മറുകന്‍ 2116

സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരം മീറ്റര്‍ ഓട്ടം കണ്ടുകൊണ്ടിരുന്ന തന്നെ അര്‍ദ്ധനഗ്നനാക്കി ആള്‍ക്കൂട്ടത്തിലൂടെ ഗ്രൌണ്ടിലേയ്ക്ക് ഓടിച്ചുവിട്ട കിരാതന്മാര്‍ , “മറുകന്‍.. മറുകന്‍..” എന്ന ആര്‍പ്പുവിളിക്കിടയില്‍ ഒന്നേ തിരിഞ്ഞു നോക്കിയുള്ളൂ. തനിക്കായി സഹതപിക്കുമെന്നു പ്രതീക്ഷിച്ചവള്‍ …. ശാലിനി…. അവളും….., അവളുടെ ആര്‍ത്തു ചിരിക്കുന്ന മുഖം! ഒരു നിമിഷം പൊട്ടിക്കരയാന്‍ കഴിയാതെ ചിരിച്ചുകൊണ്ട്… നഗ്നമായ മറുക് മറക്കാന്‍ ആവാതെ പൂര്‍ണ നഗ്നനെപ്പോലുള്ള ആ ഓട്ടം… നിറുത്താതെയുള്ള ആ ഓട്ടം. എത്ര എത്ര ദേശങ്ങള്‍ , മുഖങ്ങള്‍ . അവസാനം തന്‍റെ രക്ഷക്കായി, “എനിക്കായി ദൈവം തുറന്ന വാതില്‍ … എന്നെ ഞാനാക്കിയ മുംബായ് നഗരം..” തന്‍റെ കഴിവുകള്‍ അറിയാതെ… തന്നെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത നല്ല മനുഷ്യര്‍ നിറഞ്ഞ നാട്. ചേരിയിലെ ചോരുന്ന ടാര്‍പോളിന്‍റെ കീഴില്‍ തല ചായിക്കാന്‍ ഇടം നല്‍കിയ ഉന്തുവണ്ടിയുമായി രാപ്പകല്‍ അദ്ധ്വാനിച്ചു ജീവിതം തള്ളി നീക്കിയ ബീഹാറി പവന്‍കുമാര്‍ , വിശപ്പിനേയും വിധിയേയും തോല്‍പ്പിക്കാന്‍ എന്നും കൂടെ നിന്ന ടാക്സി ഡ്രൈവര്‍ രാംലാല്‍ . അങ്ങിനെ കുറെ നല്ല മനുഷ്യര്‍ . അവരുടെ ആനന്ദം, തന്‍റെ മറുകിന്‍റെ ഭാഗ്യത്തില്‍ സ്വപ്ന സൗഭാഗ്യങ്ങള്‍ നേടുമ്പോള്‍ … ആനന്ദ നിര്‍വൃതിയില്‍ കണ്ടാസ്വദിക്കുമ്പോള്‍ .. എല്ലാം മറന്ന് ചിരിച്ച ദിനങ്ങള്‍ .

