മറുകന്‍ 2116

സര്‍ക്കാര്‍ സ്കൂളിന്‍റെ മുന്നിലെ മേല്‍ക്കൂര പോയ ബസ്‌-സ്റ്റോപ്പിന്‍റെ മുന്നില്‍ പഴകിപ്പോളിഞ്ഞ K . S . R . T . C . ബസ്‌ സഡന്‍ ബ്രേക്ക് ഇട്ട് അക്ഷമയോടെ വന്നു നിന്നു. മനസ്സ് എവിടെയോ കളഞ്ഞു പോയ ഒരുവനെപ്പോലെ, ഓര്‍മകളുടെ കനത്ത ഇരുമ്പുചങ്ങലയിട്ട കാലുകളുമായി വളരെ സാവധാനം കൃഷ്ണകുമാര്‍ ബസില്‍ നിന്നും ഇറങ്ങി തുരുബെടുത്ത ബസ്‌-സ്റ്റോപ്പ് സൈനിന്‍റെ പോസ്റ്റില്‍ ഒരു നിമിഷം പിടിച്ചു നിന്നു. മൂന്നോ നാലോ നട്ടും ബോള്‍ട്ടും ഉപേക്ഷിച്ച് വഴിപോക്കരുടെയും നാട്ടുകാരുടെയും സ്വസ്ഥത കെടുത്തിക്കൊണ്ട് ബസ്‌ അതിന്‍റെ പ്രയാണം തുടര്‍ന്നു.

വഴി കുറുകെ കടക്കുന്നതിനിടെ കൃഷ്ണകുമാര്‍ സ്കൂളിലേയ്ക്കും കമ്മുണിസ്റ്റ്‌പച്ചകൊണ്ട് കാടുപിടിച്ച അതിന്‍റെ പരിസരത്തേയ്ക്കും ഒന്ന് കണ്ണോടിച്ചു. “മൊത്തം പൊട്ടിപൊളിഞ്ഞു കാടുകയരിയിരിക്കുന്നു”. അവന്‍റെ മുഖത്ത് നിഴലിച്ചത് നിര്‍വികാരതയോ അതോ പുച്ഛഭാവമാണോ എന്നു തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു. ചുറ്റിലുമുള്ള മരങ്ങളും കുറ്റിചെടികളും വളര്‍ന്നു വലുതായതിനാലാവണം സ്കൂളിന്‍റെ മുന്നിലെ മൈതാനം അവന് ചുരുങ്ങിപ്പോയതുപോലെ തോന്നി.

ഷേവ് ചെയിതിട്ട് രണ്ടു ദിവസമായതിനാലുള്ള അസ്വസ്ഥതയോ അതോ മനസ്സില്‍ ഇരമ്പുന്ന മഴക്കോളിന്‍റെ പ്രകമ്പനമോ? അവന്‍ ഇടയ്ക്കിടെ താടി തടവുകയും, ഇടത്തേ അണപ്പല്ലുകള്‍ അമര്‍ത്തി മുഖം ചൊറിയുന്നുമുണ്ടായിരുന്നു.

“നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും…. ഒരിക്കലും വരരുതെന്ന് കരുതിയ നാട്”

ഒരു ദീര്‍ഘ നിശ്വാസം ഉതിര്‍ത്ത് സ്കൂളിനെ ലക്ഷ്യമാക്കി അവന്‍ സാവധാനം നടന്നു. അവന്‍റെ ഓര്‍മ്മകള്‍ അവന്‍റെ അനുവാദമില്ലാതെ പൂര്‍വകാലത്തേയ്ക്ക് മടങ്ങിക്കൊണ്ടിരുന്നു. അത് ചിത്രങ്ങളായി അവന്‍റെ മനസ്സിന്‍റെ കാന്‍വാസില്‍ മാറിമറിഞ്ഞുകൊണ്ടിരുന്നു.

താന്‍ സ്കൂള്‍ വിട്ടോടിയ ആ ദിവസം. സ്വയം ഇയാംപാറ്റയെ പോലെ വെന്തുവെണ്ണീറായ ദിവസം. പിന്നീടെന്നും ഒരമര്‍ഷമായി മനസ്സിനെ നോവിച്ച ഗ്രാമം…

