മറുകന്‍ 2116

അവനും അവളും ചിരിച്ചുകൊണ്ടിരുന്നു. അവളുടെ കൊട്ടയിലെ അവസാന ഐസ്-ഉം വെള്ളത്തുള്ളികളായി ഒരു ചത്ത മീനിന്‍റെ തുറന്ന ചെകിളയിലെയിക്ക് കയറി അപ്പ്രത്യക്ഷമായി.

മീന്‍ വാങ്ങി പൈസ കൊടുക്കുമ്പോഴും അവനും അവളും പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഭാരിച്ച കൊട്ട തലയില്‍ വയ്ക്കാന്‍ സഹായിച്ച്, ചന്തിയും കുലുക്കി പോകുന്ന അവളെ അവന്‍ നോക്കി നിന്നു.

“തെരണ്ടി പുറത്തുള്ള ചെക്കന്‍ എന്‍റെ ഭാഗ്യമാ” അവള്‍ എല്ലാവരോടും പറഞ്ഞു. “അവന്‍റെ അടുത്തുന്നു കച്ചവടം തുടങ്ങിയാ തിരിഞ്ഞ് നോക്കേണ്ട പിന്നെ, പത്ത്‌ നൂറാവും, നൂറ് അഞ്ഞൂറാവും”

അവളെന്നും പ്രഭാതങ്ങളില്‍ അവന്‍റെ സന്ദര്‍ശകയായി. അവള്‍ അവനെയും അവന്‍റെ പുറത്തെ തിരണ്ടി പോലുള്ള മാറുകിനെയും ആദരിക്കുകയും പുകഴ്ത്തുകയും ചെയിതുകൊണ്ടിരുന്നു. മറുകിനെയും തന്നെയും സ്നേഹിക്കുന്ന ഒരാളെ ലഭിച്ചതില്‍ അവന്‍ ഏറെ സന്തോഷിച്ചു. അതോര്‍ത്തവന്‍ സദാ സമയവും ചിരിച്ചുകൊണ്ടിരുന്നു. ചില രാത്രികളില്‍ ചിരി നിറുത്തനാവാതെ ഉറക്കമിളച്ചവന്‍ ചിരിച്ചുകൊണ്ടിരുന്നു.

തന്‍റെ പഴയ സ്കൂളിന്‍റെ ഓര്‍മകളുടെ തണലില്‍ സ്കൂള്‍ ഗ്രൌണ്ടിന്‍റെ അരികിലൂടെ കൃഷ്ണകുമാര്‍ നടന്നു. കാറ്റില്‍ മൂളുന്ന ചൂള മരത്തിന്‍റെ ചുവട്ടില്‍ അവന്‍ ഒരുനിമിഷം നിന്നു. അതിന്‍റെ പരുത്ത പ്രതലത്തില്‍ അവന്‍ തലോടി. “വിദേശത്തുനിന്നും ഏതോ സായിപ്പ് കൊണ്ടുവന്നു നട്ട ഈ മരത്തിന് ഒരു നൂറ് വര്‍ഷമെങ്കിലും പ്രായം കാണാനാതിരിക്കില്ല”. അതിന്‍റെ തൊലിയിലെ വിടവിലൂടെ അവന്‍ കണ്ണുകള്‍ അടച്ച് വിരലുകള്‍ ഓടിച്ചുകൊണ്ടിരുന്നു. എല്ലാം മറന്ന് ആ മരവുമായി എന്തക്കെയോ അവന്‍റെ വിരലുകള്‍ സംസാരിക്കുകയായിരുന്നു. അവന്‍ കണ്ണുകള്‍ തുറന്നു… ഒരു ട്രാന്‍സെന്ടന്റ്റല്‍ മെടിറ്റേഷന്‍ കഴിഞ്ഞ പ്രതീതി. ചൂള മരത്തിന്‍റെ പരുക്കനും, മൂര്‍ച്ചയുള്ള അരികുകളും ഉള്ള ഒരു കായ നിലത്തുനിന്നും കൃഷ്ണകുമാര്‍ തന്‍റെ കൈവെള്ളയില്‍ വച്ച് ശക്തമായി അമര്‍ത്തി. അവന്‍റെ കൈവിരലിലും കൈവെള്ളയിലും ചോര പോടിയുന്നതിനു മുന്‍പ് കൈകള്‍ തുറന്നു.. “ഹാ.. ഈ വേദനക്ക് എന്ത് സുഖം” ആ വേദന അവനെന്നും ഒരു അനുഭൂതിയായിരുന്നു. അവന്‍ യാന്ത്രികമായി രണ്ടു കായകള്‍ നിലത്തു നിന്നും കുനിഞ്ഞെടുത്ത് അവന്‍റെ പാന്‍റ്സി-ന്‍റെ പോക്കറ്റില്‍ നിക്ഷേപിച്ച് മുന്നോട്ടു നടന്നു. പൊട്ടിപ്പൊളിഞ്ഞു കിടന്ന മതില്‍ക്കെട്ടിന്‍റെ മുകളിലൂടെ അവന്‍ ബാലന്‍സ് പിടിച്ചു നടന്നു. പൊടുന്നനെ ഒരു വെട്ടുകല്ല് ഇളകി അവന്‍ ബാലന്‍സ് തെറ്റി താഴെ…

