ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

കുറച്ചു മാത്രം  ഭക്ഷണം കഴിക്കുകയും മൂന്നു മണിക്കൂർ മാത്രം ഉറങ്ങുകയും ചെയ്യുന്ന ഇജാസ് ബാക്കിയെല്ലാ സമയവും വർക്കിൽ തന്നെയായിരിക്കും.  ഇജാസിന്റെ സഹപാഠിയായിരുന്ന സുദീപ് ജെയ്‌നിനു പോലും ഇജാസ് ഒരത്ഭുതമാണ്. പഠിക്കുന്ന കാലത്ത് സാധാരണ പോലെ പെരുമാറിയിരുന്ന ഇജാസ്, സുദീപും മറ്റു കുറച്ചു സുഹൃത്തുക്കളും കൂടി തുടങ്ങിയ സീ സെവൻ ടെക്‌നോളജീസിന്റെ ഭാഗമായി വന്നപ്പോഴാണ് തീർത്തും ഒരു വർക്ക് ഹോളിക് ആയി മാറിയത്. ഇജാസിന്റെ ഈ സ്വഭാവം മൂലം വിവാഹം കഴിഞ്ഞു ഒരു വർഷം തികയും മുമ്പേ ഭാര്യ ഡിവോഴ്സ് വാങ്ങി പോയി. പക്ഷെ, അതൊന്നും ഇജാസിന്റെ വർക്കിനെ ബാധിച്ചില്ലെന്നു മാത്രമല്ല, വർക്കിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചു എന്ന ചിന്തയായിരുന്നു ഇജാസിന്. മാത്രവുമല്ല തുടങ്ങി ആദ്യ മൂന്നുവർഷം മുടന്തി നീങ്ങി അടച്ചുപൂട്ടലിന്റെ വക്കത്തെത്തിയ കമ്പനി ഇജാസ് മാർക്കറ്റിങ് വിഭാഗം ഏറ്റെടുത്തത് മുതൽ വളരെ വലിയ വളർച്ചയാണ് കൈവരിച്ചത്.

 

വീ സെവൻ എന്ന പേരിൽ സുദീപ് ജെയിനും ഗോരഖ്‌പൂർ  ഐ ഐ ടി യിൽ സുദീപിന്റെ സഹപാഠികളായിരുന്ന വിശ്വജിത്, ദീപ്തി,  അരുൺ നായർ, ഫെലിക്സ് ജേക്കബ്, ഷൈൻ ജോസഫ്, ദീപക് എന്നിവരും ചേർന്ന് തുടങ്ങിയ സ്റ്റാർട്ട് അപ്പ് കമ്പനിക്ക് ആദ്യവർഷങ്ങളിൽ ചെറിയ വർക്കുകൾ മാത്രമാണ് ലഭിച്ചിരുന്നത്. രണ്ടു വർഷം ആയപ്പോഴേക്കും ഫെലിക്സ്, ദീപക് എന്നിവർ കമ്പനി വിട്ടു വേറെ ജോലി കണ്ടെത്തി. പിന്നെയും തർക്കങ്ങൾ തുടരുകയും കമ്പനിക്ക് കാര്യമായ വളർച്ച ഇല്ലാതാവുകയും ചെയ്തപ്പോൾ സുദീപ് ആണ് ഇജാസിനെ കമ്പനിയിലേക്ക് കൊണ്ടു വന്നത്. തുടരാൻ താല്പര്യമില്ലാതിരുന്ന അരുണിനെയും ഒഴിവാക്കി പാർട്ണർഷിപ്പിലായിരുന്ന സ്ഥാപനം മാറ്റി സീ സെവൻ ടെക്നോ സൊല്യൂഷൻസ് എന്ന പേരിൽ പ്രൈവറ്റ് ലിമിറ്റഡ് ആയി തുടങ്ങാൻ പറഞ്ഞത് ഇജാസാണ്. പക്ഷെ ഇജാസ് സ്ഥാപനത്തിൽ ഷെയർഹോൾഡർ ആയി ചേരാതെ സ്റ്റാഫ് ആയി മാത്രം ജോയിൻ ചെയ്യുകയാണുണ്ടായത്. സുദീപ് എത്ര നിർബന്ധിച്ചിട്ടും ഇജാസിന്റെ തീരുമാനത്തിൽ മാറ്റമൊന്നുമുണ്ടായില്ല. അതിൽ സുദീപിന് ചില സംശയങ്ങളുമുണ്ടായിരുന്നു. പക്ഷെ, ആന്ധ്രയിലെ ചന്ദ്രബാബു നായിഡു സർക്കാർ ഐ ടി  കമ്പനികൾക്ക് വേണ്ടി ഒരുപാട് അടിസ്ഥാന സൗകര്യങ്ങളൊരുക്കി ഹൈദരാബാദ് വളരെ വേഗം വളർന്നു നിൽക്കുന്ന സമയമായിരുന്നതിനാൽ ആസ്ഥാനം ബാംഗ്ലൂരിൽ നിന്ന്  ഹൈദരാബാദിലേക്ക് മാറ്റാമെന്ന ഇജാസിന്റെ അഭിപ്രായത്തോട് ആർക്കും എതിരുണ്ടായിരുന്നില്ല.

 

ഇജാസ് മാർക്കറ്റിംഗ് ഏറ്റെടുത്തതോടു കൂടി കമ്പനിയുടെ വളർച്ച കുത്തനെയായിരുന്നു. കേവലം 30 ലക്ഷത്തിന്റെ ടേണോവർ ഉണ്ടായിരുന്ന സ്ഥാപനം ആദ്യവർഷം തന്നെ ഒരു കോടി കടന്നു. മൂന്നാം വർഷം തന്നെ 50 കോടിയുടെ ടേണോവർ എത്തിയപ്പോൾ കമ്പനി പബ്ലിക് ലിമിറ്റഡ് ആക്കാൻ നിർദേശിച്ചതും ഇജാസായിരുന്നു. രണ്ടു വർഷം കൂടി കഴിഞ്ഞപ്പോൾ ഐ പി ഓ ചെയ്തു കമ്പനി 2000 കോടി രൂപ കൂടി സമാഹരിച്ചു. സ്വന്തമായി അഞ്ഞൂറേക്കറിൽ നിർമിക്കുന്ന ഒരു ഇലക്ട്രോണിക് സിറ്റിയുടെ നിർമാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. അതിന്റെ നിർമാണം പൂർത്തിയായാൽ കോർപറേറ്റ് ഓഫീസ് അങ്ങോട്ടു മാറും. അങ്ങനെ കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു കമ്പനിയുടെ വളർച്ച. സുദീപ് ജെയിന്റെയും ഭാര്യ ദീപ്തിയുടെയും ഹാർഡ് വർക്ക് വളരെയധികം അതിൽ ഉണ്ടെങ്കിലും ഇജാസ് അഹ്‌മദിന്റെ മാർക്കറ്റിങ്ങിലുള്ള അസാമാന്യ പാടവമാണ് വളർച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തിലാക്കിയത്.

4 Comments

  1. ❤️❤️❤️

  2. ? നിതീഷേട്ടൻ ?

    Bakki evade? Nice anutto ?????

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.