മറുകന്‍ 2116

Views : 9611

മറുകന്‍

Marukan A Malayalam Story BY YASAS

കൃഷ്ണകുമാര്‍ അതിസമര്‍ത്ഥനും പ്രശസ്തനും ആകുമെന്ന് അവന്‍റെ അച്ഛന്‍ അച്ചുതന്‍ നായര്‍ക്ക്‌ ഉറപ്പായിരുന്നു. അല്ലെങ്കില്‍ പിന്നെ ജനിച്ചപ്പോള്‍ , കൃഷ്ണകുമാറിന്‍റെ മുതുകില്‍ ഉണ്ടായിരുന്ന പപ്പടത്തിന്‍റെ വലിപ്പമുള്ള ആ കറുത്ത മറുക് കണ്ട്‌ വയറ്റാട്ടി പറൂമ്മ ഉറക്കെ നിലവിളിച്ചപ്പോള്‍ , മോഹാലസ്യപ്പെട്ട ഭാര്യ ശാരദാമ്മയെ ശ്രദ്ധിക്കാതെ അയാള്‍ ചിരിച്ചുകെണ്ടിരുന്നത് എന്തിനാണ്?

ഭാര്യയുടെയും സ്വന്തം കുഞ്ഞിന്‍റെയും ദൈനംദിന കാര്യങ്ങളില്‍ താന്‍ ഇടപെട്ടാലും ഇല്ലെങ്കിലും, വിധിയും, മുന്‍ജന്മസുകൃതവും, പൂര്‍വികരുടെ സല്‍കര്‍മ്മങ്ങളുടെ ഫലത്താലും എല്ലാം ശുഭകരമായിത്തീരുമെന്ന് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായ അച്ചുവേട്ടനറിയാമായിരുന്നു. തന്‍റെ മകന്‍ മഹാനാകുമെന്ന് ഉറപ്പിക്കാന്‍ വന്ന കണിയാന്‍ ഗോവിന്ദപ്പണിക്കര്‍ ജാതകം മുഴുമിക്കാതെ, അവസാനത്തെ രണ്ടു താളുകള്‍ ബാക്കി വച്ച് കസാലയില്‍ നിന്നു വീണ് പക്ഷപാതം പിടിപെട്ട്‌ കിടപ്പിലായത്‌ കൃഷ്ണകുമാറിന്‍റെ ജാതകം കുറിക്കുന്നതിനിടയിലാണെങ്കിലും, അത് ഗോവിന്ദപ്പണിക്കരുടെ ജാതകദോഷം കൊണ്ടാണെന്ന് അച്യുതന്‍ നായര്‍ സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പികുകയും ചെയ് തു.

ആയിരം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അസുലഭ നവഗ്രഹ നക്ഷത്ര സംയോജന മുഹൂര്‍ത്തത്തില്‍ പുത്രന്‍ ജനിച്ച അച്യുതന്‍ നായര്‍, ആ മഹാഭാഗ്യതിന്‍റെ ചിഹ്നമായ ആ വലിയ മറുക് നോക്കി മണിക്കൂറുകളോളം ഇരുന്ന് ചിരിച്ചു. കൃഷ്ണകുമാറിനെ സന്ദര്‍ശിക്കാന്‍ വന്ന സ്ത്രീകളും കുട്ടികളും അച്ചുവേട്ടന്‍റെ കൂടെയിരുന്ന് ചിരിച്ചു. ഒരു പക്ഷെ ആ ചിരി കേട്ടിട്ടായിരിക്കും കൃഷ്ണകുമാര്‍ ഒരിക്കലും കരയാതിരുന്നത്. ജനിച്ച നിമിഷം മൂന്ന് തവണ കരഞ്ഞതല്ലാതെ അവന്‍ കരയുന്നത് പിന്നീട്‌ ആരും കണ്ടിട്ടില്ല. കൃഷ്ണകുമാര്‍ അവന്‍റെ അച്ഛനെ പോലെ ചിരിച്ചുകൊണ്ടിരുന്നു, ജീവിതത്തെ ചിരിച്ചുകൊണ്ട് നേരിടാന്‍ ഒരുമ്പിടുന്ന ഒരു സമര്‍ത്ഥനായ നവജാത ശിശുവിനെ പോലെ.

ഓരോ ദിവസം കഴിയും തോറും കൃഷ്ണകുമാറിന്‍റെ മറുക് വലുതായിക്കൊണ്ടിരുന്നു. വൃത്താകൃതിയിലുള്ള ആ മറുക് വാല്‍മാക്രിയുടെ രൂപത്തിലേയ്ക്ക് രൂപാന്തരം പ്രാപിക്കുന്നത് ആരും കാര്യമായി എടുത്തില്ല. അതിന്‍റെ വാല്‍ അവന്‍റെ ആസനം ലക്ഷ്യമാക്കി ഒരു അമ്പ് പോലെ സാവധാനം നീങ്ങിക്കൊണ്ടിരുന്നു. അവന്‍റെ വെളുത്ത ശരീരത്തിലെ കറുത്ത മറുക് ശരീരം മൊത്തം പടര്‍ന്ന്, കൃഷ്ണകുമാര്‍ മറുകിന്‍റെ ഉള്ളില്‍ ജീവിക്കുന്ന ഒരു മനുഷ്യനായിതീരുമെന്നു വായനശാലയില്‍ ഇരുന്ന് നാട്ടിലെ പ്രധാന ബുദ്ധിജീവികളും നിരീക്ഷകരും പ്രവചിച്ചു. അവനെ കാണാന്‍ വന്ന കുട്ടികള്‍ വാല്‍മാക്രി എന്ന് അവനെ വിളിച്ചെങ്കിലും മറുകന്‍ എന്നാണ് പിന്നീട്‌ അവന്‍ അറിയപ്പെട്ടത്.