എല്ലാം നേടി, സ്വപ്നങ്ങളേക്കാളേറെ.. അതിലുമപ്പുറം. ഓരോ നിമിഷവും കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന സ്വത്ത്, പ്രശസ്തി. ദൈവത്തെപ്പോലെ തന്നെ കാണുന്ന മുമ്പേ നഗരത്തിലെ പ്രമാണിമാര്‍ . നൂറു കണക്കിന് കമ്പനികളില്‍ പാര്‍ട്നെര്‍ഷിപ്‌. എന്‍റെ കൈപ്പുണ്യത്തില്‍ കോടീശ്വരന്മാരായ എത്ര എത്ര പേര്‍ ! എല്ലാം എനിക്ക് മുന്നില്‍ , എന്‍റെ ഭാഗ്യമായി എന്‍റെ മറുകിന്‍റെ ശക്തിയെ കാണിച്ച ആ മീന്‍കാരി. കള്ളിമുണ്ടും ചുവന്ന ബ്ലൌസുമിട്ട്‌ മാറ് മറക്കാതെ എന്നും ചിരിച്ചുകൊണ്ട് മീന്‍ തരുന്ന ആ മീന്‍കാരി. പൂര്‍ത്തിയാക്കാത്ത തന്‍റെ ജാതകത്തിലെ എഴുതാത്ത താളുകളില്‍ നിറങ്ങളുള്ള സൌഭാഗ്യത്തിന്‍റെ അക്ഷരങ്ങള്‍ നിറച്ചവള്‍ . എന്‍റെ വിജയത്തിന്‍റെ വഴികാട്ടി. ആദ്യമായി തന്‍റെ മറുകിന്‍റെ ഭാഗ്യം തിരിച്ചറിഞ്ഞ മിടുക്കി. അവള്‍ എവിടെയായിരിക്കും? തന്‍റെ തിരോധാനം ഏറെ നിരാശപ്പെടുത്തിയത് അവളെയായിരിക്കും. ഓര്‍മ്മകള്‍ തിങ്ങിക്കൂടിയ മനസ്സുമായി കൃഷ്ണകുമാര്‍ ഓരോന്നും ആലോചിച്ചുകൊണ്ടിരുന്നു.

വളരെ യാദൃശ്ചികാമായിട്ടാണ് ശോഭ എന്ന മീന്‍കാരി കൃഷ്ണകുമാറിന്‍റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. ശരിക്കും പറഞ്ഞാല്‍ , കൃഷ്ണകുമാറിന്‍റെ സംഭവബഹുലമായ ഇതുവരെയുള്ള ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോകുമ്പോള്‍ ശോഭയുടെ ജീവിതത്തിലേയ്ക്ക് കൃഷ്ണകുമാര്‍ വന്നു പെട്ടത് എന്നുപറയുന്നതാവും ശരി.

മഞ്ഞുതുള്ളിയും മഴക്കാറും മറന്നു പോയ ഒരു വേനല്‍ പ്രഭാതത്തില്‍ , അലിയാതവശേഷിക്കുന്ന നാലഞ്ച് ഐസ് കഷണങ്ങള്‍ മാത്രം ബാക്കിയുള്ള മീന്‍ കൊട്ടയുമായി ബ്രേക്ക്‌ ഡൌണ്‍ ആയ ബസ്സില്‍നിന്നും ഇറങ്ങുമ്പോള്‍ ശോഭയുടെ മനസ്സില്‍ കത്തിക്കയറാന്‍ നില്‍ക്കുന്ന സൂര്യനെക്കാള്‍ ആധിയും ചൂടുമായിരുന്നു.

“നൂറ്റുക്ക്-പത്ത് വട്ടിപ്പലിശക്കെടുത്ത മീനാ…

പലിശയും കൂട്ടുപലിശയും കൂടി ഇപ്പൊ എത്ര ആയി എന്തോ?

കണ്ണിച്ചോരയില്ലാത്ത പലിശ ദിവാകരന്‍, അവന്‍റെ ഒരു നോട്ടം..

തള്ളിയ പല്ലുമായി ഇളിച്ചുനില്കുന്ന കഴുകന്‍.. ”

ദേഷ്യത്തില്‍ അവള്‍ നിലത്ത് വലത്ത് കാലുകൊണ്ട്‌ ആഞ്ഞു ചവിട്ടി.

“ആ തെണ്ടികളോട് അഞ്ചാറ് ഐസൂടെ ഇടാന്‍ പറഞ്ഞതാ..”

ദേഷ്യത്തോടെ അവള്‍ മാറത്തുകിടന്ന തോര്‍ത്ത്‌ ചുരുട്ടി ചുമ്മാടാക്കി ജീവിതഭാരം താങ്ങാന്‍ കെല്‍പ്പില്ലാത്ത തലയില്‍ മീന്‍കൊട്ട വച്ച് ആദ്യം കണ്ട വീട്ടിലേയ്ക്ക് കയറി.

“ചാച്ചീ.. മീം.. വേണ്ടേ നല്ല പെടക്കണ മീനാ..”

കീറിയ ട്രൌസര്‍ ഇട്ട് ഉന്തിയ വയറും, നെഞ്ചുംകൂടില്‍ ഒരു തരി ദശ പോലും ഇല്ലാത്ത പയ്യന്‍ വന്ന പാടേ “ഞാന്‍ അമ്മോട് ചോദിക്കട്ടെ…” അവന്‍ അകത്തോട്ടു തിരിഞ്ഞു.

“ആയിയ്യോ ന്‍റെ..അമ്മോ .. ചെറകന്‍റെ മുതുകത്തൊരു മുഴുത്ത ‘തെരണ്ടി’…..”

അവളുടെ അലര്‍ച്ച കേട്ട് അവന്‍ തിരിഞ്ഞു നോക്കി

ശോഭ ആകെപ്പാടെ ഒന്ന് പരുമ്മി, ഒരു ചമ്മിയ ചിരി.

അവന്‍ അവളുടെ കണ്ണുകളിലെ നനവിന്‍റെ തിളക്കം കണ്ടു.

അവന്‍ ചിരിച്ചൂ…

അവളും ചിരിച്ചൂ..

അവന്‍ പൊട്ടിച്ചിരിച്ചു. അവളും പൊട്ടിച്ചിരിച്ചു.