ജന്നത്തിലെ മുഹബ്ബത്ത് 2 41

കൈ കഴുകി ടേബിളിൽ ചെന്നിരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയതും ഉപ്പ
” നവാസേ നീ ആ കാര്യത്തിൽ ഒരു തീരുമാനം പറ നാളെ അവർക്ക് വാക്ക് കൊടുക്കണം പിന്നെ എല്ലാം പെട്ടെന്ന് നടത്താം. അവരെ എനിക്ക് അറിയാവുന്ന കൂട്ടരായത് കൊണ്ട് കൂടുതൽ അന്വേഷിക്കാനൊന്നും ഇല്ലല്ലോ .. ” എന്നൊക്കെ പറഞ്ഞ് ഉപ്പ നിർത്തിയിട്ടും മറുപടിയായി ഞാനൊന്നും പറഞ്ഞില്ല.

അപ്പോഴാണ് എന്റെ മനസ്സ് വായിച്ചത് പോലെ ഉമ്മ ” നീ നിന്റെ മനസ്സിൽ എന്തുണ്ടെങ്കിലും പറ. ഞങ്ങളുടെ അഭിപ്രായം മാത്രം നോക്കണ്ട.. നീയാണ് കല്ല്യാണം കഴിക്കുന്ന ആള്.. നിനക്ക് പറ്റിയെങ്കിൽ മാത്രം സമ്മതം മൂളിയാൽ മതി..” എന്നുമ്മ പറഞ്ഞതും ഞാൻ പറഞ്ഞു
” ഉപ്പ എന്നോട് കൂടുതൽ ഒന്നും ഇപ്പോൾ ചോദിക്കരുത് എനിക്കാ ആലോചന ശെരിയാവില്ല..!! ” കേട്ടതും എന്നെ നല്ലോണം അറിയാവുന്ന ഉപ്പ കൂടുതലൊന്നും ചോദിക്കാതെ ” ന്നാ നിനക്കത് പറഞ്ഞൂടെ.. ഏതായാലും ഞാൻ നാളെ അവരോട് വിവരം പറയാം ” എന്ന് പറഞ്ഞപ്പോഴാണ് എനിക്കൊരാശ്വാസം തോന്നിയത്.

അങ്ങനെ പറയുകയല്ലാതെ അപ്പോൾ വേറെ നിവർത്തിയില്ലായിരുന്നു കാരണം മറ്റുള്ള കാര്യങ്ങൾ പോലെയല്ലല്ലോ വിവാഹം മനസ്സ് ഉറപ്പിച്ചൊരു തീരുമാനം പറയാതെ വിവാഹത്തിന് നമ്മൾ സമ്മതം മൂളിയാൽ അത് പിന്നീട് ഒരുപാട് ദോഷം ചെയ്‌തേക്കും എന്ന തോന്നൽ എനിക്കുണ്ടായിരുന്നു.

റൂമിലെത്തി അവളുടെ അവസ്ഥകൾ ഓരോന്നാലോചിച്ച് കിടക്കുമ്പോൾ പ്രണയമാണെന്ന് വിളിക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും വല്ലാത്തൊരു ഇഷ്ടം ആ കുട്ടിയോട് എനിക്ക് തോന്നി തുടങ്ങിയിരുന്നു.

ഇത്രയും വിഷമങ്ങൾ മനസ്സിലൊളിപ്പിച്ച് ആരെയും അറിയിക്കാൻ നിൽക്കാതെ നന്നായി പഠിക്കുന്നവൾ. ഞാനും അത്തരത്തിൽ ജീവിതം എന്താണെന്നറിഞ്ഞ ഒരു കുട്ടിയെയായിരുന്നു ജീവിതപങ്കാളിയായി ലഭിക്കാൻ സ്വപ്നം കണ്ടിരുന്നതും .

മനസ്സ് കൊണ്ട് അവളിലേക്ക് അടുക്കുംതോറും ഇതെല്ലാം കൂടെയുള്ള സ്റ്റാഫ് അറിഞ്ഞാലുണ്ടാകുന്ന അവസ്ഥകൾ വല്ലാത്തൊരു ചോദ്യചിഹ്നമായി എന്നെ നോക്കി കൊണ്ടിരുന്നു. എന്തെങ്കിലും ഞങ്ങൾക്കിടയിലുണ്ടെന്ന് ആരെങ്കിലും അറിഞ്ഞാൽ പിന്നെ അവരുടെയൊക്കെ മുഖത്തേക്ക് എങ്ങനെ നോക്കുമെന്ന് മനസ്സ് ചോദിച്ചപ്പോൾ എനിക്ക് ഉത്തരമുണ്ടായിരുന്നില്ല.

പിറ്റേന്ന് രാവിലെ സ്‌കൂളിലേക്ക് പോകുവാൻ ഇറങ്ങുന്നതിനു മുമ്പ് കൂടുതലൊന്നും ആലോചിച്ചു നിൽക്കാതെ അവൾ തന്ന നോട്ട് ബുക്കിൽ
” ലവ് യൂ ..! ” എന്ന് മാത്രമെഴുതി സ്കൂളിൽ എത്തിയ ഉടനെ മറ്റുള്ള സ്റ്റാഫ് വരുന്നതിന് മുൻപ് അവളെ വിളിപ്പിച്ച് ആ നോട്ട്ബുക്ക്‌ ഞാനവള്ക്ക് നൽകി.