കൃഷ്ണകുമാര്‍ ജനിച്ച് അമ്പത് ദിവസം തികയുന്ന ദിവസം അച്ചുവേട്ടന്‍ അവന്‍റെ മറുക് നോക്കി ചിരിച്ചുകൊണ്ടിരിക്കെ ഹൃദയം പൊട്ടി മരിച്ചു. ഒരു പക്ഷെ ആ ഹൃദയത്തിനു താങ്ങാവുന്നതിലുമധികം സന്തോഷം അതില്‍ നിറഞ്ഞിരിക്കണം. അച്ഛന്‍റെ ചിരി ആ വീട്ടില്‍ പിന്നീട് മുഴങ്ങിയില്ലെങ്കിലും, കൃഷ്ണകുമാര്‍പഴയപടി ചിരിച്ചുകൊണ്ടിരുന്നു.

ചിരിച്ചുകൊണ്ട് ജീവിച്ച കൃഷ്ണകുമാറിന്‍റെ ജീവിതത്തില്‍ കാലം തീരെ തിരക്ക് കാണിക്കാതെ നീങ്ങിക്കൊണ്ടിരുന്നു. സ്കൂളില്‍ അവന്‍റെ മറുകിനെപ്പറ്റി അറിയാവുന്നവരും അറിയാത്തവരും അവനെ ‘മറുകാ’ എന്നു വിളിച്ചു. കൃഷ്ണകുമാര്‍ എന്ന പേര് സ്കൂളിലെ രജിസ്റ്റര്‍ ബുക്കില്‍ മാത്രം ഒതുങ്ങിക്കൂടി. കഴുത്തിന്‌ വട്ടം കുറഞ്ഞ ബനിയനും അതിന്‍റെ മുകളില്‍ കട്ടിയുള്ള കോട്ടന്‍ ഷര്‍ട്ടും ധരിച്ച് ആരും കാണാതെ അവന്‍ അവന്‍റെ മറുക് ഒളിപ്പിച്ചു വച്ചു. ഭൂതം മറ്റാരുടെയോ നിധി കാക്കുന്നതുപോലെ. അവന്‍റെ പിന്നിലെ സീറ്റില്‍ ഇരിക്കാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ചു. എണീക്കുമ്പോഴും കുനിയുമ്പോഴും പൊങ്ങിയിരിക്കുന്ന ഷര്‍ട്ടിന്‍റെ ഇടയിലൂടെ അവന്‍റെ മറുക് കാണാന്‍ അവര്‍ ക്ഷമയോടെ കാത്തിരുന്നു.

കൃഷ്ണകുമാറിനെ സംബന്ധിച്ചിടത്തോളം അവന്‍റെ പുറത്തെ മറുകിനെക്കാള്‍ അധികം, ഉള്ളില്‍ മുളച്ചു വടവൃക്ഷമായ അപകര്‍ഷതാബോധം അവന്‍റെ ആത്മവിശ്വാസത്തെ കാര്‍ന്നു തിന്നുകൊണ്ടിരുന്നു. അല്ലെങ്കില്‍ എന്തിനവന്‍ അവന്‍റെ പ്രാണനുതുല്ല്യം സ്നേഹിച്ച പെണ്ണിനോട് അവന്‍റെ പ്രേമം അറിയിക്കാന്‍ മടികാട്ടി? അമ്പലത്തിലും സ്കൂളിലും എല്ലായിടത്തും ഒന്നിച്ചുപോകുന്ന തന്‍റെ കളിക്കൂട്ടുകാരി ശാലിനി, അവളറിയാതെ ഗാഢമായി സ്നേഹിച്ച കൃഷ്ണകുമാറിന്, അവന്‍റെ സ്നേഹത്തിന്‍റെ തിരസ്കരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. “എന്‍റെ മറുകിനെ അവള്‍ സ്വീകരിക്കുമോ അതോ വെറുക്കുമോ?” അവന്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു. ശാലിനി തന്‍റെ മറുക് കാണുവാന്‍ പലതവണ കെഞ്ചിയിട്ടുണ്ടെങ്കിലും അത് കാണിക്കാനുള മനോധൈര്യം കൃഷ്ണകുമാറിന് ഇല്ലായിരുന്നു. തനിക്കവളെ നഷ്ടപ്പെടുമോ എന്നുള്ള ചിന്ത അവനെ ഓരോ നിമിഷവും ഭയപ്പെടുത്തികൊണ്ടിരുന്നു. അവന്‍ അവളുടെ കൊഞ്ചലിനു മുന്നില്‍ ചിരിച്ചുകൊണ്ടിരുന്നു. ഉള്ളിലെ സങ്കടങ്ങള്‍ പുറത്തു കാട്ടാന്‍ വയ്യാത്ത ഒരു പാവം മറുകനായി.

Recent Stories

The Author

YASAS

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com