ജന്നത്തിലെ മുഹബ്ബത്ത് 2 41

മറുപടിയായി സ്റ്റാൻഡിലെ ആളുകളുടെയും വാഹനങ്ങളുടെയും ശബ്ദങ്ങൾക്കിടയിൽ നിന്നും അവൾ വിഷമം നിറഞ്ഞ മുഖവുമായി പറഞ്ഞൊപ്പിച്ചു
” സാർ.. സാറെന്നോട് ദേഷ്യപ്പെടരുത് .. എനിക്ക് സാറിനെ മറക്കാൻ കഴിയില്ല.. എന്താണെന്നും എന്ത് കൊണ്ടാണെന്നും ഞാൻ പറയാം.. എന്നെ വേണ്ടെന്നു മാത്രം പറയരുത്.. ഞാനൊരാളുടെ കൂടെ ജീവിക്കുകയാണെങ്കിൽ അത് സാറിന്റെ കൂടെ മാത്രമായിരിക്കും …!”

കൂടുതലൊന്നും എന്നോട് പറയാതെയും എന്റെ മറുപടിക്ക് കാത്തു നിൽക്കാതെയും അവൾ പെട്ടെന്ന് ബാഗ് തുറന്ന് ഒരു നോട്ട് ബുക്ക് എടുത്ത് എനിക്ക് തന്നു എന്നിട്ട് പറഞ്ഞു ” ഞാനെല്ലാം ഇതിലെഴുതിയിട്ടുണ്ട്… പോട്ടെ..! ” എന്നും പറഞ്ഞ് അവൾ വീട്ടിലേക്ക് പോകാനുള്ള ബസ്സ് നിർത്തിയിട്ട ഭാഗത്തേക്ക് നടന്നു.

പ്രതീക്ഷിക്കാതെ അവൾ പറഞ്ഞ കാര്യങ്ങളും മറ്റും കണ്ട്‌
ഞാനാകെ എന്താ ചെയ്യേണ്ടത് എന്നറിയാതെ ആ സ്റ്റാൻഡിൽ അവൾ തന്ന നോട്ട്ബുക്കുമായി കുറെ നേരം അങ്ങനെ നിന്നു. വീട്ടിലേക്ക് പോകുവാൻ ഒരുങ്ങിയപ്പോൾ തിരക്ക് നല്ലോണമുള്ള നാട്ടിലേക്കുള്ള ബസ്സ് കണ്ടതും ഈ മാനസികാവസ്ഥയിൽ അങ്ങനെയൊരു യാത്ര ശെരിയാവില്ലന്ന് തോന്നിയപ്പോൾ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് തിരിച്ചു.

മനസ്സിൽ മുഴുവനും അവൾ പറഞ്ഞ വാക്കുകളായിരുന്നു. എന്തോ വല്ലാത്തൊരു ആത്മാർത്ഥത ആ മുഖത്ത് ഞാനപ്പോൾ കണ്ടു. ഇത്രയും മിടുക്കിയായ ഒരു പെൺകുട്ടിക്ക് എന്നോട് തോന്നിയ ചെറിയൊരു കുസൃതി മാത്രമായിരിക്കും ആ പ്രണയം എന്ന് ചിന്തിച്ചിരുന്ന എനിക്ക് അന്നുമുതലാണ് ആ ഇഷ്ടത്തിന്റെ തീവ്രത മനസ്സിലായി തുടങ്ങുന്നത്.

പക്ഷെ നാട്ടിലേക്ക് പോയി കൊണ്ടിരിക്കുന്ന ഓട്ടോയിൽ നിന്നും
പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ വീട്ടുകാർ കണ്ടെത്തിയ പെണ്ണും, ഇവളുടെ പ്രണയവും, എന്റെ അവസ്ഥയും എല്ലാം കൂടി എന്നെ വല്ലാതെ ചോദ്യം ചെയ്യുകയായിരുന്നു . എന്തായിരിക്കും ആ നോട്ട് ബുക്കിൽ എന്നറിയാൻ ആകാംക്ഷ ഉണ്ടായിരുന്നെങ്കിലും ബുക്കിലേക്ക് നോക്കുമ്പോൾ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. വണ്ടിയിലിരുന്ന് പതുക്കെ ബുക്കൊന്ന് മറിച്ചു നോക്കിയപ്പോൾ ഒരുപാട് പേജുകളിൽ എന്തൊക്കെയോ നിറച്ചെഴുതിയിരിക്കുന്നു.
റൂമിലെത്തിയിട്ട് വായിക്കാം എന്നും ചിന്തിച്ച് ഒരു നെടുവീർപ്പോടെ ഞാൻ ബുക്ക് അടച്ചു വെച്ചു. വീടിന് മുന്നിൽ നിർത്തിയ ഓട്ടോയിൽ നിന്നുമിറങ്ങി ഞാൻ പതുക്കെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തി എന്റെ ജോലികളെല്ലാം പെട്ടെന്ന് തീർത്ത ശേഷം റൂമിൽ കയറി അവൾ തന്ന ആ നോട്ട് ബുക്ക്‌ തുറന്ന് വായിക്കാൻ തുടങ്ങി.

നോട്ട്ബുക്കിലെ വരയുള്ള പേജുകളിൽ സ്കൂളിൽ ആർക്കുമറിയാത്ത അവളുടെ കനലാളി കത്തുന്ന യഥാർത്ഥ ജീവിതം കുറെയൊക്കെ എഴുതിയിട്ടുണ്ടായിരുന്നു.