടികളും ഒരു ചെറിയ ആമ്പല്‍ കുളവും പടര്‍ന്ന് പന്തലിച്ച തൈമാവും എല്ലാം മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തുന്നവയായിരുന്നു..

കാലവര്‍ഷം വന്നെത്തിയതിന്‍റെ സൂചന അറിയിച്ച് നനവിന്‍റെ സ്പര്‍ശമുളള കാറ്റ് വീശിക്കൊണ്ടിരുന്നു..

മഴയുടെ സംഗീതത്തിനായി കാതോര്‍ത്ത് ശ്രീനന്ദന പൂമുഖത്തെ ചാവടിയില്‍ ചാരിയിരുന്ന…

ഇളംകാറ്റിന്‍റെ സ്നേഹ സ്പര്‍ശത്താല്‍ ശ്രീനന്ദനയുടെ നീണ്ട ഈടതൂര്‍ന്ന മുടിയിഴകള്‍ താളത്തില്‍ നൃത്തമാടി…

ശ്രീനന്ദന മഴയെ സ്നേഹിക്കുന്ന എഴുത്തുകാരിയാണ്…

Recent Stories

The Author

ഹണി ശിവരാജന്‍

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com