“ഓ … ആരും കണ്ടില്ല, എന്ത് രസം …. എല്ലാം മറന്ന് ഇങ്ങിനെ നടക്കാന്‍”

മൈതാനത്തിന്‍റെ പടിഞ്ഞാറെ വശത്ത് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഷെഡിന്‍റെ അരികില്‍ നില്ക്കുന്ന വാകമരം അവന്‍ അകലെ നിന്നും നോക്കി.

“ഹായി എന്ത് ഭംഗി!” ഇലകള്‍ മൂടി പൂക്കള്‍ നിറഞ്ഞ ആ മരം ഒരു ചുവന്ന കുട അവനായി തുറന്ന് വച്ചിരിക്കുന്നതായി അവനു തോന്നി.

ദ്രുത ഗതിയില്‍ കൃഷ്ണകുമാര്‍ അതിന്‍റെ ചുവട്ടിലേയ്ക്ക് നടന്നു. കാര്‍മേഘങ്ങള്‍ സൂര്യനെ മറച്ചു വച്ചിരുന്നെങ്കിലും;

“നല്ല ഉഷ്ണം, ഇടിവെട്ടിയുള്ള മഴക്കുള്ള പുറപ്പാടാണന്നു തോന്നുന്നു” അവന്‍ കഴുത്തിനോട്‌ ചേര്‍ന്നുള്ള ബട്ടന്‍സ് ഊരിയിട്ടു. ചുറ്റുപാടും ഒന്ന് നോക്കി, ആ പഴയ ശീലം പെട്ടന്ന് മാറുകയില്ലല്ലോ?

“ചെറിയ ഒരു കാറ്റ് വീശിയിരുന്നെങ്കില്‍ ” അവന്‍ ആശിച്ചു.

താനേറെ സ്നേഹിച്ച ഈ മരവും ഇതിന്‍റെ തണലും… പിന്നെ അതിലേറെ വെറുത്ത ഈ സ്ഥലം. ഒരിക്കലും അവന്‍റെ മനസ്സിനെ മനസ്സിലാക്കത്തതിലുള്ള കുറ്റബോധമാണോ? അവന്‍റെ വേദനിക്കുന്ന ഓര്‍മകള്‍ക്ക് ആശ്വാസം പകരാനെന്നോണം അവന്‍റെ മനസിനെ കുളിര്‍പ്പിച്ചുകൊണ്ട് ആ മരം അവന്‌ മാത്രമായി ചെംചാമരം വീശിക്കൊണ്ടിരുന്നു.

കൃഷ്ണകുമാറിന്‍റെ ഓര്‍മകളിലെ ഏറ്റവും വെറുക്കപ്പെട്ട നിമിഷങ്ങള്‍ക്ക് സാക്ഷിയായി നിന്ന ഈ മരം. തന്‍റെ സങ്കടങ്ങള്‍ കണ്ണീരാവാന്‍ കൊതിച്ച ആ നിമിഷങ്ങള്‍… നൊമ്പരങ്ങള്‍ ചിരിയായി വന്നപ്പോള്‍ ആരും ആ ദുഖം കണ്ടില്ല. ലോകം മുഴുവനും തനിക്കെതിരെ ഒന്നായി.. തനിക്കു സ്വന്തം താന്‍ മാത്രമേ ഉള്ളൂ എന്നറിഞ്ഞ ആ നിമിഷങ്ങള്‍ .

പതിനാറു വര്‍ഷങ്ങള്‍ മുമ്പുള്ള സ്പോര്‍ട്സ് ഡേ. അന്നും ഈ മരത്തിന്‍റെ ഇലകള്‍ ചുവന്ന പൂക്കള്‍കൊണ്ട് മൂടിയിരുന്നു.