അടിവെച്ചടിവച്ചായിരുന്നു പിന്നീട് ഉയരങ്ങളിലേയ്ക്ക് പറന്നുയര്‍ന്നത് പേരും പെരുമയും നാള്‍ക്കുനാള്‍ വര്‍ധിച്ചു. മറുകുള്ള മറുകന്‍ കണ്‍കണ്ട ദൈവമായി മാറി. പാദങ്ങളില്‍ വീണു നമസ്കരിക്കുന്ന കോടീശ്വരന്മാരും സിനിമാ താരങ്ങളും. ബാലറ്റ് പെട്ടിയില്‍ ആദ്യ വോട്ട് തന്‍റെയെന്നുറപ്പിക്കാന്‍ പണക്കിഴികളുമായി വരുന്ന രാഷ്ട്രീയക്കാര്‍ . കൈയ്യില്‍ നിന്നും ഒരു രൂപ നാണയത്തൊട്ടു വാങ്ങി കച്ചവടം ആരംഭിക്കാന്‍ കോടികളുടെ പ്രതിഫലം തരുന്ന വജ്ര വ്യാപാരികള്‍ . തന്‍റെ കൈകള്‍ സ്പര്‍ശിച്ച നാണയത്തുട്ടുകളില്‍ തുടങ്ങി തഴച്ചു വളര്‍ന്ന എത്ര മള്‍ട്ടി-നാഷണല്‍ കമ്പനികള്‍ . ഈ ആസ്തികള്‍ കുമിഞ്ഞു കൂടുമ്പോഴും, ജനങ്ങള്‍ അവനെ അമാനുഷനായി കാണുമ്പഴും അവനറിയാതെ തന്നെ അവന്‍റെ മനസ്സില്‍ ഒരു ശൂന്യതയുടെ കുമിള വളര്‍ന്നുകൊണ്ടിരുന്നു. ഭൂതകാലത്തിന്‍റെ ഓര്‍മകളുടെ കുറ്റബോധം പേറിയ ആ വാകമരം അതിന്‍റെ കമ്പുകള്‍ കാറ്റില്‍ ചായിച്ച്‌ അവനെ തലോടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. നിലത്തു കിടന്ന ഒരു വാകപ്പൂമോട്ട് കൈയ്യിലെടുത്ത് അവന്‍ ചരലും മെറ്റില്‍ ചീളുകളും നിറഞ്ഞ പാതയിലൂടെ സ്കൂളിനെ ലക്ഷ്യമാക്കി നടന്നു. സ്കൂളിലേയ്ക്ക് പന്ത്രണ്ടു പടവുകള്‍ .. അവന്‍ ഓരോ പടവിലും ഒരു നിമിഷം നിന്നു, ഓര്‍മ്മകളുടെ പുസ്തകത്തില്‍ മറന്നുവച്ച മയില്‍ പീലിക്കായി തേടുന്നതു പോലെ. നാലാമത്തെ പടവില്‍ അവന്‍ അറിയാതെ ഇരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ എന്നും അവള്‍ക്കായി കാത്തിരുന്ന ആ പടവില്‍ . അവന്‍ അവന്‍റെ കൈയിലെ വാകമൊട്ട് തുറന്ന് അതില്‍ നിന്നും രണ്ട് കേസര നാരുകള്‍ സൂക്ഷിച്ച് അടര്‍ത്തിയെടുത്തു. ഇടതുകൈയ്യില്‍ അവനും വലതുകൈയ്യില്‍ അവന്‍റെ ഹൃദയത്തില്‍ എന്നും സ്നേഹിച്ച് താലോലിച്ചു സൂക്ഷിച്ച അവന്‍റെ ശാലിനിക്ക് നല്‍കാന്‍.

അവന്‍ ആ പടവുകളില്‍ ചാഞ്ഞു കിടന്നു. കൈയ്യില്‍ വാകപ്പൂവിന്‍റെ കേസരങ്ങളും മനസ്സ് നിറയെ അവളുടെ ഓര്‍മകളുമായി. മുകളില്‍ ഉരുണ്ടു കൂടിക്കൊണ്ടിരുന്ന മാനത്തെയ്ക്ക് അവന്‍ നോക്കിയിരുന്നു. ഒരു പറ്റം വെളിരുകള്‍ എവിടെയോ പറന്നെത്താന്‍ തിടുക്കത്തില്‍ പായുന്നുണ്ടായിരുന്നു. ഓരോ നിമിഷവും മേഘങ്ങള്‍ അതിന്‍റെ രൂപങ്ങള്‍ മാറ്റികൊണ്ടിരുന്നു, അവ എന്തോ അവനോട്‌ പറയാന്‍ ശ്രമിക്കുന്നതുപോലെ അവന്‌ തോന്നി. കൃഷ്ണകുമാര്‍ നിര്‍വികാരനായി ആ മേഘങ്ങളേ നോക്കി ചിരിച്ചു കൊണ്ടിരുന്നു. എല്ലാം മറന്നുകൊണ്ട് ചിരിക്കുന്ന അവന്‌, അങ്ങകലെ അവനായി വിതുമ്പാന്‍ ശ്രമിക്കുന്ന കാര്‍മേഘങ്ങളുടെ ഏങ്ങലടി കേള്‍ക്കാമായിരുന്നു. അടങ്ങാനാവാത്ത ആവേശത്തില്‍ ആ വിതുമ്പല്‍ കണ്ണീരായി അവനെയും അവന്‍റെ മനസ്സിനെയും കുതിര്‍ത്തു പെയ്തുകൊണ്ടിരുന്നു. കണ്ണീരിന്‍റെ ചുവയുള്ള ആ മഴത്തുള്ളികളില്‍ അവനും അവന്‍റെ മറുകും അലിഞ്ഞലിഞ്ഞ്‌ ഇല്ലതായികൊണ്ടിരുന്നു.